കൗമാരത്തിന്റെ മനഃശാസ്ത്രം

4739

ഒരു മനുഷ്യ ജീവിതത്തില്‍ ഏറ്റവും സമ്മോഹനമായ കാലഘട്ടമാണ് കൗമാരം. നമ്മിലെ സ്വപ്ന വസന്തത്തിന്റെ കാലം, ഉല്‍ക്കടമായ ആഗ്രഹങ്ങളുടെ കാലം, പ്രണയം പൂവിടര്‍ത്തുന്ന കാലം, നമ്മിലെ രതികാമനകള്‍ പൂക്കാന്‍ തുടങ്ങുന്ന കാലം, എന്നു വേണ്ട ജീവിതം അതിന്റെ സര്‍വ്വവിധ സൗന്ദര്യത്തോടും കൂടി നമ്മില്‍ പൂചൂടി നില്‍ക്കുന്ന കാലം.

പക്ഷേ സൂക്ഷിച്ചില്ലെങ്കില്‍ ജീവിതത്തിലെ ഏറ്റവും അപകടകരമായ കാലഘട്ടവുമാണ് കൗമാരം. ചിന്തയിലെ, പ്രവൃത്തിയിലെ, ആഗ്രഹങ്ങളിലെ, സ്വപ്നങ്ങളിലെ ദുര്‍മ്മേദസ്സുകള്‍ അതിന്റെ സര്‍വ്വവിധ രാക്ഷസീയതയോടെയും നമ്മില്‍ പെരുങ്കളിയാട്ടമാടുന്ന കാലഘട്ടവും ഇതേ കൗമാരം തന്നെയാണ്. ശരിയായ ദിശയിലേയ്ക്കല്ല സഞ്ചാരമെങ്കില്‍, അങ്ങനെയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത്യന്തം വിസ്‌ഫോടനാത്മകമായ ഒരു സ്ഥിതിവിശേഷത്തിലേയ്ക്ക് കൗമാരം നമ്മെക്കൊണ്ടെത്തിക്കും.

എന്തുകൊണ്ട് ജീവിതത്തിലെ മറ്റൊരു വളര്‍ച്ചാഘട്ടത്തിനുമില്ലാത്ത പ്രാധാന്യം കൗമാരത്തിനു ചാര്‍ത്തിക്കൊടുക്കുന്നു? എന്തൊക്കെ പ്രത്യേകതകളാണ് കൗമാരത്തിനുള്ളത്? കൗമാരം ഒരു ബാലനെ/ബാലികയെ എങ്ങനെയൊക്കെയാണ് പരുവപ്പെടുത്തുന്നത്? ഇതിനെല്ലാം ഉത്തരം നല്‍കാന്‍ സാധിച്ചാലേ എന്തുകൊണ്ട് കൗമാരം ഇത്രയേറെ വിസ്‌ഫോടനാത്മകമാകുന്നു എന്നതിന് തൃപ്തികരമായ ഒരു വിശദീകരണം നല്‍കാന്‍ സാധിക്കൂ. കൗമാരം എന്ന വളര്‍ച്ചാഘട്ടം ഒരു മനുഷ്യനിലുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

എന്താണ് കൗമാരം?

നമ്മുടെ ദൈനംദിന സംഭാഷണത്തില്‍ ഒരു പ്രത്യേക പ്രായ വിഭാഗത്തില്‍പെട്ട ആളുകളെ സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന വാക്കാണല്ലോ കൗമാരം. ഇംഗ്ലീഷില്‍ അതിനു സമാനമായ പദം Adolescenceഅല്ലെങ്കില്‍ Teen-age എന്നതാണ്. സത്യത്തില്‍ അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ബാല്യം എന്ന ജീവിതഘട്ടത്തിനുശേഷം വരുന്ന വളര്‍ച്ചാഘട്ടമാണ് കൗമാരം. പെണ്‍കുട്ടികള്‍ ഋതുമതിയാകുന്നതോടെയാണ് കൗമാരത്തിലേയ്ക്ക് കടക്കുന്നതെങ്കില്‍ ആണ്‍കുട്ടികളില്‍ ബീജോത്പാദനം ആരംഭിക്കുന്നതോടെയാണ് അവര്‍ കുമാരന്മാരാകുന്നത്. മുന്‍പൊക്കെ ഏതാണ്ട് പതിമൂന്നുവയസ്സിനു ശേഷമായിരുന്നു നമ്മുടെ പെണ്‍കുട്ടികള്‍ ഈ വളര്‍ച്ചാ ഘട്ടത്തിലേയ്ക്ക് കടന്നിരുന്നതെങ്കില്‍ പലവിധ ജീവിതആരോഗ്യ പരിപാലനഭക്ഷണ ശീലങ്ങള്‍ കൊണ്ട് ഇന്ന് ആ രീതിയില്‍ ചിലമാറ്റങ്ങള്‍ ദൃശ്യമാണ്. നമ്മുടെ പെണ്‍കുട്ടികള്‍ പലപ്പോഴും എട്ടുവയസ്സുമുതലൊക്കെ ഈ ഘട്ടത്തിലേയ്ക്ക് കടക്കുന്നത് ഒരു സമീപകാല പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ Teen-ageഎന്ന പ്രയോഗത്തിന്റെ സാംഗത്യം നഷ്ടപ്പെട്ടിരിക്കുന്നു. ഏതായാലും ഈ സമയത്താരംഭിച്ച് പ്രായപൂര്‍ത്തിയും പക്വതയും ആര്‍ജ്ജിച്ച ഒരാള്‍ ഏറ്റെടുക്കുന്നതുപോലെയുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പര്യാപ്തമാകുന്ന ഒരു കാലഘട്ടം വരെ ഈ കൗമാരം നീണ്ടു നില്‍ക്കുന്നു. എന്നാലും ഒരു പത്തൊന്‍പത്ഇരുപതു വയസ്സാണ് നാം അതിനായി പൊതുവെ പറഞ്ഞു പോരുന്ന ഒരു പരിധി. അതിനുശേഷം അവര്‍ കുമാരന്‍/കുമാരിയില്‍ നിന്നും യുവാവ്/യുവതി ആയി മാറുന്നു. അതുകൊണ്ടു തന്നെ നമുക്ക് ഈ ഘട്ടത്തിനെ ബാല്യത്തിനും യൗവ്വനത്തിനുമിടയിലുള്ള ഒരു പാലം എന്നു വിശേഷിപ്പിക്കാം.

ഇനി ഈ കൗമാരകാലഘട്ടത്തില്‍ കുട്ടികളില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത് എന്നു നമുക്ക് പരിശോഷിക്കാം.

