പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തെ പ്രായത്തിന്റെ കള്ളിയിൽ നിറുത്തി ഒരാളേ ഇരയും മറ്റേയാളേ കുറ്റവാളിയുമാക്കുന്ന പരിപാടി ഇനിയെങ്കിലും നിറുത്തണം

62

TC Rajesh Sindhu

പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തെ പ്രായത്തിന്റെ കള്ളിയിൽ നിറുത്തി ഒരാളേ ഇരയും മറ്റേയാളേ കുറ്റവാളിയുമാക്കുന്ന പരിപാടി ഇനിയെങ്കിലും നിറുത്തണം. പോലീസ് നിയമമേ നോക്കൂ. അതിനനുസരിച്ച് മറ്റുള്ളവർ തുള്ളേണ്ടതുണ്ടോയെന്നും യാഥാർഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കുകയല്ലേ വേണ്ടതെന്നുമാണ് എന്റെ ചോദ്യം. പരസ്പര സമ്മതത്തോടെ ആൺകുട്ടിക്കും പെൺകുട്ടിക്കും ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള പ്രായം ശരീര ശാസ്ത്രം അനുവദിക്കും വിധത്തിൽ പുനർനിർണയിക്കണം. 14-ാമത്തെ വയസ്സിൽ രണ്ടുപേർക്ക് ബന്ധപ്പെടാമെന്നാണ് പറയുന്നതെങ്കിൽ പ്രായമതാക്കണം. ആ പ്രായപരിധിക്കുള്ളിൽ സമ്മതത്തോടെ നടക്കുന്ന ഏതു ബന്ധപ്പെടലിനേയും ബന്ധമായിത്തന്നെ അംഗീകരിക്കണം, ബലാൽസംഗമാക്കരുത്. ഇരുവരും ചേർന്ന് ലൈംഗികത ആസ്വദിച്ചെങ്കിൽ, ആണായതുകൊണ്ടുമാത്രം ഒരാൾമാത്രം തെറ്റുകാരനാകുന്നത് ശരിയായ രീതിയല്ല.

No photo description available.പീഡോഫീലുകളെ ന്യായീകരിക്കാനില്ല. ഇവിടെ വിഷയം അതല്ലതാനും. അധികാരം, പണം, സ്വാധീനം തുടങ്ങി പലവിധ കാരണങ്ങളാലും ഭയപ്പെടുത്തിയും ഒരു പെൺകുട്ടിയെ, സ്ത്രീയെ ഒരു തവണയോ അതിലേറെയോ ലൈംഗികബന്ധത്തിനു നിർബന്ധിച്ചാൽ, അതു സാധ്യമായാൽ ബലാൽസംഗം തന്നെയാണ്. പക്ഷേ, ജൈവികമായ ചോദനയ്ക്കു വിധേയമായി ഇരുവരും സമ്മതത്തോടെ അതു ചെയ്താൽ ബലാൽസംഗത്തിന്റെ കള്ളിയിൽപെടുത്തുന്നത് നിയമപരമായി ശരിയാണ്, ശാസ്ത്രീയമായി ശരിയാണോ എന്നു ചിന്തിക്കേണ്ടതുണ്ട്.

