Josemon Vazhayil
രണ്ട് മൂന്ന് ദിവസമായി മനോരമ, വനിത മുതൽ പല ഓൺലൈൻ പോർട്ടലുകളിലും കാണുന്ന വാർത്തയാണ് ‘നിമിഷ സജയൻ തയ്ക്വാൻഡോ പഠിക്കാൻ തുടങ്ങി’ എന്ന്.
അപ്പോ… പഠിച്ചുതുടങ്ങിയപ്പഴേ ബ്ലാക്ക് ബെൽറ്റ് കിട്ടിയോ???
സത്യത്തിൽ…. വൺസ്റ്റെപ് ക്ലബ് തയ്ക്വാൻഡോ അക്കാദമി ഇൻസ്റ്റയിൽ പങ്കുവച്ച സ്റ്റോറിയുടെ പിൻബലത്തോടെ, അവർ കുറിച്ചത് ട്രാൻസ്ലേറ്റ് ചെയ്ത് (ട്രാൻസ്ലേഷനിലെ പ്രശ്നത്തേ നോക്കണ്ടാ, പോട്ട് ) വാർത്തയാക്കി എഴുതിയത് കൂടാതെ നിമിഷ സജയന്റെ തയ്ക്വാൻഡോ കഥക്ക് ഒരു ഫ്ലാഷ്ബാക്ക് സ്റ്റോറി കൂടി ഉണ്ട്. അത് പറയാതെ ഈ വന്ന വാർത്തകൾ അപൂർണമായി തോന്നുന്നു.
നിമിഷ മുംബൈയിലെ (മുംബൈക്ക് അടുത്ത്) ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കൊറിയൻ ആയോധനകലയായ തയ്ക്വാൻഡോ പഠിച്ചുതുടങ്ങിയതാണ്.
തുടർന്ന്, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നിമിഷക്ക് തയ്ക്വാൻഡോയിൽ ബ്ലാക്ക് ബെൽറ്റും ലഭിക്കുകയുണ്ടായി. അതുമാത്രമല്ല…. പിന്നീടുള്ള വർഷങ്ങളിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചുകൊണ്ട് തയ്ക്വാൻഡോ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള ആളാണ് നമ്മുടെ ഈ നിമിഷ സജയൻ.

അപ്പോൾ പിന്നെ ഇപ്പോൾ പഠിക്കുന്നതോ?
സ്കൂൾ / കോളേജ് കാലഘട്ടത്തിനു ശേഷം ഈ ആയോധനകല തുടർന്ന് പരിശീലിക്കുവാനോ പ്രാക്ടീസ് ചെയ്യുവാനോ നിമിഷക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ടച്ച് വിട്ടുപോയ ആ പഴയ തയ്ക്വാൻഡോ ബ്ലാക് ബെൽറ്റ് പോരാളിയെ ഒന്നുകൂടി തേച്ചുമിനുക്കിയെടുക്കാൻ ആണ് നിമിഷ ഇപ്പോൾ വൺസ്റ്റെപ്പ് ക്ലബിൽ വീണ്ടും തയ്ക്വാൻഡോ പരിശീലനം നേടുന്നത്.അതുകൊണ്ടാണ് ചിത്രങ്ങളിൽ പരിശീലകൻ എൽദോസ് എബിയെ പോലെ തന്നെ നിമിഷ സജയനും ബ്ലാക്ക് ബെൽറ്റിൽ കാണുന്നത്. നിമിഷക്ക് തയ്ക്വാൻഡോയിൽ മാത്രമല്ല പിടിപാട്…. കോളേജിൽ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റനും ആയിരുന്നു നിമിഷ സജയൻ.