ശാരീരികം

ഒരു മനുഷ്യന്‍ കടന്നു പോകുന്ന ജീവിത ഘട്ടങ്ങളില്‍ ശാരീരികമായ മാറ്റങ്ങള്‍ ഏറ്റവും കൂടുതലുണ്ടാകുന്നത് ഈ കൗമാര കാലഘട്ടത്തിലാണ്,പ്രത്യേകിച്ച് കൗമാരത്തിന്റെ ആദ്യ ഘട്ടത്തില്‍. വളര്‍ച്ചാ വിസ്‌ഫോടനമാണ് ഈ ഘട്ടത്തില്‍ സംഭവിക്കുന്നത്. ഒരു ബാലന്‍/ബാലിക പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു മനുഷ്യനായി മാറുന്നത് ഈ സമയത്താണ്. മനുഷ്യനിലെ അന്തഃസ്രാവി ഗ്രന്ഥികള്‍ (endocrine glands) ഈ സമയത്ത് വളരെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നു. ഒരു ആണ്‍കുട്ടി ഒരു പുരുഷനും ഒരു പെണ്‍കുട്ടി ഒരു സ്ത്രീയുമായി മാറുന്നത് ഇവിടെവച്ചാണ്. അതുകൊണ്ട് നമുക്കിതിനെ ഒരു transition periodഎന്നുവിളിക്കാം. കുട്ടികളില്‍ മാംസപേശികളും അസ്ഥികളും ഈ സമയത്താണ് പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉയരം വയ്ക്കുകയും പെണ്‍കുട്ടികള്‍ കൂടുതല്‍ പുഷ്ടിപ്രാപിക്കുകയും ചെയ്യും. കൗമാരത്തിന്റെ ആദ്യഘട്ടത്തില്‍പെണ്‍കുട്ടികളിലെ ശാരീരികവളര്‍ച്ചയുടെ തോത് ആണ്‍കുട്ടികളെക്കാള്‍ കൂടുതലായിരിക്കും. എന്നാല്‍ കൗമാരത്തിന്റെ രണ്ടാം ഘട്ടത്തില്‍ ആണ്‍കുട്ടികളുടെ ശരീരിക വളര്‍ച്ചയാണ് മുന്നില്‍ നില്‍ക്കുന്നത്. ആണ്‍കുട്ടികളില്‍ ബീജോത്പാദനവും പെണ്‍കുട്ടികളില്‍ ആര്‍ത്തവവും ആരംഭിക്കുന്നത് ഈ കാലഘട്ടത്തിലായിരിക്കും. കുട്ടികളിലെ ലൈംഗികാവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കുന്നത് ഈ കാലഘട്ടത്തിലാണ്. പെണ്‍കുട്ടികളുടെ സ്തനങ്ങള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നതും നിതംബഭാഗത്തെ മാംസപേശികള്‍ വികസിക്കുന്നതും വിടരുന്നതും ഈ ഘട്ടത്തിലാണ്. ആണ്‍കുട്ടികള്‍ക്ക് മുഖത്തും ഗുഹ്യഭാഗത്തും കക്ഷങ്ങളിലും നെഞ്ചിലും പെണ്‍കുട്ടികള്‍ക്ക് ഗുഹ്യഭാഗത്തും കക്ഷങ്ങളിലും രോമവളര്‍ച്ച ആരംഭിക്കുന്നു. സ്‌നേഹഗ്രന്ഥികളുടെ പ്രവര്‍ത്തനം കൂടുന്നതുമൂലം മുഖക്കുരു ഉണ്ടാകാന്‍ തുടങ്ങുന്നതും ഈ കാലഘട്ടത്തിലാണ്. ആണ്‍കുട്ടികളുടെ ശബ്ദം കട്ടിയാകുന്നതും കൗമാരത്തില്‍തന്നെ. ഇതൊക്കെ ബാഹ്യമായ മാറ്റങ്ങളാണെങ്കില്‍ ഇതിനോടൊപ്പം തന്നെ ആന്തരികമായും വളരേയേറെ മാറ്റങ്ങള്‍ കൗമാരക്കാരിലുണ്ടാകുന്നു.

മാനസികം

കുട്ടികളില്‍ ആശയരൂപീകരണം പക്വതയാര്‍ജ്ജിക്കുന്നത് കൗമാരത്തിലാണ്. കുട്ടികള്‍ നിര്‍ദ്ദിഷ്ടാശയങ്ങളെ സാമാന്യവത്കരിക്കാന്‍ തുടങ്ങുന്നത് കൗമാരത്തിലാണ്. അമൂര്‍ത്താശയങ്ങളുടെ രൂപീകരണവും (formation of abstract concepts) അമൂര്‍ത്താശയങ്ങളില്‍ നിന്ന് അനുമാനത്തിലെത്തിച്ചേരലും വളര്‍ച്ചപ്രാപിക്കുന്നത് കൗമാരത്തിലാണ്. കൂടാതെ ആത്മബോധം/ അഹംബോധം (Ego consciousness) കുട്ടികളില്‍ വളര്‍ച്ചപ്രാപിക്കുന്നത് ഈ പ്രായത്തിലാണ്. കുട്ടികളില്‍ (ആണിലും പെണ്ണിലും) ദിവാസ്വപ്നം കാണാനുള്ള സ്വഭാവവിശേഷം ഈ ഘട്ടത്തില്‍ വളരെക്കൂടുതലായിരിക്കും. കുട്ടികള്‍ ജീവിത/വ്യക്തി മാതൃകകള്‍ രൂപീകരിക്കാന്‍ തുടങങ്ങുന്നത് ഈ ഘട്ടത്തിലാണ്. ആണ്‍കുട്ടികളില്‍ താരാരാധന ഏറ്റവും കൂടുന്നത് ഈ പ്രായത്തിലാണ്. പലപ്പോഴും താരത്തിന്റെ സ്വഭാവസവിശേഷതകളുമായി ഏകതാനത പ്രാപിക്കുകയും അവന്റെ ഉടുപ്പിലും നടപ്പിലും പ്രവൃത്തിയിലുമെല്ലാം അത് പ്രതിഫലിക്കുകയും ചെയ്യും. ചിലപ്പോഴൊക്കെ അത് അപകടങ്ങള്‍ വിളിച്ചുവരുത്തുകയും ചെയ്യും. ആണ്‍കുട്ടികള്‍ സാഹസവൃത്തിയോട് താല്പര്യം കാണിക്കുകകയും എപ്പോഴും വീടിനുപുറത്തായിരിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ മുത്തശ്ശിക്കഥകളില്‍ തല്പരരാവുകയും മൃദുലവികാരങ്ങളെ കൂടുതലായി ഇഷ്ടപ്പെടുകയും വീട്ടിന്റെ സുരക്ഷിതത്വ വലയത്തില്‍ ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുകയും ചെയ്യും. എന്നിരുന്നാലും ജീവിത സാഹചര്യങ്ങളിലെ വൈരുധ്യങ്ങള്‍ ഇതിനു അപവാദങ്ങള്‍ സൃഷ്ടിച്ചേക്കാം.

