പരിസ്ഥിതിയും വികസനവും
മാറ്റം വരുത്തേണ്ടത് നിലപാടുകളിലാണ്.

സാബു ജോസ് (സോഷ്യൽ മീഡിയയിൽ എഴുതിയത് )

സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ചുറ്റുപാടുകള്. അതിലാര്ക്കും സംശയമുണ്ടാകില്ല. എന്നാല് നമ്മുടെ ചുറ്റുപാടുകള്ക്കുണ്ടാകുന്ന മാറ്റങ്ങളുടെ വേഗത കൂടുന്നത് ശ്രദ്ധിക്കാതിരിക്കാന് കഴിയില്ല. പ്രകൃതി ദുരന്തങ്ങള്, കാലാവസ്ഥയിലുണ്ടാകുന്ന പ്രവചനാതീതമായ ചാഞ്ചാട്ടങ്ങള്, നീണ്ടുനില്ക്കുന്ന ഉഷ്ണകാലവും ശൈത്യവും, ശക്തമാകുന്ന കടലാക്രമണങ്ങള് എന്നിങ്ങനെ ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റങ്ങള് നിരീക്ഷിച്ചാല് ഈ ഗ്രഹം ഭാവിയില് നേരിടാന് പോകുന്ന ദുരന്തങ്ങളുടെ ചിത്രം ലഭിക്കും. പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകളില് ചിലത് ഹ്രസ്വമായ കാലയളവില് ഒരു ചെറിയ പ്രദേശത്തെ ആവാസ വ്യവസ്ഥയെ സ്വാധീനിക്കുന്നുണ്ടെങ്കില് ചിലത് ആഗോളപരിസ്ഥിതിയെതന്നെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വലിയൊരു ദുരന്തത്തിനു തൊട്ടടുത്താണ് നമ്മുടെ ഭൂമി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ നില തുടര്ന്നാല് അധികം താമസിയാതെ ഈ ഗ്രഹം ജീവന്റെ ശവപ്പറമ്പായി മാറും. മനുഷ്യരുടെ ഇടപെടല്കൊണ്ട് ഭൂമിക്കുണ്ടായിക്കൊണ്ടിരിക്കുന്ന മുറിവുകള് പരിശോധിക്കുന്നതിനും അത്തരം മുറിവുകളില് ഔഷധം പുരട്ടുന്നതിനും ഇനിയും വൈകിക്കൂടാ.

മലിനീകരണം

മണ്ണ്, വെള്ളം, വായു എല്ലാം മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നഷ്ടപ്പെട്ടുപോയ ചൈതന്യം വീണ്ടെടുക്കണമെങ്കില് ഇനി ദശലക്ഷക്കണക്കിന് വര്ഷങ്ങള് ആവശ്യമാണ്. വ്യാവസായിക അവശിഷ്ടങ്ങളും മോട്ടോര് വാഹനങ്ങളുടെ പുകയുമാണ് പരിസര മലിനീകരണത്തിന്റെ ചുക്കാന് പിടിക്കുന്നത്. ഘന മൂലകങ്ങളും, നൈട്രേറ്റുകളും പ്ലാസ്റ്റിക്കും മലിനീകരണത്തിന്റെ തീവ്രത വര്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. നഗരമാലിന്യങ്ങളും, അമ്ളമഴയും, ക്രൂഡ് ഓയില് പാഴായിപ്പോകുന്നതുമാണ് ജനമലിനീകരണത്തിന്റെ മുഖ്യകാരണങ്ങള്. വ്യവസായശാലകള് പുറന്തള്ളുന്ന വിഷവാതകങ്ങളും രാസവസ്തുക്കളും, ഫോസില് ഇന്ധനങ്ങള് കത്തിക്കുന്നതുവഴി പുറന്തള്ളപ്പെടുന്ന പുകയും കാര്ബണുമാണ് വായു മലിനമാക്കുന്നതില് മുഖ്യ പങ്കുവഹിക്കുന്നത്. വ്യാവസായിക മാലിന്യങ്ങളാണ് മണ്ണ് മലിനപ്പെടുത്തുന്നതില് മുന്പന്തിയില് നില്ക്കുന്നത്.

