എഴുതിയത് : TC Rajesh Sindhu
കടപ്പാട് : (m3db)
എന്തൊരു പടമാണ് ‘പഞ്ചവടിപ്പാലം’! മലയാളത്തിൽ പഞ്ചവടിപ്പാലത്തിനു മുൻപോ പിൻപോ ഇത്തരത്തിലൊരു രാഷ്ട്രീയ- സാമൂഹിക ആക്ഷേപഹാസ്യ സിനിമ വന്നിട്ടുണ്ടോ എന്നു സംശയമാണ്. വീണ്ടും കാണുമ്പോഴും പുതുമ ചോരാതെ കാലികമായി ഈ സിനിമ അനുഭവപ്പെടുന്നതിലൂടെ നമ്മുടെ സമൂഹത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഒന്നുകൂടി വ്യക്തമാകുകയാണ്.
വേളൂർ കൃഷ്ണൻകുട്ടി വെറും ഹാസ്യത്തിന്റെയല്ല, ആക്ഷേപഹാസ്യത്തിന്റെ തലതൊട്ടപ്പന്മാരിലൊരാളാണ്. അദ്ദേഹത്തിന്റെ ‘പാലം അപകടത്തിൽ’ എന്ന കഥ. അതിന് കെ.ജി.ജോർജെന്ന ക്രാഫ്റ്റ്‌സ്മാന്റെ തിരക്കഥ. കുറിക്കുകൊള്ളുന്ന, കാലികമായ സംഭാഷണങ്ങളുമായി കാർട്ടൂണിസ്റ്റ് യേശുദാസൻ. ഹാസ്യാഭിനയത്തിന്റെ ഉത്തുംഗതകളിലെത്തുന്ന ഭരത് ഗോപിയും സംഘവും. എല്ലാംകൂടി ഒരു നൂലിൽകൊരുത്ത് രസച്ചരടു പൊട്ടാത്ത സംവിധാനം. ക്ലൈമാക്‌സിൽ ആ വിശിഷ്ടമായ കെ.ജി.ജോർജ് ടച്ചും.
സിനിമയിലെ കഥാപാത്രങ്ങളുടെ പേരിൽ തുടങ്ങുന്നു ഹാസ്യം. ദുശ്ശാസനക്കുറുപ്പ്, ശിഖണ്ഡിപ്പിള്ള, മണ്ഡോദരിയമ്മ, ജീമൂതാഹനൻ, യൂദാസ് കുഞ്ഞ്, ബറാബാസ്, അനാർക്കലി, അവറാച്ചൻ സ്വാമി… കണ്ണുകളിൽ വിഷാദഛവി കലർന്ന കഥാപാത്രങ്ങളെ മാത്രം ഓർമയിലവശേഷിപ്പിക്കുന്ന വേണുനാഗവള്ളി ജീമൂതവാഹനനെന്ന കഥാപാത്രത്തിലൂടെ നമ്മെ ഈ സിനിമയിൽ കുടുകുടെച്ചിരിപ്പിക്കും. അതുംപോട്ടെ, ഭരത്‌ഗോപിയുടെ ദുശ്ശാസനക്കുറുപ്പ് ഓരോ ഫ്രെയിമിലും കാർട്ടൂൺ കഥാപാത്രങ്ങളെപ്പോലും തോൽപിക്കുന്ന ഭാവഹാവാദികളോടെയാണ് അഭിനയിച്ചു തിമിർക്കുന്നത്.
