Bineesh K Achuthan

ചലച്ചിത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത തമിഴ് നടൻ വിജയ് യുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനമാണല്ലോ. രാഷ്ട്രീയ/ ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഇതിനോട് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചിട്ടുണ്ട്. വെള്ളിത്തിരയിൽ നിന്നും രാഷ്ട്രീയത്തിൽ വന്ന MGR വിജയിച്ച മണ്ണാണ് തമിഴ്നാട്; കൂടാതെ ജയലളിതയും. DMK നേതാവ് ദയാനിധി മാരൻ ഒരിക്കൽ പറയുകയുണ്ടായി ചലച്ചിത്ര രംഗത്ത് നിന്നും വന്ന റൊണാൾഡ് റീഗൻ US പ്രസിഡൻ്റായി തെരഞ്ഞെടുക്കുന്നതിന് മുമ്പേ MGR, തമിഴ്നാട്ടിലെ മുഖ്യമന്ത്രിയായി എന്ന്. സിനിമയും രാഷ്ട്രീയവും ഇഴചേർന്ന സാംസ്കാരികതയാണ് തമിഴകം. പക്ഷേ MGR – ൻ്റെ കാലമല്ല ഇത്. എം ജി ആറും ജയലളിതയും വിജയിച്ചെങ്കിലും ശിവാജി ഗണേശൻ മുതൽ സാക്ഷാൽ രജനീകാന്ത് വരെ പരാജയമടഞ്ഞ തട്ടകം കൂടിയാണ് തമിഴക രാഷ്ട്രീയം. ഈയൊരു പശ്ചാത്തലത്തിൽ വേണം വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തെ വിലയിരുത്താൻ.

പെരിയോറിൻ്റെ ദ്രാവിഡ വാദത്താൽ ശാക്തീകരിക്കപ്പെട്ട തമിഴ്നാട്, അണ്ണാ ദുരൈയിലൂടെയാണ് രാഷ്ട്രീയവൽക്കരിക്കപ്പെടുന്നത്. ദ്രാവിഡ വാദത്തിൻ്റെ പ്രചരണത്തിനായി ചലച്ചിത്രമെന്ന കലാരൂപത്തെ ഫലപ്രദമായി ഉപയോഗിക്കാൻ അതിന്റെ പ്രയോക്താക്കൾക്ക് നിഷ്പ്രയാസം സാധ്യമായി. കരുണാനിധിയുടെ തീ പാറുന്ന സംഭാഷണങ്ങൾ വെള്ളിത്തിരക്ക് തീ പിടിപ്പിച്ചപ്പോൾ ഏഴൈ തോഴനായ MGR, മക്കൾ തിലകമായി ജനമനസ്സുകളിൽ കുടിയേറുകയായിരുന്നു. DMK – യുടെ തെരഞ്ഞെടുപ്പു റാലികളിൽ MGR – നെ ഒരു നോക്ക് കാണാൻ ജനം തിക്കിത്തിരക്കി. ഈ ആൾക്കൂട്ടത്തെ വോട്ടാക്കി മാറ്റിക്കൊണ്ടാണ് DMK അധികാരത്തിലെത്തുന്നത്. തൻ്റെ കരിശ്മയെ ഭരണത്തിലേറാനുള്ള പാലമായി ഉപയോഗിച്ച കരുണാനിധി, അധികാര ലബ്ധിക്ക് ശേഷം തന്നെ അവഗണിക്കുന്നതായി MGR – നും തോന്നിത്തുടങ്ങി. MGR ചിത്രങ്ങളുടെ സ്ഥിരം നിർമ്മാതാവും തേവർ ഫിലിംസിൻ്റെ സാരഥിയുമായ ചിന്നപ്പ തേവർ MGR – ൻ്റെ അതൃപ്തിയെ ആളിക്കത്തിച്ചു. ഫലമോ DMK (ദ്രാവിഡ മുന്നേറ്റ കഴകം)- യെ പിളർത്തി MGR, AIADMK (ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) രൂപവൽക്കരിച്ചു.