വൈകാരികം

കുട്ടികളെ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്ന ഒരു ഘടകം അവരുടെ വികാരങ്ങളാണ്. ആന്തരികവും ബാഹ്യവുമായി ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, മാനസിക വളര്‍ച്ചയിലുണ്ടാകുന്ന പ്രത്യേകതകള്‍ തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ട് വൈകാരികമായ ഒരു സ്ഥായീഭാവം കൗമാരക്കാരിലുണ്ടാകില്ല. തിരയടങ്ങാത്ത കടലിനോടുപമിക്കാം നമുക്കവരുടെ വൈകാരിക വിക്ഷുബ്ധതയെ. അടിക്കടി അത് വിരുദ്ധ ധ്രുവങ്ങളിലേയ്ക്ക് ചാഞ്ചാടിക്കൊണ്ടിരിക്കും. വികാരത്തിന്റെ നിമ്‌നോന്നതങ്ങളിലേയ്ക്ക് അവര്‍ നിമിഷവേഗത്തില്‍ പ്രയാണം ചെയ്യും. വയലാറിന്റെ ഒരു ചലച്ചിത്രഗാനത്തിന്റെ രണ്ടുവരികള്‍ കൗമാരക്കാരുടെ വൈകാരികസ്വഭാവത്തിന് മികച്ച ഉദാഹരണമാണ്. ‘ വികാരം മുന്‍പേ കുതിക്കും അന്നു വിചാരം മുടന്തിനടക്കും…..’ എതിര്‍ ലിംഗത്തില്‍പെട്ടവരുടെ സ്‌നേഹത്തിനുവേണ്ടിയുള്ള ഉത്ക്കടമായ ആഗ്രഹം ഈപ്രായക്കാരുടെ പ്രത്യേകതയാണ്. മറ്റുള്ളവരുടെ (പ്രത്യേകിച്ച് സമപ്രായക്കാരുടെ) ക്ഷേമത്തിനും സൗഖ്യത്തിനുംവേണ്ട് എന്തുത്യാഗങ്ങള്‍ സഹിക്കാനും അവര്‍ തയ്യാറായിരിക്കും. ശരീരത്തില്‍ വര്‍ദ്ധിച്ച അനുപാതത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ സ്വധീനമാണ് ഇതിനു പ്രധാനകാരണമായി വര്‍ത്തിക്കുന്നത്. മുതിര്‍ന്നു എന്ന സ്വയം തോന്നലിന്റെ അടിസ്ഥാനത്തില്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ മുതിര്‍ന്നവര്‍ അംഗീകരിക്കാതെ വരുമ്പോള്‍ അനുഭവിക്കുന്ന അസ്തിത്വദുഃഖം(identity crisis) ഈ പ്രായത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടാണ് പ്രശസ്ത മനഃശാസ്ത്രജ്ഞനായ സ്റ്റാന്‍ലി ഹാള്‍ ഈ കാലഘട്ടത്തിനെ ‘കൗമാരം ആയാസത്തിന്റെയും മനഃക്ലേശത്തിന്റെയും കാലഘട്ടമാണ്; ഒപ്പം കലമ്പലിന്റെയും കൊടുങ്കാറ്റിന്റെയും’ എന്നു വിശേഷിപ്പിച്ചത്.

സാമൂഹികം

സാമൂഹികമായ അംഗീകാരം വളരേയേറെ കൊതിക്കുന്ന ഒരു ഘട്ടമാണ് കൗമാരം. മുന്‍പ് സൂചിപ്പിച്ചതുപോലെ ആണ്‍കുട്ടികള്‍ എപ്പോഴും പുറത്തായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ പൊതു സമൂഹത്തിന്റെ അംഗീകാരത്തിനു വേണ്ടി എന്തുതരത്തിലുള്ള സാഹസിക കൃത്യത്തിലും ഏര്‍പ്പെടാന്‍ അവര്‍ തയ്യാറായിരിക്കും. അതു ചിലപ്പോല്‍ സാമൂഹ്യവിരുദ്ധവുമായേക്കാം.അതുമാത്രമല്ല, പുറത്തായിരിക്കാന്‍ ഇഷ്ടപ്പെടുക എന്നതുകൊണ്ട് അവന്‍ അര്‍ത്ഥമാക്കുന്നത് സമപ്രായക്കാരുമായുള്ള ആണ്‍കുട്ടികളുടെ ഗ്രൂപ്പില്‍ ആയിരിക്കുക എന്നതാണ്. സംഘബോധം അവനില്‍ വളരെക്കൂടുതലായിരിക്കും. മറ്റാരെക്കാളും അവന്‍ തന്റെ ഗ്രൂപ്പിനായിരിക്കും പ്രാധാന്യം കൊടുക്കുന്നത്. അതില്‍ പ്രധാനിയാവുക എന്നത് അവന്റെ അന്തസ്സിന്റെ പ്രതീകമായാണ് അവന്‍ കാണുക. അതുകൊണ്ട് തന്നെ പുറത്തായിരിക്കുന്ന ആണ്‍കുട്ടി അപകടമുഖങ്ങളെ അഭിമുഖീകരിക്കാനുള്ള സാധ്യതകൂടുതലാണ്. ഇനി ക്ലാസ്സ് മുറിയിലാണെങ്കില്‍ അധ്യാപകരുടെയും എതിര്‍ലിംഗത്തില്‍പ്പെട്ട സഹപാഠിയുടേയും അംഗീകാരം അദമ്യമായി കൊതിക്കും കുമാരീകുമാരന്മാര്‍. ഈ പ്രായത്തില്‍ കുട്ടികളില്‍ സ്വാതന്ത്ര്യവാഞ്ഛ കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ മാതാപിതാക്കളുടെയും അധ്യാപകരുടെയുമൊന്നും നിര്‍ദ്ദേശങ്ങള്‍ അവര്‍ ചെവിക്കൊള്ളില്ല. അത് മിക്കവാറും തര്‍ക്കങ്ങള്‍ക്കിടയാക്കുകയും ചെയ്യും.

പ്രത്യേകതകളും പ്രശ്‌നങ്ങളും

മുകളിലെ വിശകനങ്ങളില്‍ നിന്നും പ്രധാനമായി എന്തൊക്കെ മാറ്റങ്ങളാണ് കൗമാരകാലത്ത് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഉണ്ടാവുക എന്നു നമ്മള്‍ മനസ്സിലാക്കി. ഈ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഇവരില്‍ കാണുന്ന പൊതുവായ പ്രത്യേകതകളും അതിന്റെ തുടര്‍ച്ചയായി അവരില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

