കൗമാരത്തിലെ ലൈംഗികസ്മൃതികൾ

1251

ലൈംഗികചിന്തകൾ തുടങ്ങുന്ന കൗമാരത്തിന്റെ ഏതോ സന്ധിയിൽ വച്ചാണ് സുമുഖനായ ആ കമ്പിബുക്ക് വില്പനക്കാരനെ ഞാനാദ്യമായി കണ്ടത്. സാങ്കേതികതയുടെ വിസ്ഫോടനവും ഉദാരവത്കരണവും ആഗോളവത്കരണവും സംഭവിക്കാത്ത അക്കാലങ്ങളിൽ ബ്ളാക്ക് & വൈറ്റ് ടെലിവിഷൻ പോലും അത്ഭുതമായിരുന്നു. സമീപപ്രദേശത്തെ ചില യുവതികളെ സങ്കല്പനായികമാരാക്കി കൂട്ടുകാർ കഥപറയുമ്പോൾ ഞെരിപിരികൊണ്ടു ഇരിക്കപ്പൊറുതി ഇല്ലാതാകുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കിയിരുന്നില്ല. ഒടിച്ചുമടക്കി കീറാറായ ചില കമ്പിപുസ്തകത്താളുകൾ തന്നിരുന്ന നിർവൃതി കൂടിയായപ്പോളാണ് എനിക്കും കമ്പിബുക്ക് വേണമെന്ന സ്വയംപര്യാപ്തബോധമുണ്ടായത്. കിഴക്കേക്കോട്ട ബസ്റ്റാന്റിൽ ബുക്ക് വിൽക്കുന്ന പലതട്ടുകടകളിലും അന്ന് കമ്പിബുക്കുകൾ സുലഭമായിരുന്നു. പത്താംക്ലാസുവരെ വീട്ടിലടച്ചിട്ടു വളർത്തിയഒരു പതിനഞ്ചുകാരന് അതുചെന്നു ചോദിക്കാനുള്ള നാണക്കേട് വളരെയധികമായിരുന്നു. പുറംലോകവുമായുള്ള ബന്ധം വളരെ കുറവായിരുന്നു. അക്കാലത്ത് ലോകവും ഞാനും വിരുദ്ധദിശകളിലായിരുന്നു സഞ്ചരിച്ചിരുന്നത്.

പത്താംകാസ് പഠനമവസാനിക്കുകയും നാലാഞ്ചിറയുള്ള മാർഇവാനിയോസ് കോളേജ് ഗേറ്റിനുള്ളിലുള്ള ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനത്തിൽ പഠിക്കാൻ ചേരുകയും ചെയ്ത കാലമായിരുന്നു. ഒരുദിനം രണ്ടുംകല്പിച്ചു ഞാൻ ആ കമ്പിബുക്ക് വില്പനക്കാരന്റെ അടുത്തുചെന്നു. നെഞ്ചിടിപ്പ് വളരെകൂടി, ദേഹം ഉഷ്ണിച്ചുവന്നു. എന്റെ പരവേശം കണ്ടിട്ടയാൾ ചോദിച്ചു. ‘എന്തുവേണം? ” വല്ലാത്തൊരു ജാള്യതയിൽ ഞാനങ്ങോട്ടു ചോദിച്ചു “മറ്റേ ബുക്ക് ഉണ്ടോ ചേട്ടാ..?’ ചെറിയൊരു പുഞ്ചിരിയോടെ എന്നെ നോക്കിക്കൊണ്ടയാൾ, ‘മറ്റേ ബുക്ക് വേണോ…എത്രയെണ്ണം വേണം, ഇംഗ്ലീഷ് വേണോ മലയാളം വേണോ ?’ മലയാളം മതിയെന്നായി ഞാൻ. ഉടനെത്തന്നെ മേശയ്ക്കടിയിലെയൊരു കാർബോർഡ് പെട്ടിയിൽ നിന്നും മിന്നൽവേഗത്തിലൊരു ബുക്കെടുത്തുചുരുട്ടി പൊതിഞ്ഞു തന്നിട്ടു ബാഗിലിട്ടോളാൻ പറഞ്ഞു. ഞാനും മിന്നൽവേഗത്തിൽ അതുമേടിച്ചു ബാഗിലിട്ടു പൈസയും കൊടുത്തു. എന്തോ ആനക്കാര്യം സാധിച്ചതിന്റെ ത്രില്ലിലായിരുന്നു ഞാൻ. പുരുഷത്വം തെളിയിച്ചെന്നുപോലും ചിന്തിച്ചുപോയി.