14 വയസ്സുള്ള പെൺകുട്ടിയും 16 വയസ്സുള്ള ആൺകുട്ടിയുമാണ് ഈ വാർത്തയിലെ കഥാപാത്രങ്ങൾ. ഇരുവരും അയൽവാസികളും ബന്ധുക്കളും. പലതവണ പെൺകുട്ടി ‘ബലാൽസംഗം’ ചെയ്യപ്പെട്ടുവെന്നാണ് കേസ്! കേസ് പോക്‌സോയാണ്. ഇരുവരും പരസ്പര സമ്മതത്തോടെ ദീർഘനാളായി ബന്ധപ്പെട്ടു വരികയാണെങ്കിലും പ്രായപൂർത്തിയാകാത്ത ആ പയ്യൻ പോക്‌സോ ചുമത്തി ശിക്ഷിക്കപ്പെടുമെന്നതാണ് സ്ഥിതി. രണ്ടു മാസം മുൻപ് ഇതേ പോലീസ് സ്‌റ്റേഷൻ പരിധിയിൽ 18കാരനിൽ നിന്ന് അയൽവാസിയായ പതിനേഴുകാരി ഗർഭം ധരിച്ച കാര്യവും പറയുന്നുണ്ട്. അതിലും ആ ചെറുപ്പക്കാരൻ പോക്‌സോ പ്രകാരം അകത്തുപോകും. ഏതാനും മാസം മുൻപ് കട്ടപ്പനയിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യുകയും പോക്‌സോ പ്രകാരം അറസ്റ്റിലായ കാമുകൻ ജയിൽ മുറിയിൽ മരിക്കുകയും ചെയ്ത സംഭവത്തേയും ഇതുമായി ചേർത്തുവായിക്കണം.

ഇവിടെ രണ്ടുകേസിലും പെൺകുട്ടികൾ ഗർഭിണികളായിരുന്നില്ലെങ്കിൽ ഈ ലൈംഗിക ബന്ധത്തിന്റെ കഥ പുറത്താരും അറിഞ്ഞെന്നുകൂടി വരില്ല. ആരോഗ്യകരമായ ലൈംഗിക ബന്ധത്തെപ്പറ്റി കൗമാരക്കാരെ ബോധവൽക്കരിക്കുകയും കോണ്ടത്തിന്റെ ഉപയോഗത്തെപ്പറ്റി അവരെ മനസ്സിലാക്കിക്കുകയുമാണ് ചെയ്യേണ്ടത്. പതിനഞ്ചു വയസ്സുള്ള ഒരു പെൺകുട്ടി അതേ പ്രായത്തിലുള്ള തന്റെ ബോയ് ഫ്രണ്ടിനെ വീട്ടിലേക്കു വിളിച്ചുവരുത്തുമ്പോൾ കയ്യിലൊരു കോണ്ടം കൂടി കരുതിയേക്കണം എന്ന് ഉപദേശിച്ച സംഭവം എനിക്കറിയാം. എല്ലാ കുട്ടികൾക്കും ആ അറിവ് ഉണ്ടാക്കുകയാണ് വേണ്ടത്. ഒപ്പം പ്രായത്തിന്റെ കള്ളി വിശാലമാക്കുകയും. കടയിൽപോയി കോണ്ടം വാങ്ങാനുള്ള പേടി വിവാഹിതരായവർക്കുപോലും ഉണ്ടെന്നിരിക്കെ കൗമാരക്കാരായ കുട്ടികൾ അതെങ്ങനെ പോയി വാങ്ങാനാണ്? വാങ്ങിയാൽതന്നെ അതും വേണമെങ്കിൽ പോക്‌സോ പ്രകാരം ഒരു തെളിവായി ഉപയോഗിക്കപ്പെടുകയും ചെയ്‌തേക്കാം.