ആഗോള താപനം

ആഗോള താപനത്തിന് നിരവധി പ്രപഞ്ചപ്രതിഭാസങ്ങള് കാരണമാകുന്നുണ്ട്. സൗരചക്രം, എല് നിനോ-ലാ നിന പ്രതിഭാസങ്ങള്, ഭൗമചലനങ്ങള് എന്നിവയൊക്കെ താപവര്ധനവിന് കാരണമാകുന്നുണ്ടെങ്കിലും സ്വാഭാവികമായുണ്ടാകുന്ന ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ തീവ്രത വര്ധിപ്പിക്കാന് മനുഷ്യരുടെ ഇടപെടലുകള് വഴിയൊരുക്കുന്നുണ്ട്. സമുദ്രനിരപ്പ് ഉയരുന്നതും, ധ്രുവമേഖലകളിലെ ഹിമത്തൊപ്പി ഉരുകിയൊലിക്കുന്നതും ആഗോളതാപനത്തിന്റെ പ്രത്യക്ഷ ഫലങ്ങളാണ്. സമുദ്രനിരപ്പ് ഉയരുന്നത് നീണ്ടുനില്ക്കുന്ന മഞ്ഞുവീഴ്ചയ്ക്കും വെള്ളപ്പൊക്കത്തിനുമെന്നപോലെ ചില മേഖലകളിലുണ്ടാകുന്ന വരള്ച്ചയ്ക്കും മരുഭൂമി വത്ക്കരണത്തിനും പരോക്ഷമായി സ്വാധീനിക്കുന്നുണ്ട്.

ജനപ്പെരുപ്പം

ഭൂമിക്ക് താങ്ങാന് കഴിയുന്നതിലും അപ്പുറമാണ് ജനപ്പെരുപ്പത്തിന്റെ തോത് വര്ധിക്കുന്നത്. ജനപ്പെരുപ്പം ഭക്ഷ്യക്ഷാമത്തിനും ഇന്ധനക്ഷാമത്തിനും ജലദൗലഭ്യത്തിനും കാരണമാകുന്നു. ദരിദ്രരാജ്യങ്ങളിലാണ് ജനപ്പെരുപ്പത്തിന്റെ തോത് കൂടുതലായി ഉയരുന്നത്. ജനങ്ങളുടെ വിദ്യാഭ്യാസ ക്കുറവും മത-രാഷ്ട്രീയ അതിപ്രസരവുമാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇത് ദരിദ്രരെ വീണ്ടും ദരിദ്രരാക്കിക്കൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മയും അരക്ഷിതത്വവും ഇത്തരം രാജ്യങ്ങളുടെ മുഖമുദ്രയാണ്. അരക്ഷിതത്വ ബോധം യുവാക്കളെ തീവ്രവാദത്തിലേക്കും മറ്റ് വിധ്വംസക പ്രവര്ത്തനങ്ങളിലേക്കും നയിക്കുന്നു. ഇത് കൂടുതല് അഭയാര്ഥികളെ സൃഷ്ടിക്കുന്നു. ആഫ്രിക്കയിലും, ഏഷ്യയിലുമുള്ള പല ദരിദ്രരാജ്യങ്ങളിലും ശുദ്ധജലം കിട്ടാക്കനിയാണ്. കുട്ടികള്ക്ക് മതിയായ പോഷണമോ മുതിര്ന്നവര്ക്ക് ഭക്ഷണമോ വസ്ത്രമോ പോലും ഇവിടങ്ങളില് ലഭ്യമാകുന്നില്ല. എന്നാല് ജനസംഖ്യ ക്രമാതീതമായി ഉയരുന്നുണ്ട് താനും. ഇതിനെതിരെ ആരെങ്കിലും ജനങ്ങളെ ബോധവല്ക്കരിക്കാന് ശ്രമിച്ചാല് അതിനെ സാമ്രാജ്യത്തത്തിന്റെ കടന്നുകയറ്റമായും തങ്ങളുടെ തനതു സംസ്ക്കാരത്തെ നശിപ്പിക്കുന്നതിനുള്ള വിദേശശക്തികളുടെ നീക്കമായും ചിത്രീകരിച്ച് രംഗം കൂടുതല് വഷളാക്കാനും ശ്രമിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളും ഇത്തരം രാജ്യങ്ങളിലുണ്ട്. ജനപ്പെരുപ്പമാണ് ഇന്ന് ഭൂമി നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാന പരിസ്ഥിതി പ്രശ്നം.

