ഇനിയും അദ്ധ്യാപകരെ ക്രൂശിക്കരുത്

0
104

ഇനിയും അദ്ധ്യാപകരെ ക്രൂശിക്കരുത്

അദ്ധ്യാപികയായ സലീന കെ എഴുതുന്നു

അധ്യാപികയാണ്/സർക്കാർ ശമ്പളം പറ്റുന്നവളാണ്/പി എസ് സി എഴുതി കഴിവ് തെളിയിച്ച് തന്നെ ജോലിയിൽ കയറിയവളാണ്. തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ലെന്ന് തോന്നുന്നത് എപ്പോഴാണോ അപ്പോൾ അധ്യാപകൻ വിദ്യാലയത്തിന്റെ പടിയിറങ്ങണമെന്ന ഗുരുവിന്റെ വാക്കുകളിൽ ഉറച്ച് വിശ്വസിക്കുന്നവളാണ്.മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെ ഹൃദയം കൊണ്ട് ചേർത്ത് പിടിക്കുന്നവളാണ്. അവരുടെ ചിരിയിൽ ചിരിക്കുന്നവളാണ്. അവരൊന്ന് കലങ്ങുമ്പോഴെല്ലാം ഉള്ളിൽ സങ്കടക്കടലിരമ്പുന്നതറിയുന്നവളാണ്. ഇപ്പോൾ ഇത്രയൊക്കെ പറഞ്ഞത് ഇന്നലെയും ഇന്നുമായുള്ള പൊങ്കാലകൾ കണ്ട് ഉള്ള് നൊന്താണ്.

ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി എടുക്കാനുള്ള സർക്കാർ തീരുമാനത്തെ ഹൃദയം കൊണ്ട് കേട്ടവരാണ് ഞങ്ങൾ അധ്യാപകരിലെ ഭൂരിപക്ഷവും. പ്രാരാബ്ധങ്ങൾക്കിടയിലും/ ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ് ഞാനെന്റെ നാടിനെ ചേർത്ത് നിർത്തേണ്ടത് ? എന്ന് സ്വയം ചോദിച്ചവരാണ്. അടച്ചിരിപ്പിന്റെ ഈ നാളുകളിൽ ഇങ്ങിനെ തന്നെയാണ് ഞാനെന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കേണ്ടത് എന്ന് ഉത്തമ ബോധ്യമുള്ളവരാണ്.

വെറും ന്യൂനപക്ഷമായ നാലോ അഞ്ചോ അധ്യാപകർ സർക്കാരുത്തരവ് കത്തിക്കുന്ന ചിത്രങ്ങൾ ആഘോഷമാക്കുന്നവരോട് ചിലത് പറയാനുണ്ട്. മറ്റ് ചിലത് ചോദിക്കാനും. എല്ലായിടത്തും എല്ലായ്പ്പോഴും നെറികേടുകൾ ചെയ്യുന്നവരുണ്ടായിട്ടുണ്ട്. നമ്മൾ മനുഷ്യരുടെ ചില ചെയ്തികൾ കണ്ട് മനുഷ്യരെന്ന് പറയാൻ നമുക്ക് ലജ്ജ തോന്നിയിട്ടില്ലേ?. നമ്മുടെ സഹജീവികൾക്ക് സംസാരശേഷി ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? എന്തായിരിക്കും അവർ നമ്മെക്കുറിച്ച് പറയുക? അപ്പോ പറയാനുള്ളത് ഇതാണ്. മനുഷ്യരിൽ നികൃഷ്ടരായ ചില മനുഷ്യർ (മനുഷ്യത്വമില്ലെങ്കിലും അവരും പേരിൽ മനുഷ്യരെന്നാണല്ലോ അറിയപ്പെടുന്നത്.

ഇവിടെയിപ്പോൾ അവർ അധ്യാപകരാണ്. മറ്റ് ചിലപ്പോൾ രാഷട്രീയക്കാർ/വക്കീലൻമാർ/ ദിവസക്കൂലിക്കാർ/കച്ചവടക്കാർ/ഇങ്ങിനെ റോളുകൾ മാറുന്നുവെന്ന് മാത്രം) സ്വാർത്ഥതയ്ക്കോ കാര്യ ലാഭത്തിനോ ചെയ്തൊരു കാര്യത്തെ മൊത്തം അധ്യാപക സമുഹത്തെ അപകീർത്തിപ്പെടുത്താൻ നിങ്ങളുപയോഗിക്കുമ്പോൾ/കാടടച്ച് നിങ്ങളിങ്ങിനെ വെടി വെക്കുമ്പോൾ/നാളെ ഞങ്ങളുടെ അടുത്തെത്തുന്ന നമ്മുടെ കുഞ്ഞുങ്ങൾ ഞങ്ങളെ സ്നേഹിക്കുമെന്നോ വിശ്വസിക്കുമെന്നോ നിങ്ങൾക്ക് തോന്നുന്നുണ്ടോ…?മൊത്തം അധ്യാപക സമൂഹത്തെ അധിക്ഷേപിക്കുന്നത് കേൾക്കുന്ന നമ്മുടെ കുഞ്ഞുങ്ങളെ നെല്ലേത് പതിരേത് എന്ന് ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ…?അധ്യാപകരെ മൊത്തം വെറുക്കുന്ന/ ആദരവില്ലാത്ത/സ്നേഹമില്ലാത്ത/ സംസ്കാരശൂന്യമായ ഒരു തലമുറ വളരട്ടെ എന്നതാണോ നിങ്ങളുടെ ആഗ്രഹം…?നിങ്ങളുടെ കുഞ്ഞുങ്ങൾ ഏത് സങ്കടപ്പെയ്ത്തിലും എന്റെ ടീച്ചറുണ്ട് എന്നെ കേൾക്കാനെന്ന ആത്മവിശ്വാസത്തിൽ അവന്റെ മാഷെയോ ടീച്ചറെയോ ഹൃദയത്തിൽ ചേർത്ത് നിർത്തണ്ടേ…?

