Literature
അലപ്പോയിലെ പെണ്ണിന്റെ സ്വാതന്ത്ര്യകവിത
അലപ്പോയിലെ പെണ്ണിന്റെ സ്വാതന്ത്ര്യകവിത വായിക്കാൻ ഭൂതക്കണ്ണാടി വേണം,അവളുടെ സ്വാതന്ത്ര്യത്തോളം ചെറിയ കടുകുമണിക്കുള്ളിലായിരിക്കും.വായിച്ചു തുടങ്ങിയാൽ കണ്ണീരിന്റെയാണോ കടലിന്റെയാണോയെന്ന് സംശയിപ്പിച്ചു അതിൽനിന്നും ഉപ്പുവെള്ളം പരന്നൊഴുകും !സ്രാവുകളുടെ ആക്രമണം ഭയന്ന് പലായനം ചെയ്യുന്ന മീനുകൾ അതിജീവനഭയത്തോടെ നീന്തിപ്പോകും കൂർത്തപല്ലുകളിൽ ശരീരം ഛേദിക്കപ്പെടുമെന്നുറപ്പാകുമ്പോൾ ആദ്യഛേദം ഹൃദയത്തിലൂടെയാകണേയെന്ന് പടച്ചോനെ വിളിച്ചുള്ള പ്രാർത്ഥന കേൾക്കും
183 total views, 1 views today

അലപ്പോയിലെ പെണ്ണിന്റെ സ്വാതന്ത്ര്യകവിത (Rajesh shiva)
(ഗവണ്മെന്റ് സൈനികരുടെയും ഐസിസ് ഭീകരരുടെയും പീഡനം സഹിക്കാൻ ആകാതെ ആത്മഹത്യ ചെയ്ത സിറിയയിലെ അലപ്പോയിലെ പെണ്ണുങ്ങൾക്ക് …..)
===
അലപ്പോയിലെ പെണ്ണിന്റെ സ്വാതന്ത്ര്യകവിത വായിക്കാൻ ഭൂതക്കണ്ണാടി വേണം,
അവളുടെ സ്വാതന്ത്ര്യത്തോളം ചെറിയ കടുകുമണിക്കുള്ളിലായിരിക്കും.
വായിച്ചു തുടങ്ങിയാൽ കണ്ണീരിന്റെയാണോ കടലിന്റെയാണോയെന്ന് സംശയിപ്പിച്ചു
അതിൽനിന്നും ഉപ്പുവെള്ളം പരന്നൊഴുകും !
സ്രാവുകളുടെ ആക്രമണം ഭയന്ന് പലായനം ചെയ്യുന്ന മീനുകൾ
അതിജീവനഭയത്തോടെ നീന്തിപ്പോകും
കൂർത്തപല്ലുകളിൽ ശരീരം ഛേദിക്കപ്പെടുമെന്നുറപ്പാകുമ്പോൾ
ആദ്യഛേദം ഹൃദയത്തിലൂടെയാകണേയെന്ന്
പടച്ചോനെ വിളിച്ചുള്ള പ്രാർത്ഥന കേൾക്കും
സ്രാവ് വേട്ടക്കാരുടെ കപ്പലിന്റെ ഭയപ്പടുത്തുന്ന ഇരമ്പൽ കേൾക്കാം,
തലയ്ക്കു മുകളിലെ ദുർവിധിയിൽ നിന്നെറിയുന്ന അധിനിവേശവലകളിലെ പിടച്ചിൽ കാണാം !
വയറു പിളർന്ന് കുഞ്ഞുങ്ങളെ മരിക്കാൻ വിട്ടവരുടെ
രുചിഭോഗ തൃഷ്ണകളുടെ കാമാഗ്നിയിൽ വെന്ത് പലതവണയുള്ള
കിടന്നുകൊടുക്കലിലെ അവളുടെ നൊമ്പരം കാണാം.
സമാധാനത്തിന്റെതായിരുന്ന കടലിൽ തീതുപ്പിപ്പായുന്ന യന്ത്രമീനുകളപഹരിക്കുന്ന
കുട്ട്യോളുടെ ചിറകുകൾ പെറുക്കിയുള്ള അവളുടെ നിലവിളികളെ
മതങ്ങളുടെയും ഭരണകൂടങ്ങളുടെയും ഗോപുരങ്ങളിലെ
ഭൂകമ്പമാപിനികൾ രേഖപ്പെടുത്തി മണ്ണടിയുന്നത് കാണാം.
രണ്ടു ധ്രുവങ്ങളിൽ നിന്ന് സ്രാവുകളും വേട്ടക്കാരും ഒരേദിശയിലേക്കു
നീന്തുമ്പോൾ ഇരകളുടെ സമവാകങ്ങളിൽ ഉരുത്തിരിയുന്ന ഒരേയൊരുത്തരം
താനെന്ന തിരിച്ചറിവിൽ പാറകളിൽ തലതല്ലിയുള്ള
അവളുടെ സ്വാതന്ത്ര്യപ്രഖ്യാപനം വായിക്കാം
അലപ്പോയിലെ പെണ്ണിന്റെ സ്വാതന്ത്ര്യകവിത വായിക്കാനിനി
പൂർണ്ണനേത്രങ്ങളും മതിയാകില്ല,
വായിച്ചു കഴിയുമ്പോൾ ഭൂഖണ്ഡങ്ങളെയൊന്നാകെ
വിഴുങ്ങാനുയരുന്ന കടലായി മാറി നിങ്ങളെയും അതിലാഴ്ത്തും !
അലപ്പോയിലെ പെണ്ണിന്റെ സ്വാതന്ത്ര്യകവിതയ്ക്കായി
കടുകുമണികളെത്തിരയുമ്പോൾ അശാന്തിയുടെ അടുക്കളയിൽ തളംകെട്ടിയ
രക്തംകലർന്ന ബീജത്തുള്ളികളിൽ ഒളിച്ചിരിക്കുന്നുണ്ടെങ്കിൽ അവയെ
വേഗം കണ്ടെടുക്കണം.
അതിൽ തോൽവിയുടെ മുളപൊട്ടാൻ
അനുവദിക്കുന്നതിലും നല്ലത്
നിങ്ങളത് വായിച്ചു മുങ്ങിച്ചാകുന്നതാണ്.
===
(രാജേഷ് ശിവ )
184 total views, 2 views today