മാലിന്യ സംസ്ക്കരണം

വിഭവചൂഷണം അനിയന്ത്രിതമാകുമ്പോള് മാലിന്യക്കൂമ്പാരവും മാനംമുട്ടെ വളരും. എന്നാല് മാലിന്യങ്ങള് ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതില് പല ലോകരാജ്യങ്ങളും താത്പര്യം കാണിക്കാറില്ല. പ്ലാസ്റ്റിക് ഉള്പ്പടെയുള്ള മാലിന്യങ്ങളുടെ പര്വതങ്ങള് തന്നെയാണ് പലയിടത്തും കാണാന് കഴിയുന്നത്. പലപ്പോഴും സമ്പന്ന രാഷ്ട്രങ്ങളുടെ കുപ്പത്തൊട്ടികളാവുകയാണ് ദരിദ്രരാജ്യങ്ങളുടെ വിധി. ഇതിനുപുറമേയാണ് ന്യൂക്ലിയര് മാലിന്യങ്ങള് സൃഷ്ടിക്കുന്ന അപകട ഭീഷണി. ഇ-മാലിന്യങ്ങളും, ഫാസ്റ്റ് ഫുഡ് ജീവിതക്രമം സൃഷ്ടിക്കുന്ന മാലിന്യങ്ങളുമെല്ലാം ദോഷകരമല്ലാത്തരീതിയില് സംസ്ക്കരിക്കുന്നത് ഇന്ന് വലിയൊരു പ്രശ്നമായി വളര്ന്നുകഴിഞ്ഞിരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം. ആഗോളതാപനത്തിന്റെ ഭാഗമായി അന്തരീക്ഷത്തിന്റെ താപനില ഉയരുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിനുകാരണം. ആഗോളതാപനത്തിന്റെ കാരണങ്ങളില് ഒന്ന് ഫോസില് ഇന്ധനങ്ങളുടെ ഉപയോഗമായതു കൊണ്ട് കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ ഇടപെടല്കൊണ്ടാണ് സംഭവിക്കുന്നതെന്ന് പറയാന് കഴിയും. അന്തരീക്ഷ താപനില ഉയരുന്നത് സമുദ്രജലത്തിന്റെ താപനില ഉയരുന്നതിനും എല്- നിനോ പോലെയുള്ള പ്രതിഭാസങ്ങള്ക്കും കാരണമാകും ഇത്തരം പ്രതിഭാസങ്ങള് വരള്ച്ച, വെള്ളപ്പൊക്കം, കനത്ത മഞ്ഞുവീഴ്ച, പേമാരി എന്നിങ്ങനെ പരസ്പര വിരുദ്ധങ്ങളായ പ്രകൃതി പ്രതിഭാസങ്ങള്ക്കും പകര്ച്ചവ്യാധികള്ക്കും വലിയ ദുരന്തങ്ങള്ക്കും ഇടവരുത്തും.

നഷ്ടമാകുന്ന ജൈവവൈവിധ്യം

മനുഷ്യരുടെ ഇടപെടലുകള് നിരവധി സ്പിഷീസുകളുടെ വംശനാശത്തിനും ആവാസവ്യവസ്ഥകളുടെ തകര്ച്ചയ്ക്കും കാരണമാകുന്നുണ്ട്. ദശലക്ഷക്കണക്കിന് വര്ഷങ്ങള്കൊണ്ട് രൂപംകൊണ്ടതും നിലനില്ക്കുന്നതുമായ ഇക്കോസിസ്റ്റത്തിലേക്കുള്ള കടന്നുകയറ്റം അതിന്റെ ലോലമായ നിലനില്പിനെ പ്രതികൂലമായി ബാധിക്കുകയും നിരവധി ജീവിവര്ഗങ്ങള് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുന്നതിനും കടന്നുകയറ്റങ്ങള് കാരണമായിട്ടുണ്ട്. ജന്തുലോകത്തില് മാത്രമല്ല ഇത്തരം കടന്നുകയറ്റങ്ങള് ഭീഷണി സൃഷ്ടിക്കുന്നത്. സസ്യങ്ങളിലെ സ്വാഭാവിക പരാഗണം തടസ്സപ്പെടുകയും അവയും വംശനാശത്തിലേക്ക് നീങ്ങുകയും ചെയ്യും. പവിഴപ്പുറ്റുകളും കണ്ടല്ക്കാടുകളും മനുഷ്യന്റെ അശാസ്ത്രീയവും അനിയന്തിതവുമായ ഉപഭോഗ താത്പര്യങ്ങളുടെ ഇരകളാണ്. കടന്നുകയറ്റം കടലിലേക്കും ആരംഭിച്ചുകഴിഞ്ഞു. ഇത് മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

