പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് 1987ൽ പുറത്തിറങ്ങിയ ‘ഇതാ സമയമായി’ മാരി ശെൽവരാജ് സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ ‘കർണൻ’ എന്നീ സിനിമകൾ തമ്മിൽ എന്താണു ബന്ധം?
1995ലാണ് തമിഴ്‌നാട്ടിലെ കരിയങ്കുളത്ത് ജാത്യധിഷ്ഠിത കലാപമുണ്ടാകുന്നത്. അതിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് മാരി ശെൽവരാജിന്റെ ‘കർണൻ’. തമിഴ്‌നാട്ടിൽ ജാത്യധിക്ഷേപത്തിന് നിരന്തരം ഇരയാകുന്ന വിഭാഗത്തിൽ പെട്ടവർ താമസിക്കുന്ന പെരിയങ്കുളം ഗ്രാമത്തിൽ ബസ്റ്റോപ്പില്ല. ഒരു ബസും ഇവിടെ നിറുത്താറുമില്ല. ബസ് കയറണമെങ്കില്‍ ഗ്രാമീണര്‍ സവര്‍ണര്‍ പാര്‍ക്കുന്ന അടുത്ത ഗ്രാമത്തിലെത്തണം. ഒരു ദിവസം അങ്ങനെ നിറുത്താതെ പോകുന്ന ബസ് നാട്ടുകാർ ചേർന്ന് തല്ലിത്തകർക്കുന്നു. അതേത്തുടർന്ന് അവിടെയെത്തുന്ന പോലീസ് സേനയും നാട്ടുകാരും തമ്മിലുള്ള സംഘർഷങ്ങളും അതിനൊടുവിൽ പെരിയങ്കുളത്ത് പോലീസ് നടത്തുന്ന നരനായാട്ടുമാണ് ‘കർണൻ’ സിനിമയുടെ പ്രമേയം.
1986ലാണ് ഇടുക്കി ജില്ലയിലെ തങ്കമണിയിൽ നടന്ന സമാനമായ സംഭവത്തില്‍ നിന്നാണ് ‘ഇതാ സമയമായി’ പിറക്കുന്നത്. തങ്കമണി സംഭവത്തിന്‍റെ കാരണം ജാതിയല്ലെന്നുമാത്രം. കർഷകകുടുംബങ്ങൾ മാത്രം തിങ്ങിപ്പാർക്കുന്ന തങ്കമണി അന്ന് ഒരു ഡെഡ് എൻഡായിരുന്നു. കട്ടപ്പനയിൽ നിന്നു മാത്രം ബസ്. റോഡ് ആകെ തകർന്ന അവസ്ഥയിൽ. തങ്കമണിക്ക് രണ്ടുമൂന്നു കിലോമീറ്റർ മുന്നേയുള്ള പാറമട കഴിഞ്ഞാൽപിന്നെ റോഡ് ഇല്ലെന്നുതന്നെ പറയാം. ഒന്നോ രണ്ടോ ബസാണ് തങ്കമണിയിലേക്കുള്ളത്. തങ്കമണിക്ക് പെർമിറ്റെടുത്തിട്ടുള്ള ബസ് പാറമടയിൽ സർവീസ് അവസാനിപ്പിക്കും, തങ്കമണിക്ക് ടിക്കറ്റെടുത്തവരേയും പാറമടയിൽ ഇറക്കിവിടും.
86 ഒക്ടോബർ 21ന് ഇതേച്ചൊല്ലി എലൈറ്റ് ബസ് ജീവനക്കാരും കോളജ് വിദ്യാർഥികളും തമ്മിൽ തർക്കമായി. വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ തുടങ്ങിയ തർക്കം ‘കർണൻ’ സിനിമയിലേതുപോലെതന്നെ നാട്ടുകാർ ഏറ്റെടുത്തു. അവർ ബസ് പിടിച്ചെടുത്തു. ‘കർണ’നിൽ ബസുടമ ഗ്രാമീണരോട് മാപ്പു പറയുകയും ബസിന് പെരിയങ്കുളത്ത് സ്റ്റോപ്പനുവദിക്കാമെന്നു പറയുകയും ചെയ്യുന്നുണ്ടെങ്കിൽ തങ്കമണിയിൽ നേരേ തിരിച്ചായിരുന്നു. ബസ് ജീവനക്കാർ മാപ്പു പറയണമെന്ന നാട്ടുകാരുടെ ആവശ്യം നിരാകരിച്ച ബസുടമ പോലീസിനെ ഉപയോഗിച്ച് ബസ് വീണ്ടെടുക്കാനാണ് ശ്രമിച്ചത്. ഇത് സംഘർഷത്തിലെത്തുകയും കല്ലേറിലും ലാത്തിച്ചാർജിലും കലാശിക്കുകയും ചെയ്തു.