 1. സ്വന്തം ശരീരത്തോട് കുട്ടികള്‍ക്ക് സ്‌നേഹം വളരെ കൂടുതലായിരിക്കും. അത് ഒരു പരിധി കടന്നാല്‍ നാര്‍സ്സിസിസം എന്ന അവസ്ഥയിലേയ്ക്ക് കുട്ടിയെ എത്തിച്ചേക്കാം. അതുകൊണ്ട് വളരേയേറെ സമയം കുട്ടികള്‍ കണ്ണാടിക്കുമുന്നില്‍ ചെലവിടും. സ്വന്തം ശരീരാവയവങ്ങളുടെ മുഴുപ്പും ഭംഗിയും ആസ്വദിക്കുക എന്നത് അവരുടെ ഒരു വിനോദമായി മാറും. ചിലപ്പോള്‍ അത് മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിലും അവര്‍ ആനന്ദം കണ്ടെത്തും. സൗന്ദര്യ പരിപാലനത്തില്‍ അവര്‍ ദത്തശ്രദ്ധരായിരിക്കും. സൗന്ദര്യ സംവര്‍ദ്ധക സാമഗ്രികള്‍, പുത്തന്‍ ഫാഷനിലുള്ള വസ്ത്രങ്ങള്‍ എന്നിവയോടൊക്കെ അവര്‍ക്ക് താല്പര്യം കൂടുതലായിരിക്കും. കൂടാതെ ശരീരവളര്‍ച്ചയെക്കുറിച്ചും ആരോഗ്യനിലയെക്കുറിച്ചും അനാവശ്യമായ ആകാംഷ ഇവര്‍ക്ക് കൂടുതലായിരിക്കും. അത് അവരുടെ ഭക്ഷണശീലങ്ങളിലും പ്രതിഫലിച്ച് കാണാം. ചിലര്‍ അമിത വണ്ണ ഭീതിമൂലം ഭക്ഷണം കുറയ്ക്കുമ്പോള്‍ മറ്റുചിലര്‍ കൂടുതല്‍ ആരോഗ്യത്തിനായി അമിതാഹാരതല്പരരാവും.
 2. കൗമരക്കാരന്റെ മനസ്സിനെ നമുക്ക് ഉരുകിയ മെഴുകിനോട് ഉപമിക്കാം. അതിനെ ഏതു തരത്തില്‍ വേണമെങ്കിലും വളരേ വേഗം വാര്‍ത്തെടുക്കാം. അതുകൊണ്ടു തന്നെ ഏതു അച്ചിലാണ് അതു വീഴുന്നത് എന്നത് വളരെ പ്രധാനമാണ്.
 3. ജീവിത മാതൃകകള്‍ രൂപീകരിക്കുന്നതും അവരെ അനുകരിക്കാന്‍ തുടങ്ങുന്നതും ഈ പ്രായത്തിലാണ്. മിക്കവാറും മാതൃകകളെല്ലാം തന്നെ തങ്ങളുടെ ചുറ്റുപാടും നിന്നാവും കുട്ടികള്‍ കണ്ടെത്തുന്നത്. പെണ്‍കുട്ടികളുടെ ആദ്യകാല മാതൃകകള്‍ അമ്മയും അധ്യാപികയുമൊക്കെയാകുമ്പോള്‍ മിക്കവാറും ആണ്‍കുട്ടികളുടെയെല്ലാം മാതൃക അച്ഛനായിരിക്കും.
 4. താരാധനയും സമീകരണവും വളരെ വര്‍ദ്ധിക്കുന്ന ഒരു കാലഘട്ടമാണിത്. സ്വന്തം ആരാധനാപാത്രമായ താരമായി സ്വയം മാറുന്ന അവസ്ഥ സംജാതമാകും. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലുമെല്ലാം ഇത് ദൃശ്യമാകും. അത് അവരെ പല അപകടങ്ങളിലേയ്ക്കും കൊണ്ടെത്തിക്കും. (സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കുട്ടിയുടെ കാര്യം തന്നെയെടുക്കുക. പ്രശസ്ത ഹോളിവുഡ് നടനായ സില്‍വസ്റ്റര്‍ സ്റ്റാലണ്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ‘റാംബോ’ എന്ന കഥാപാത്രമായി സ്വയം മാറി എപ്പോഴും കത്തിയും കുപ്പിച്ചില്ലുകളും ഒക്കെ കൊണ്ടുനടക്കുന്ന സ്വഭാവം അവനുണ്ടായിരുന്നു)
 5. സംഘബോധം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന കാലഘട്ടമാണ് കൗമാരം. ഈ സംഘങ്ങള്‍ പലപ്പോഴും സമൂഹത്തിന്റെ പൊതു ഇടങ്ങളില്‍നിന്ന് ഒറ്റതിരിഞ്ഞ തുരുത്തുകളായിരിക്കും. സ്വന്തം മാതാപിതാക്കളോട് പങ്കുവയ്ക്കുന്നതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ സംഘത്തില്‍ പങ്കുവയ്ക്കാനാവും കൗമാരക്കാര്‍ ഇഷ്ടപ്പെടുക.തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ ആരായുന്നതും അവരില്‍ നിന്നു തന്നെയാകും. ഈ പ്രതിവിധികള്‍ പലപ്പോഴും യാഥാര്‍ഥ്യ ബോധത്തിനു നിരക്കുന്നതാവില്ല. അത് കുട്ടികളെ കുഴിയില്‍ ചാടിക്കുക തന്നെ ചെയ്യും. ഇനി, ഈ സംഘത്തിന്റെ വിശ്വാസം ആര്‍ജ്ജിക്കാനായി എന്തു പ്രവൃര്‍ത്തിയും ( അത് സംഘത്തിന്റെ സ്വഭാവം അനുസരിച്ച് ഗുണകരമായതോ ദോഷകരമായതോ ആവാം) ചെയ്യാന്‍ അവര്‍ തയ്യാറാകുകയും ചെയ്യും.
 6. എതിര്‍ലിംഗത്തില്‍പ്പെട്ടവരോട് താല്പര്യം പ്രകടിപ്പിക്കാന്‍ തുടങ്ങുന്നത് ഈ കാലഘട്ടത്തിലാണ്. അത് പലപ്പോഴും പ്രണയം ആവണമെന്നില്ല. ഹോര്‍മോണുകളുടെ ( ടെസ്റ്റാസ്‌റ്റെറോണ്‍, ഈസ്ട്രജന്‍ ) വര്‍ദ്ധിച്ച ഉത്പാദനത്തെത്തുടര്‍ന്നുണ്ടാകുന്ന കേവല ശാരീരികാസക്തി മാത്രമാവാമത്. ഇതും കുട്ടികളെ (പ്രത്യേകിച്ച് പെണ്‍കുട്ടികളെ) വലിയ പ്രശ്‌നങ്ങളില്‍ ചാടിക്കും.
 7. രതിവികാരം കുട്ടികളില്‍ മൊട്ടിടുന്നത് കൗമാരത്തിലാണ്. അവരില്‍ അതുമായി ബന്ധപ്പെട്ട ധാരാളം സംശയങ്ങള്‍ ഉണ്ടാകും. അതിന് അവര്‍ ഉത്തരമന്വേഷിക്കുക സമപ്രായക്കാരോടോ അല്ലെങ്കില്‍ അശ്ലീല പുസ്തകങ്ങളിലോ വെബ്‌സൈറ്റുകളിലോ ആകും. ഈ ഉറവിടങ്ങളില്‍ നിന്നു ലഭിക്കുന്ന അതിശയോക്തി കലര്‍ന്ന/ യാഥാര്‍ഥ്യബോധം തൊട്ടു തെറിച്ചിട്ടില്ലാത്ത വിവരങ്ങള്‍ അവരില്‍ തെറ്റായ രതി സങ്കല്പങ്ങള്‍ വളര്‍ത്താന്‍ കാരണമാകും.
 8. അസ്തിത്വബോധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുട്ടി അഭിമുഖീകരിക്കാന്‍ തുടങ്ങുന്നത് ഈ പ്രായത്തിലാണ്. താന്‍ മുതിര്‍ന്നയാളാണോ അതോ കുട്ടിയാണോ എന്ന സംശയം അവനില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ചിലപ്പോള്‍ അവരെ മുതിര്‍ന്നയാളായി പരിഗണിക്കുമ്പോള്‍ മറ്റുചിലപ്പോള്‍ അവരെ കുട്ടിയായാവും പരിഗണിക്കുക. ഇത് അവരില്‍ പ്രശനങ്ങള്‍ സൃഷ്ടിക്കും. ഉദാഹരണമായി കളിക്കാന്‍ പോയി വൈകി വരുന്ന കുട്ടിയോട് വീട്ടില്‍ പറയുന്നത് ‘ മുതിര്‍ന്നില്ലേ ഇനിയെങ്കിലും ഇങ്ങനെ കളിച്ചു നടക്കാതെ വീട്ടിലെ കാര്യങ്ങള്‍ ഒക്കെ അന്വേഷിച്ചുകൂടെ’ എന്നാവും. ഇനി അവന്‍ മുതിര്‍ന്നവര്‍ക്കിടയില്‍ ചെന്ന് വീട്ടുകാര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞാലോ, കിട്ടുന്ന മറുപടി അതിനിവിടെ മുതിര്‍ന്നവര്‍ ഉണ്ടെന്നും കുട്ടികള്‍ കുട്ടികളുടെ കാര്യങ്ങള്‍ അന്വേഷിച്ചാല്‍ മതി’ എന്നുമാവും. പ്രശസ്ത മനഃശാസ്ത്രജ്ഞനായ എറിക് എറിക്‌സണ്‍ ഇതിനെ identity vs role conflictഎന്ന സംജ്ഞ ഉപയോഗിച്ച് നിരീക്ഷിക്കുന്നു.
 9. ആത്മബോധം കുട്ടികളില്‍ വളരാന്‍ തുടങ്ങുന്നതും ഈ പ്രായത്തിലാണ്. താന്‍ മുതിര്‍ന്നയാളായി എന്ന ഒരു വിശ്വാസം അവരില്‍ ഉണ്ടാകും. പക്ഷേ പല സാഹചര്യങ്ങളിലും താന്‍ കുട്ടിയായി പരിഗണിക്കപ്പെടുമ്പോള്‍ അത് പ്രശനങ്ങള്‍ സൃഷ്ടിക്കും. ഇതിനാല്‍ മാതാപിതാക്കളുമായും അധ്യാപകരുമായും മറ്റു മുതിര്‍ന്നവരുമായുമൊക്കെ വഴക്കുകള്‍ പതിവായിമാറും. പലപ്പോഴും കുട്ടികള്‍ വീടുവിട്ടു പോകാന്‍ വരെ ഇതു കാരണമായേക്കാം.
 10. വൈകാരിക അസ്ഥിരത ഈ പ്രായത്തിന്റെ മറ്റൊരു സവിശേഷതയാണ്. നിമിഷ വേഗത്തിലാണ് ഇവരില്‍ വികാരങ്ങള്‍ മാറിമാറി പ്രതിഫലിക്കുന്നത്. ഇത് കടുത്ത മാനസിക സംഘര്‍ഷത്തിനു കാരണമാകും. ഏകാഗ്രത കുറയാനും ഈ വൈകാരിക അസ്ഥിരത കാരണമാകും.
 11. ഒരു വിഭാഗം കൗമാരക്കാരില്‍ കണ്ടുവരുന്ന മറ്റൊരു പ്രത്യേകത, കൂടുതല്‍ സമയം മുറിയടച്ച് ഒറ്റയ്ക്കിരിക്കാനുള്ള താല്പര്യമാണ്.

