ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ബഹുഭൂരിപക്ഷം നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു നടപ്പാക്കണം

0
361


TC Rajesh Sindhu എഴുതുന്നു

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ബഹുഭൂരിപക്ഷം നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു നടപ്പാക്കണമെന്ന എന്റെ അഭിപ്രായത്തില്‍ മാറ്റമൊന്നുമില്ല. ഈ പ്രളയവും ഉരുള്‍പൊട്ടലുമൊക്കെ വരുന്നതിനും മുന്‍പേ ഞാനത് പറഞ്ഞിട്ടുള്ളതാണ്.

ഇടുക്കിയിലെ ടൂറിസം നിരോധിക്കുക, പശ്ചിമഘട്ടത്തില്‍നിന്ന് പാറ കൊണ്ടുപോകുന്നതു നിറുത്തുക, അണക്കെട്ടുകള്‍ ഡീ കമ്മീഷന്‍ ചെയ്യുക എന്നീ മൂന്നു നിര്‍ദ്ദേശങ്ങള്‍ ഉയര്‍ത്തി ചിലരിപ്പോള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ആ നിര്‍ദ്ദേശങ്ങളോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. അതുമാത്രമല്ല, വന്‍കിട കെട്ടിട നിര്‍മാണം ഉള്‍പ്പെടെയുള്ള സകല നിര്‍മാണങ്ങള്‍ക്കും ഇടുക്കിയില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്.

TC Rajesh Sindhu
TC Rajesh Sindhu

ഇന്ന് പുറത്തുനിന്ന് അധികമാരും ഹൈറേഞ്ചിലേക്കെത്തി വസ്തു വാങ്ങാന്‍ മടിക്കുന്നുണ്ട്. അങ്ങനെ ആരെങ്കിലും വാങ്ങുന്നുണ്ടെങ്കില്‍ അത് ടൂറിസം കാഴ്ചപ്പാടിലോ അല്ലെങ്കില്‍ ഒരു അവധിക്കാല സുഖവാസ വസതി എന്ന രീതിയിലോ ഒക്കെ മാത്രമാണ്. അത് എല്ലാ സ്ഥലങ്ങളിലും നടക്കുകയുമില്ല. ഇതിനൊരു പരിഹാരം സര്‍ക്കാര്‍തലത്തില്‍ കൈക്കൊള്ളാവുന്നതാണ്.

ഭൂമി വിറ്റ് ഹൈറേഞ്ചില്‍ നിന്ന് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് വിപണി വില നല്‍കി അത് സര്‍ക്കാര്‍ വാങ്ങുക. അതുപോലെതന്നെ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകടസാധ്യതയുള്ള ഭൂമിയും സര്‍ക്കാര്‍ വില നല്‍കി ഏറ്റെടുക്കുക. ഒരു പുനരധിവാസ പാക്കേജ് കൊണ്ടുവന്നാല്‍ പോലും കുഴപ്പമില്ല. എന്നിട്ട് പ്രസ്തുത സ്ഥലമത്രയും മരങ്ങളും കുറ്റിക്കാടുകളും മറ്റും വച്ചുപിടിപ്പിച്ച് വനവല്‍ക്കരണം നടത്തുക. വന്യമൃഗങ്ങളൊക്കെ പിന്നാലെ വന്നുകൊള്ളും. പല വികസന പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുക്കുന്ന രീതിയില്‍ ഇതിനെ കണ്ടാല്‍ മതി. ഇത്തരമൊരു പദ്ധതിവന്നാല്‍ നാലഞ്ച് ഏക്കറൊക്കെ ഭൂമി ഉള്ളവര്‍ക്ക് വലിയ ഗുണമാകുമെന്നു മാത്രമല്ല, നല്ലൊരു ഭാഗത്ത് വനം സൃഷ്ടിച്ചെടുക്കാനും ഇതിലൂടെ സാധിക്കും.

പിന്നെ, ഹൈറേഞ്ചിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളുടെ ഫോട്ടോ വച്ച് ടൂറിസത്തിന് വന്‍ സാധ്യതയെന്ന് നിരന്തരം വാര്‍ത്ത എഴുതുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. തങ്ങളുടെ നാട്ടില് ടൂറിസം വന്നേ പറ്റൂ എന്ന പിടിവാശി നാട്ടുകാരും സംഘടനകളും ഉപേക്ഷിക്കുകയും വേണം.

ഹൈറേഞ്ചിലുള്ളവര്‍ ഉപജീവനത്തിന് ടൂറിസവും പാറമടകളും കെട്ടിട നിര്‍മാണവും ഒഴിവാക്കി മറ്റെന്തെങ്കിലും മാര്‍ഗങ്ങള്‍ തേടുന്നതാണ് നല്ലത്.

ProtectionofwesternGhats