ചായക്കടയും എന്റെ പ്രണയവും

35

Thozhuthuparambil Ratheesh Trivis

പരമാവധി ഇരുട്ട് നിറഞ്ഞ തിയേറ്റർ ,അത്യാവശ്യം സ്റ്റാൻഡേർഡ് ആയിട്ടുള്ള ,,ഇരിക്കാനൊക്കെ പ്രത്ത്യേകം മുറികൾ ഉള്ള അത്യാവശ്യത്തിന് മാത്രം വെളിച്ചമുള്ള ,,ലൈറ്റ് ആയിട്ട് റൊമാന്റിക് മ്യൂസിക് ഒക്കെയുള്ള ചിൽഡ് മൂഡ് നിലനിർത്തുന്ന ചില റെസ്റ്റോറന്റ്കൾ ,,ഒരു ശരാശരി കോളേജ് പ്രണയിതാക്കൾ ,,അല്ലെങ്കിൽ ഒരു ഇരുപത്തഞ്ച് വയസ്സിന് താഴെയുള്ള പ്രണയിതാക്കൾ പ്രണയഭാവങ്ങൾ പങ്ക് വെയ്ക്കാൻ ,,ഇഷ്ടമുള്ളോരടെ കൂടെ അൽപ്പനേരം ചിലവിടാൻ ഒക്കെ തിരഞ്ഞെടുക്കുന്ന പ്രധാന ഇടങ്ങളാണ് മുകളിൽ പറഞ്ഞത് ,,,പ്രണയിക്കുന്നവരെ ഒരു പ്രത്ത്യേക കണ്ണിലൂടെ നോക്കിക്കാണുന്ന സമൂഹം കൂടി ഇമ്മക്ക് ഉള്ളതോണ്ട് ഇഷ്ടക്കാരുടെ കൂടെ സമയം ചിലവിടാൻ സ്ഥലങ്ങൾ ഇല്ലാതെ ,,,പരദൂഷണക്കാർ ,,സദാചാര വീരന്മാർ കാണുമോ എന്നൊക്കെയുള്ള പേടികൊണ്ട് പലപ്പോഴും കള്ളന്മാരെപ്പോലെയും ,,കള്ളികളുടെ പോലെയും ഒളിച്ചും പാത്തും പ്രണയകാലം ആസ്വദിക്കേണ്ടി വന്നവരാകും കൂടുതലും !!!

പക്ഷേ കുറേക്കൂടി ധൈര്യത്തോടെ ഇക്കാര്യങ്ങളെ സമീപ്പിക്കുന്ന ചിലർക്ക് കുറച്ചുകൂടി കളർഫുൾ ആയ പ്രണയകാലം കിട്ടിയിട്ടും ഉണ്ടാകും ,,,അവരെപ്പോലെയുള്ളവർ ഒന്നിച്ചിരിക്കുന്ന ഇടങ്ങൾ പലപ്പോഴും ബീച്ചിലേക്കോ ,,പാർക്കിലേക്കോ ,,ചില ട്രിപ്പുകളിലേക്കോ ഒക്കെ മാറ്റാനും കഴിവുള്ളവർ ആയിരിക്കും ,,,പ്രണയകാലത്തിന്റെ ആദ്യത്തെ ഘട്ടത്തിൽ ഞാനും ഏതാണ്ട് അതുപോലെ തന്നെ ആയിരുന്നു ,,വളരെ ചെറിയ ഒരു കാലഘട്ടം മാത്രമേ ആ പ്രണയം ഉണ്ടായിരുന്നുള്ളൂ എന്നത്കൊണ്ട് ഞങ്ങൾക്ക് അധികം പ്ലാൻ ചെയ്യാനൊന്നും സാധിച്ചിരുന്നില്ല ,,,പരിചയക്കാർ ആരെങ്കിലും കണ്ടാലോ എന്നുള്ള പേടി എനിക്കും അവൾക്കും ഉള്ളതോണ്ട് തന്നെ പ്രണയനിമിഷങ്ങൾ പങ്കിടാനുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച്ച മുകളിൽ പറഞ്ഞത് പോലെയുള്ള ഒരു റെസ്റ്റോറന്റ്ൽ വച്ചായിരുന്നു ,,പങ്കിട്ടത് മുഴുവനും പ്രണയനിമിഷങ്ങളേക്കാൾ കൂടുതൽ പേടിയുടെ നിമിഷങ്ങളുമായിരുന്നു !!!

