താഹയുടേയും അലന്റെയും കാര്യത്തിൽ പോലീസ് യുഎപിഎ-ക്കു വേണ്ടി വാശി പിടിക്കുന്നതു എന്തുകൊണ്ടാകും ?

262

T T Sreekumar

താഹയുടേയും അലന്റെയും കാര്യത്തിൽ പോലീസ് യുഎപിഎ-ക്കു വേണ്ടി വാശി പിടിക്കുന്നതു എന്തുകൊണ്ടാന് എന്നറിയാൻ പാഴൂർ പടീക്കൽ ഒന്നും പോവേണ്ടതില്ല. അവരും കുടുംബാംഗങ്ങളും കള്ളം പറയുന്നു എന്നു വരുത്തി അവർക്കെതിരെ ഉള്ള തെളിവുകൾ എന്ന പേരിൽ നാട്ടുകാരെ കബളിപ്പിക്കാൻ ഇറക്കി വിടുന്ന “രേഖ”കളിലേക്കു മാത്രം നോക്കിയാൽ മതി. ലഘുലേഖ കണ്ടെടുത്തു, നിരോധിച്ച സംഘടനയുടെ യോഗത്തിൽ പങ്കെടുത്തു, മുദ്രാവാക്യം വിളിച്ചു, നേതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചു (ആര്? ഒരു നിയമ വിദ്യാർഥിയും ജേർണലിസം വിദ്യാർഥിയും), 14 വയസ്സിൽ പ്രൊഫൈൽ ചെയ്തു, നോട്ടുബുക്കിൽ കോഡ് ഭാഷ ഉണ്ടായിരുന്നു, അബ്ദുറ്ഹിമാന്റെ പുസ്തകം വായിച്ചു, അങ്ങനെ അങ്ങനെ. ഇതിൽ ഒന്നുപോലും ശിക്ഷ അർഹിക്കുന്ന കുറ്റമോ കോടതിയിൽ ഏതെങ്കിലും രീതിയിൽ നിലനിൽക്കുന്ന വാദമോ അല്ലെന്നു പോലീസിനറിയാം. അപ്പോൾ പിന്നെ ഇവരെ കുടുക്കാൻ ഒറ്റ മാർഗ്ഗമേ ഉള്ളു. ഊഹാപോഹങ്ങളുടെ പേരിൽ ആരെയും പിടിച്ച് വിചാരണ ഇല്ലാതെ എത്ര കാലം വരെ വേണമെങ്കിലും ജാമ്യം നിഷേധിക്കാൻ കഴിയുന്ന യുഎപിഎ ചുമത്തുക. സക്കറിയ എന്ന ചെറുപ്പക്കാരൻ ഒരു കുറ്റവും ചെയ്യാതെ കുറ്റപത്രം പോലും സമർപ്പിക്കപ്പെടാതെ, അതുകൊണ്ടു തന്നെ വിചാരണ നടക്കാതെ കഴിഞ്ഞ പത്തു കൊല്ലമായി ജയിലിൽ കഴിയുകയാണ് എന്ന കാര്യം നമ്മൾ ഒർക്കാ‍റുണ്ടോ? ഇവരെ പോലെ ചെറുപ്പകാലത്ത് ഇല്ലാത്തെളുവുകളുടെ പേരിൽ ആണ് സ്വപ്നസുരഭിലമായ ഇളം പ്രായത്തിൽ സക്കറിയയെ തടവിലാക്കിയത്. പോലീസ് തെളിവുകൾ എന്നപേരിൽ നൽകുന്ന ഈ ആക്രിമുട്ടുകൾ, യുഎപീഎ യുടെ കപട ബലത്തിലല്ലെങ്കിൽ, എന്തു ശിക്ഷ അർഹിക്കുന്ന കുറ്റമാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ അനുസരിച്ച് എന്നുകൂടി ഇതൊക്കെ വലിയ വായിൽ വിളിച്ചു പാടുന്ന മാധ്യമങ്ങൾ പറയാൻ തയ്യാറാവുമോ? അതിനാൽ ഈ സന്ദർഭത്തിൽ എറ്റവും അടിയന്തിരമായി ചെയ്യാൻ ഉള്ളത് ഇവരുടെ പേരിൽ ചുമത്തിയിട്ടുള്ള യുഎപീഎ പിൻവലിക്കുക എന്നതു തന്നെയാണ്. അതോടെ അവസാനിക്കും ഈ കേസ്സ്.