ദിനങ്ങൾ ഓടിയോടിപ്പോയി. ഞാനയാളുടെ സ്ഥിരം കസ്റ്റമറായി. വീട്ടിൽ കമ്പിബുക്കുകളുടെ ഒരു കമനീയ ശേഖരം തന്നെയുണ്ടായി. വീടിനടുത്തുള്ള ചില പയ്യൻസിനും വലിയ അഭിമാനത്തോടെ കെട്ടുകണക്കിനു വായിക്കാൻ കൊടുക്കലും പതിവായി. ഇത്തരം പുസ്തകങ്ങൾ വാങ്ങിക്കാൻ വീട്ടിൽ അല്ലറചില്ലറ മോഷണങ്ങളും തുടങ്ങി. മേശപ്പുറത്തു ഒരു നൂറിന്റെ നോട്ട് ആരെങ്കിലുംവച്ചാൽ സെക്കന്റുകൾ കൊണ്ട് അത് കാണാതാകുന്ന പല അത്ഭുതപ്രവർത്തികളും വീട്ടിൽ അരങ്ങേറി. മാസങ്ങൾ കഴിയുമ്പോൾ ലോക്കൽ ബുക്കുകൾ മാറ്റി ഡെബോണെയർ പോലുള്ള, മദാമ്മമാരുടെടെ മാദകശരീരം പകർത്തിവച്ചിട്ടുള്ള, കെട്ടിലുംമട്ടിലും പ്രൗഢിയുള്ള അന്താരാഷ്ട്ര ബുക്കുകളിലേക്കു ഞാൻ ചുവടുമാറ്റി. വീട്ടിൽ ആവശ്യക്കാർ അന്വേഷിച്ചുവന്നുതുടങ്ങി. ഒരു ദിവസം ഒരുത്തൻ ലുങ്കിയ്ക്കുള്ളിൽ ഒളിപ്പിച്ചുവച്ചു ബുക്കുകൾ കൈമാറാൻ വീട്ടിൽ വന്നപ്പോൾ അടിയിലൊന്നും ഇട്ടിട്ടില്ലാത്തതിനാൽ താഴെക്കൂടി ഊർന്നിറങ്ങി വീട്ടുകാരുടെ മുന്നിൽ പതിച്ച ആ ഭീകരമായ സംഭവം ഇന്നും ഉൾക്കിടിലത്തോടെ ഞാനോർക്കുന്നു.

പഠിക്കുന്നിടത്തെ കൂട്ടുകാരുടെ പ്രേരണയാലാണ് ഒരു കമ്പി സിനിമകാണാൻ ആദ്യമായി തീരുമാനിക്കുന്നത്. മീശ മുളയ്ക്കാത്തവന്റെ കാമവിഭ്രാന്തികൾക്കു നിരുപാധികം ടിക്കറ്റ് തരുമോ തിയേറ്ററുകാർ, എന്ന പേടിയോടെ ആയിരുന്നു എന്റെ നഗരത്തിൽ തന്നെയുള്ള അട്ടക്കുളങ്ങര ശ്രീബാല തിയേറ്ററിലേക്ക് ചുവടുവയ്ക്കുന്നത്. ഗേറ്റിനുസമീപം ചെന്നിട്ടു ചുറ്റിനുംനോക്കി പരിചയമുള്ള ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി അകത്തേയ്ക്കു ഒരൊറ്റ ഓട്ടമായിരുന്നു. ഭാഗ്യത്തിന് ടിക്കറ്റ് കിട്ടി. കൂട്ടുകാർക്കൊപ്പം അകത്തുകയറി ഇരുന്നു. അന്ന് ബാൽക്കണിക്കൊക്കെ പതിനഞ്ചോ ഇരുപതോ രൂപയായിരുന്നു. അങ്ങനെ സിനിമ തുടങ്ങി. ഒരു ഇംഗ്ലീഷ് സിനിമയായിരുന്നു. തുടങ്ങി ഏതാണ്ട് പതിനഞ്ചു മിനിട്ടുകഴിയുമ്പോൾ ഒരു വെള്ളക്കാരിയും നീഗ്രോയുവാവും തമ്മിലുള്ള ഭാഗികമായ കമ്പി രംഗങ്ങൾ ആരംഭിച്ചു. അത് വല്ലാത്തൊരു പരവേശത്തോടെ കണ്ടിരുന്നു. ഒടുവിൽ അടങ്ങിയിരുന്നു കാണാൻ പറ്റാത്ത അവസ്ഥവരെയെത്തി. ഞാൻ കൂട്ടുകാരുടെ സ്വകാര്യഭാഗങ്ങളിൽ ഒളികണ്ണിട്ടുനോക്കി എന്നെപ്പോലെ തന്നെയാണോ അവന്മാർക്കും… എന്ന സംശയംകാരണം.