വന നശീകരണം

അന്തരീക്ഷവായുവിലെ കാര്ബണ്ഡയോക്സൈഡ്ഓക്സിജന് അനുപാതം നിയന്ത്രിക്കുന്നതില് വൃക്ഷങ്ങള്ക്ക് വലിയ പങ്കാണുള്ളത്. അതുകൂടാതെ അന്തരീക്ഷ താപനില ക്രമീകരിക്കുന്നതിലും മരങ്ങള്ക്ക് വലിയപങ്കുണ്ട്. ഇന്ന് കരഭൂമിയുടെ 30 ശതമാനമാണ് വനങ്ങളുള്ളത്. ദിവസേനയെന്നോണം അത് കുറഞ്ഞുവരികയാണ്. കൃഷിയ്ക്കും, വ്യവസായങ്ങള്ക്കും, പാര്പ്പിട നിര്മ്മാണത്തിനുമൊക്കെയായി വൃക്ഷങ്ങള് വെട്ടിനശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോള്. ഈ നില തുടര്ന്നാല് പിന്നീട് ഒരു തിരിച്ചുപോക്ക് അസാധ്യമായിത്തീരും.

കടന്നുകയറ്റം കടലിലേക്കും

കാര്ബണ്ഡയോക്സൈഡിന്റെ ഉല്പാദനത്തിലുണ്ടാകുന്ന വര്ധനവാണ് സമുദ്രജലം മലിനീകരിക്കുന്നതില് പ്രധാന പങ്കുവഹിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന കാര്ബണ് വര്ധനവിന്റെ 25 ശതമാനവും മനുഷ്യരുടെ ഇടപെടല്കൊണ്ടാണ് ഉണ്ടാകുന്നത്. കഴിഞ്ഞ 250 വര്ഷങ്ങള്കൊണ്ടാണ് സമുദ്രജലത്തിന്റെ അമ്ലതയില് വര്ധനവുണ്ടാകാന് ആരംഭിച്ചത്. 150 ശതമാനമാണ് ഈ വര്ധനവ്. സസ്യ പ്ലാങ്ടണുകളുടെയും ചിലയിനം മത്സങ്ങളുടെയും വംശനാശത്തിന് ഇത് വഴിയൊരുക്കുന്നുണ്ട്.

ഓസോണ് തുളകള്

സൂര്യനില് നിന്നും പുറപ്പെടുന്ന മാരകമായ അള്ട്രാവയലറ്റ് വികിരണങ്ങളില് നിന്ന് ഭൂമിയെയും ഭൗമജീവനെയും സംരക്ഷിക്കുന്ന അദൃശ്യ കവചമാണ് ഓസോണ്പാളി. എന്നാല് മനുഷ്യരുടെ പ്രവര്ത്തനങ്ങള് വഴി അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന ക്ലോറിന്, ബ്രോമിന്, ക്ലോറോ ഫ്ളൂറോകാര്ബണ് തുടങ്ങിയ വാതകങ്ങള് അന്തരീക്ഷത്തിന്റെ ഉപരിപാളിയിലെത്തി ഓസോണുമായി പ്രതിപ്രവര്ത്തിച്ച് അതിനെ വിഘടിപ്പിക്കുന്നു. ഈ പ്രവര്ത്തനം തുടര്ന്നുകൊണ്ടിരുന്നാല് ഓസോണ് പാളിയുടെ സാന്ദ്രത കുറഞ്ഞ് നേര്ത്തു നേര്ത്തുവരും. ഓസോണ് തുളകള് എന്നാണീ പ്രതിഭാസം അിറയപ്പെടുന്നത്. അന്റാര്ട്ടിക്കയുടെ മുകളിലായിട്ടാണ് ഏറ്റവും വലിയ ഓസോണ് തുള കാണപ്പെടുന്നത്. വികസിത രാജ്യങ്ങള് ക്ലോറോഫ്ളൂറോ കാര്ബണിന്റെ ഉല്പാദനവും ഉപയോഗവും നിര്ത്തിയിട്ടുണ്ട്. എന്നാല് മൂന്നാം ലോകരാജ്യങ്ങളില് ഇതിന്റെ ഉപയോഗം റെഫ്റിജറേറ്ററുകളിലും, എയര് കണ്ടീഷണറുകളിലും, സ്പ്രേ പെയന്റിംഗിലുമെല്ലാം തുടരുന്നുണ്ട്. ഓസോണ് പാളി തകര്ന്നാല് അള്ട്രാവയലറ്റ് വികിരണങ്ങള് തടസ്സമൊന്നുമില്ലാതെ ഭൂമിയിലെത്തുകയും ഭൗമജീവനെയൊന്നാകെ കരിച്ചുകളയുകയും ചെയ്യും. വ്യാവസായിക ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നങ്ങളിലൊന്നാണ് ഓസോണ്പാളിയുടെ നാശം. മനുഷ്യരുടെ ഇടപെടലാണ് ഓസോണ് പാളി ദുര്ബലമാകുന്നതിന് കാരണമെന്നത് ഞെട്ടിക്കുന്ന യാഥാര്ഥ്യമാണ്.

