ബ്രൈറ്റ്: സുനിലേ.. കാണാന്‍ കിട്ടുന്നില്ലല്ലോ? എന്തൊക്കെയാണ് വിശേഷങ്ങള്‍?
പണിക്കര്‍: ഞാന്‍ ഇവിടെയൊക്കെത്തന്നെയുണ്ട് മാഷെ. പ്രത്യേകിച്ച് വിശേഷമൊന്നുമില്ല. ജോലിത്തിരക്ക് കൊണ്ട് ബ്ലോഗില്‍ അത്ര സജീവമല്ല എന്നേയുള്ളൂ..
ബ്രൈറ്റ്: തിരക്കു കൂടുന്നതു നല്ലതല്ലേ? ഒരാള്‍ക്കു തിരക്കു കൂടുന്നതു കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും (ഉണ്ടെങ്കില്‍) എന്തൊക്കെയാണെന്നു പറയാമോ?
പണിക്കര്‍: എന്നെ സംബന്ധിച്ചിടത്തോളം തിരക്കുകള്‍ ഒരു കണക്കിന് ഒരു റിലീഫ് ആണ്. വെറുതെ ഇരിക്കുവാന്‍ എനിക്കൊരിക്കലുമാവുകയില്ല. എന്റെ തിരക്കുകള്‍ വളരെയേറെ ഞാന്‍ ആസ്വദിക്കുന്നുമുണ്ട്. ഫ്രീലാന്‍സായി ജോലി ചെയ്യുന്നതിന്റെ സ്വാതന്ത്ര്യവും സുഖവും ഇപ്പൊ ഞാന്‍ അറിയുന്നു. തിരക്കുകള്‍ എന്നെ സംബന്ധിച്ചിടത്തോളം ഗുണകരമാണെന്നു തന്നെ വിശ്വസിക്കുന്നു. ദോഷം എന്നുദ്ദേശിക്കുന്നത് കുടുംബവുമായി ചിലവഴിക്കപ്പെടുന്ന നിമിഷങ്ങളാണെന്നു തോന്നുന്നു. ഞാന്‍ അതിനും സമയ കണ്ടെത്തുന്നുണ്ട്. തിരക്കിനിടയില്‍ എഴുതാനും, വരയ്ക്കാനും, ബ്ലോഗില്‍ സജീവമാകാനും സമയം കിട്ടുന്നില്ലായെന്നേയുള്ളൂ.
ബ്രൈറ്റ്: ഇപ്പോഴത്തെ പരിപാടികള്‍ എന്തെല്ലാമാണ്?
പണിക്കര്‍: ഏതാണ്ട് 13 വര്‍ഷമായി ഞാന്‍ അഡ്വര്‍ട്ടൈസിംഗ് ഫീല്‍ഡിലാണ്. 13 വര്‍ഷം കൊണ്ട് 15 കമ്പനികള്‍. ഒരേ ജോലി തന്നെ മടുത്തിരിക്കുന്നു. പ്രിന്റ് മീഡിയയ്ക്കൊപ്പം ആഡ് ഫിലിമുകളും സ്വതന്ത്രമായി ചെയ്യുന്നു. ഏഴോളം ആഡുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത ആഴ്ച പുതിയ ആഡ് ഫിലിമിന്റെ വര്‍ക്കു തുടങ്ങുന്നു. ഒപ്പം കേരള കൗമുദിയിലോ, ദേശാഭിമാനി പത്രത്തിലോ ഒരു കാര്‍ട്ടൂണ്‍ പരമ്പരയും ആരംഭിക്കുന്നു.
ബ്രൈറ്റ്: ഭാവി പരിപാടികള്‍ എന്തെല്ലാമാണ്? ഒന്നു വിശദീകരിക്കാമോ?