സർക്കാർ തീരുമാനത്തെ നെഞ്ചേറ്റുന്ന ഭൂരിഭാഗം വരുന്ന അധ്യാപക സമൂഹത്തിന്റെ മുഴുവൻ ആത്മാഭിമാനവും വീര്യവും ചോർത്തിക്കളഞ്ഞാൽ നാളെ നിങ്ങളുടെ മക്കളെ ആത്മാഭിമാനമുള്ളവരാക്കാനുള്ള വീര്യം ഞങ്ങളെവിടെ നിന്നാണ് സംഭരിക്കുക…?
ഇനി ഞങ്ങളുടെ മക്കളെ ഞങ്ങൾ നോക്കിക്കൊള്ളാം നിങ്ങൾ വേണ്ട എന്നാണോ…?
പത്ത് മാസം ജോലിയും പന്ത്രണ്ട്‌ മാസം കൂലിയുമെന്ന് അലറിക്കരയുന്നവരോട് ഒന്ന് കൂടി പറഞ്ഞോട്ടെ… ഏപ്രിൽ മെയ് മാസങ്ങളിൽ ഒരധ്യാപകന് പിന്നാലെ നിങ്ങളൊന്ന് നടന്ന് നോക്കൂ… അവന്റെ അവധിക്കാലം പേപ്പർ വാല്യുവേഷനും പ്രമോഷൻ ലിസ്റ്റ് തയ്യാറാക്കലും കോഴ്സുകളും അഡ്മിഷൻ വർക്കുകളും അവധിക്കാല ക്ലാസുകളുമൊക്കെയായി സമ്പന്നമാകുന്നത് കണ്ട് മനസ്സ് നിറഞ്ഞ് തിരിച്ച് പോരാം.

കൂട്ടിച്ചർക്കൽ : ഒരു അധ്യാപന കുടുംബത്തിൽ ജനിച്ച എനിക്ക് ചെറുപ്പം മുതൽ അറിയാവുന്നതാണ് എന്താണ് ഈ അധ്യാപനം എന്നതും? അവരുടെ വിഷമങ്ങളും. അതിനാൽ ഇതിൽ പറയുന്നതുപോലെ വെറും ന്യൂനപക്ഷമായ നാലോ അഞ്ചോ അധ്യാപകർ സർക്കാരുത്തരവ് കത്തിച്ചെന്നുവെച്ചിട്ട് മൊത്തം അധ്യാപക സമൂഹത്തെ അധിക്ഷേപിക്കുന്ന പ്രവണത നന്നതല്ല.
സർക്കാർ തീരുമാനത്തെ നെഞ്ചേറ്റുന്ന ഭൂരിഭാഗം വരുന്ന അധ്യാപക സമൂഹം ഇവിടെയുള്ളപ്പോൾ ഈ പ്രവണത സമൂഹത്തിൽ നല്ലതിനേക്കാളും ചീത്തയായിരിക്കും ഉണ്ടാക്കുക.

അവസാനമായി ഞാൻ കണ്ട/അറിഞ്ഞ എന്റെ അധ്യാപകർ സ്വന്തം അറിവിന്റെ ആഴങ്ങളിലേക്ക് കുട്ടികളെ നയിച്ചവരായിരുന്നില്ല/മറിച്ച് അവരുടേ തന്നെ ബോധത്തിലേക്ക് നയിച്ചവരായിരുന്നു.വിദ്യാർഥികളെ അവരുടെ കഴിവിന്റെ പരമാവധിയിലേക്ക് ഉയർത്തുകയാണ് അധ്യാപകധർമം. അല്ലാതെ നാലു പുസ്തകം പഠിപ്പിക്കലല്ല. നമ്മൾ അനുഭവിക്കാനാവാത്ത അറിവുകളിലൂടെ കടന്നുപോവുമ്പോഴാണ് ഒാരോയാത്രയും മറക്കാനാവാത്തതാവുന്നത്. അങ്ങിനെ ആയിരിക്കണം ജ്ഞാനികളായ അധ്യാപകർ എന്ന ഓർമപ്പെടുത്തലോടെ.