കേരളത്തിലെ കൗമാരക്കാര്‍

ഏതൊരു സംസ്‌കാരത്തിലും സമൂഹത്തിലും കാണുന്നതുപോലെ കേരളീയ സമൂഹത്തിലും കൗമാരത്തിലേയ്ക്ക് കടക്കലുമായി ബന്ധപ്പെട്ട ചില ആചാരപ്രമാണങ്ങളൊക്കെയുണ്ട്. കാലവും ജീവിതരീതിയുമെല്ലാം ഏറെ മാറിയെങ്കിലും അവയെല്ലാം ഏറിയും കുറഞ്ഞും ഇന്നും നിലനിന്നു പോരുന്നു. നമ്മുടെ ഈ ആചാരരീതികളെല്ലാം പെണ്‍കുട്ടികളുമായി മാത്രം ബന്ധപ്പെട്ടതാണ്. (മിക്കവാറും എല്ലാ സമൂഹങ്ങളിലും അങ്ങനെയാണു താനും). അന്നുമുതല്‍ അവളെ കൂടുതല്‍ ശ്രദ്ധിക്കുകയും ആണ്‍കുട്ടി താരതമ്യേനെ വളര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവഗണിക്കപ്പെടുകയുമാണ് പതിവ്. ഇത് അവനെ കുടുംബത്തില്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഉണ്ടാക്കാന്‍ ഒരളവുവരെ കാരണമാകുന്നുണ്ട്. കൗമാരത്തിലേയ്ക്ക് കടന്നു കഴിഞ്ഞാല്‍ നമ്മുടെ പെണ്‍കുട്ടികള്‍ കുടുംബത്തിലെ പ്രത്യേകിച്ച് അടുക്കളക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. അതുമൂലം അവള്‍ കൂടുതല്‍ മുതിര്‍ന്നു എന്ന ഒരു തോന്നല്‍ സ്വാഭാവികമായി എല്ലവരിലും (അവളിലുള്‍പ്പെടെ ) വന്നുചേരുകയാണ് പതിവ്. അതുമൂലം അവള്‍ സമപ്രായത്തിലുള്ള ആണ്‍കുട്ടികളെ അപേക്ഷിച്ച് കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവളായി മാറുന്നു. അതിനാല്‍ തന്നെ ബാല്യത്തില്‍ ലഭിച്ചിരുന്ന ശിക്ഷാവിധികളില്‍ നിന്ന് അവള്‍ വലിയ ഒരളവുവരെ ഒഴിവാകുകയും ചെയ്യുന്നു. എന്നാല്‍ ആണ്‍കുട്ടികളുടെ സ്ഥിതി നേരെ മറിച്ചാണ്. അവന്‍ ചെയ്യുന്ന ചെറിയ ചെറിയ കുസൃതികള്‍ക്കു പോലും ബാല്യത്തില്‍ ലഭിച്ചിരുന്നതിനേക്കാള്‍ വലിയ ശിക്ഷകളാവും അവനു ലഭിക്കുക. എങ്കിലും ആധുനികകാല ജീവിത ക്രമത്തില്‍ ഇതിനു വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെപ്പോലെതന്നെ വീട്ടുകാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുന്നുണ്ട്. അതു പ്രധാനമായും അവരുടെ പഠനകാര്യങ്ങള്‍ക്ക് മുന്‍പത്തേക്കാള്‍ പ്രാധാന്യം നമ്മുടെ സമൂഹം നല്‍കുന്നതുകൊണ്ടു തന്നെ. അത് ഒരളവുവരെ അവരുടെ പക്വതയാര്‍ജ്ജിക്കലിനു വിഘാതമാകുന്നുമുണ്ട്.

നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അണുകുടുംബ സംസ്‌കാരം നമ്മുടെ കൗമാരക്കാരെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. പങ്കുവയ്ക്കല്‍ എന്ന ഒരു ശീലം വളര്‍ത്താന്‍ അതുമൂലം അവര്‍ക്ക് കഴിയാതെ വരുന്നു. മാത്രമല്ല ഇതുമൂലം പലപ്പോഴും കുട്ടികള്‍ സമപ്രായക്കാരുമായി ഇടപെടാനാകാതെ അടച്ചിട്ടുവളര്‍ത്തപ്പെടുകയാവും പതിവ്. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ ഇത്തരക്കാരില്‍ കൂടുതലായിരിക്കും. ഇത് ആരോഗ്യകരമായ ഒരു സാമൂഹിക ക്രമം പരിശീലിക്കുന്നതിനു നമ്മുടെ കുട്ടികള്‍ക്ക് വളരെ വലിയ ഒരളവുവരെ വിഘാതമാകുന്നുണ്ട്.

കുടുംബ ബന്ധങ്ങളിലെ ശൈഥില്യം ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. അതുമൂലം കുട്ടികള്‍ക്ക് പലപ്പോഴും അച്ഛന്റെയോ അമ്മയുടെയോ ഒക്കെ സ്‌നേഹവും സംരക്ഷണവും ശ്രദ്ധയും ഒന്നും ലഭിക്കാതെ വരും. ഇത് അവരില്‍ വൈകാരികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ഇത് അവരുടെ വ്യക്തിത്വ വികസനത്തെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ( ലെജിനെ കൊലപ്പെടുത്തിയ കുട്ടിയുടെ കാര്യം തന്നെയെടുക്കുക. അവന്‍ ശിഥില കുടുംബത്തിലെ അംഗമാണ്. അച്ഛന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു അവന്റെ അമ്മ. അയാള്‍ നാലാമതും വിവാഹിതനായിരിക്കുന്നു)

മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗമാണ് കൗമാരകേരളം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ഇത് അനാരോഗ്യകരവും അനാവശ്യവുമായ ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കാരണമാകുന്നു. മാത്രമല്ല ക്യാമറ, മറ്റ് അത്യന്താധുനിക സംവിധാനങ്ങള്‍ ഒക്കെ ഉള്ള മൊബൈല്‍ ഫോണുകള്‍ കുട്ടികളെ പലപ്പൊഴും ലൈംഗിക അരാചകത്വത്തിലേയ്ക്കാവും നയിക്കുക. നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാന വിസ്‌ഫോടനം ഇന്റര്‍നെറ്റ് വളരെ എളുപ്പത്തില്‍ തീരെ കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാക്കിയിരിക്കുന്നു. കൗമാരക്കാര്‍ കൂടുതലും നൈമിഷിക സുഖത്തിനായി അശ്ലീല സൈറ്റുകള്‍ പരതാനാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. ഇത് അധമവാസനകള്‍ വളര്‍ത്തും എന്നു മാത്രമല്ല ലൈംഗികതയുമായി ബന്ധപ്പെട്ട് വളരെ മ്ലേച്ഛമായ ഒരു സംസ്‌കാരവും വിശ്വാസങ്ങളും വളര്‍ത്താന്‍ കാരണമാകുകയും ചെയ്യും.

കൂടാതെ കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗം ഒരു സമീപകാല ദുര്യോഗമാണ്. പലപ്പോഴും തമാശയ്ക്ക് ആരംഭിച്ച് പിന്നീട് ഇതിന്റെ അടിമകള്‍ ആയി മാറുകയാണ് ചെയ്യുന്നത്. ഇതു മാത്രമല്ല, പിന്നീട് ഇവര്‍ ഇതിന്റെ വാഹകരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നമ്മുടെ കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വന്നുകൊണ്ടിരിക്കുന്ന ആഡംബര ഭ്രമം അവരെ കൂടുതല്‍ ധന സമ്പാദനത്തിനു പ്രേരിപ്പിക്കുന്നു. കൂടുതല്‍ പണത്തിനുവേണ്ടിയാണ് പലപ്പോഴും കുട്ടികള്‍ ഈ മേഖലയില്‍ എത്തിപ്പെടുന്നത്.

ഈ ആഡംബരഭ്രമവും മയക്കുമരുന്നിലും മദ്യത്തിലുമുള്ള അടിമപ്പെടലും കൂടുതല്‍ പണത്തിനുവേണ്ടി എന്തു കുറ്റകൃത്യവും ചെയ്യാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നു. കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ഇതിനു തെളിവാണ്.

പൊതു സമൂഹത്തില്‍ നമ്മുടെ പെണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ ഒരു കൗമാര പ്രശ്‌നം എന്നതിനപ്പുറം ഒരു വലിയ സാമൂഹ്യപ്രശനമായി മാറിക്കൊണ്ടിരിക്കുന്നു.

നമ്മുടെ കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ പരിതാപകരമാണ്. അതുകൊണ്ടു തന്നെ നമ്മുടെ കൗമാരക്കാര്‍ക്കിടയില്‍ ആത്മഹത്യാപ്രവണത വളരെക്കൂടുതലാണ്. അസ്തിത്വദുഃഖം, മാതാപിതാക്കള്‍ മനസ്സിലാക്കാതിരിക്കുക, ജീവിതപ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടാനും നിര്‍ദ്ധാരണം ചെയ്യാനുമുള്ള ശേഷിക്കുറവ്, അറിയാതെ അകപ്പെട്ടുപോകുന്ന ചതിക്കുഴികള്‍, വിദ്യാലയവുമായി ബന്ധപ്പെട്ട കാരണങ്ങള്‍, ദൃശ്യമാധ്യമങ്ങളുടെ വര്‍ദ്ധിച്ച സ്വാധീനം തുടങ്ങി നിരവധിക്കാരണങ്ങള്‍ ഇതിലേയ്ക്ക് ചേര്‍ത്തുവയ്ക്കാനാവും.

ഇവയില്‍ പലതും കേരളത്തിന്റെ മാത്രം പ്രശ്‌നങ്ങളല്ലെങ്കിലും നമ്മുടെ സമൂഹത്തില്‍ സമീപകാലത്തായി വര്‍ദ്ധിച്ച തോതില്‍ കാണുന്നതും അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധയും പഠനവും ആവശ്യപ്പെടുന്നതുമായ പ്രശ്‌നങ്ങള്‍ തന്നെയാണിവ.

