‘ഇരക’ളിലേക്കും ‘ജോജി’യിലേക്കും ‘മാക്ബ’ത്തില്‍ നിന്നുള്ള ദൂരം

54

TC Rajesh Sindhu

‘ഇരക’ളിലേക്കും ‘ജോജി’യിലേക്കും ‘മാക്ബ’ത്തില്‍ നിന്നുള്ള ദൂരം

ഷേക്സ്പിയറിന്റെ ‘മാക്ബ’ത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടെന്ന് അവകാശപ്പെട്ട് സ്ക്രീനിലെത്തിയ ‘ജോജി’യെ കെ.ജി.ജോർജിന്റെ ‘ഇരക’ളുമായി താരതമ്യപ്പെടുത്തിയുള്ള വിമർശനങ്ങള്‍ ധാരാളം വന്നുകഴിഞ്ഞു. ‘ഇരകൾ’ ഷേക്‌സ്പിയറിന്റെ ‘മാക്ബ’ത്തിനോട് സമ്പൂര്‍ണ കടപ്പാടുള്ള സിനിമയാണെന്നു തോന്നുന്നില്ല. ‘മാക്ബത്ത്’ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ജോര്‍ജ് എവിടെയെങ്കിലും പറയാത്തത് അത്തരമൊരു സ്വാധീനം ഇല്ലാത്തതുകൊണ്ടുതന്നെയാകണം.

‘മാക്ബ’ത്തിന്റെ പ്രധാന പ്രമേയപരിസരം അധികാരത്തോടുള്ള ആർത്തിയാണ്. അതിനുവേണ്ടി ഒരു കൊല ചെയ്യുകയും അത് മറച്ചുവയ്ക്കാനുള്ള പെടാപ്പാട് മറ്റു കൊലകൾക്കുകൂടി കാരണമാകുകയും ചെയ്യുന്നുണ്ട് ‘മാക്ബ’ത്തിൽ. ലേഡി മാക്ബത്ത് എന്ന കഥാപാത്രത്തിന് ഈ നാടകത്തില്‍ പ്രസക്തിയേറെയാണ്. തുടര്‍ കൊലകള്‍ക്കുള്ള പ്രേരണ ലേഡി മാക്ബത്താണ്. അവസാനം കുറ്റബോധത്താല്‍ മാനസ്സിക വിഭ്രാന്തിക്കടിപ്പെട്ട് അവര്‍ സ്വയം ജീവനൊടുക്കുന്നു. ലേഡി മാക്ബത്ത് ഇല്ലാതെ ‘മാക്ബത്ത്’ നാടകം ഇല്ലെന്നുതന്നെ പറയാം.

