പഞ്ഞനെ അറിയാമോന്ന് ചോദിച്ചാല്‍ മിക്കവരും പറയും അറിയാന്ന്. എങ്ങിനേന്ന് ചോദിച്ചാല്‍ നേരിട്ടറിയുന്നവരായിരിക്കില്ല പലരും. പഞ്ഞന്റെ ഉളിപ്പിടിയെപ്പററി, പഞ്ഞന്റെ ഹെയര്‍ സ്റൈലിനെപ്പററി എല്ലാം കേട്ടവരാകും പലരും. ചിലരെങ്കിലും പഞ്ഞന്റെ കയിലു കുത്തിനെപ്പററിയും പറഞ്ഞേക്കാം. എന്നാല്‍ ഇതിലുമപ്പുറമായിരുന്നു പഞ്ഞന്‍. പഞ്ഞന്‍ ഒരു ബല്ലാത്ത പഹയന്‍ തന്നായിരുന്നു കേട്ടോ. ഏറെ അഴകുള്ള ഒരാശാരിയായിരുന്നു പഞ്ഞന്‍…..പ്രാകുന്നത്ത് പഞ്ഞന്‍…അതല്ലേ ആ മുത്താശാരിയുടെ വീട്ടു പേര്? അതോ പ്രാണശ്ശേരിയോ? ഓര്‍മ്മ കിട്ടണില്ല. പണ്ട് കുറിക്കല്യാണക്കുറിയില്‍ രാമന്‍ കുട്ടി വൈദ്യര്‍ കുറിച്ചിട്ടത് കണ്ട ഓര്‍മ്മയാണ്. അഴകുള്ള പഞ്ഞന്‍ ആശാരിക്ക് അതിനേക്കാള്‍ അഴകും സൌന്ദര്യവുമുള്ള ഒരു ആശാരിച്ചിയുമുണ്ടായിരുന്നു. അവരുടെ പേരാണ് കുട്ടിപ്പെണ്ണ്. എന്തോരഴകായിരുന്നു ആ മദാമ്മക്ക്. വെളത്ത ശരീരം. മുത്തശ്ശിക്കഥകളില്‍ നാം കണ്ടും കേട്ടിട്ടമുള്ള മുഖം. വെളുവെളുങ്ങനെ വെളുത്ത മുടി. പണ്ട് കടുക്കനിട്ടിരുന്ന വട്ടം കൂടിയ കാതുകള്‍. യഥാര്‍ത്ഥ മുത്തശ്ശീന്ന് പറഞ്ഞാ അത് കുട്ടിപ്പെണ്ണായിരുന്നു. വല്ലാത്ത ഒരു മാച്ചുമായിരുന്നു പഞ്ഞനും കുട്ടിപ്പെണ്ണും. മാതൃകാ ദമ്പതികള്‍.