പണിക്കര്‍: കഴിഞ്ഞ ആഡ് ഫിലിം ഷൂട്ടിനിടയിലാണ് എന്നെ തേടി ഒരു സിനിമയുടെ ഓഫര്‍ വരുന്നത്. യഥാര്‍ത്ഥത്തില്‍ എന്റെ ആദ്യ സിനിമ 2012 അവസാനമായി പ്ലാന്‍ ചെയ്ത്, അതിന്റെ ഹോംവര്‍ക്കുകളിലുമായിരുന്നു. അതിനിടയിലാണ് പെട്ടെന്നൊരു സിനിമ ചെറിയ ബഡ്ജറ്റില്‍ ചെയ്യാന്‍ എന്റെ അടുക്കലെത്തുന്നത്. ആ ബഡ്ജറ്റ് എന്റെ കൈവശമുള്ള കഥയുമായിട്ട് ഇണങ്ങുന്നതുമല്ലായിരുന്നു. രണ്ടുനായകന്മാര്‍ക്കും, രണ്ടു നായികമാര്‍ക്കും ഇണങ്ങുന്ന ഒരു കഥയ്ക്കുവേണ്ടി നല്ലൊരു തിരച്ചില്‍ തന്നെ നടത്തി. ബസ്സിലും ഒരു പരസ്യം കൊടുത്തിരുന്നു. ജയസൂര്യയ്ക്കൊപ്പം ഡോ. ബിജു എബ്രഹാമും നായകനാകുന്ന ചിത്രത്തിന് ഒടുവില്‍ കഥയെഴുതുവാന്‍ രണ്ട് പേര്‍ തയ്യാറായി. ഒരാള്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റ് വാമനപുരം മണി, മറ്റൊരാള്‍ നമ്മുടെ പോങ്ങുമ്മൂടന്‍. പോങ്ങുമ്മൂടന്റെ കഥയ്ക്ക് വാമനപുരം മണി തിരക്കഥയും സംഭാഷണവും രചിക്കുന്നു. സത്യത്തില്‍ മലയാള സിനിമയില്‍ കൃഷ്ണ പൂജപ്പുര ചേട്ടനുമുന്‍പായി മണി കടന്നുവരുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ഒരുപക്ഷെ മണിക്കും, എനിക്കും പോങ്ങുമ്മൂടനും ഒരേ സമയം രംഗപ്രവേശം ചെയ്യാനുള്ള നിയോഗമായിരിക്കാം ഈ സിനിമ. ഭാമ, മാളവിക, നെടുമുടി വേണു, ബിജുമേനോന്‍, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, സുകുമാരി, ബിന്ദുപണിക്കര്‍, ജഗതി, ബിജുക്കുട്ടന്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍ തുടങ്ങിയ താരനിരകള്‍ അണിനിരക്കുന്ന ഈ ചിത്രത്തിലൂടെ പത്മശ്രീ കെ. പി. ഉദയഭാനുസാര്‍ സംഗീതസംവിധാന രംഗത്തേയ്ക്ക് വീണ്ടും തിരിച്ചുവരുന്നു. ഒപ്പം ഒറ്റ സീനില്‍ ബിഗ് ബി യേയും അഭിനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയുമുണ്ട്. സ്ക്രിപ്റ്റിംഗ് നടക്കുന്നതേയുള്ളൂ. എന്റെ നിര്‍ഭാഗ്യങ്ങളൊഴിഞ്ഞുവെങ്കില്‍ ജൂണ്‍ ആദ്യ വാരം ഒറ്റ ഷെഡ്യൂള്‍ഡില്‍ സിനിമ തുടങ്ങും.
ബ്രൈറ്റ്: മലയാള ബ്ലോഗുകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കാണുന്നതായി തോന്നുന്നുവോ?
പണിക്കര്‍: മലയാള ബ്ലോഗുകളില്‍ പ്രത്യക്ഷത്തില്‍ ഞാനൊരു മാറ്റവും കാണുന്നില്ല. ഇനി മാറ്റങ്ങളുണ്ടാകുന്നത് ഞാനറിയാത്തതുമാകാം.
ബ്രൈറ്റ്: ബൂലോകം ഓണ്‍ലൈനിന്റെ അടുത്ത ലക്കം കമ്പോസിംഗ് പുരോഗമിക്കുന്നുവോ?
പണിക്കര്‍: ഈ ചോദ്യത്തിനു മുന്‍പേ ഞാനൊരു ക്ഷമ ചോദിക്കുന്നു. എന്റെ ഒരാളുടെ കുഴപ്പം കൊണ്ട് ബൂലോകം പത്രം ഇത്രയും ഡിലേ ആയതില്‍ എനിക്ക് വിഷമമുണ്ട്. ഞാന്‍ കാരണം രണ്ടാം ലക്കം ഇത്രയധികം താമസിച്ചിട്ടും എന്നെ തെറി വിളിക്കാതെ എന്നോട് സൗഹാര്‍ദ്ദപൂര്‍വ്വം, പഴയ സ്നേഹത്തോടെ പെരുമാറിയ ജെയിംസ് ഏട്ടന് നന്ദി. സത്യത്തില്‍ രണ്ടാം ലക്കത്തിന്റെ പണി ഏതാണ്ട് തീര്‍ന്നു കഴിഞ്ഞു. വൈകാതെ പുറത്തിറക്കാനാകും.
ബ്രൈറ്റ്: ഒരു നല്ല ബ്ലോഗര്‍ ആവാന്‍ എന്തു ചെയ്യണം?