അന്ന് വീട്ടിലെത്തിയത് വല്ലാത്തൊരു ആനന്ദത്തോടെയായിരുന്നു. സ്വകാര്യമായ ഇടങ്ങൾ വീട്ടിൽ ഇല്ലാത്തതിനാൽ കുളിമുറി തന്നെ ശരണം. പതിവിനുവിപീതമായി അപ്പൊത്തന്നെ കുളിക്കാൻ തോന്നി. അന്നെന്റെ സോപ്പുപെട്ടിയിൽ നാരങ്ങയുടെ ഫ്ലേവറിലുള്ള സിന്തോൾ സോപ്പായിരുന്നു. അത് തേച്ചു പരസ്യങ്ങളിലെ നായകന്മാരെ പോലെ കുളിച്ചു. അന്നാദ്യമായി എനിക്കെന്റെ ശരീരത്തോട് വല്ലാത്തൊരു പ്രണയം തോന്നി. ലോകത്തെ എല്ലാ സുന്ദരിമാരെയുംകൊണ്ടു കുളിമുറി നിറഞ്ഞു. ഓക്സിജന്റെ അഭാവമെന്നപോലെ എനിക്ക് വീർപ്പുമുട്ടി.. ഇന്നും സിന്തോളിന്റെ സുഗന്ധം എവിടെനിന്നെങ്കിലും പറന്നെത്തുമ്പോൾ സ്വത്വബോധങ്ങൾ വിസ്മൃതമാക്കപ്പെട്ട നിമിഷങ്ങൾ ഇരുപത്തിയഞ്ചുവർഷങ്ങൾക്കപ്പുറത്തു നിന്നും ഓർമകളായെത്തും.

ആഴ്ചയിൽ ഒരിക്കലൊക്കെ കുളിച്ചിരുന്ന ഞാൻ പിന്നീട് കുളി ദിവസവുമാക്കി. ഒരു ദിവസം തന്നെ രണ്ടു നേരമാക്കി വീട്ടുകാരെ വിസ്മയിപ്പിച്ചു. ‘ഇവനെന്താടാ കുളിപ്രാന്താ’ എന്നൊക്കെ ചോദിക്കുന്ന അവസ്ഥ വരെയെത്തി. കുളിയോടു കുളി, കുക്കുളി. ‘സിന്തോൾ സോപ്പുമേടിച്ചു അമ്മ ദരിദ്രയാകുന്ന സാഹചര്യംവരെയെത്തി. കാലവും പ്രകൃതിയും എന്നിൽ അനിവചനീയതകളുടെ ഘോഷയാത്രതന്നെ നടത്തി. അക്കാലത്ത് അല്പം അകന്നബന്ധുവായ ഒരു സ്ത്രീയിലായിരുന്നു ഞാൻ ഭാവനകളെ ആവാഹിച്ചിരുന്നത്. അവളുടെ സ്തനങ്ങളിൽ വികാരത്തിന്റെ വണ്ടുകളായി വലംവച്ചുകൊണ്ടു കൗമാരസ്വപ്നങ്ങളുടെ വിഹാസയിൽ രമിച്ചു.

Rajesh Shiva

സിനിമകൾ പതിവായി. ശ്രീബാലയും സെൻട്രൽ തിയേറ്ററും മണ്ണന്തല എസ്പിയും എന്റെ സങ്കേതങ്ങളായി. ഞാൻ അധികസമയവും അണ്ടർഗ്രൗണ്ടിൽ പോരാട്ടംതുടർന്നു. ലയനം എന്ന സിൽക്ക് സ്മിതയുടെ സിനിമ കാണാൻ ക്യൂവിൽ തള്ളിയപ്പോൾ പരവേശം മൂത്ത ഒരു വൃദ്ധന്റെ കൈയിൽ നിന്നും തല്ലുകിട്ടിയതും തുണ്ടുസ്മൃതികളിൽ തഴമ്പായിനിലനിൽക്കുന്നു. അക്കാലത്തു സില്ക്ക് സ്മിത, അഭിലാഷ, ഡിസ്ക്കോ ശാന്തി…തുടങ്ങി മാദകനടിമാരുടെ സൗന്ദര്യത്തിൽ കൗമാരം വട്ടംകറങ്ങിയിരുന്നു. സില്ക്കിന്റെ വശ്യമായ മുഖം ആബാലവൃദ്ധം പുരുഷന്മാരിരുടെയും മസ്തിഷ്കങ്ങളിൽ കാമത്തിന്റെ അഗ്നി പടർത്തിയിരുന്നു. അവളുടെ നാഭിച്ചുഴിയിൽ ഒരു സമൂഹത്തിലെ പുരുഷന്മാർ മുഴുവൻ വീണുകുടന്നിരുന്നു.