അമ്ലമഴ

അന്തരീക്ഷ മലിനീകരണത്തിന്റെ ഒരു ഉപോല്പന്നമാണ് അമ്ലമഴ. ഫോസില് ഇന്ധനങ്ങള് കത്തുന്നതു വഴിയും അഗ്നിപര്വത സ്ഫോടനത്തേത്തുടര്ന്നും അന്തരീക്ഷത്തിലെത്തുന്ന രാസവസ്തുക്കളും കാട്ടുതീ ഉണ്ടാകുമ്പോള് പുറന്തള്ളുന്ന പുകയും പൊടിയും വാതകങ്ങളുമാണ് അമ്ലമഴയ്ക്ക് കാരണം. സസ്യാവശിഷ്ടങ്ങള് ചീയുമ്പോള് പുറത്തുവരുന്ന സള്ഫര്ഡയോക്സ്, നൈട്രജന് ഓക്സൈഡ് എന്നീ വാതകങ്ങളും അമ്ലമഴയ്ക്ക് കാരണമാകുന്നുണ്ട്. ഇങ്ങനെ പുന്തള്ളപ്പെടുന്ന വാതകങ്ങള് അന്തരീക്ഷവായുവിലെ നീരാവിയും മറ്റുഘടകങ്ങളുമായി പ്രതിപ്രവര്ത്തനത്തില് ഏര്പ്പെടുകയും അന്തരീക്ഷത്തില് അമ്ലമേഘങ്ങള് രൂപീകരിക്കുകയും ചെയ്യും. ഇത്തരം മേഘങ്ങള് ഖനീഭവിച്ചാണ് അമ്ലമഴയുണ്ടാകുന്നത്. ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമായ അമ്ലമഴ കരയിലും വെള്ളത്തിലുമുള്ള എല്ലാ ജന്തുക്കള്ക്കും ദോഷകരമാണ്. സസ്യങ്ങള്ക്കും അമ്ലമഴ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

മലിനജലം

ശുദ്ധജലം ഇന്ന് കിട്ടാക്കനിയാണ്. ജലം ഇന്ന് കുടിക്കുന്നതിനും അതുപോലെയുള്ള ആവശ്യങ്ങള്ക്കും വേണ്ടി ഉപയോഗിക്കുന്ന ഒരു വസ്തുമാത്രമല്ല. സാമ്പത്തികവും രാഷ്ട്രീയവുമായി നിരവധി മാനങ്ങളുണ്ടതിന്. ഭരണകൂടങ്ങളെ വാഴ്ത്തുന്നതിനും വീഴ്ത്തുന്നതിനും ജലത്തിന് കഴിയുന്നുണ്ട്. വ്യവസായങ്ങളുടെ വളര്ച്ച ഇന്ന് നദികളെയും തടാകങ്ങളെയും എന്തിന് സമുദ്രങ്ങളെത്തന്നെ മലിനമാക്കിക്കൊണ്ടിരിക്കുകയാണ്. ശുദ്ധജലത്തിന്റെ അഭാവം കോടിക്കണക്കിനാളുകളെ രോഗങ്ങളിലേക്കും മരണത്തിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്.

നഗരവത്ക്കരണം

വളരുന്ന നഗരങ്ങളാണ് ലോകമെങ്ങും കാണാനുള്ളത്. ജനസംഖ്യ കൂടിയ രാജ്യങ്ങളില് നഗരങ്ങളുടെ വളര്ച്ച വളരെ വേഗത്തിലാണ് നടക്കുന്നത്. കൂടുതല് കൂടുതല് ഗ്രാമങ്ങള് നഗരങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി കൃഷിഭൂമികള് മണ്ണിട്ടുനികത്തി കെട്ടിടങ്ങളുണ്ടാക്കുന്നു. ഗതാഗത തിരക്ക് വര്ധിക്കുന്നു. വായു, ജലം,മണ്ണ് എന്നിവ കൂടുതല് മലിനീകരിക്കപ്പെടുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് നഗരവത്ക്കരണം സമ്മാനിക്കുന്നത്. അതിനുപുറമെ സസ്യസമ്പത്തും കാര്ഷികമേഖലയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ഏതു നഗരപ്രാന്തങ്ങളിലെയും കാഴ്ചയാണ്.

