കൗമാരക്കാരിയായ മകൾ നിങ്ങൾക്കുണ്ടെങ്കിൽ അവൾ ആർപ്പോ ആർത്തവവേദിയിലെ യോനീ കമാനം കാണുമ്പോൾ അതെന്തെന്നു ചോദിച്ചാൽ നിങ്ങൾ എന്തുപറഞ്ഞുകൊടുക്കും എന്ന് എന്നോടൊരു സുഹൃത്ത് ചോദിച്ചു. ബാല്യത്തിൽ നിന്നും കൗമാരം തുടങ്ങുന്നതു മുതൽ കൗമാരത്തിൽ നിന്നും യൗവ്വനം തുടങ്ങുന്നതുവരെയുള്ള … ആ കാലങ്ങൾ കൗമാരം എന്ന അവസ്ഥ തന്നെയെങ്കിലും .പ്രായംകൊണ്ടു വ്യത്യാസപ്പെട്ടിരിക്കുന്നു . ബാല്യത്തിൽ നിന്നും കൗമാരത്തിലേയ്ക്കു കടക്കുമ്പോൾ ആ കൗമാരവസ്ഥയിലും ബാല്യത്തിന്റെ നിഷ്കളങ്കത ഏറെ അവളിൽ ഉണ്ടാകും. പലവിഷയങ്ങളും അറിയണമെന്നില്ല. എന്നാൽ കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് കടക്കുന്നതിന് തൊട്ടു മുമ്പ് അവൾ തന്നെത്താൻ പോകുന്ന യൗവ്വനാവസ്ഥയോടു പൊരുത്തപ്പെട്ടിട്ടുണ്ടാകും. പല അറിവുകളും നേടിയിട്ടുണ്ടാകും.
ശരിയാണ്,കൗമാരത്തിലെ തുടക്കകാലത്തെ അവസ്ഥകാരണം അവളാ സംശയം ചോദിച്ചാൽ. അതിനൊരു വിശദീകരണം നൽകാൻ അച്ഛനെന്ന നിലയിൽ അന്നേരം ബുദ്ധിമുട്ടാകും(അമ്മയ്ക്ക് സാധിക്കും ). ലോകത്തെ എല്ലാ അച്ഛന്മാരും അനുഭവിക്കുന്ന ബുദ്ധിമുട്ട്. മനുഷ്യന്റെ ഒരു സ്വാഭാവിക ബുദ്ധിമുട്ടാണത്. എന്നാൽ ഇതിനേക്കാൾ നൂറിരട്ടി പ്രതിസന്ധിയാകും അതേ മകൾക്കൊപ്പം ഞാൻ ഖജുരാഹോ പോലുള്ള ആർഷഭാരത സംസ്കാരം കൊത്തിവച്ചിട്ടുള്ള ഇടങ്ങളിൽ പോയാൽ. മനുഷ്യൻ മൃഗങ്ങളിൽ അവന്റെ വൈകൃത രതിയുടെ പ്രായോഗികതയിൽ (bestiality) ഏർപ്പെടുന്ന നല്ല ഉദാത്തശില്പങ്ങളെ കണ്ടാൽ എനിക്ക് വിശദീകരിക്കാൻ ആകുമോ ? രാജാവും മന്ത്രിയും പട്ടമഹിഷിയും പട്ടയടിക്കാത്ത മഹിഷിമാരും ഭടന്മാരും ഒരുമിച്ചൊരു കിടക്കയിൽ ആരുടെ ശൂലമാണ് ആരുടെ വാളാണ് എന്ന ഭേദമില്ലാതെ രതിചെയ്യുന്ന രംഗങ്ങൾ അഥവാ ബൈസെക്ഷ്വൽ രംഗങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടാൽ എനിക്ക് സാധിക്കുമോ ? അതിൽ കാണുന്ന സാധാരണ രതിരംഗങ്ങൾ അഥവാ സ്ട്രെയിറ്റ് സെക്സ് പോലും വിശദീകരിക്കാൻ ആകില്ല. അതിനേക്കാൾ എത്രയോ നിരുപദ്രവകരമാണ് യോനിയുടെ കലാപരമായ ഒരു മാതൃക.

എന്റെ മകൾ എന്നോട് അതെന്തെന്നു ചോദിച്ചാൽ അന്നേരം എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞുമാറിയേക്കാം. കാരണം എനിക്കുറപ്പുണ്ട്, വിദ്യാഭ്യാസത്തിന്റെ പാതയിൽ വച്ച്, ശരീരത്തിന്റെ മാറ്റങ്ങളുടെ ഋതുഭേദങ്ങളിൽ അവൾ അതിന്റെ ഉത്തരങ്ങൾ തനിയെ കണ്ടെത്തുമെന്ന്. എന്തുകൊണ്ട് അത്തരമൊരു പരിപാടിയുടെ ആവശ്യകത ഈ സമൂഹത്തിൽ ഉണ്ടായെന്നും. അവളെ ഞാൻ എന്തായാലും മതഗ്രന്ഥങ്ങൾ പഠിപ്പിക്കില്ല. പരിധികളില്ലാത്ത മനുഷ്യസ്നേഹവും ശാസ്ത്രബോധവും നൽകുന്ന പുസ്തകങ്ങൾ വാങ്ങിനൽകും. അവളെ ഞാൻ മാറാലപിടിച്ച കാലത്തിന്റെ ‘കുല’ബോധങ്ങൾ പഠിപ്പിക്കില്ല, ധൈര്യവും ആർജ്ജവവും കൈമുതലാക്കി ഒരു വിശ്വപൗരയായി വളരാൻ പഠിപ്പിക്കും. അന്ധവിശ്വാസങ്ങൾ തലയ്ക്കു പിടിച്ചു തെരുവിലൂടെ തെറിവിളിച്ചുകൊണ്ടു പോകുന്ന പെണ്ണാകാനല്ല, തെരുവുകളിൽ കാലിടറി വീഴുന്നവർക്കു കൈത്താങ്ങാകാൻ പഠിപ്പിക്കും. ആധുനിക കാലത്തിലെ പുരോഗമനസമൂഹത്തിന്റെ യോനീ സൃഷ്ടികൾ അല്ല സെൻസർ ചെയ്യേണ്ടത്, നമ്മൾ മഹത്തരമെന്ന് കൊട്ടിഘോഷിക്കുന്ന സംസ്കാരത്തിന്റെ ആഭാസങ്ങളെയാണ്. ഭക്തിയുടെ പേരിൽ നൂൽബന്ധമില്ലാതെ നിൽക്കുന്നവന്റെ മുന്നിൽ പ്രത്യക്ഷത്തിൽ ഓറൽ സെക്സെന്നു തോന്നിപ്പിക്കുന്ന, ആണിന്റെയും പെണ്ണിന്റെയും കുനിഞ്ഞു വണക്കങ്ങളെയാണ്.