സിനിമയുമായുള്ള അവിഹിതം തുടരുമ്പോഴും ബസ്റ്റാന്റിലെ തുണ്ടുബുക്ക് കച്ചവടക്കാരനുമായുള്ള സൗഹൃദം പുതുക്കിക്കൊണ്ടിരുന്നു. അക്കാലത്തൊക്കെ ദൂരദർശനിൽ പാതിരാപ്പടം എന്നപേരിൽ അർദ്ധരാത്രിയിൽ ചില ‘ആശ്വാസസിനിമകൾ’ ഇടുമായിരുന്നു. അതായത് ലൈംഗികരംഗങ്ങൾ കാണിച്ചില്ലെങ്കിലും വികാരം ജനിപ്പിക്കാൻ സഹായിക്കുന്ന മാതിരിയുള്ള ചില സിനിമകൾ.വീട്ടിലെ കർശന നിബന്ധനകൾ കാരണം വല്ലപ്പോഴും മാത്രമേ കാണാസാധിച്ചിരുന്നുള്ളൂ.

പിന്നെ വീട്ടിൽ വിസിആർ വന്നു. കാസറ്റുകളുടെ കാലമായി. പലതുംകണ്ടുതുടങ്ങി. കൂട്ടുകാരിൽ നിന്നും അനവധി കാസറ്റുകൾ കിട്ടിക്കൊണ്ടിരുന്നകാലം. ഞാൻ കൊക്കോപ്പുഴു ബാധിതനെ പോലെ അവശനായിക്കൊണ്ടിരുന്നു. (അക്കാലത്തു തിയേറ്റർ തുണ്ടുസിനിമകളിൽ ഇടയ്ക്കിടെ കാണാറുണ്ടായിരുന്ന ഒരു നായികനടി എന്റെ പഴയ എഫ്ബി പ്രൊഫൈലിൽ സുഹൃത്തായിരുന്നു എന്ന് ഓർമ്മിക്കുന്നു. വര്ഷങ്ങള്ക്കു മുൻപ് ആ പ്രൊഫൈൽ ഡിലീറ്റ് ചെയ്തതിന്റെ ഫലമായി ആ സൗഹൃദം നഷ്ടപ്പെടുകയും പിന്നെയുള്ള പ്രൊഫൈലിൽ അവരുടെ സൗഹൃദലിസ്റ്റ് നിറഞ്ഞതുകാരണം ആഡ് ചെയ്യാൻ കഴിയാതെയുംവന്നു).

മീശകുരുത്തു, യൗവ്വനത്തിന്റെ തീക്ഷ്ണതയിലെത്തി. ഇതൊക്കെ സ്വാഭാവികമായ കാര്യങ്ങളായി. പഠനത്തിന്റെ നാൾവഴികളിലൂടെ മുന്നോട്ടുപോയി. അപ്പോൾ പഴയകാല ആവേശമൊക്കെ കുറഞ്ഞു. ഇക്കാര്യങ്ങളിൽ ഒട്ടും ഭയമില്ലാതായി. എംപി ഐടിസി, കോ-ഓപ്പറേറ്റിവ് കോളേജ് , യൂണിവേഴ്‌സിറ്റി കോളേജ്, കെൽട്രോൺ അനിമേഷൻ കാമ്പസ് എന്നിവടങ്ങളിലൂടെ പഠനം മുന്നേറി. പിന്നെ കമ്പ്യൂട്ടറും ഇന്റർനെറ്റും വന്നു. തുണ്ടു സൈറ്റുകളുടെ അതിപ്രസരത്തിൽ ഞാനും ലോകവും സദാചാരശീലങ്ങളെ പുതുക്കിയെഴുതി. രതിഭാവങ്ങളുടെ വന്യമായ പേമാരി നമ്മിൽ പെയ്തുതുടങ്ങി. ഒട്ടും താത്പര്യമില്ലാതെ ഷക്കീലയും മരിയയും രേഷ്മയും…കടന്നുപോയി. കിന്നാരത്തുമ്പികൾക്കു പിറകെ ഓടാതെ പ്രണയങ്ങളിലും പ്രണയനൈരാശ്യങ്ങളിലും കാലമെന്നെ തളച്ചിട്ടു ഒടുവിൽ ആൻഡ്രോയ്ഡ് യുഗമെത്തി. കൊച്ചുകുട്ടികളുടെ പോലും ആസ്വാദനശീലങ്ങളിൽ എന്റെ കൗമാരസ്മൃതികൾ പകച്ചുനിന്നു.

