കുട്ടികൾക്ക് അവരോട് ഉള്ള ഈ വിധേയത്വം ആണ് ഇപ്പോഴും ടീച്ചർമാരുടെ ജോലി നിലനിർത്തുന്നത്

0
144

T Gautham

ഞാൻ പത്താം തരത്തിൽ പഠിക്കുമ്പോൾ ഞാൻ പഠിച്ചിരുന്ന കോൺവെന്റ് സ്കൂളിൽ ഒരു ആചാരം ഉണ്ടായിരുന്നു. Pass-out ആകുന്ന എല്ലാ കുട്ടികളെയും ഒരു വരിയിൽ നിർത്തി കത്തുന്ന മെഴുകുതിരി കയ്യിൽ പിടിപ്പിച്ച് പ്രാർത്ഥനാ ഗീതം ആലപിക്കും. എന്നിട്ട് ഓരോരുത്തരായി ചെന്ന് എല്ലാ ടീച്ചർമാരുടെയും മുന്നിൽ നിന്ന് കുനിഞ്ഞ് വണങ്ങി അനുഗ്രഹം മേടിക്കും. എല്ലാ കുട്ടികളും ഇത് നിർബന്ധമായി ചെയ്തിരിക്കണം എന്നുണ്ടായിരുന്നു.

അന്ന് ഞാൻ വെറും പതിനഞ്ച് വയസ്സുള്ള ചിന്ന പയ്യൻ ആണ്. എങ്കിലും ഞരമ്പുകളിൽ അന്നേ കമ്മ്യൂണിസ്റ്റ് റിബൽ രക്തം ഓടിയിരുന്നത് കൊണ്ടും, സ്കൂൾ ബസിൽ സർകാർ മാനദണ്ഡ പ്രകാരം അനുവദീയം ആയതിലും കൂടുതൽ കുട്ടികളെ കുത്തി നിറച്ച് കൊണ്ട് പോയതിൽ ഞാൻ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് പ്രിൻസിപ്പലിന്റെ മുന്നിൽ പോയി പ്രതിഷേധിച്ചതിനും, ‘സ്കൂൾ നിയമങ്ങൾ’ അനുസരിക്കാതെ മുടി നീട്ടി വളർത്തിയതിനും ഒക്കെ ടീച്ചർമാരുടെ ഇടയിൽ അന്നേ ഞാനൊരു നോട്ട പുള്ളി ആയിരുന്നു.

നിരീശ്വര വാദി ആയിരുന്ന എനിക്ക് ഈ ചടങ്ങിൽ പങ്കെടുക്കുന്നത് ശരിയായി തോന്നിയില്ല. അന്ന് ക്ലാസ്സ് ടീച്ചറോട് “എനിക്ക് അനുഗ്രഹം വേണ്ട” എന്നെ ചടങ്ങിൽ നിന്ന് ഒഴിവാക്കണം എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. അങ്ങനെ പറഞ്ഞതിന് ടീച്ചർമാരുടെ അടുത്ത് നിന്നും ഒരുപാട് വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അടുത്ത Parents മീറ്റിന് വന്ന എന്റെ വീട്ടുകാരെ പരിഗണിക്കാതെ അപമാനിച്ച സംഭവം ഉണ്ടായി.എത്ര നന്നായി പഠിക്കുന്ന കുട്ടിയാണ് എങ്കിലും ‘ഗുരുത്വം’ ഇല്ലെങ്കിൽ പത്താം ക്ലാസ്സ് തോറ്റ് പോകും എന്ന് ക്ലാസ്സിൽ വെച്ച് ശാപം വരെ കിട്ടി.