പ്രതിവിധികളും പരിഹാര മാര്‍ഗ്ഗങ്ങളും

ഇവിടെ ചര്‍ച്ച ചെയ്ത പ്രശ്‌നങ്ങള്‍ക്കൊന്നും റെഡിമെയ്ഡ് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ല. എന്നാല്‍ നമ്മള്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഇവയില്‍ വളരേയേറെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വലിയ അളവുവരെ കുറയ്ക്കുവാനും സാധിക്കും. ഇത് ഒരു വ്യക്തിയുടേയോ കുടുംബത്തിന്റെയോ മാത്രം പ്രശ്‌നമല്ല. അതുകൊണ്ടു തന്നെ മാതാപിതാക്കള്‍ക്കും, അധ്യാപകര്‍ക്കും, വിദ്യാലയത്തിനും പൊതു സമൂഹത്തിനും ഈ പ്രശ്‌നങ്ങളില്‍ ഇടപെടാനും അതു പരിഹരിക്കാനും ധാര്‍മ്മികമായ ബാധ്യതയുണ്ട്.

 1. ഇതില്‍ ഏറ്റവും പ്രധാനം കൗമാരകാലഘട്ടത്തിലെ പ്രത്യേകതകളും മനസ്സിലാക്കി മാതാപിതാക്കളും അധ്യാപകരും മറ്റു മുതിര്‍ന്നവരും അവരോടു പെരുമാറുകയും ഇടപെടുകയും ചെയ്യുക എന്നതാണ്. താന്‍ ചെറുതായിപ്പോയി എന്ന തോന്നല്‍ ഒരിക്കലും ഒരു കൗമാരക്കാരനില്‍ ഉണ്ടാകാന്‍ പാടില്ല. അവനുവേണ്ടി മുതിര്‍ന്നവര്‍ ഇടയ്‌ക്കെപ്പോഴെങ്കിലുമുക്കെ ഒന്നു ചെറുതായിക്കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ല.
 2. ഒരു സുഹൃത്തിനോടെന്ന പോലെ അവരോടു പെരുമാറാന്‍ ശ്രമിക്കുക. അവനും അവള്‍ക്കും എന്തും ( അത് അടിവരയിട്ടു തന്നെ പറയട്ടെ) തുറന്നു പറയാനും ചര്‍ച്ച ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകുന്ന ഒരവസ്ത സംജാതമാകണം. അല്ലാതെ അവര്‍ സംശയങ്ങള്‍ ചോദിക്കുമ്പോള്‍ നാവടക്കുകയല്ല വേണ്ടത്. പെണ്‍കുട്ടിക്ക് അമ്മയും അധ്യാപികയും ഈ റോള്‍ ഏറ്റെടുക്കുമ്പോള്‍ ആണ്‍കുട്ടിയ്ക്ക് അച്ഛനും അധ്യാപകനും ആകുന്നതാണ് ഭംഗി.
 3. ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ അവരെ ഓടിച്ചു വിടേണ്ടതില്ല. പറയുന്ന കാര്യങ്ങള്‍ ഒന്ന് ഒതുക്കി സംസാരിച്ചാല്‍ മതി. മാത്രമല്ല അവസരം കിട്ടുമ്പോഴെല്ലാം ലൈംഗികതയെക്കുറിച്ചും ലൈംഗികാവയവങ്ങളെക്കുറിച്ചുമുള്ള ശരിയായ ചിത്രം അവര്‍ക്ക് നല്‍കാന്‍ ശ്രമിക്കണം. അതുകൊണ്ടുള്ള ഗുണങ്ങള്‍ രണ്ടാണ്. ഒന്നാമതായി അറിവിനായി തെറ്റായ ഉറവിടങ്ങള്‍ തേടിപ്പോകുന്നതും തെറ്റായ വിവരങ്ങള്‍ സമ്പാദിക്കുന്നതും തടയാന്‍ പറ്റും. രണ്ടാമതായി, മറ്റുള്ളവരുടെ പെരുമാറ്റങ്ങളില്‍ നിന്നും ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ടവ വേര്‍തിരച്ചറിഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശീലിക്കും.
 4. കുടുംബബന്ധങ്ങള്‍ ശക്തമായി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ സാധിക്കണം. കുട്ടികളോടുള്ള സ്‌നേഹം മനസ്സിലടക്കി, അമിത സ്‌നേഹം അവരെ വഴിതെറ്റിക്കുമെന്നു ഭയന്ന്, വയ്ക്കാതെ അത് തുറന്നുപ്രകടിപ്പിക്കുക തന്നെ വേണം. എന്നാലത് അമിതമായി പോകാതെ ശ്രദ്ധിക്കുകയും വേണം. കുടുംബാംഗങ്ങള്‍ തമ്മില്‍ ശരിയായ ആശയവിനിമയം വേണം. ദിവസവും അരമണിക്കൂറെങ്കിലും മറ്റെല്ലാ ജോലിയും മാറ്റിവച്ച് എല്ലാവരും കൂടിയിരുന്ന് സംസാരിക്കണം. ഇത് ഒരിക്കലും ടി.വി. കണ്ടുകൊണ്ടോ മറ്റെന്തെകിലും പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടോ ആകരുത്. ഇടയ്‌ക്കൊക്കെ കുടുംബത്തിലെ എല്ലാവരുമൊന്നിച്ചു പുറത്തുപോവുക, കുടുംബാംഗങ്ങള്‍ എല്ലാവരും ഉല്ലാസ പ്രവൃത്തികളില്‍ ഏര്‍പ്പെടുക (Indore gamesപോലെയുള്ളവ) തുടങ്ങിയവയൊക്കെ ആരോഗ്യകരമായ കുടുംബബന്ധങ്ങള്‍ വളര്‍ത്തിയെടുക്കും.
 5. ഒരിക്കലും കുട്ടികളില്‍ അമിതമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. അത് ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക.
 6. അവര്‍ക്ക് പുറത്തുപോകാനും കൂട്ടുകാരുമായി സഹകരിക്കാനുമുള്ള അവസരങ്ങള്‍ തീര്‍ച്ചയായും അനുവദിച്ച് കൊടുക്കണം. അവര്‍ എവിടെപ്പോകുന്നു ആരോടൊക്കെ സഹകരിക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു ചിത്രം നമുക്കുണ്ടാകണം. എന്നാല്‍ അത് ആധികാരികമായി അവരില്‍ നിന്ന് ചോര്‍ത്തിയെടുക്കുകയല്ല വേണ്ടത്. അവരുടെ സുഹൃത്തുക്കള്‍ ആരാണെന്ന് നാം അറിയുകയും അവര്‍ക്ക് വീട്ടില്‍ വരാനും സഹകരിക്കാനുമുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുകയും വേണം. ഇത് ആരോഗ്യകരമായ ബന്ധങ്ങലും സ്വഭാവ രീതികളും വളര്‍ത്തിയെടുക്കാന്‍ അവരെ സഹായിക്കും. എപ്പോഴും നമ്മുടെ ഒരു കണ്ണ് അവര്‍ക്ക് മേല്‍ ഉണ്ടെന്നും അതിരുകള്‍ കടക്കുമ്പോള്‍ (എന്നാല്‍ മാത്രം) നമ്മള്‍ ഇടപെടുമെന്നും ഉള്ള ഒരു തോന്നല്‍ അവരില്‍ ഉണ്ടായിരിക്കണം.
 7. കുട്ടികളില്‍ ആരോഗ്യകരമായ സാമൂഹികബോധം വളര്‍ത്തിയെടുക്കുക.
 8. കൂടുതല്‍ സമയം മുറിയടച്ച് ഒറ്റയ്ക്കിരിക്കാനുള്ള അവസരം നല്‍കാതിരിക്കുക
 9. അനാവശ്യമായ ഫാഷന്‍ ഭ്രമം ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.
 10. യാതൊരുകാരണവശാലും കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വാങ്ങിക്കൊടുക്കരുത്. വീട്ടില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഒക്കെയുണ്ടെങ്കില്‍ അവ എല്ലാവര്‍ക്കും കാണാവുന്ന സ്ഥലത്ത് വയ്ക്കുക. കൂടുതല്‍ സമയം കുട്ടികള്‍ അതിന്റെ മുന്നില്‍ ഇരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇപ്പോള്‍ ധാരാളം parental controlസോഫ്‌റ്റ്വെയറുകള്‍ വിപണിയില്‍ ലഭ്യമാണ്. ചെലവൊന്നുമില്ലാതെ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നവയുമിന്ന് സൈറ്റുകളില്‍ ലഭ്യമാണ്. അതുപയോഗിച്ച് കുട്ടികള്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കുക. കുട്ടികള്‍ ഇന്റര്‍നെറ്റ് കഫെകളിലെ നിത്യ സന്ദര്‍ശകരല്ല എന്ന് ഉറപ്പ് വരുത്തുക.
 11. യാതൊരു കാരണവശാലും അപരിചിതരുമായി ഉണ്ടാക്കുന്ന ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കരുത്.
 12. കുട്ടികളുടെ കയ്യില്‍ കൂടുതല്‍ പണമോ വിലക്കൂടിയ വസ്തുക്കളോ കണ്ടാല്‍ നിര്‍ബന്ധമായും അതിന്റെ ഉറവിടം അന്വേഷിക്കണം.
 13. മാതാപിതാക്കളും അധ്യാപകരും കുട്ടികള്‍ക്ക് ഉത്തമ മാതൃകകളാവുക എന്നത് വളരെ പ്രധാനമാണ്. കാരണം കുട്ടികള്‍ അവരെ അനുകരിക്കാന്‍ തുടങ്ങുമ്പോള്‍ അവരുടെ തെറ്റായ സ്വഭാവ സവിശേഷതകളും അനുകരിക്കും എന്നതുതീര്‍ച്ചയാണ്.
 14. കുട്ടികളുടെ പെരുമാറ്റം കൃത്യമായി നിരീക്ഷിക്കുക. കണ്ണിലും വായിലും ശാരീരിക ചലനങ്ങളിലും ഒക്കെ കാണുന്ന അസ്വാഭാവിക മാറ്റങ്ങള്‍ അവര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിന്റെ തെളിവാകാം. അങ്ങനെ ഉപയോഗിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അതിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക.
 15. ആവശ്യമെങ്കില്‍ കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുക. വളര്‍ച്ചയുടെ ഈ ഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളെ അംഗീകരിക്കാനും അവയുമായി താദാത്മ്യം പ്രാപിക്കാനും അപകടങ്ങളെ മുന്‍കൂട്ടിക്കാണാനും ഒക്കെ കൗണ്‍സലിംഗ് കുട്ടികളെ സഹായിക്കും.
 16. വിദ്യാലയങ്ങളില്‍ സമയാ സമയങ്ങളില്‍ അവബോധ പരിപാടികള്‍ സംഘടിപ്പിക്കുക. സര്‍ക്കാര്‍ തലത്തില്‍ നമ്മുടെ ഹൈസ്‌കൂളുകളില്‍ ആരംഭിച്ചിട്ടുള്ള കൗമാരാരോഗ്യ വിദ്യാഭ്യാസ പദ്ധതി ഇതിനുദാഹരണമാണ്.
 17. സാമൂഹിക ബോധം വളര്‍ത്തുന്ന, സംഘപ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളില്‍ (NCC, NSS, etc.) അംഗങ്ങളാകാന്‍ അവരെ പ്രേരിപ്പിക്കുക.
 18. വിദ്യാലയത്തിനകത്തും പുറത്തും അധ്യാപകര്‍ കുട്ടികളെ നിരീക്ഷിക്കണം. തീര്‍ച്ചയായും അവര്‍ക്ക് ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. തെറ്റുകള്‍ കണ്ടാല്‍ ശിക്ഷിക്കുക എന്നതിനപ്പുറം അതിലെ അപകടങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് വേണ്ടത്.
 19. പൊതു ഇടങ്ങളില്‍ ഇവരില്‍ നിന്നുമുണ്ടാകുന്ന അസാമൂഹികഅസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളെ സമൂഹം നിയന്ത്രിക്കണം. ഇതൊരിക്കലും moral policingഎന്ന തരത്തിലാകരുത് എന്ന കാര്യം ശ്രദ്ധിക്കണം