‘ഇരക’ളിലെ പ്രധാന കഥാപാത്രമായ ബേബിക്ക് അധികാരത്തോടോ പണത്തോടോ ഭ്രമമുള്ളതായി പറയുന്നില്ല. ബേബിയെ ഒരു ജന്മസിദ്ധ കുറ്റവാളി (inborn criminal) എന്നു വിശേഷിപ്പിക്കുകയാകും ഉചിതം. ഇലക്ട്രിക് കേബിൾ ഉപയോഗിച്ച് കുരുക്കുണ്ടാക്കി കഴുത്തിൽ സ്വയം അണിയുന്ന ബേബിയെ ആണ് സിനിമയുടെ ആദ്യ ദൃശ്യത്തില്‍ നാം കാണുന്നത്. പിന്നീട് പലയിടത്തും ഇതാവർത്തിക്കുന്നുമുണ്ട്. തുടക്കത്തിൽ, കോളജിലുണ്ടാകുന്ന റാഗിംഗിൽ ജൂനിയർ വിദ്യാർഥിയെ മരണത്തോടടുക്കുന്ന രീതിയിൽ ബേബി കത്തികൊണ്ട് മുറിവേൽപിക്കുന്നുമുണ്ട്. ഇതൊക്കെ ആ കഥാപാത്രത്തിന്റെ സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്ന ഘടകങ്ങളാണ്. നഗരത്തിലെ എന്‍ജിനീയറിംഗ് കോളജില്‍ ബേബിയെ പണം ചെലവാക്കിത്തന്നെയാണ് അച്ഛന്‍ പാലക്കുന്നേല്‍ മാത്യു പഠിക്കാനയയ്ക്കുന്നത്. റാഗിംഗില്‍ പ്രതിസ്ഥാനത്താകുന്ന ബേബിയെ കേസില്‍ നിന്നു മുക്തനാക്കാന്‍ പണം ചെലവഴിക്കുന്നതിലും മാത്യുവിന് മടിയില്ല. അതുകൊണ്ടുതന്നെ അധികാരമോ പണമോ നിഷേധിക്കപ്പെടുന്നതല്ല ബേബിയുടെ സ്വഭാവമലിനീകരണത്തിന് കാരണമാകുന്നത്.
ബേബി ആദ്യം കൊലപ്പെടുത്തുന്നത് വീട്ടിലെ ജോലിക്കാരനായ ഉണ്ണൂണ്ണിയെയാണ്. ബേബിയുടെ അധികാരസാധ്യതകൾക്കോ പണലഭ്യതയ്‌ക്കോ വിഘാതമാകുന്ന ഒന്നുമല്ല ആ ജോലിക്കാരന്റെ കൊലപാതകത്തിലേക്കു നയിക്കുന്നത്. മറിച്ച്, സഹോദരി ആനിയുമൊത്ത് ഉണ്ണൂണ്ണിക്കുള്ള ലൈംഗികബന്ധമാണ്. ആ ലൈംഗികതയിൽ ആനിക്കും തുല്യപങ്കോ അല്ലെങ്കിൽ മുൻകയ്യോ ഉണ്ടായിട്ടുണ്ട്. എന്നിട്ടുപോലും ബേബി ആനിയെ വെറുതേ വിടുകയും മറുപക്ഷത്തെ ആളെ കൊല്ലുകയുമാണ് ചെയ്യുന്നത്. തന്റെ സഹോദരിയുമായി ലൈംഗികതയിലേര്‍പ്പെട്ട് കാമപൂര്‍ത്തിവരുത്തുന്ന ഉണ്ണൂണ്ണിയുടെ കൊലയിലേക്ക് ബേബിയെ നയിക്കുന്നത് ഒരുതരം ഈഡിപ്പസ് കോംപ്ലക്സാണ് എന്നു കരുതാം. ഉണ്ണൂണ്ണിയുടെ മരണം ഒരു കൊലപാതകമാണെന്ന് ആരും സംശയിക്കുന്നുപോലുമില്ല. എന്നാൽ ആനിക്കാകട്ടെ, അതൊരു കൊലപാതകമാണെന്നു മനസ്സിലാക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ടുതാനും. എന്നാൽ അതു ചെയ്തത് ബേബിയാണെന്ന സംശയമൊന്നും ഒരിക്കലും അവര്‍ക്കില്ല. ‘മാക്ബ’ത്തിന്റെ കഥാഗതിക്കനുസരിച്ചാണെങ്കിൽ, തുടർന്ന് ബേബി കൊല്ലേണ്ടത് സഹോദരിയെയായിരുന്നു. അതുണ്ടാകുന്നില്ലെന്നു മാത്രമല്ല ഈ കൊലയുമായി പിന്നീടുള്ള കൊലപാതകങ്ങള്‍ക്ക് നേരിട്ടു ബന്ധമില്ലതാനും. എന്നാല്‍ കാമം അതിന്റെയെല്ലാം അടിസ്ഥാനമാണുതാനും.