ഇത് പറയുമ്പോൾ, പണ്ട് അപ്രതീക്ഷിതമായി പരീക്ഷാ സമയത്ത് അസുഖം വന്നത് കാരണം പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികളുടെ കഥ പറയും. അവർക്ക് അനുഗ്രഹം ഇല്ലാതിരുന്നത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.കൂടെ, മുൻ വർഷങ്ങളിൽ ഏറ്റവും മാർക് മേടിച്ച ടോപ്പർമാരായ കുട്ടികളെ പുകഴ്തും, എന്നിട്ട് അവർക്ക് ടീച്ചർമാരോട് ഉണ്ടായിരുന്ന ബഹുമാനത്തെ പറ്റി വാചാലർ ആകും. എനിക്ക് ‘ഗുരുത്വം’ തരാൻ ടീച്ചർമാർ ഒരുപാട് ശ്രമിച്ചു. ചീത്ത പറഞ്ഞു. ഞാൻ പരീക്ഷയ്ക്ക് തോറ്റ് പോകും എന്ന് പരസ്യമായി ശപിച്ചു. ഞാനൊന്ന് വണങ്ങിയാൽ മാത്രം മതി, പരീക്ഷയിൽ എനിക്ക് ഫസ്റ്റ് ഉറപ്പ്.

പക്ഷേ എന്നാലും, സ്വന്തം ആശയത്തെ വഞ്ചിച്ച് കൊണ്ട് അന്ന് സ്കൂളിൽ അനുഗ്രഹം മേടിക്കാൻ പോകാൻ എനിക്ക് കഴിഞ്ഞില്ല. ടീച്ചർമാർ വളരെ coherent ആയ ചിന്താഗതിയുള്ള ഒരു കൂട്ടർ ആണ്. ഇന്നത്തെ ഒരു ശരാശരി വിദ്യാർത്ഥിക്ക് ടീച്ചറുടെ ആവശ്യം ഇല്ല. ഏതൊരു ടീച്ചറിനെക്കാളും നന്നായി പഠിപ്പിക്കാൻ അറിയാവുന്ന ഒരു യൂട്യൂബ് ചാനൽ എന്തിനും ഏതിനും ഉണ്ട്. ഏതൊരു പാഠ പുസ്തകത്തെകാളും മികച്ച pdf ഫയലുകൾ ഗൂഗിളിൽ കിട്ടും. ഇത് ചെയ്യുന്നതിന് സ്കൂളിൽ കൊടുക്കുന്ന ഫീസിന്റെ ഒരംശം പോലും ചിലവും ഇല്ല. ഇന്ന് ഓൺലൈൻ ക്ലാസ്സുകൾ നടക്കുമ്പോൾ, യൂടുബർ മാരുടെ വിഡിയോയകൾ വിദ്യാർത്ഥികൾക്ക് ഫോർവേർഡ് ചെയ്തു കൊടുക്കുക മാത്രമാണ് ടീച്ചർമാരുടെ ജോലി

എന്നിട്ടും, ഇപ്പോഴും ടീച്ചർമാരുടെ ജോലി നിലനിർത്തുന്നത് കുട്ടികൾക്ക് അവരോട് ഉള്ള ഈ വിധേയത്വം ആണ്. ഇൗ വിധേയത്വം നഷ്ടപ്പെടുന്ന നിമിഷം, ടീച്ചർമാരുടെ ആവശ്യം തങ്ങൾക്ക് ഇല്ലെന്ന് കുട്ടികൾ മനസ്സിലാക്കുന്ന നിമിഷം, ടീച്ചർമാരുടെ നിലനിൽപ് ഭീഷണിയിൽ ആകും.ഇതിന് വേണ്ടിയാണ് എന്ത് വില കൊടുത്തും ടീച്ചർമാർ ബഹുമാനം പിടിച്ച് വാങ്ങുന്നത്.
ഞാൻ പത്താം തരം ഉറപ്പായും തോൽക്കും, ക്ഷമ ചോദിച്ചു ഞാൻ ചെല്ലും എന്നൊക്കെ ശപിച്ച അതേ ടീച്ചർമാരുടെ മുന്നിൽ കൂടി രണ്ട് മാസങ്ങൾക്ക് ശേഷം, ക്ലാസ്സിലെ ഏറ്റവും ഉയർന്ന മാർക്ക് ഷീറ്റ് സ്കൂളിലെ ഓഫീസിൽ നിന്ന് മേടിച്ച് കൊണ്ട് സ്ലോ മോഷനിൽ ഞാൻ നടന്നു പോകുകയും ഉണ്ടായി.