MGR – ൻ്റെ പുതിയ രാഷ്ട്രീയ കക്ഷിയായ AIADMK – ക്ക് വേണ്ടി ചിന്നപ്പ തേവർ ആളും അർത്ഥവും ഒഴുക്കി. തമിഴ് നാട്ടിലെ ഏറ്റവും പ്രബല ജാതിയായ തേവർ, AIADMK – യുടെ അതിശക്തമായ വോട്ട് ബാങ്കായി മാറി. MGR – ൻ്റെ മരണ ശേഷം അദ്ദേഹത്തിൻ്റെ ഭാര്യ ജാനകി രാമചന്ദ്രൻ കുറച്ച് കാലം AIADMK – യുടെ നേതൃസ്ഥാനം വഹിച്ചെങ്കിലും അണികളിൽ ഭൂരിപക്ഷവും ഇദയക്കനി ജയലളിതക്കൊപ്പമായിരുന്നു. തുടർന്ന് നടന്ന അധികാര വടംവലിയിൽ ജയലളിത നേതൃത്വത്തിലേക്ക് വന്നപ്പോഴും AIADMK – യിലെ തേവർ സ്വാധീനത്തിന് കുറവ് വന്നില്ല. തമിഴ് വംശജരല്ലാത്ത MG R – നും ജയലളിതക്കും തമിഴ്നാട്ടിൽ വ്യക്തിപരമായ സാമുദായിക താൽപ്പര്യങ്ങൾ ഇല്ലെങ്കിലും AIADMK എന്നത് എക്കാലവും ഒരു തേവർ പക്ഷ പാർട്ടിയായിയിരുന്നു. AIADMK – യുടെ നേതൃനിരയിലുള്ള OPS, EPS, ശശികല എന്നിങ്ങനെ പ്രധാന നേതാക്കളടക്കം ബഹുഭൂരിപക്ഷവും തേവർ സമുദായാംഗങ്ങളായിരുന്നു. AIADMK – യും തേവർ സമുദായവും പരസ്പരം വളം നൽകി വളരുകയായിരുന്നു.

DMK – AIADMK കക്ഷികൾ ഭരണ പ്രതിപക്ഷമായി മാറി മാറി വന്നപ്പോൾ, തമിഴ് നാട്ടിൽ ദേശീയ കക്ഷികൾ അപ്രസക്തരായി. ദ്രാവിഡ പാർട്ടിയിൽ നിന്നും കുടുംബപാർട്ടിയായി DMK അധപതിച്ചപ്പോഴും അവയുടെ കേഡർ സ്വഭാവം നിലനിർത്തിപ്പോന്നു. DMK ചീഫ് കരുണാനിധിയുടെ മരണം DMK – യിൽ നേതൃത്വ ശൂന്യതയോ അസ്വാരസ്യങ്ങളോ സൃഷ്ടിച്ചില്ല. രാജഭരണം പോലെ കരുണാനിധി, മകൻ സ്റ്റാലിനെ കുടുംബത്തിനകത്തും പാർട്ടിക്കകത്തും എതിരാളികളില്ലാതെ ഘട്ടം ഘട്ടമായി വളർത്തിക്കൊണ്ട് വന്നതിനാൽ DMK – യിലെ നേതൃമാറ്റം വലിയ ആഭ്യന്തര പ്രശ്നമായില്ല. എന്നാൽ ജയലളിതയുടെ അപ്രതീക്ഷിത മരണം സൃഷ്ടിച്ച ശൂന്യത മറികടക്കാൻ കഴിയാതെ AIADMK ഉഴറുകയാണ്. അമ്മക്ക് പകരം നേതൃത്വം ഏറ്റെടുക്കാനുള്ള ചിന്നമ്മയുടെ ശ്രമം അകത്തുള്ളവരും പുറത്തുള്ളവരും ചേർന്ന് ഫലപ്രദമായി മുളയിലേ നുള്ളി. ഫലത്തിൽ AIADMK ഇന്ന് നാഥനില്ലാ കളരിയാണ്.

ഈ രാഷ്ട്രീയ ശൂന്യത മുന്നിൽ കണ്ട് കൊണ്ടാണ് കമലും രജനിയും കച്ച കെട്ടിയിറങ്ങിയത്. പക്ഷേ വന്നതിലും വേഗം മടങ്ങിപ്പോകാനായിരുന്നു ഇരുവരുടെയും വിധി. കമൽഹാസൻ്റെ രാഷ്ട്രീയ മോഹങ്ങൾ ദുരന്തമായി കലാശിച്ചപ്പോൾ രജനിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ ചാപിള്ളയായി മാറി. തമിഴർക്ക് തീരെ താൽപ്പര്യമില്ലാത്ത കേന്ദ്രത്തിൻ്റെ തീട്ടൂരങ്ങൾ അനുസരിക്കാൻ വിധിക്കപ്പെട്ട് താൻ ഒരു കളിപ്പാവയായി മാറി അപഹാസ്യനാകുമെന്ന തിരിച്ചറിവിനാലാണ് രജനീകാന്ത് പിൻവാങ്ങിയത്. ഇവിടെയാണ് വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിൻ്റെ പ്രസക്തി. ചുവടുകളും ടൈമിംഗുമെല്ലാം കിറുകൃത്യമാണ്. പ്രതിപക്ഷ നിരയിലെ ശൂന്യത തന്നെയാണ് വിജയ് യുടെ പ്രതീക്ഷ. ആ വിടവ് നികത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യവും. രജനിയുടെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്ന വിജയ്, കാത്തിരിക്കാനുള്ള ക്ഷമ കാണിച്ചു. ഒപ്പം സമയബദ്ധിതമായി കളത്തിലിറങ്ങാനുള്ള ബുദ്ധിയും പ്രകടിപ്പിച്ചു.