പണിക്കര്‍: ബ്ലോഗര്‍മാര്‍ക്കിടയിലും നല്ല ബ്ലോഗറെന്നും, ചീത്ത ബ്ലോഗറെന്നുമുള്ള വിശേഷണം ഉണ്ടോ..?
ഉണ്ടാവാം. നല്ല ബ്ലോഗറാകാന്‍ വല്ല തയ്യാറെടുപ്പുമുണ്ടോ എന്നെനിക്കറിയില്ല. കൂതറ ബ്ലോഗുകളുണ്ടെന്ന് ഞാനെപ്പൊഴൊക്കെയോ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും എന്റെ കണ്ണില്‍ എല്ലാ ബ്ലോഗറും നല്ല ബ്ലോഗര്‍മാരാണ്. വര്‍ത്തമാനം ദിനപ്പത്രത്തിന്റെ ആഴ്ചപ്പതിപ്പില്‍ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ബ്ലോഗിനെക്കുറിച്ചും, ബ്ലോഗെഴുത്തുകാരെക്കുറിച്ചും പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ബ്ലോഗെഴുത്തുകാര്‍ ഒരു വാല്‍നക്ഷത്രം പോലെയാണ്. പെട്ടെന്ന് മിന്നിത്തീരുന്ന ആയുസ്സില്ലാത്ത വാല്‍നക്ഷത്രങ്ങള്‍..
ബ്രൈറ്റ്: ബ്ലോഗര്‍മാരുടെ ഇടയില്‍ പ്രത്യക്ഷമായും പരോക്ഷമായും ഗ്രൂപ്പുകള്‍ നിലവിലുണ്ടെന്നു വിശ്വസിക്കുന്നുവോ?
പണിക്കര്‍: ഉണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. ഗ്രൂപ്പുകളും, കോക്കസ്സുകളും പണ്ടുമുതല്‍ക്കേ ബ്ലോഗിലുണ്ടായിരുന്നു. ഇന്നത് വളരെ ശക്തമാണ്. ഒട്ടുമിക്ക ബ്ലോഗറും ഒരു പ്രത്യേക ഇഷ്ടം / കൂറ് മറ്റുചില ബ്ലോഗുകളോട്/ എഴുത്തുകാരോട്/ ഗ്രൂപ്പുകളോട് കാണിക്കുന്നുണ്ട് എന്നതാണ് സത്യം. പല ബ്ലോഗര്‍മാര്‍ക്കും നില്‍നില്‍പ്പിനായി ഇത്തരം കോക്കസ്സുകളില്‍ അംഗമായാലേ രക്ഷയുള്ളു എന്ന അവസഥയാണിപ്പോള്‍. ബ്ലോഗ് കവിതകളിലാണ് കോക്കസ്സുകളുടെ രൂക്ഷത കാണാനാവുക. കമന്റ് പോലും ഇത്തരം മമതകളുടെ അടയാളങ്ങളാണ്.
ബ്രൈറ്റ്: ബ്ലോഗര്‍മാര്‍ക്കു ഒരു സംഘടന വേണോ?
പണിക്കര്‍: ഇന്ന് എല്ലാറ്റിനും സംഘടനകളുള്ള കാലമാണ്. ചിത്രകാരന്റെ നേതൃത്വത്തില്‍ അങ്ങനെയൊരണ്ണം ആക്ടീവല്ലെങ്കിലും കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഉണ്ട്. ഇനി പുതിയതൊന്നിന്റെ ആവശ്യമുണ്ടോ..? ഈ ഉള്ളതിനെ തന്നെ ആക്ടീവാക്കി സംഘടനാബലം കൂട്ടുന്നതു ഭാവിയില്‍ ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.
ബ്രൈറ്റ്: ബ്ലോഗര്‍മാര്‍ക്ക് ഒരു സംഘടന ഉണ്ടെന്നു കരുതുക, സുനില്‍ അതിന്റെ ഏറ്റവും വലിയ നേതാവായെന്നും കരുതുക. ആദ്യമായി സുനില്‍ എന്തായിരിക്കും ചെയ്യുക?
പണിക്കര്‍: ഒരു സംഘടനയിലും എനിക്ക് താല്‍പ്പര്യമില്ലെന്ന് ഞാനാദ്യമേ പറഞ്ഞുകൊള്ളട്ടെ. സംഘടനയും, സംഘടനാപ്രവര്‍ത്തനമൊന്നും എനിക്കു ചേരുന്ന പണിയല്ല. അതിനുയോഗ്യരായവര്‍ ബ്ലോഗില്‍ വേറെയുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഞാന്‍ ഇടപെടാറില്ല. ഒരു മെമ്പര്‍ മാത്രമായിരിക്കുന്നതാണ് എപ്പൊഴും സേഫ്.