രണ്ടാമത്തെ ഇര ബാലനാണ്. താൻ കാമിക്കുന്ന നിർമലയെ വിവാഹം കഴിക്കാൻ പോകുന്നയാളെന്നതാണ് ബാലനെ ബേബി കൊല്ലാനുള്ള കാരണം. പ്രേമിക്കുമ്പോഴും അവളെ വിവാഹം കഴിക്കുമെന്ന ഉറപ്പൊന്നും ഒരിടത്തും ബേബി നല്‍കുന്നില്ല. ബേബിയെ ഒരിക്കലും വിവാഹം കഴിക്കാനാകില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പ്രേമിച്ചതെന്ന് നിര്‍മല പറയുന്നുമുണ്ട്. ബേബിക്ക് നിര്‍മല കാമപൂരണത്തിനുള്ള ഉപകരണം മാത്രമായിരുന്നു. അവളുടെ വിവാഹം നിശ്ചയിച്ചുവെന്നറിയുന്ന സന്ദര്‍ഭത്തില്‍പോലും ബേബി അവളെ ലൈംഗികബന്ധത്തിനു നിർബന്ധിക്കുകയാണ് ചെയ്യുന്നത്. അവൾ എതിർത്ത് ഓടി രക്ഷപ്പെടുമ്പോഴാണ് ബേബിയിലെ ക്രിമിനല്‍ ഉണരുന്നത്. അപ്പോൾതന്നെ തന്റെ കാമപൂരണത്തിനായി ബേബി മറ്റൊരു സ്ത്രീയെ തേടുന്നു. സന്തോഷത്തോടെ ചിരിച്ച് തനിക്കു മുന്നില്‍ സ്വയം വിവസ്ത്രയാകാന്‍ തയ്യാറാകുന്ന ആ ലൈംഗിക തൊഴിലാളിയില്‍ നിന്ന് തനിക്കാവശ്യമായ സംതൃപ്തി ലഭിക്കില്ലെന്ന തിരിച്ചറിവില്‍, ഒന്നും ഇങ്ങനെ ലഭിക്കുന്നതിലല്ല, പിടിച്ചുവാങ്ങുന്നതിലാണ് തനിക്കു താൽപര്യമെന്നു പറഞ്ഞ് മടങ്ങുന്ന ബേബി വീണ്ടും ‘മാക്ബ’ത്തിന്റെ പ്രമേയത്തെ റദ്ദുചെയ്യുന്നു. ഇവിടെ അധികാരമായാലും പണമായാലും ലൈംഗികതയായാലും തടസ്സമില്ലാതെ ലഭ്യമാകുന്നതാണെങ്കിൽ അതു തനിക്കു വേണ്ടെന്ന നിലപാടാണ് ബേബിയുടേത്.

മൂന്നാമത്തെ ഇര ബേബിയുടെ സുഹൃത്ത് രാഘവനാണ്. നിർമലയെ രാഘവൻ സ്വന്തമാക്കാൻ പോകുന്നുവെന്ന തിരിച്ചറിവാണ് ഇവിടെയും ബേബിയെ കൊലപാതകശ്രമത്തിന് പ്രേരിപ്പിക്കുന്നത്. പകയുടെ കാരണം ആവർത്തിക്കപ്പെടുന്നത് ഇവിടെ മാത്രമാണ്. മുൻപത്തെ രണ്ടുകൊലപാതകങ്ങളിലും സംശയിക്കപ്പെടുകയോ അതു മറച്ചുവയ്ക്കാനായി വീണ്ടും കൊലനടത്തുകയോ ചെയ്യുന്ന മാക്ബത്തിയൻ പ്രമേയം, പക്ഷേ, ഇവിടെയും ബാധകമാകുന്നതേയില്ല.

മൂന്നാമത്തെ കൊലപാതക ശ്രമം പാളുന്നതോടെയാണ് ബേബി സംശയ നിഴലിലാകുന്നത്. പാളിപ്പോയ കൊലപാതക ശ്രമത്തിനുശേഷം വീട്ടിലെത്തുന്ന ബേബിയോട് സഹോദര ഭാര്യ എവിടെപ്പോയതാണെന്നു ചോദിക്കുമ്പോള്‍ ഒരാളെ കൊല്ലാന്‍ പോയതാണെന്നാണ് ബേബി പറയുന്നത്. തന്റെ കുറ്റം മറച്ചുവയ്ക്കണമെന്ന ആഗ്രഹം ബേബിക്കില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. പക്ഷേ, സഹോദര പത്നി അതത്ര ഗൗരവത്തിലെടുക്കുന്നുമില്ല. അപ്പോഴും ഉണ്ണൂണ്ണിയുടെ മരണം കൊലപാതകമാണെന്നോ അത് ബേബി ചെയ്തതാണെന്നോ ആരും സംശയിക്കുന്നില്ല. അതേസമയം സഹോദരിയെ ആ കുറ്റം ചുമത്തി ഭയപ്പെടുത്താന്‍ ബേബി ശ്രമിക്കുന്നുമുണ്ട്.
സുഹൃത്തായ രാഘവന്റെ കൊലപാതകം പാളിപ്പോകുകയും ബാലന്റെ കൊലപാതകത്തിലുൾപ്പെടെ താൻ പിടിക്കപ്പെട്ടേക്കാമെന്നു വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ബേബി സ്വന്തം ജ്യേഷ്ഠൻ ഉൾപ്പെടുന്ന കഥാപാത്രങ്ങൾക്കുനേരേ ആയുധമെടുക്കുന്നതും അതിലൊരാളുടെ ആയുധത്തിന് ഇരയായി മരിച്ചുവീഴുന്നതും. അവിടെയും കുറ്റം മറച്ചുവയ്ക്കാന്‍ ആസൂത്രിതമായി തുടര്‍കൊലകള്‍ ചെയ്യുന്ന മാക്ബത്തിയന്‍ രീതിയിലല്ല, മറിച്ച് പെട്ടെന്നുള്ള പ്രകോപനത്താല്‍, രക്ഷപ്പെടാനായാണ് ബേബി എല്ലാവര്‍ക്കും നേരേ ഒരുമിച്ച് ആയുധമെടുക്കുന്നത്.

