T B Lal :
സിനിമയിൽ പല തുടക്കക്കാരും നേരിട്ട ദൗർഭാഗ്യം കൊച്ചുപ്രേമന്റെ ജീവിതത്തിലുമുണ്ടായി.
സിനിമ റിലീസായപ്പോൾ ഒരിടത്തും താൻ അഭിനയിച്ച സീനില്ല..!അതേപ്പറ്റി ചിരിയോടെയാണ് പിൽക്കാലത്ത് കൊച്ചുപ്രേമൻ പറഞ്ഞിട്ടുള്ളത്. അക്കഥ ഇങ്ങനെ:
തിരുവനന്തപുരത്ത് വലിയവിളയിൽ നാടകവുമായി നടക്കുമ്പോഴാണ് സിനിമയിലേക്ക് വിളി വന്നത്. ലൊക്കെഷനിൽ ചെന്നപ്പോൾ അന്നു ചെറുപ്പക്കാരെ ത്രസിപ്പിച്ചിരുന്ന മൂന്നു നായികമാർ നിൽക്കുന്നു: സിൽക്ക് സ്മിത, ഉണ്ണിമേരി, അനുരാധ. മൂന്നു പേരെയും ഒന്നിച്ചു കണ്ടപ്പോൾ ഹൃദയമിടിപ്പ് കൂടി. ‘ കാബറെ നർത്തകി ’ എന്നായിരുന്നു ആ സിനിമയുടെ പേര്. ഉണ്ണിമേരിയുടെ തളർവാതം പിടിപെട്ട ഭർത്താവിന്റെ റോളിലാണ് പ്രേമൻ. കുട്ടിയെ നെഞ്ചത്തു കിടത്തിയുറക്കുമ്പോൾ ഉണ്ണിമേരി വന്ന് കെട്ടിപ്പിടിച്ച് കരയുന്നതായിരുന്നു ആദ്യ സീൻ. ഷൂട്ടിങ് തീർത്ത് താരമായാണ് പ്രേമൻ വലിയവിളയിലെത്തിയത്. റിലീസ് ദിവസം കൂട്ടുകാരെയും കൂട്ടി ശ്രീപത്മനാഭ തിയേറ്ററിലെത്തി. പടം തുടങ്ങി. കാത്തുകാത്തിരുന്നെങ്കിലും പ്രേമൻ അഭിനയിച്ച ഒരു സീൻ പോലുമുണ്ടായില്ല. സങ്കടത്തോടെ തീയറ്ററിനു പുറത്തിറങ്ങിയപ്പോൾ പ്രൊഡക്ഷൻ മാനേജർ നൽകുന്നു. അദ്ദേഹം പറഞ്ഞു: ‘പ്രേമനെ കണ്ടാൽ ഒരു ലുക്കില്ല. അതുകൊണ്ടാണ് സീനൊക്കെ ഒഴിവാക്കിയത് !’
അന്നു പ്രേമൻ കരഞ്ഞു. ഗ്ലാമറും തൊലിവെളുപ്പും പൊക്കവും തടിയുമില്ലാത്ത തനിക്ക് സിനിമ ചേരില്ല. നാടകാണ് തന്റെ തട്ടകം. പക്ഷേ നാടകത്തിലേക്ക് തിരികെ പോയ പ്രേമനെ സിനിമ വീണ്ടും വന്നു വിളിച്ചു. ഭാഗ്യനിർഭാഗ്യങ്ങളും ഉയർച്ചതാഴ്ചകളും നിറഞ്ഞ അഭിനയകാലം നാടകത്തിലും സീരിയലിലും സിനിമയിലുമായി അരനൂറ്റാണ്ടിലേറെ മുന്നോട്ടുപോയി. ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയങ്ങളിൽ മികച്ച നടനുള്ള മത്സരത്തിൽ മുന്നിലെത്തി. ഒരിക്കൽ സിനിമയ്ക്കു പറ്റില്ലെന്നു വിധിയെഴുതിയപ്പെട്ട രൂപവും ശബ്ദവുമാണ്പിൽക്കാലത്ത് കൊച്ചുപ്രേമനെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനാക്കി തീർത്തത്. പ്രേമനു വേണ്ടി മാത്രം മാത്രം കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെട്ടു.
