ആയിരക്കണക്കിന് ബൗദ്ധ ഭട്ടമാരെ (പുലയ – അരയ- ചേകവ – തിയ്യ ഈഴവ പണ്ഡിതന്മാരെ) ക്രൂരമായി കഴുവേറ്റിയും തലയറുത്തും കൊന്നതിന്റെ ഓർമ്മ ദിനമായാണ് ശ്രാദ്ധം അഥവ ചാത്തം

520

ചിത്രകാരൻ ടി. മുരളി

ചാത്തം അഥവാ ശ്രാദ്ധം

കൊല്ലപ്പെട്ട ബൗദ്ധ സന്യാസിമാരെ (ഭട്ടന്മാരെ) അഥവ ചത്തുപോയ ഗുരുക്കന്മാരെ വന്ദിക്കാനുള്ള ദിവസമാണ് ചാത്തം. ചാത്തത്തെയാണ് പരിഷ്ക്കരിച്ച് ശ്രദ്ധം എന്ന് സംസ്കൃതത്തിൽ പറയുന്നത്. തിരുനെല്ലിയിലും ഭാരതപ്പുഴയുടെ തീരത്തെ തിരുനാവയിലും പെരിയാർ തീരത്തെ ആലുവയിലും തൃക്കുന്നപ്പുഴ സമുദ്രത്തിൽ പതിക്കുന്ന ഭാഗത്തുമൊക്കെയായി ആയിരക്കണക്കിന് ബൗദ്ധ ഭട്ടമാരെ (പുലയ – അരയ- ചേകവ – തിയ്യ ഈഴവ പണ്ഡിതന്മാരെ) ക്രൂരമായി കഴുവേറ്റിയും തലയറുത്തും കൊന്നതിന്റെ ഓർമ്മ ദിനമായാണ് ശ്രാദ്ധം അഥവ ചാത്തം എന്ന പേരിൽ നാം പിതൃക്കളുടെ ദിനമായി ആചരിക്കുന്നത്.

ആലുവയിലെ പുഴയോരത്ത് … പെരുമ്പാവൂരിനടുത്തുള്ള അയ്യമ്പുഴയിലെ നൂറുകണക്കിന് മുനിയറകളിൽ നിന്നും കൂട്ടത്തോടെ പിടിച്ചു കൊണ്ടുവന്ന സന്യാസിമാരെ തേങ്ങ പൊളിക്കുന്ന അലവാങ്ക് എന്ന മൂർച്ചയേറിയ ഇരുമ്പ് ദണ്ഡിൽ ഇരുത്തിയാണ് കൂട്ടക്കൊല ചെയ്തതെന്ന് കരുതപ്പെടുന്നു. ബൗദ്ധമുനിമാരെ / സന്യാസിമാരെ അലവാങ്കിൽ ഇരുത്തിയ സ്ഥലമായാണ് ആലുവ എന്ന സ്ഥലനാമം രൂപപ്പെട്ടെന്നാണ് അഭിപ്രായം.