കൗമാരക്കാരായ കുട്ടികൾ പ്രണയച്ചുഴിയിൽ വീഴുമ്പോൾ പലപ്പോഴും അവരെ അതിൽ നിന്നു കരകയറ്റാൻ കൗൺസിലിംഗിനു വിധേയമാക്കാറുണ്ട്. ഇത്തരത്തിൽ പെൺകുട്ടികളോട് സംസാരിക്കുമ്പോൾ ലൈംഗിക ബന്ധത്തെപ്പറ്റി ചോദിക്കാൻ മടിക്കാറുണ്ടെന്നും, അഥവാ അവർ അത്തരമൊരു പോയിന്റിലേക്കു വന്നാൽ പറയാൻ പ്രോൽസാഹിപ്പിക്കാറുമില്ലെന്നാണ് ഒരു മാനസികാരോഗ്യവിദഗ്ദ്ധൻ സമീപനാളിൽ എന്നോടു പറഞ്ഞത്. പെൺകുട്ടിയുടെ സമ്മതത്തോടെയുണ്ടായ ലൈംഗിക ബന്ധങ്ങളുടെ കാര്യത്തിലാണിത്, ബലമായുള്ള ബന്ധപ്പെടലിലല്ല ഇത്. കാരണം, ലൈംഗിക ബന്ധത്തിൽ സമ്മതത്തോടെ ഏർപ്പെട്ടുവെന്നു പെൺകുട്ടി പറഞ്ഞാലും അത് നിയമപ്രകാരം പോക്‌സോയാണ്. ആ വിവരം നിയമത്തിനു മുന്നിൽ മറച്ചു വയ്ക്കാൻ പാടില്ല. പകരം പോലീസിനെ വിവരമറിയിക്കുകയും പെൺകുട്ടിയുമായി സമ്മതത്തോടെ ബന്ധപ്പെട്ടയാളെ, കൗമാരക്കാരനാണെങ്കിൽപോലും പോക്‌സോ പ്രകാരം പിടിച്ച് അകത്തിടുകയും വേണം. അല്ലെങ്കില്‍ കേട്ടയാള്‍ കുടുങ്ങും.

ഇത് ചിലപ്പോൾ ആൺകുട്ടിയെ മാത്രമല്ല, ആ പെൺകുട്ടിയേയും മാനസ്സികമായി തകർത്തേക്കാമെന്നും അതുകൊണ്ടുതന്നെ അത്തരമൊരു പോയിന്റിലേക്ക് ആവശ്യമില്ലാതെ കടക്കാറില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.  ഒന്നു കെട്ടിപ്പിടിച്ചാലോ ഉമ്മവച്ചാലോ പ്രായം നോക്കി കുറ്റമാക്കി മാറ്റുന്ന അപരിഷ്‌കൃത രീതിയാണ് ഇന്ന് നാം പിന്തുടരുന്നത്. ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തെ എന്തോ വലിയ കുറ്റകൃത്യമായി കാണുന്ന അധ്യാപകരും ചില രക്ഷിതാക്കളും ഇതിൽ ഉത്തരവാദികളാണ്. ലൈംഗിക വിദ്യാഭ്യാസമെന്നത് ഹൈസ്‌കൂൾ തലത്തിൽതന്നെ ഉൾപ്പെടുത്തണം. സുവോളജി ബിരുദക്കാർ മാത്രം പഠിക്കേണ്ട ഒന്നല്ല അത്.

ലൈംഗികതയെന്നത് കുറ്റമല്ല, ശരീരം ആവശ്യപ്പെടുന്ന ഒന്നാണ്. അതിനെ നിയമംകൊണ്ട് നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. അതിന്റെ വരുംവരായ്കകളെപ്പറ്റി കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയും ലൈംഗികാവയവങ്ങളുടെ ഉൾപ്പെടെ പ്രവർത്തനങ്ങളെപ്പറ്റി പഠിപ്പിക്കുകയും പരസ്പരം ബഹുമാനിക്കാൻ പ്രേരിപ്പിക്കുകയും വേണം. അല്ലാതെ പോക്‌സോ ചുമത്തി ഒരാളെമാത്രം പിടിച്ച് അകത്തിടുകയല്ല വേണ്ടത്. ആൺകുട്ടിയെ ശിക്ഷിച്ചുവെന്നു കരുതി സംഭവിച്ചതൊന്നും ഇല്ലാതാകുകയില്ല. പ്രായപൂർത്തിയായാൽ ആ രണ്ടുപേർക്കും വേണമെങ്കിൽ വിവാഹിതരായി ഒരുമിച്ചു ജീവിക്കാം. ഈ ഒരു കേസിലൂടെ ആ സാധ്യതയും അടച്ച് ആ പെൺകുട്ടിയുടെ ജീവിതവും ശാശ്വതമായി നശിപ്പിക്കുകയാണ് ഇപ്പോഴത്തെ നിയമം ചെയ്യുന്നത്..