മലയാളത്തിൽ വർഷത്തിൽ നൂറു സിനിമകൾ ഇറങ്ങുമ്പോൾ അതിൽ 30 സിനിമകളിലെങ്കിലും വേഷം ലഭിച്ചിരുന്ന നടനായിരുന്നു കൊച്ചുപ്രേമൻ. ഓൾഡ് /ന്യൂ ജനറേഷൻ വ്യത്യസമില്ലാതെ അദ്ദേഹത്തെ തേടി കഥാപാത്രങ്ങളെത്തി.ന്യൂജെൻ സിനിമകളാണ് കരിയറിന്റെ അവസാന കാലത്ത് കൊച്ചുപ്രേമന്റെ ജീവിതം മാറ്റിയെഴുതിയത്. പുതിയ സിനിമകളിൽ അമ്മയും അച്ഛനും ബന്ധുക്കളുമൊന്നുമില്ലെന്ന പരാതികൾക്കിടയിലാണ് കൊച്ചു പ്രേമനു മാത്രം അഭിനയിക്കാൻ പറ്റുന്ന തരത്തിലുള്ള റോളുകൾ സൃഷ്ടിക്കപ്പെട്ടത്. സൂപ്പർ താരങ്ങൾ കഴിഞ്ഞാൽ മിമിക്രി വേദികളിലും റിയാലിറ്റി ഷോകളിലും ഏറെ അനുകരിക്കപ്പെട്ട നടനായിരുന്നു കൊച്ചു പ്രേമൻ. ഡയലോഗുകളിലെ പ്രത്യേക തരത്തിലുള്ള നീട്ടലും കുറുക്കലും ഒപ്പമുള്ള നീണ്ട ചിരിയും പ്രത്യേകതയായി. ഏത് ആൾക്കൂട്ടത്തിനിടയിൽ നിന്നാലും വേർതിരിച്ചറിയുന്ന രൂപം. അഭിനയിച്ച സിനിമകളിലൊക്കെയും ഈ മാനറിസങ്ങൾ കൊണ്ട് പ്രേമൻ ശ്രദ്ധേയനായി. മണിരത്നം അടക്കമുള്ള മുൻനിര സംവിധായകരുടെ ശ്രദ്ധയിൽപ്പെടാൻ ഈ പ്രത്യേകതകളും ചെയ്ത റോളുകളെ വിജയിപ്പിച്ചെടുത്ത മെറിറ്റും തുണയായി.
തറവാട്ടിലെ മൂത്ത മകളുടെ ഭർത്താവ്, കാര്യസ്ഥൻ, അവിവാഹികനായ സർക്കാരുദ്യോഗസ്ഥൻ, ശുദ്ധനായ നാട്ടിൻപുറത്തുകാരൻ, പരദൂഷണ ത്വരയുള്ള മധ്യവയസ്കൻ തുടങ്ങി ആദ്യകാലങ്ങളിൽ ആവർത്തിച്ചു തേടിയെത്തിയിരുന്ന വേഷങ്ങൾ ബാധ്യതയായെങ്കിൽ പിന്നീട് അതിൽ നിന്ന് ബോധപൂർവം തന്നെ പുറത്തുകടക്കാൻ കൊച്ചുപ്രേമനായി.രാജീവ് അഞ്ചലിന്റെ ‘ഗുരു’ വാണ് ആ മാറ്റത്തിന് തുടക്കമിട്ടത്. കോമഡിക്കു പുറത്തും കഥാപാത്രങ്ങൾ വഴങ്ങുമെന്ന് ഇതു തെളിയിച്ചു. ഗുരുവിലെ പുരോഹിത വേഷം സ്ഥിരം കോമഡി പാറ്റേണിൽ നിന്ന് കൊച്ചുപ്രേമന് ശാപമോക്ഷം നൽകി.