ഇതോടൊപ്പമുള്ള ചിത്രം: സവർണ്ണർ ഇന്നത്തെ വിസ്മൃത ബൗദ്ധരിൽ നിന്നും കൈവശപ്പെടുത്തിയ അമ്പലങ്ങൾക്ക് മുന്നിൽ ബൗദ്ധഭട്ടമാരെ കഴുവേറ്റിയ രീതിയിൽ പ്രദർശിപ്പിച്ചിരുന്ന കഴുവേറ്റിക്കല്ല് (Crucification stone / Execution stone ) 2019 ജൂലായ് മാസം വരച്ചത്. അസവർണ്ണരും പുലയ, ആശാരി, അരയ, ചേകവ (തിയ്യ/ ഈഴവ / നാടാർ / ബില്ലവ) തുടങ്ങിയ ജാതിരഹിത വിസ്മൃത ബൗദ്ധ സമുദായക്കാർ പ്രവേശിച്ചാൽ കൊല്ലപ്പെടും എന്ന് മുന്നറിയിപ്പ് നൽകുന്ന പഴയ കാലത്തെ ‘അഹിന്ദുക്കൾക്ക് പ്രവേശനമില്ല’ എന്ന കരിങ്കൽ ശിൽപ്പമാണ് ചിത്രം.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ തൃക്കൊടിത്താനം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ആർക്കിയോളജി വകുപ്പിന്റെ സംരക്ഷിത സ്മാരകമായി കരിങ്കല്ലിൽ തീർത്ത കഴുവേറ്റി കല്ല് ഇപ്പോഴും കാണാം. (ആചാരലംഘനം നടത്തിയ ഒരു ക്ഷേത്ര ഉദ്യോഗസ്ഥനെ ശിക്ഷിച്ചതാണ് എന്ന ഒരു കള്ളക്കഥയാണ് പുരാണമായി കഴുവേറ്റി കല്ലിനെ ന്യായീകരിക്കാനായി ബ്രാഹ്മണ്യം പ്രചരിപ്പിച്ചിരിക്കുന്നത്. ചിത്രകാരൻ ആ കഴുവേറ്റി കല്ല് നേരിൽ കാണുകയും ഫോട്ടോയെടുത്ത് FB / ബ്ലോഗ് പോസ്റ്റ് എഴുതുകയും ചെയ്തിട്ടുണ്ട്. കഴുവേറ്റി കല്ലുകൾ സെർച്ച് ചെയ്യുക.)

വയനാട്ടിലെ തിരുനെല്ലി അമ്പലത്തിന്റെ പ്രവേശന ഭാഗത്തായി രണ്ട് വശത്തുമായി ഓരോ കഴുവേറ്റി കല്ലുകൾ നേരിൽ കണ്ടിട്ടുണ്ട്. അവ ഇപ്പോഴുമുണ്ട്. വിശ്വാസികൾ അമ്പലത്തിൽ കയറുന്നതിനുമുമ്പ് ചെരിപ്പുകൾ അഴിച്ചു വെക്കുന്നത് കഴുവേറ്റി കല്ലിനു താഴെയാണ്. തൃക്കൊടിത്താനം ക്ഷേത്രത്തിലുള്ളതുപോലെ പഴക്കമുള്ളവയല്ല തിരുനെല്ലിയിലേത്. അടുത്ത കാലത്ത് പഴയത് മാറ്റി പുനപ്രതിഷ്ഠിച്ചവ പോലെയുള്ളതാണ്.

ഇതു കൂടാതെ, പെരുമ്പാവൂർ അടുത്ത് അശമന്നൂരിൽ (അശോക +മന്നൻ + ഊർ) തിരുവില്ലാഴപ്പൻ ക്ഷേത്രത്തിന്റെ മതിലിനോട് ചേർന്നും അരക്കു താഴെയുള്ള മനുഷ്യരൂപം പൊട്ടിപ്പോയ ഒരു കഴുവേറ്റി കല്ല് കണ്ടിട്ടുണ്ട്. പൊട്ടിപ്പോയ ഭാഗം പത്തടി ദൂരെയായി വയൽ വരമ്പിൽ മണ്ണിൽ പൂണ്ട് കിടന്നിരുന്നു. ഡോ. അജയ് ശേഖറാണ് അശമന്നൂരിലെ കഴുവേറ്റി കല്ല് എന്റെ ശ്രദ്ധയിൽപ്പെടുത്തിയത് എന്ന് കൃതജ്ഞതാപൂർവ്വം ഓർക്കുന്നു. FB /ബ്ലോഗ്‌ പോസ്റ്റിൽ അവ വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.നിരവധി കഴുവേറ്റി കല്ലുകൾ നമ്മുടെ പ്രമുഖ അമ്പലപ്പറമ്പുകളിലെല്ലാം മണ്ണുമൂടി കിടക്കുന്നുണ്ടാകണം.ഇത്രയുമാണ് ഇന്നത്തെ ചാത്ത (ശ്രാദ്ധ) ദിന ചിന്തകൾ.