ഇതൊന്നും ആത്യന്തികമായ പ്രതിവിധികളല്ല തന്നെ. ഓര്‍ക്കുക നാം നല്‍കുന്ന സ്‌നേഹവും പരിചരണവും സ്വാതന്ത്ര്യവും വിശ്വാസവുമൊക്കെയാണ് ഒരു കൗമാരക്കാരനെ/കാരിയെ ആത്മവിശ്വാസമുള്ളയാളാക്കിമാറ്റുന്നത്. നമ്മളാണ് അവരുടെ ഭാവിയുടെ, നന്മയുടെകാവല്‍ക്കാര്‍. മേല്‍ സൂചിപ്പിച്ചതുപോലെ ഇതു കേവലം ഒരു കുടുംബത്തിന്റെ മാത്രം ചുമതലയല്ല. നേരേ മറിച്ച് അധ്യാപകര്‍ക്കും വിദ്യാലയത്തിനും അതിലുപരി പൊതു സമൂഹത്തിനും ഇതില്‍ വളരെ വ്യക്തമായ പങ്കു വഹിക്കാനുണ്ട്. നമ്മുടെ ഭാവി തലമുറയുടെ ഭാവി നമ്മുടെ കയ്യിലാണെന്ന കാര്യം എപ്പോഴും നമ്മുടെ സ്മൃതിപഥത്തിലുണ്ടാകട്ടെ.

സഹായക സാമഗ്രികള്‍

 1. Psychology- Robert .A. Baron
 2. Advanced Educational Psychology-S.K. Mangal
 3. http://en.wikipedia.org/wiki/Adolescence
 4. http://expertscolumn.com/

Comments are closed.