ശുചിമുറി മാലിന്യ സംസ്കരണത്തിന് തിരുവനന്തപുരം കോർപറേഷന്റെ ഉത്തമ മാതൃക

422

TC Rajesh Sindhu എഴുതുന്നു

വളരെ ചെറിയ സൗകര്യം മാത്രമുള്ള വീടുകളിലെ വലിയൊരു പ്രശ്‌നമാണ് ശുചിമുറി (സെപ്‌റ്റേജ്) മാലിന്യം. മനുഷ്യവിസർജ്ജ്യം സംഭരിച്ചുവയ്ക്കുന്ന സെപ്‌റ്റേജ് ടാങ്കുകൾ നിറഞ്ഞു കഴിഞ്ഞാൽ അതെന്തു ചെയ്യുമെന്നത്, വല്ലപ്പോഴുമാണെങ്കിലും, ആളുകളെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. ഇതിനായി ധാരാളം സ്വകാര്യ ടാങ്കറുകൾ തിരുവനന്തപുരം നഗരത്തിലുണ്ട്. അവരാകട്ടെ മാലിന്യം ശേഖരിച്ചശേഷം പൊതുസ്ഥലത്തോ ഓടയിലോ മറ്റേതെങ്കിലും ജലനിർഗമനമാർഗങ്ങളിലോ തള്ളുകയാണ് ചെയ്തിരുന്നത്. ഇതിനൊരു പരിഹാരം കോർപ്പറേഷൻ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്.

 TC Rajesh Sindhu
TC Rajesh Sindhu

സെപ്‌റ്റേജ് മാലിന്യങ്ങൾ ശേഖരിക്കുന്ന ടാങ്കർ ലോറികളെ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യിപ്പിക്കുകയാണ് അതിന്റെ ആദ്യഘട്ടം. ഇത്തരത്തിൽ രജിസ്റ്റർ ചെയ്തവർക്കുമാത്രമേ സെപ്‌റ്റേജ് മാലിന്യം ശേഖരിക്കാൻ അനുമതിയുള്ളു. അനധികൃതമായി മാലിന്യം ശേഖരിച്ചാൽ അത് പിടികൂടാനും വൻതുകതന്നെ പിഴയായി ഈടാക്കാനും തുടങ്ങുകയും ചെയ്തു. ഇതോടെ ഒട്ടേറെ ടാങ്കറുകൾ നഗരസഭയുടെ പൂളിലേക്കെത്തി. നിലവിൽ 15 ടാങ്കറുകളാണ് ഇതനുസരിച്ച് പ്രവർത്തിക്കുന്നത്. ഇവയ്ക്ക് പ്രത്യേക കളർ പാറ്റേൺ നൽകിയിട്ടുണ്ട്. ടാങ്കറിൽ സെപ്‌റ്റേജ് കളക്ഷൻ വെഹിക്കിൾ എന്ന് എഴുതിയിട്ടുമുണ്ടാകും. ടാങ്കറിലെ തൊഴിലാളികൾക്ക് യൂണിഫോമും ഉണ്ട്.

നഗരസഭയുടെ സേവനങ്ങൾ ലഭ്യമാക്കാനുള്ള സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്ലിക്കേഷനിൽ സെപ്‌റ്റേജ് മാലിന്യ നിർമാർജ്ജന സഹായത്തിനായി പ്രത്യേക വിഭാഗം ഉൾപ്പെടുത്തി. നിങ്ങളുടെ വീടുകളിൽ നിന്ന് സെപ്‌റ്റേജ് മാലിന്യം നീക്കം ചെയ്യണമെങ്കിൽ ഈ മൊബൈൽ ആപ്ലിക്കേഷൻ വഴി പേര് രജിസ്റ്റർ ചെയ്യാം. മാലിന്യം ശേഖരിക്കാൻ വാഹനമെത്തേണ്ട തിയതിയും സമയവും പൊതുജനത്തിനുതന്നെ തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. ലൊക്കേഷൻ ഉൾപ്പെടെ ആപ്പ് വഴി കോർപ്പറേഷന്റെ കൺട്രോൾ റൂമിലെത്തും.