പഴയ കമ്പി തിയേറ്ററുകൾ ഒന്നടങ്കം അടച്ചുപൂട്ടി. മൊബൈലിൽ വിരലമർത്തിയാൽ തിയേറ്റർ സ്‌ക്രീനിൽ കാണാൻ കഴിയുന്നതിന്റെ എത്രയോ ഇരട്ടി മാരകമായ രംഗങ്ങൾ ഒഴുകിയെത്തുമ്പോൾ കൃത്രിമമായ ഭാവങ്ങളും സീൽക്കാരങ്ങളുടെ വിരസതയും നിറയുന്ന പഴയ കമ്പിസിനിമകൾ ആർക്കുവേണം. എങ്കിലും അക്കാലത്തെ മധുരസ്മൃതികളിൽ, കൗണ്ടറിൽ ക്യൂ നിൽക്കുന്ന കൗമാരക്കാരന്റെ ആ ത്രില്ലുണ്ടല്ലോ, അത് പറഞ്ഞാൽ മനസിലാകില്ല.. ആ സുഖം. അത് കാലത്തിന്റെ മാത്രം സംഭാവനയാണ്. കിഴക്കേക്കോട്ട ബസ്റ്റാറ്റിനും രൂപപരിണാമം സംഭവിച്ചിരിക്കുന്നു. കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാനാകാതെ ആ പഴയ തുണ്ടുബുക്ക് വിൽപ്പനക്കാരൻ മറ്റൊരു കച്ചവടത്തിലേക്കു സ്വയം പറിച്ചുനട്ടു. ബസിലിരുന്നു ആവഴിപോകുമ്പോൾ, എവിടേക്കോ കണ്ണുംനട്ടിരിക്കുന്ന ആ മധ്യവയസ്കന്റെ അരികിലെത്തി മറ്റേ ബുക്കുണ്ടോ എന്ന് ചോദിയ്ക്കാൻ എന്റെ മനസ് വെമ്പും.

കാമുകിമാരിലൂടെ, രതിയുടെ ഒട്ടനവധി പ്രയോഗികതകളിലൂടെ എന്റെ പ്രയാണം തുടർന്നു. ജീവിതത്തിൽ വസന്തം വിടരുകയും കൊഴിയുകയും ചെയ്തു.. ഋതുക്കളുടെ തീക്ഷ്ണതയും വിരസതയും ജീവിതത്തിലേക്കും പകർന്നു. വായിലേക്ക് ആഹാരംവച്ചുതരുന്നതുപോലെ ഇന്റർനെറ്റിൽ ഇന്ന് പോൺസൈറ്റുകളുടെ ആധിക്യമാണ്. വാട്സാപ്പിൽ ഒഴുകിനടക്കുന്നതിനു കയ്യുംകണക്കുമില്ല. അകലങ്ങളിലിരുന്നു രണ്ടുപേർക്കു പരസ്പരം ശരീരം ആസ്വദിച്ചു രതികേളികളിൽ ആറാടാം എന്ന അവസ്ഥവരെയെത്തി. എല്ലാകാലവും ഒരുപോലെ അനുഭവിച്ചുകൊണ്ട് മുന്നേറുമ്പോഴും ആ കൗമാരസ്വപ്നങ്ങളുടെ മാധുര്യം എവിടെയോ നഷ്ടമായല്ലോ എന്നോർക്കും. നഗരത്തെരുവുകളിൽ ലൈംഗികത്തൊഴിലാളികളും സ്വവർഗ്ഗരതിക്കാരും നിറയുന്നു. അവരിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി ഞാനെന്റെ രതിയുടെ സ്വപ്നഭൂമികളിലേക്കു പലായനം ചെയ്തുകൊണ്ടിരുന്നു. ഒരു അഭയാർഥിയെപ്പോലെ.