രണ്ടാം ഘട്ടം ,,
ഈ ഘട്ടത്തിൽ പ്രണയം എനിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ ,,കൂടെയുള്ളവൾക്ക് ഞാനൊരു കൂട്ടുകാരൻ മാത്രം ,,പക്ഷെ എന്റെ മനസ്സിലുള്ളത് ഞാൻ അവളോട്‌ ആദ്യം തന്നെ തുറന്നു പറഞ്ഞു ,,അല്ലാതെ പ്രണയം തോന്നിയവളുടെ മുന്നിൽ ഉള്ളിലുള്ളത് ഒളിപ്പിച് പെങ്ങളാക്കുന്ന പരിപാടി ഇമ്മടെ മനസ്സിന് പറ്റില്ല എന്ന് ആദ്യം തന്നെ പറഞ്ഞു ,,,
അവൾ അത്യാവശ്യം ബോൾഡ് ക്യാരക്ടർ ആയതോണ്ട് തന്നെ എന്റെ മനസ്സിലുള്ള ഇഷ്ടത്തെ ചിരിയോടെ തന്നെ സമീപിച്ചു ,,അതിൽ തെറ്റില്ല എന്നും പറഞ്ഞു ,,,ഞാൻ എങ്ങനെ ആയാലും അവൾക്ക് അവളുടെ കാര്യത്തിൽ വിശ്വാസമുള്ളതോണ്ട് കുഴപ്പമില്ല എന്നും പറഞ്ഞു ,,അതോണ്ട് തന്നെ അവൾ എന്റെ കൂടെ എവിടെ വരാനും തയ്യാർ ആയിരുന്നു ,,,അങ്ങനെ അവളുടെ സമ്മതമില്ലാതെ തന്നെ വളരെ അടുത്തിരുന്ന് അവളുടെ മുഖത്തെ ചിരി കണ്ടുകൊണ്ട് അവളെ പ്രണയിച്ചു തുടങ്ങി !!!

ഈ ഘട്ടത്തിൽ റെസ്റ്റോറന്റ് കൂടിക്കാഴ്ചകളും ,,സിനിമാ കാഴ്ചകളുടെയും കൂടെ ചില ബൈക്ക് ട്രിപ്പ്‌ കൂടി അനുഭവിക്കാനായി !!!
പക്ഷെ ഇതിലും കൂടുതലും ഞങ്ങളുടെ കൂടിക്കാഴ്ചകൾ റെസ്റ്റോറന്റ്കളിൽ വച്ചായിരുന്നു ,,എന്റെയുള്ളിലെ ആ സമയത്തെ ചില വൃത്തികെട്ട അപകർഷത കാരണം പലപ്പോഴും തിരഞ്ഞെടുക്കുന്ന റെസ്റ്റോറന്റ്ന്റെ കാര്യത്തിൽ പോലും കൺഫ്യൂഷൻ ആയിരുന്നു ,,,
പലപ്പോഴും ആ സമയങ്ങളിൽ പോക്കറ്റിലെ നോട്ട് തീർന്നാലും അവളുടെ കൂടെയുള്ള നിമിഷങ്ങൾക്ക് ഒരു കുറവും വരരുത് എന്ന് മനസ്സ് ആഗ്രഹിച്ചു !!!മിക്കവാറും ഓരോ വട്ടവും അത്യാവശ്യം പ്രീമിയം റെസ്റ്റോറന്റ്കളിൽ തന്നെ ഞങ്ങൾ സമയം ചിലവിട്ടു ,,,,
പലപ്പോഴും അവളുടെ ഇഷ്ടം എന്താന്ന് പോലും ചോദിക്കാൻ നിൽക്കില്ല ,,ഇനിയിപ്പോ ചെറിയ ചായക്കടയിലോ ,,ജ്യൂസ് കടയിലോ മറ്റോ കേറിയാൽ അവൾക്കെങ്ങാനും ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന മുൻവിധിയും ഉള്ളിലെ അപകർഷതയും കാരണം ആസ്വദിക്കാൻ മിനക്കെട്ട പല പ്രണയനിമിഷങ്ങളും മനസ്സിന് പരിപൂർണതൃപ്തി തന്നിരുന്നില്ല …