വളരെ സൂക്ഷ്മമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം. ഐരാവതക്കുഴി പഞ്ചായത്ത് വെറുമൊരു പഞ്ചായത്തല്ലെന്നും അത് ഈ രാജ്യം തന്നെയാണെന്നും നമ്മെ ഓർമിപ്പിക്കുകയാണ് സിനിമ. കേടുപാടുകളില്ലാത്ത ഒരു പാലം കേടുപാടുകൾ വരുത്തി പൊളിച്ചുമാറ്റി മറ്റൊരു ദുർബലമായ പാലം കെട്ടിയുയർത്തുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറത്തെ നമ്മുടെ അഴിമതിയുടെ മുഖങ്ങൾക്ക് ഒട്ടും മാറ്റം വന്നിട്ടില്ല. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കൊഴുക്കാനുള്ള പ്രധാന മാർഗമാണ് മരാമത്തുപണികളെന്ന് ഈ സിനിമ പറഞ്ഞതിൽ ഒരുമാറ്റവും ഇന്നും വന്നിട്ടില്ല. പാലം പണിക്കിറക്കുന്ന സിമന്റും മണലും പഞ്ചായത്ത് പ്രസിഡന്റിന് കക്കൂസു പണിയാൻ വകമാറ്റുന്നതുൾപ്പെടെയുള്ള അഴിമതികൾ. പറഞ്ഞുപോകാനാണെങ്കിൽ ഈ സിനിമയിലെ ഓരോ ഫ്രെയിമിനെപ്പറ്റിയും പറയേണ്ടി വരും.
1964ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം കേരളത്തിൽ വീണ്ടുമൊരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് 1979ലാണ്. 15 വർഷമായിരുന്നു കാര്യമായി ഒന്നും ചെയ്യാനില്ലാതിരുന്ന ആ പഞ്ചായത്തു ഭരണസമിതികളുടെ കാലാവധി. ഇന്നത്തെപ്പോലെ പഞ്ചായത്തിന് കാര്യമായ ഫണ്ടോ, പ്രവൃത്തി നടത്താനുള്ള അധികാരമോ ഇല്ല. പാലവും റോഡും പണിയാൻ സംസ്ഥാന മരാമത്തു വകുപ്പിനോട് ആവശ്യപ്പെടാനേ പറ്റൂ. അതാണ് ഈ സിനിമയിലും കാണുന്നത്. പന്ത്രണ്ടു വർഷം പൂർത്തിയായ പഞ്ചായത്ത് പ്രസിഡന്റിന് രണ്ടുവർഷം കുറച്ച് ദശാബ്ദി സ്വീകരണം നൽകുകയും പ്രതിമ സ്ഥാപിക്കുകയും ചെയ്യുകയാണ് സിനിമയിൽ. ഇന്നും മണ്ഡലങ്ങളിൽ നിന്നു വിട്ടുമാറാതെ തുടരുന്ന, 25ഉം 50ഉം വർഷമൊക്കെ ജനപ്രാതിനിധ്യം ആഘോഷിക്കുന്ന ഏതു ജനപ്രതിനിധിയേയും നമുക്ക് ദുശ്ശാസനക്കുറുപ്പുമായി ഉപമിക്കാം.
കേരളത്തിൽ സപ്തകക്ഷി മുന്നണി അധികാരത്തിലെത്തുന്നത് 1980ലാണ്. സിപിഎം നേതൃത്വം നൽകിയ സർക്കാരിൽ എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസും കേരള കോൺഗ്രസ് എമ്മും ഉൾപ്പെട്ടിരുന്നു. ഒരു വർഷത്തിനുശേഷം ഈ രണ്ടു കക്ഷികൾ മറുകണ്ടം ചാടിയതോടെ കെ.കരുണാകരന്റെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിലെത്തി. ലോനപ്പൻ നമ്പാടൻ പിന്തുണ പിൻവലിച്ചതോടെ കരുണാകരൻ സർക്കാരിനും രാജിവയ്‌ക്കേണ്ടി വന്നു. 1984ൽ പുറത്തുവന്ന പഞ്ചവടിപ്പാലത്തിൽ ഇതേപ്പറ്റിയും വളരെ രസകരമായി പലയിടത്തും പറയുന്നുണ്ട്. പാലം നിർമാണത്തിന് അനുമതി വാങ്ങാനായി തിരുവനന്തപുരത്തിനു പോയി മടങ്ങുന്ന ദുശ്ശാസനക്കുറുപ്പും സർക്കാർ താഴെപ്പോയതിനെപ്പറ്റി പറയുന്നുണ്ട്. നമ്മുടെ മന്ത്രിയെന്നല്ലാതെ അതാരെന്ന് കഥാപാത്രം പറയുന്നില്ല. അന്ന് ഇടത്തും വലത്തും ഇടതുവലതുകക്ഷികൾ ഒരുപോലെ നിന്നിരുന്നതിനാൽ കാഴ്ചക്കാരനും ദുശ്ശാസനക്കുറുപ്പിന്റെയുൾപ്പെടെ പാർട്ടിയേതെന്ന് മനസ്സിലാക്കാനാകില്ല. പാർട്ടി ഏതായാലും സ്വഭാവം ഏകദേശം ഒരുപോലെയായിരിക്കുമെന്ന് പറയുകയായിരുന്നു സിനിമ ചെയ്തത്.