‘മാക്ബത്ത്’ നാടകത്തിൽ മാക്ബത്തിനെ കൊലപാതകങ്ങളിലേക്കു പ്രേരിപ്പിക്കുന്നതത്രയും ലേഡി മാക്ബത്താണ്. കൊലപാതക പരമ്പരകളിൽ മാനസ്സികമായി പീഡിപ്പിക്കപ്പെടുന്നതും അവസാനം ആത്മഹത്യ ചെയ്യുന്നതും ലേഡി മാക്ബത്താണ്. ലേഡി മാക്ബത്തിനോടു സാദൃശ്യമുള്ള ഒരു കഥാപാത്രത്തെ ‘ഇരക’ളിൽ ഒരിടത്തും നമുക്ക് കാണാനാകില്ല. മാക്ബത്തിന്റെ അന്തിമവിധി ‘ഇരക’ളിൽ കെ.ജി.ജോർജ് കടംകൊണ്ടിട്ടുണ്ടെന്നു വേണമെങ്കിൽ ആരോപിക്കാം. പക്ഷേ, മാക്ബത്തിലെ മറ്റ് കഥാപരിസരങ്ങളൊന്നും ‘ഇരക’ളില്‍ ആരോപിക്കാനാകില്ല. പണത്തിനും അധികാരത്തിനുമപ്പുറം കാമമാണ് ‘ഇരക’ളിലെ ബേബിയെ നയിക്കുന്നത്. ഇത്തരത്തില്‍ മാക്ബത്തിന്റെ കഥാപരിസരത്തുനിന്നു മാറി സഞ്ചരിക്കുന്ന ഒരു സ്വതന്ത്ര സൃഷ്ടി തന്നെയാണ് ‘ഇരകള്‍’. അതുകൊണ്ടൊക്കെത്തന്നെ ‘ഇരകൾ’ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സിനിമയാണെന്ന് കരുതാനാകില്ല.