സിനിമയും രാഷ്ട്രീയവും ഇഴചേർന്ന തമിഴകത്ത് ഇന്ന് ഇതിലെല്ലാമുപരി ജാതിക്കാണ് പ്രാധാന്യം. തേവർ, ഗൗണ്ടർ, നാടാർ എന്നീ മൂന്ന് പ്രബല മധ്യമ ജാതികളാണ് തമിഴക രാഷ്ട്രീയം നിയന്ത്രിക്കുന്നത്. ആ ലീഗിലേക്ക് കുറച്ചു വർഷങ്ങളായി വണ്ണിയർ വിഭാഗവും കടന്നുകയറിയിട്ടുണ്ട്. ഇവ കൂടാതെ 90 – കൾക്ക് ശേഷം ദലിത് വോട്ട് ബാങ്കും ശക്തമാണ്. ഈ വിഭാഗങ്ങളെല്ലാം പരസ്പരം പോരടിക്കുന്നവരായതിനാൽ ഇവരിൽ പെട്ട ഒരാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തെരഞ്ഞെടുപ്പിന് നേരിട്ടാൽ ആ മുന്നണിയെ മറ്റു ജാതി ഗ്രൂപ്പുകൾ പരാജയപ്പെടുത്തും. വിജയ് ഈ വിഭാഗങ്ങളിലൊന്നും പെടുന്നില്ല എന്നത് അനുകൂല ഘടകമാണ്. ജയലളിതയുടെ മരണം സൃഷ്ടിച്ച പ്രതിപക്ഷ നേതൃത്വത്തിൻ്റെ ശൂന്യത, വിജയകാന്തിൻ്റെ മരണ ശേഷം അപ്രസക്തമായ ചെറുതല്ലാത്ത ഒരു വോട്ട് ബാങ്ക്, ഇതിലെല്ലാമുപരി തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പിൻമാറ്റം ഈ അനുകൂല ഘടകങ്ങൾ മുന്നിൽകണ്ടാണ് വിജയ് ഇന്ന് തൻ്റെ തമിഴക വെട്രി കഴകം (TVC) പ്രഖ്യാപിക്കുന്നത്. കക്ഷിയുടെ പേരിൽ ദ്രാവിഡം ഇല്ലാത്തത് ശ്രദ്ധേയമാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാതെ 2026 – ൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് അണ്ണൻ്റെ ലക്ഷ്യം. നെഞ്ചിൽ കുടിയിരുക്കും നൻപർകൾ വോട്ടായി മാറുമോ എന്ന് കാലം തെളിയിക്കും. ദളപതി, തലൈവർ ആകുമോയെന്ന് കാത്തിരുന്നു കാണാം…..

You May Also Like

ഗോൾഡിന്റെ പരാജയത്തിന് ശേഷം അൽഫോൻസ് പുത്രൻ ന്റെ അടുത്ത ചിത്രം തമിഴിൽ

അൽഫോൺസ് പുത്രൻ എന്ന പേര് പരിചയമില്ലാത്തവർ ആരുമുണ്ടാകില്ല. കാരണം കോടി ക്ലബിൽ ഇടംനേടി ചരിത്രം കുറിച്ച…

‘അനിമൽ’ എന്ന ചിത്രത്തിൻ്റെ ബമ്പർ വിജയത്തിന് ശേഷം ബോളിവുഡ് സിനിമാ താരം തൃപ്തി ദിമ്രി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്

‘അനിമൽ’ എന്ന ചിത്രത്തിൻ്റെ ബമ്പർ വിജയത്തിന് ശേഷം ബോളിവുഡ് സിനിമാ താരം തൃപ്തി ദിമ്രി വാർത്തകളിൽ…

‘ചേട്ടൻ ചെയ്ത വേഷങ്ങൾ അനിയൻ മുക്കിയാൽ ഒക്കില്ല, പൃഥ്വിരാജിന്റേത് നാടകാഭിനയം’ കുറിപ്പ് വായിക്കാം

ഇന്ദ്രജിത് ആദ്യമായി സിനിമയിൽ മുഖം കാണിച്ചത് 1986 ൽ പുറത്തിറങ്ങിയ പടയണി എന്ന സിനിമയിൽ മോഹൻലാലിന്റെ…

മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി സഞ്ജീവ് ശിവൻ ചിത്രം ‘ഒഴുകി ഒഴുകി ഒഴുകി’ 

മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി സഞ്ജീവ് ശിവൻ ചിത്രം ‘ഒഴുകി ഒഴുകി…