മൂന്നാം ഘട്ടം ,,
ഈ ഘട്ടം അസ്ഥിക്ക് പിടിച്ച പ്രണയത്തിന്റെ ഘട്ടമായിരുന്നു ,,ഈ ഘട്ടത്തിൽ ,,,റെസ്റ്റോറന്റ് ,,സിനിമാ തിയേറ്റർ ,,ബീച്ച് ,,അമ്പലം ,,പല പല ട്രിപ്പുകൾ ,,പാർക്കുകൾ ,,തുടങ്ങി നിരവധി കാര്യങ്ങൾ ഞങ്ങൾ ആസ്വദിച്ചു ,,ഇനിയുള്ള ജീവിതത്തിൽ പരസ്പരം ഒരുമിച്ച് പോവേണ്ടവർ ആണ് ഞങ്ങൾ എന്നുള്ള ചിന്ത രണ്ടുപേരുടെയും ഉള്ളിൽ ഉള്ളതോണ്ട് തന്നെ ഈ ഘട്ടത്തിൽ പരദൂഷണക്കാരെയോ ,,സദാചാരക്കാരെയോ ഭയപ്പെടാതെ ഓരോ നിമിഷങ്ങളെയും ആസ്വദിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു !!!ടൗണിലെ ഒരുപാട് റെസ്റ്റോറന്റ്കളിൽ ഞങ്ങൾ ഒരുപാട് സമയങ്ങൾ ചിലവഴിച്ചു ,,,എന്നേക്കാൾ കുറച്ചു കൂടി ഉയർന്ന സാമ്പത്തികനിലയിൽ ജനിച്ചു വളർന്ന ആളായതുകൊണ്ട് തന്നെ ആ പ്രായം വരെ ഞാനറിയാത്ത ചില രുചികളും കൂടി അവള് എനിക്ക് പരിചയപ്പെടുത്തി ….
എന്റെ അവസ്ഥ ശരിക്കും അറിയുന്നതോണ്ട് ഇവിടെ മിക്കവാറും സമയം അവൾ തന്നെ ആയിരുന്നു ഒരുവിധം എല്ലാ ഹോട്ടൽബില്ലുകളും കൊടുത്തിരുന്നത് ,,

സത്യം പറഞ്ഞാൽ ഈ ഘട്ടമായിരുന്നു പ്രണയത്തിന്റെ ഇരുത്തം വന്ന ഘട്ടങ്ങളിൽ ഒന്ന് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ,,
ഈ ഘട്ടം എത്തിയപ്പോഴേക്കും രണ്ടാംഘട്ടത്തിലെ അപകർഷതയൊക്കെ പോയിരുന്നു ,,
വിശന്നു കഴിഞ്ഞാൽ ഭക്ഷണം കഴിക്കണം ,,അതിന് അത്യാവശ്യം വൃത്തിയുള്ള ഒരിടം ,,അതിനപ്പുറം കൂടെയുള്ള ഇണയുടെ മനസ്സറിയാതെ വേണ്ടാത്ത അപകർഷത ഉള്ളില് നിറച്ചുകൊണ്ട് പ്രീമിയം തേടിപ്പോകുന്ന പരിപാടികളൊന്നും ഈ ഘട്ടത്തിൽ ഉണ്ടായിരുന്നില്ല ,,,
അതോണ്ട് തന്നെ ഒരുമിച്ചാസ്വദിച്ചു കഴിച്ച പല രുചിക്കൂട്ടുകൾക്കൊപ്പവും ഞങ്ങളുടെ പ്രണയനിമിഷങ്ങളും നന്നായി ആസ്വദിച്ചു ………
ചില ഞായറാഴ്ചകളിൽ ഞങ്ങളുടെ കറക്കങ്ങളൊക്കെ കഴിഞ്ഞ് അവളെ ഹോസ്റ്റലിൽ വിടാൻ നേരം ആ ഹോസ്റ്റലിന്റെ അടുത്ത് ഒരു ബജ്ജിക്കടയിൽ നിന്ന് ചൂട് ബജ്ജിയും ചായയും കഴിക്കുമായിരുന്നു ,,,

