Kerala
പൊതുസ്ഥലങ്ങളിലെ പ്രഫഷണൽ മന്ത്രവാദം
പാലാരിവട്ടം പാലം പൊളിക്കൽ പ്രവൃത്തി ആരംഭിക്കുന്നതിൻ്റെ ഭാഗമായി, സവർണ്ണ ബ്രാഹ്മണമതാചാരപ്രകാരം, മന്ത്രവാദികളെ കൊണ്ട് വിശദമായി പൂജയും, താന്ത്രിക ഗോഷ്ടികളും, കൂട്ടപ്രാർത്ഥനയുമൊക്കെ
116 total views

ചിത്രകാരൻ ടി. മുരളി
പൊതുസ്ഥലങ്ങളിലെ പ്രഫഷണൽ മന്ത്രവാദം
നമ്മൾ ഭാഗ്യവാന്മാരാണ് !
പാലാരിവട്ടം പാലം പൊളിക്കൽ പ്രവൃത്തി ആരംഭിക്കുന്നതിൻ്റെ ഭാഗമായി, സവർണ്ണ ബ്രാഹ്മണമതാചാരപ്രകാരം, മന്ത്രവാദികളെ കൊണ്ട് വിശദമായി പൂജയും, താന്ത്രിക ഗോഷ്ടികളും, കൂട്ടപ്രാർത്ഥനയുമൊക്കെ നടത്തിയതായി വാർത്തയും ചിത്രവും വീഡിയോയും ഓൺലൈനിൽ നേരിൽ കണ്ട് തൊഴാൻ നമുക്ക് സാധിച്ചിരിക്കുന്നു !!നമ്മളെ സമ്മതിക്കണം.പൊതുജനങ്ങളോ പാലം പൊളിക്കൽ തൊഴിലാളികളോ സ്വമേധയാ തങ്ങളുടെ വിശ്വാസത്തിൻ്റെ ഭാഗമായി ഒരു വിളക്കു കൊളുത്തുന്നതോ പൊളിക്കുന്നതിനിടയിൽ അപകടം വരാതിരിക്കണേ എന്ന് പ്രാർത്ഥനയോടെ ഒരു പൂജ നടത്തുന്നതോ സ്വാഭാവികമായ ഒരു പ്രവർത്തനമാണ്. അതേക്കുറിച്ചല്ല ഇവിടെ പറയുന്നത്.
പൊതു സ്ഥലങ്ങൾ ഇങ്ങനെ പ്രഫഷണൽ മന്ത്രവാദ പ്രദർശന വേദികളാക്കുന്നതിൽ അശ്ലീലതയുണ്ട്. (അതിനെതിരെ നിയമം നിർമ്മിക്കേണ്ടതുമാണ്.)ജനങ്ങൾ സവർണ്ണ സാംസ്ക്കാരിക വിഷമേറ്റ് ഉറങ്ങിക്കിടക്കുകയാണ് എന്ന ഉറച്ച വിശ്വാസമാണ് മന്ത്രവാദികളെയും സവർണ്ണ മതത്തിൻ്റെ ബ്രാഹ്മണഭക്തരായ അടിമ-ജാതികളെയും ഇത്തരം മന്ത്രവാദ പ്രചരണ പ്രദർശനത്തിന് ധൈര്യപ്പെടുത്തുന്നത്.ദൈവ വിശ്വാസമോ മത വിശ്വാസമോ അതിൻ്റെ ഭാഗമായുള്ള ആരാധനാ സമ്പ്രദായങ്ങളോ മോശമായ കാര്യങ്ങളല്ല. വ്യക്തിപരമായും സ്വകാര്യമായും നടത്തേണ്ട ആ വിശ്വാസ-മാനസിക പ്രശ്നങ്ങളെ പൊതു സ്ഥലങ്ങളിലേക്ക് എഴുന്നള്ളിച്ചു കൊണ്ടുവരുന്ന അൽപ്പത്വമാണ് അശ്ലീലതയും സംസ്ക്കാര ശൂന്യതയും ആയി നാം തിരിച്ചറിയേണ്ടി വരുന്നത്.
അതായത്, നട്ടുച്ചനേരത്തും പാതിരയാണെന്ന് സ്വയം വിശ്വസിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങാൻ നമുക്ക് പൗര-സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അത് നടുറോഡിലോ പൊതു സ്ഥലത്തോ ആകരുത്.മന്ത്രവാദികളെ പൊതു ഇടങ്ങളിൽ നിന്നും പുറത്താക്കണം
സത്യത്തിൽ, ഇന്ത്യയുടെ ശാപമാണ് മനുസ്മൃതിയാൽ നിർമ്മിക്കപ്പെട്ട ബ്രാഹ്മണ സവർണ്ണ മതം.
