സംഘപരിവാര്‍ ഭരണകൂടം എങ്ങനെയാണ് എതിര് സ്വരങ്ങളെ നിശബ്ദമാക്കുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഫെബ്രുവരി അഞ്ച് എന്ന ദിവസം. മണിക്കൂറുകള്‍ക്കുള്ളിലാണ് തങ്ങള്‍ക്കൊരു അടിമയെ അവര്‍ സൃഷ്ടിച്ചതും എതിര് സ്വരത്തെ നിശബ്ദമാക്കിയതും.ഒരുവശത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞതിനു തൊട്ടുപിന്നാലെ രജനീകാന്തിനെതിരായ നികുതിവെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിക്കുന്നു. മറുവശത്ത് ‘i am a christian, so what?’ എന്നു ചോദിച്ച, നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും മറ്റും നിരന്തരം തന്റെ കഥാപാത്രങ്ങളിലൂടെ ചോദ്യം ചെയ്ത ജോസഫ് വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുക്കുന്നു, സിനിമാ സെറ്റുകളില്‍ റെയ്ഡ് നടത്തുന്നു, ഷൂട്ടിങ് നിര്‍ത്തിവെപ്പിക്കുന്നു.
2007-ലെയും 2012-ലെയും നികുതി വെട്ടിപ്പ് കേസുകളില്‍ അന്വേഷണം നടക്കുന്നതു കൂടാതെ തൂത്തുക്കുടിയില്‍ വേദാന്താ ഗ്രൂപ്പിനെതിരെ നടന്ന പോലീസ് വെടിവെപ്പില്‍ പോലീസിനെ ന്യായീകരിച്ചതിന് രജനീകാന്തിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ കമ്മീഷന് തീരുമാനിക്കുന്നു. ഇതിനിടയിലാണ് ബി.ജെ.പി നേതാക്കള്‍ രജനീകാന്തിനെ നേരില്ച്ചെന്നുകണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. തൊട്ടുപിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും നിയമം മുസ്ലീങ്ങള്‍ക്കെതിരല്ലെന്നും അയാള്‍ പറയുന്നു. ഉടന്‍തന്നെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ആദായ നികുതി വകുപ്പ് നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ച് രജനീകാന്തിനെ സ്വതന്ത്രനാക്കുന്നു.
എന്നാല്‍ മറുവശത്ത് വിജയ് എന്ന ജോസഫ് വിജയ് അങ്ങനെയായിരുന്നില്ല. ന്യായീകരിക്കാനോ മൗനം പാലിക്കാനോ നില്‍ക്കാതെ തൂത്തുക്കുടിയിൽ നേരിട്ടെത്തി പോലീസ് വെടിവെപ്പിന് ഇരകളാകേണ്ടി വന്നവരുടെ കുടുംബങ്ങളെ അയാള്‍ ബൈക്കിൽച്ചെന്നു കാണുന്നു. സാമ്പത്തിക സഹായം നൽകാൻ തയ്യാറാകുന്നു. തൻ്റെ ജന്മദിനാഘോഷങ്ങൾ പതിവ് രീതിയിൽ നടത്താൻ പാടില്ലെന്നു തൻ്റെ ആരാധകരോട് പറയുന്നു.
മാത്രമല്ല, വലിയൊരു വിഭാഗം സെലിബ്രിറ്റികള്‍ അനുകൂലിച്ചപ്പോഴും നോട്ടുനിരോധനത്തിനെതിരെ അയാള്‍ രംഗത്തുവന്നു. ”നോട്ടുനിരോധനം എത്ര വലിയ നടപടിയായാലും 80 ശതമാനം വരുന്ന ജനങ്ങളെ തെരുവിൽ നിർത്തുന്ന പരിഷ്കാരങ്ങളോടു യോജിക്കാൻ കഴിയില്ല” എന്നായിരുന്നു അയാളുടെ നിലപാട്. കഴിഞ്ഞില്ല. തന്റെ ‘മെര്‍സല്‍’ എന്ന സിനിമയില്‍ ജി.എസ്.ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും അയാള്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇതിന്റെ പലയിടത്തും റിലീസിങ്ങിന് പോലും അനുമതി കിട്ടാതെ വരുന്നു, സെന്‍സര്‍ ബോര്‍ഡ് ഇടയുന്നു. വിജയ് എന്ന നടനിലെ ‘ജോസഫിനെ’ തിരഞ്ഞുപിടിച്ച് സംഘപരിവാര്‍ പ്രചാരണം നടത്തുന്നു. വാണിജ്യപരമായി സിനിമയ്ക്ക് നഷ്ടമുണ്ടാകുമെന്നറിഞ്ഞിട്ടും അയാള്‍ ചോദിച്ചു, I am a Christian. So what?’
ഇതുകൊണ്ടാണ്, ഇതുകൊണ്ടു മാത്രമാണ് രജനീകാന്ത് സ്വതന്ത്രനായി നടക്കുന്നതും ജോസഫ് വിജയ് ആദായ നികുതി ഓഫീസില്‍ ഇരിക്കുന്നതും.