ഐ.സി. തമ്പാനായിരുന്നു അന്ന് പീരുമേട് സർക്കിൾ ഇൻസ്‌പെക്ടർ. കർണനിലെ പോലീസ് ഓഫീസറുടെ മറ്റൊരു പതിപ്പ്. പിറ്റേന്ന് വൻ പോലീസ് സന്നാഹവുമായി തമ്പാൻ തങ്കമണിയിലെത്തി. തങ്കമണി പള്ളി വികാരി ഫാ. ജോസ് കോട്ടൂരും കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് മാത്യു മത്തായി തെക്കേമലയും തമ്പാനുമായി സംസാരിച്ചെങ്കിലും അയാൾ അടങ്ങിയില്ല. തങ്കമണിയിൽ തടിച്ചുകൂടിയ നാട്ടുകാർക്കു നേരേ പോലീസ് വെടിവച്ചു. കോഴിമല അവറാച്ചൻ തൽക്ഷണം മരിച്ചു. ഉടുമ്പിക്കൽ മാത്യുവിന് ഇരുകാലുകളും നഷ്ടമായി. ജനം ഭയന്നു പിരിഞ്ഞു.
പക്ഷേ, രാത്രി കൂടുതൽ പോലീസെത്തി. ഗ്രാമം വളഞ്ഞ അവർ പുരുഷന്മാരെ ബലമായി പിടികൂടി കട്ടപ്പനയിലേക്കു കൊണ്ടുപോയി പോലീസ് സ്റ്റേഷനിലിട്ടു മര്‍ദ്ദിച്ചു. അവശേഷിച്ചവർ വീട്ടിൽ നിന്നു രക്ഷപ്പെട്ട് ഒളിയിടങ്ങൾ തേടി. വീടുകളിൽ തനിച്ചായ സ്ത്രീകളേയും കുട്ടികളേയും പോലീസ് നരനായാട്ടിന് വിധേയമാക്കിയതായാണ് വാർത്തകൾ പുറത്തുവന്നത്. (1987ലെ കരുണാകരൻ സർക്കാരിന്റെ പടിയിറക്കത്തിന് തങ്കമണി സംഭവവും കാരണമായി).
കരിയങ്കുളം സംഭവം ‘കർണൻ’ സിനിമയായതുപോലെതന്നെയാണ് തങ്കമണി സംഭവവും അഭ്രപാളിയിലെത്തിയത്. അതായിരുന്നു എസ്.എൽ.പുരം സദാനന്ദൻ തിരക്കഥ രചിച്ച് പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇതാ സമയമായി’. രതീഷായിരുന്നു നായകൻ. 1987ൽ റിലീസ് ചെയ്യപ്പെട്ട ഈ സിനിമയെപ്പറ്റിയുള്ള വിശദാശംങ്ങൾ അധികമൊന്നും ലഭ്യമല്ല. സിനിമയുടെ പ്രിന്റ് യൂ ട്യൂബിൽ പോലും ലഭ്യമല്ല. ഞാനും സിനിമ കണ്ടിട്ടില്ല, കേട്ടറിവേയുള്ളു. ‘കർണൻ’ ചർച്ചയാകുമ്പോൾ സമാന സ്വഭാവമുള്ള സംഭവം ഉൾപ്പെട്ട ഒരു മലയാള സിനിമയെപ്പറ്റിക്കൂടി ഓർമിച്ചുവെന്നു മാത്രം.