5000 ലിറ്റർ വരെയുള്ള മാലിന്യത്തിന് 3,000 രൂപയും നികുതിയും അടയ്ക്കണം. അതിനു മുകളിൽ 7000 ലിറ്റർ വരെ 4,000 രൂപയും നികുതിയും അടയ്ക്കണം. വാഹനമെത്തുന്ന സ്ഥലത്തുനിന്ന് 50 മീറ്റർ വരെ ദൂരത്തിനുള്ളിലായിരിക്കണം ടാങ്ക്. അതിനു മുകളിൽ 120 വരെയാണ് ദൂരമെങ്കിൽ 1,000 രൂപയും നികുതിയും കൂടി അധികമായി നൽകണം. 18 ശതമാനമാണ് നികുതി. തുക ഓൺലൈൻ വഴി അടയ്ക്കണം. അതിനുള്ള ഓപ്ഷനും ആപ്പിലുണ്ട്. പണം കോർപ്പറേഷന്റെ അക്കൗണ്ടിൽ എത്തിയാലുടൻ ആപ്പുവഴിതന്നെ
ഊഴമനുസരിച്ചുള്ള രജിസ്റ്റേഡ് വാഹനത്തിന്റെ ഡ്രൈവർക്ക് സന്ദേശം ചെല്ലും. ഒപ്പം പണമടച്ച ആളിന് ഒരു ഒടിപി മൊബൈലിൽ ലഭിക്കുകയും ചെയ്യും. മൂന്നു മിനിട്ടിനുള്ളിൽ ആ ഡ്രൈവർ സന്ദേശം സ്വീകരിച്ചില്ലെങ്കിൽ അത് അടുത്തയാളിലേക്ക് കൈമാറപ്പെടും. സന്ദേശം ലഭിക്കുന്ന ഡ്രൈവർ പണമടച്ചയാളെ വിളിച്ച് സംസാരിക്കുകയും ബുക്ക് ചെയ്തിരിക്കുന്ന സമയത്ത് വീടുകളിലോ സ്ഥാപനങ്ങളിലോ എത്തി മാലിന്യം ശേഖരിക്കുകയും ചെയ്യും. ആ സമയം ഉപയോക്താവ് ഫോണിൽ ലഭിച്ച ഒടിപി ഡ്രൈവർക്ക് കൈമാറണം. ഈ ഒടിപി ഡ്രൈവർ തങ്ങളുടെ ആപ് വഴി എന്റർ ചെയ്യണം. സെപ്‌റ്റേജ് ശേഖരണ വാഹനത്തിലെ മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ വൈദ്യുതിയും മറ്റു സൗകര്യങ്ങളും വീട്/ സ്ഥാപന ഉടമ ലഭ്യമാക്കണം. മാലിന്യശേഖരണത്തിനുള്ള പ്രതിഫലം മാസംതോറും വാഹന ഉടമയുടെ രജിസ്റ്റേഡ് അക്കൗണ്ടിലേക്ക് കൈമാറും.

മൊബൈൽ ആപ്പ് വഴിയല്ലാതെ നേരിട്ട് പണമടച്ച് ഈ സേവനം ലഭ്യമാക്കാനാകില്ല. കോർപ്പറേഷന്റെ പരിധിക്കു വെളിയിലും സേവനം ലഭിക്കില്ല. ജിപിഎസ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ശൃംഖലയാണ് ഇതിലുള്ളത്. രജിസ്റ്റർ ചെയ്യുന്നവർക്കും ഡ്രൈവർമാർക്കും തടസ്സമുണ്ടായാൽ വിളിക്കുന്നതിനായി കൺട്രോൾ റൂമിൽ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

വീടുകൾക്കൊപ്പം ഹോട്ടലുകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. മലിനജലവും ഈ രീതിയിൽ ശേഖരിക്കുന്നുണ്ട്.