സത്യം പറഞ്ഞാൽ പല നോർത്ത് ഇന്ത്യൻ ,,സൗത്ത് ഇന്ത്യൻ ,,അറബിക് ,,ചൈനീസ് ഫുഡുകൾ ഒക്കെ വിവിധ ആമ്പിയൻസിൽ ഇരുന്ന് കഴിച്ചിട്ടുണ്ടെങ്കിൽ കൂടി എന്റെ മനസ്സിൽ ഇപ്പോഴും മായാതെ കിടക്കുന്നതും പ്രണയകാലത്തെ മനോഹരമായ ഓർമകളിൽ ഒന്നാമതായി സ്ഥാനം പിടിച്ചതും ആ ഹോസ്റ്റലിനടുത്തെ ബജ്ജിക്കടയായിരുന്നു ,,അവിടുത്തെ ഞങ്ങളുടെ ഓർമ്മകൾ അയിരുന്നു !!!
ആ ഓർമകളെ പോലെ തന്നെ സുഖമുള്ള ചില ദൃശ്യാനുഭവങ്ങളുണ്ട് നമുക്ക് ഇഷ്ടപ്പെട്ട ചില സിനിമകളിൽ ,,,ഒരുപക്ഷെ ഇതിന് മുൻപും പലർക്കും തോന്നിയതും പലരും പറഞ്ഞതുമായ ഒരു സീനാണ് ,,നാടോടിക്കാറ്റ് സിനിമയിൽ ,,ശോഭനയെ ചായ കുടിക്കാൻ വിളിക്കുന്ന മോഹൻലാലിന്റെ സീൻ ,,ശേഷം ആ ചായയും വടയും ആസ്വദിച്ചു കഴിക്കുന്ന രണ്ടുപേരുടെയും മനോഹരകാഴ്ചയും !!!
അതുപോലെ തന്നെ ജനപ്രിയൻ സിനിമയിൽ ജയസൂര്യയുടെയും ഭാമയുടെയും ആ ചായക്കട സീൻ !!!

തിരക്കേറിയ ഓട്ടത്തിനിടയിൽ വച്ച് ചിലപ്പോൾ പരസ്പരം മനസ്സുകളിൽ പ്രണയം സൂക്ഷിക്കുന്നവരുടെ യാദൃശ്ചികമായ ഒരു കണ്ടുമുട്ടൽ ,,,ഒരു ചായയും കടിയും കഴിക്കാനുള്ള ഏതാനും നിമിഷങ്ങൾ മാത്രമേ കയ്യിലുള്ളൂ എങ്കിലും കിട്ടിയ നിമിഷങ്ങളിൽ അവർ കൈമാറുന്ന ചില നോട്ടങ്ങളും പ്രണയാർദ്രമായ ഭാവങ്ങളും ആ കാഴ്ചയെ ഒരുപാട് മനോഹരമാക്കുന്നു ..ഒപ്പം കണ്ടിരിക്കുന്ന നമ്മുടെ മനസ്സിലേക്കും ഓര്മകളിലേക്കും ആഴ്ന്നിറങ്ങുകയും കൂടി ചെയ്യുമ്പോൾ അത് കൂടുതൽ സുന്ദരമായ അനുഭവമാകുന്നു !!!