പണ്ട് കേരളത്തിലുണ്ടായിരുന്ന ചില വിചിത്രങ്ങളായ നികുതികൾ.

552

പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി തിന്നുകൊഴുത്ത കുറെ രാജാക്കന്മാരുടെയും നമ്പൂതിരിമാരുടെയും കൂത്തരങ്ങായിരുന്നു നവോത്ഥാനത്തിന് മുൻപുള്ള കേരളത്തിന്റെ ചരിത്രം.കേണൽ മൺറോ വരുന്നത് വരെ ബ്രാഹ്‌മണർക്ക് ഭൂ നികുതി പോലും ഒഴിവാക്കിയ ഈ ഹിന്ദു രാജ്യത്തു മനുഷ്യാവയവങ്ങൾക്കു വരെ നികുതിർപ്പെടുത്തി. പുഴുക്കളെക്കാൾ നികൃഷ്ടരാണ് അധഃകൃതർ എന്ന് സ്ഥാപിക്കാൻ സംസ്കൃത സാഹിത്യത്തിൽ ശ്ലോകങ്ങൾക്ക് പഞ്ഞം ഒന്നും ഇല്ലല്ലോ?

5000 വർഷത്തെ മഹത്തായ ഹിന്ദു സംസ്കാരത്തിൽ ഊറ്റം കൊള്ളുന്നവർ ഒരു 100 വർഷം മാത്രം പിന്നിലെ ഈ ചരിത്രം ഓർത്തില്ലെങ്കിൽ ഇടക്ക് നമ്മൾ ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു. കാരണം അനുഭവമാണ് ഏറ്റവും വലിയ ഗുരു, ഇത് നമ്മുടെ മുൻഗാമികളുടെ അനുഭവങ്ങൾ ആയിരുന്നു. “ഇന്നലയോളം എന്തെന്നറിയില്ല ഇനി നാളെയും എന്തെന്നറിയില്ല…” എന്ന് ബ്രാഹ്‌മണൻ പഠിപ്പിച്ചത് ഏറ്റു പാടാതെ ഇന്നലെയോളം എന്തെന്നറിയണം എങ്കിലേ ഇനി നാളെയും എന്തെന്ന് അറിയാൻ കഴിയൂ.

മുലയ്ക്ക് മാത്രമല്ല, മീശയ്ക്കും അലക്കുകല്ലിനും തെങ്ങില് കയറുന്ന തളപ്പിനും ഏണിക്കും വരെ നികുതി പിരിച്ചിരുന്നു രാജാക്കന്മാര്. ഒരു ജോലിയും ചെയ്യാന്വയ്യാത്ത ബലഹീനരില് നിന്നു ‘ഏഴ’ എന്ന പേരിലുള്ള നികുതി ഈടാക്കിയിരുന്നു. മണ്ണില്നിന്ന് പൊന്തരികള് അരിച്ചെടുക്കാന് ശ്രമിച്ചാല് തട്ടാന്മാര് നല്കേണ്ട പണമാണ് പൊന്നരിപ്പ്. മനുഷ്യരെ കൊന്ന കന്നുകാലികള് രാജാവിന് അവകാശപ്പെട്ടതാണ്. അതാണ് ചെങ്കൊമ്പ്.

തെങ്ങിലും പനയിലും കയറി ഉപജീവനം നടത്തുന്നവരെയും രാജാവ് വെറുതെ വിട്ടില്ല. അവര് നല്കേണ്ട നികുതിയാണ് ഏണിക്കാണം അല്ലെങ്കില് തളാപ്പുകരം. മണ്പാത്ര നിര്മാതാക്കളായ കുശവന്മാരില് നിന്ന് ചെക്കീരയും തട്ടാന്മാരില്നിന്ന് തട്ടാശപ്പട്ടവും ഈടാക്കി. എന്തിനധികം, മേല്മീശ വയ്ക്കാന് രാജാവ് മീശക്കാശും പിരിച്ചിരുന്നെന്ന് എം എന് വിജയന് മാഷ് എഴുതിയിട്ടുണ്ട്. തുണിനെയ്ത്തുകാരില്നിന്നു ‘തറിക്കടമ’, അലക്കുകാരില്നിന്നു ‘വണ്ണാരപ്പാറ’ മീന്പിടിത്തക്കാരില് നിന്നു ‘വലക്കരം’ തുടങ്ങിയ നികുതികള് ഈടാക്കിയിരുന്നു. കള്ളുചെത്തുന്ന കത്തിക്ക് ‘കത്തി’ എന്ന നികുതിയും ചാരായം വാറ്റുന്ന ചട്ടിക്ക് ‘ചട്ടി’എന്ന നികുതിയും കൊടുക്കണമായിരുന്നു. ആഭരണം ധരിക്കാന് ‘മേനിപ്പൊന്ന്’ അഥവാ ‘അടിയറ’ എന്ന നികുതി കൊടുക്കണം.

1818 മേടം 19 ആം തിയ്യതിവരെ തിരുവിതാംകൂറിലെ നായന്മാര്ക്ക് സ്വര്ണാഭരണം ധരിക്കണമെങ്കില് നികുതി കൊടുക്കണമായിരുന്നു. വീട് മേയാനും കല്യാണത്തിനു പന്തലിടാനും ‘രാജഭോഗം’ നല്കണം. മോതിരമിടാനും തലയില് ഉറുമാല് കെട്ടാനും രാജാവിന് ‘കാഴ്ച’ സമര്പ്പിക്കണം. കല്യാണം കഴിക്കാനും നികുതിയുണ്ടായിരുന്നു. ‘പൊലിപ്പൊന്ന്’ എന്നായിരുന്നു പേര്. അനന്തരാവകാശികള് മരണപ്പെട്ടാല്നല്കേണ്ട നികുതിയാണ് പുരുഷാന്തരം. രാജകുടുംബത്തിലെ വിവാഹത്തിന് കുടിയാന്മാര് നല്കേണ്ടതാണ് കാഴ്ച. അവകാശികളില്ലാത്തവരുടെ സ്വത്തുക്കള്രാജാവ് ഏറ്റെടുക്കുമ്പോള് അതിന് അറ്റാലകം. കുടുംബം അന്യംനിന്നു പോവാതിരിക്കാന് ദത്തെടുത്താലും രാജാവിന് ദത്തുകാഴ്ച നല്കണമായിരുന്നു.

ജനങ്ങളില് നിന്ന് ഇങ്ങനെ കിരാതമായി ഊറ്റിയെടുത്ത പണത്തിലൊരുഭാഗം കൊണ്ട് രാജാക്കന്മാരും അവരുടെ ഉപദേശകരായ നമ്പൂതിരിമാരും സുഖലോലുപതയില് ആറാടി. മറ്റൊരു ഭാഗം കൊണ്ട് രാജക്കന്മാര് മണ്ണിനും പെണ്ണിനും വേണ്ടി യുദ്ധങ്ങള് നടത്തി.ഇതായിരുന്നു മനുഷ്യാവയവങ്ങൾക്കു വരെ നികുതിയേർപ്പെടുത്തിയ അന്ന് ഹിന്ദു സ്റ്റേറ്റ് കൂടി ആയിരുന്ന തിരുവിതാംകൂറിന്റെ വിശേഷങ്ങൾ.

(കടപ്പാട് ഡോ. ഹരികുമാർ വിജയലക്ഷ്മി)

Previous articleപുകവലി നിങ്ങളെ കൂടുതല്‍ “സുന്ദരനാക്കും”..!!
Next articleപ്രണയത്തിന്റെ ശാസ്ത്രം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.