പൗരോഹിത്യ വംശീയ രാഷ്ട്രീയമായ ബ്രാഹ്മണിസത്തെ എക്കാലവും നമ്മുടെ സമൂഹത്തിൻ്റെ ഉപരിതലത്തിൽ പ്രതിഷ്ഠിക്കുന്ന ഒരു പരാന്ന ജീവന തന്ത്രം ഉൾക്കൊള്ളുന്ന മനുഷ്യത്വ വിരുദ്ധ അടിമത്വ വ്യവസ്ഥിതിയായാണ് സവർണ്ണ മതത്തെ ചിത്രകാരന് കാണാനാകുന്നത്.
കൗശലപൂർവ്വം സ്വയം രചിക്കുന്ന കളളക്കഥകളായ ഐതിഹ്യ-പുരാണങ്ങളിലൂടെ സമൂഹത്തിൻ്റെ മൊത്തം അധീശത്വവും ഉടമസ്തതയും പോലും നിർലജ്ജം അവകാശപ്പെടുന്ന ഉൽപ്പത്തി-മാഹാത്മ്യ കെട്ടുകഥാ ചരിത്രമുള്ള ബ്രാഹ്മണ്യം തങ്ങളുടെ വംശീയ എട്ടുകാലി വലകൾ പൊതു ഇടങ്ങളായ നേഷണൽ ഹൈവേകളിലേക്കു പോലും വ്യാപിപ്പിക്കുന്നത് ഒരു സാംസ്ക്കാരിക – രാഷ്ട്രീയ ദുരന്തമായെ കാണാനാകു. ജനാധിപത്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും സ്ത്രീ പുരുഷ സമത്വത്തിനും അവസര സമത്വത്തിനും സത്യത്തിനും നീതിക്കും ഭീഷണിയായ ബ്രാഹ്മണ സവർണ്ണ യാഥാസ്ഥിതിക പൗരോഹിത്യത്തിൻ്റെ തന്ത്രപരമായ വ്യാപന കൗശലത്തെ ആധുനിക സമൂഹം ജാഗ്രതയോടെ പ്രതിരോധിക്കേണ്ടിയിരിക്കുന്നു.
ഇടനിലക്കാരായ ബ്രാഹ്മണ മന്ത്രവാദികളുടെ റെക്കമെൻ്റേഷൻ ഇല്ലാതെ തന്നെ ആർക്കും ഈശ്വരാരാധന നടത്താൻ കഴിയുമെന്നിരിക്കെ, നമ്മുടെ ക്ഷേത്രങ്ങളിൽ അടിഞ്ഞുകൂടി സ്വയം മഹത്വം ആർജ്ജിച്ചു നിൽക്കുന്ന അനാചാര സംരക്ഷകരും പാരമ്പര്യവാദികളും യാഥാസ്ഥിതികരും റേസിസ്റ്റുകളുമായ ബ്രാഹ്മണ പൗരോഹിത്യത്തെ അടിയന്തിരമായി പുറത്താക്കേണ്ടത് ജനാധിപത്യകാലത്തെ മനുഷ്യാവകാശ സംരക്ഷണത്തിന് അനിവാര്യമായിരിക്കുന്നു.
ശുചീകരണ തൊഴിലാളികളും പുരാവസ്തു സംരക്ഷണ വിദഗ്ദരായ പ്രഫഷണലുകളുമല്ലാതെ, ക്ഷേത്രങ്ങളിൽ ദൈവങ്ങളുടെ തന്ത ചമയുന്ന പൗരോഹിത്യ എട്ടുകാലി വ്യവസ്ഥിതി ആധുനിക ജനാധിപത്യ കാലത്ത് അശ്ലീലതയാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈ പൗരോഹിത്യ വൃത്തികേടിനെ പൊതു ഇടങ്ങളിൽ നിന്നും തൂത്ത് കളയാൻ സാംസ്ക്കാരിക പ്രവർത്തകരും നിയമജ്ഞരും മനുഷ്യാവകാശബോധമുള്ള മാധ്യമ- രാഷ്ട്രീയ പ്രവർത്തകരും മുന്നോട്ടു വരേണ്ടിയിരിക്കുന്നു.
117 total views, 1 views today