ഐരാവതക്കുഴി പഞ്ചായത്തിൽ കമ്മറ്റി നടക്കുന്ന സീനൊക്കെ ഇന്നും പ്രസക്തമാണ്. പഞ്ചായത്തിൽ ദുശ്ശാസനക്കുറുപ്പിനെതിരെ അവിശ്വാസം വരുന്നതും ഒരു പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടുപോകുന്നതും അംഗത്തെ സ്വാധീനിക്കാൻ സുഖവാസ കേന്ദ്രത്തിൽ താമസിപ്പിക്കുന്നതുൾപ്പെടെയുള്ള പരാമർശങ്ങളും ഇന്നും നമ്മുടെ രാജ്യത്ത് തുടരുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ മിനിയേച്ചർ രൂപമാണ്. ഒരേ കൂട്ടരെ ഇരുകക്ഷികളും കാശുകൊടുത്ത് പ്രകടനത്തിനിറക്കുന്നതും പാലം പണിയാൻ അമ്പലത്തിനടുത്ത് സ്ഥലം നിശ്ചയിക്കുമ്പോൾ അത് പള്ളിക്കടുത്തേക്ക് മാറ്റണമെന്ന് മറുഭാഗം ആവശ്യപ്പെടുന്നതും ഒത്തുതീർപ്പായി നടുഭാഗത്ത് പാലം പണിയാൻ തീരുമാനിക്കുന്നതും ഇതിനൊക്കെ കൂടെനിൽക്കുന്നവർക്ക് ലഭ്യമാക്കുന്ന ഓരോരോ സൗകര്യങ്ങളുമൊക്കെ പറഞ്ഞാലും പറഞ്ഞാലും തീരില്ല, പഞ്ചവടിപ്പാലത്തിന്റെ വിശേഷങ്ങൾ. അവസാനം പണി പൂർത്തിയായ പാലത്തിലേക്ക് ജനങ്ങൾ പ്രവഹിക്കുമ്പോൾ പാലം തകരുകയാണ്.
വെള്ളത്തിൽ വീഴുന്ന വധൂവരന്മാരും പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടെ നീന്തിക്കയറി രക്ഷപ്പെടുമ്പോൾ, ശ്രീനിവാസൻ അവതരിപ്പിച്ച വികലാംഗനായ കാതൊരയൻ റോഡിലൂടെ ഇഴഞ്ഞുനടക്കാനുപയോഗിച്ച ചക്രപ്പലക മാത്രം ആളില്ലാതെ വെള്ളത്തിലൂടെ ഒഴുകിപ്പോകുന്ന ദൃശ്യത്തിലാണ് സിനിമ തീരുന്നത്. ഈ സിനിമയിൽ, യഥാർഥത്തിൽ സാധാരണക്കാരായ ജനങ്ങളുടെ പ്രതിനിധി കാതൊരയനായിരുന്നു. തനിക്കൊരു നീണ്ട രാഷ്ട്രീയ പ്രസംഗം കേൾക്കണമെന്ന് ആഗ്രഹിച്ചു നടന്നിരുന്നയാൾ. പക്ഷമില്ലാതിരുന്നയാൾ. അവസാനം രാഷ്ട്രീയക്കാരും കരാറുകാരും ഉൾപ്പെടെയുള്ള സ്വാർഥ തൽപരരുണ്ടാക്കിയ അപകടത്തിൽ അയാൾമാത്രം പെട്ടുപോകുന്നുവെന്ന് സിനിമ പറഞ്ഞവസാനിക്കുമ്പോൾ ആക്ഷേപഹാസ്യത്തിനുമപ്പുറം വലിയ ചില യാഥാർഥ്യങ്ങളാണ് പഞ്ചവടിപ്പാലം നമുക്ക് പറഞ്ഞു തന്നത്.