അധികാരത്തിനോ പണത്തിനോ വേണ്ടി ഒരു കൊല നടത്തുകയും അതു മറച്ചുവയ്ക്കാൻ വീണ്ടും കൊല നടത്തുകയും ചെയ്യുന്ന മാക്ബത്തിയൻ പ്രമേയം ‘ജോജി’യിൽ പ്രത്യക്ഷമാകുന്നുണ്ട്. മാക്ബത്തിനോടുള്ള കടപ്പാട് ജോജിയുടെ അണിയറക്കാർ രേഖപ്പെടുത്തുന്നതും ഇക്കാരണത്താലാകാം. എന്നാൽ ‘മാക്ബ’ത്തിന്റെ കഥാഗതിയെ അപ്പാടെ നിയന്ത്രിക്കുന്ന ലേഡി മാക്ബത്ത് ഈ സിനിമയിലുമില്ല. ജോജിയുടെ സഹോദര പത്‌നി ബിന്‍‌സിയെ ഈ കഥാപാത്രത്തോട് ഉപമിക്കാമെങ്കിലും അതൊരിക്കലും പൂർണതയിലെത്തുന്ന ഉപമയല്ല. കാരണം, അവരുടെ നിർബന്ധത്തിനു വഴങ്ങിയല്ല പ്രധാന കഥാപാത്രമായ ജോജി കൊലപാതകത്തിലേക്ക് നീങ്ങുന്നത്. അതിന് ബിന്‍സി സാക്ഷിയാകുന്നുവെന്നേയുള്ളു. മാക്ബത്തിന്റെ കഥയനുസരിച്ചാണെങ്കിൽ ബിന്‍സിയെ ജോജി കൊലപ്പെടുത്താൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. അതു ചിലപ്പോൾ തനിക്കും തന്റെ ഭർത്താവിനും സംഭവിച്ചേക്കാമെന്ന ഘട്ടത്തിലെത്തുമ്പോൾമാത്രമാണ് ‘ജോജി’യിലെ ‘ലേഡി മാക്ബത്ത്’ ആ കുപ്പായമൂരി മറ്റൊരാളായി മാറുന്നത്. ലേഡി മാക്ബത്തിനെപോലെ ഒരിടത്തും അവരിൽ കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, ജോജി നടത്തിയ ആദ്യ കൊലയുടെ ഫലം അവർ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.

‘ജോജി’യുടെ അവസാനം, ‘മാക്ബ’ത്തിലേതുപോലെ വില്ലൻ പരിവേഷമുള്ള നായക കഥാപാത്രം കൊല്ലപ്പെടുകയല്ല മറിച്ച് ആത്മഹത്യ ചെയ്യുകയാണ്. ലേഡി മാക്ബത്തിനെപ്പോലെ അയാളും സ്വയം ഇരയാക്കുകയായിരുന്നു. ‘ഇരക’ളിൽ ബേബി പല തവണ കഴുത്തിൽ കുരുക്കിടുന്നത് കാണിക്കുന്നുണ്ടെങ്കിലും അയാൾക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ‘ജോജി’യിലാകട്ടെ കൊലപാതകം ചെയ്യുന്ന അതേ തന്ത്രജ്ഞതയോടെ ജോജി ആത്മഹത്യക്കു ശ്രമിക്കുകതന്നെയാണ്, വിജയിച്ചില്ലെങ്കിലും. ‘മാക്ബത്ത്’ നാടകത്തിൽ ലേഡി മാക്ബത്തിനുണ്ടാകുന്ന വിധിയുടെ ഒരു ഭാഗം ഇങ്ങനെ ‘ജോജി’യിലേക്ക് സന്നിവേശിപ്പിക്കപ്പെട്ടിട്ടുണ്ട്.
മനുഷ്യന്റെ ഏതാണ്ടെല്ലാ മാനസ്സികാവസ്ഥകളും വിഭ്രമങ്ങളും സന്തോഷവും സന്താപവുമൊക്കെ ഷേക്‌സ്പീരിയന്‍ നാടകങ്ങളിലെ ഏതെങ്കിലുമൊക്കെ കഥാപാത്രങ്ങളിൽ നമുക്കു കണ്ടെത്താനാകും. പല നാടകാന്തങ്ങളും ഷേക്‌സ്പിയർ പണ്ടേ പറഞ്ഞവ തന്നെയാണെന്നും കണ്ടെത്തുക പ്രയാസമുള്ള കാര്യമല്ല. ആഴത്തിലുള്ള വായനയും പരന്ന ആസ്വാദന ശീലങ്ങളുമുള്ള കലാസൃഷ്ടാക്കളില്‍, സാധ്യതകളുടെ അപാരഭൂമികയായ ഇതിഹാസസമാന സൃഷ്ടികളുടെ സ്വാധീനം മനപ്പൂര്‍വ്വമല്ലാതെതന്നെ സംഭവിക്കാം. ‘ഇരക’ളില്‍ അതാണ് സംഭവിച്ചത്. ‘ജോജി’യിലാകട്ടെ അത്തരമൊരു പ്രമേയ സമാനത മുന്‍കൂട്ടി കണ്ട് അണിയറക്കാര്‍ ജാമ്യമെടുക്കുകയും ചെയ്തിരിക്കുകയാണെന്നുവേണം കരുതാന്‍.