പത്മകുമാർ സംവിധാനം ചെയ്ത ‘രൂപാന്തരങ്ങളി’ലെ അന്ധനായ ലോട്ടറി കച്ചവടക്കാരന്റെ നായകവേഷം കൊച്ചുപ്രേമനിലെ അഭിനേതാവിന്റെ ആഴം കാട്ടിത്തന്നു. ശബ്ദങ്ങളിലൂടെ ലോകത്തെ അറിയുന്ന കഥാപാത്രം. ശബ്ദങ്ങൾ അയാളിൽ സൃഷ്ടിക്കുന്നത് ആശങ്കകളാണ്. ഇതിനിടയിലും അയാൾ ഒരു കുട്ടിയെ എടുത്തു വളർത്തുന്നു.ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ ജൂറികളുടെ മികച്ച നടനുള്ള പരിഗണനയിൽ ഈ കഥാപാത്രം ഉണ്ടായിരുന്നു. ദേശീയ പുരസ്കാരത്തിന് അവസാന മൂന്നു പേരിലെത്തി. സംസ്ഥാന പുരസ്കാരത്തിന് അവസാന പട്ടികയിൽ നാലാമനായി. മിഴികൾ സാക്ഷി എന്ന ചിത്രത്തിലെ കഥാപാത്രവും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന് പരിഗണിച്ചിരുന്നു. ലഭിക്കാതെ പോയ ഈ പുരസ്കാരങ്ങളെക്കുറിച്ചോർത്ത് ദു:ഖിക്കുന്നുവെന്ന് കൊച്ചുപ്രേമൻ തുറന്നു പറഞ്ഞിട്ടുണ്ട്. ഉള്ളിലുള്ളത് ഒളിച്ചുവയ്ക്കുന്ന നാട്യങ്ങളില്ലായിരുന്നു.
പുരസ്കാരങ്ങൾ പ്രചോദനമാണ്. മികച്ച നടനുള്ള പുരസ്കാരം കിട്ടിയെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. തെന്നിമാറി പോയപ്പോൾ ദു:ഖിക്കുകയും ചെയ്യുന്നു.’കോമഡിയെ കോമാളിത്തരമായല്ല കൊച്ചുപ്രേമൻ കണ്ടത്. തോന്നുംപടി ചെയ്യേണ്ടതല്ല തമാശ. അതു ചെയ്യുമ്പോൾ ഒരു മിതത്വം കൊച്ചുപ്രേമൻ പുലർത്തിയിരുന്നു. കോമഡി ഒരു ലെവൽ വിട്ടാൽ ട്രാജഡിയാകും. ആ മീറ്റർ പ്രേമന് പിടുത്തമുണ്ടായിരുന്നു.അര നൂറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ പലരും നന്ദികേട് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ആരോടും പരിഭവത്തിനു നിൽക്കാത്ത കലാകാരനായിരുന്നു കൊച്ചുപ്രേമൻ. പലരും സീരിയലുകളിൽ മുഴുനീള വേഷം വാഗ്ദാനം ചെയ്തു പറ്റിച്ചിട്ടുണ്ട്. 10 എപ്പിസോഡുകൾ വരെ ചിത്രീകരിച്ച സീരിയലുകളിൽ നിന്ന് പ്രതിഫലം നൽകാകെ പറഞ്ഞു വിട്ടിട്ടുണ്ട്. സിനിമാ സെറ്റുകളിലും ഒട്ടേറെ തിക്താനുഭവങ്ങൾ.
അഭിനയരംഗത്തു നിന്ന് ലഭിച്ച സമ്പാദ്യമൊന്നും പ്രേമൻ നഷ്ടപ്പെടുത്തിയില്ല. മുന്നിൽ പല നടന്മാരുടേയും പതതം നേരിട്ടു കണ്ടിരുന്നു. സമ്പത്തുകാലത്ത് തൈ പത്തു നട്ടാൽ ആപത്തുകാലത്ത് കാ പത്തു തിന്നാം എന്നതായിരുന്നു കൊച്ചു പ്രേമന്റേയും അഭിനേത്രി കൂടിയായ ഭാര്യ ഗിരിജയുടേയും തത്വശാസ്ത്രം. ഒരു നയാപൈസ പോലും അനാവശ്യമായി ചെലവഴിച്ചില്ല. കിട്ടുന്ന പണമെല്ലാം സ്വരുക്കൂട്ടി വച്ചു. അതിനൊരു കാരണം കൂടിയുണ്ടായിരുന്നു. ഒരു കുഞ്ഞു ജനിക്കുമ്പോൾ അവൻ പ്രാരാബ്ധത്തിൽ വളരരുത്. പ്രേമനും ഗിരിജയും അഞ്ച് വർഷത്തേക്ക് തങ്ങൾക്കു കുഞ്ഞു വേണ്ടെന്നു വച്ചു. സാമ്പത്തിക അടിത്തറയുണ്ടായതിനു ശേഷമാണ് മകൻ ജനിച്ചത്.