പൊതുജനാരോഗ്യ പ്രശ്നം

പൊതുജനാരോഗ്യം ഇന്നനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പ്രധാന പരിസ്ഥിതി പ്രശ്നങ്ങളിലൊന്നാണ്. മലിനജലമാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതില് മുന്നില് നില്കുന്നത്. ലോകജനസംഖ്യയുടെ മൂന്നില് ഒന്നിനും ആവശ്യമായ ശുദ്ധജലം ലഭിക്കുന്നില്ല എന്നതാണ് ഇന്നത്തെ സ്ഥിതി. നദീജലത്തിലാകട്ടെ രാസവസ്തുക്കളും രോഗാണുക്കളും നിറഞ്ഞിരിക്കുന്നു. ആസ്ത്മ, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത ഇപ്പോള് അധികരിച്ചിരിക്കുകയാണ്. ആഗോള താപനില ഉയരുന്നത് ഡെങ്കിപ്പനി പോലെയുള്ള പകര്ച്ചവ്യാധികളുടെ വ്യാപനത്തിനും കാരണമാകുന്നുണ്ട്.

?????????????????????????????????????????????????????????

ജനിറ്റിക് എന്ജിനിയറിംഗ്

ജനിതക വ്യതിയാനം വരുത്തിയ വിത്തിനങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നത് പലരോഗങ്ങള്ക്കും കാരണമാകുന്നുണ്ട്. ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്ക്കും ജനിതക വ്യതിയാനം വരുത്തിയ വിളകള് കാരണമാകുന്നുണ്ട്. ഇത്തരം ജീനുകള് വന്യജീവികള്ക്കും അപകടകരമാണ്. ജനിതക വ്യതിയാനം വരുത്തി കീടങ്ങളെ ചെറുക്കാന് ശേഷിയുള്ള വിളകള് ആന്റിബയോട്ടിക്കുകളോടും പ്രതിരോധം കാണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വിളകള് ഉപയോഗിക്കുന്നത് മനുഷ്യരിലും ജന്തുക്കളിലും ജീനുകളുമായി ബന്ധപ്പെട്ട രോഗങ്ങള്ക്കും കാരണമാകും.

ആഗോളവ്യാപകമായി പരിസ്ഥിതിനേരിട്ടുകൊണ്ടിരിക്കുന്ന പ്രത്യാഘതങ്ങളുടെ പരിണിതഫലം പ്രത്യക്ഷത്തില് അനുഭവിക്കേണ്ടിവരുന്നത് മൂന്നാം ലോകരാജ്യങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങളാണ്. സമ്പന്ന രാജ്യങ്ങള് കുറേക്കാലത്തേക്കെങ്കിലും ഇവയെ മറികടക്കും. എന്നാല് ഇതൊന്നും ശാശ്വതമായ പരിഹാരമാകില്ല. പ്രകൃതിയിലുള്ള അനിയന്ത്രിതമായ കടന്നുകയറ്റം അവസാനിപ്പിച്ചില്ലെങ്കില് വലിയൊരു ദുരന്തമായിരിക്കും മനുഷ്യരാശിയെ കാത്തിരിക്കുന്നത്.ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില് പരിസ്ഥിതി പ്രശ്നങ്ങളും കൂടുതലായിരിക്കും. ഇന്ത്യയേപ്പോലെ കൂടുതല് ജനസംഖ്യയും കൂടുതല് ദരിദ്രരുമുള്ള രാജ്യങ്ങളില് ഉണ്ടാകുന്ന പ്രധാന പരിസ്ഥിതി പ്രശ്നങ്ങള് എന്തെല്ലാമാണെന്നും പരിശോധിക്കാം.

ജനപ്പെരുപ്പവും പരിസ്ഥിതിയുടെ ഗുണമേന്മയും

ജനപ്പെരുപ്പവും പരിസ്ഥിതിയുടെ ഗുണമേന്മയും തമ്മില് ബന്ധപ്പെടുത്തിയുള്ള ചര്ച്ചകള്ക്ക് നീണ്ട ചരിത്രമാണുള്ളത്. ബ്രിട്ടീഷ് ചിന്തകനായ മാല്ത്തൂസിന്റെ അഭിപ്രായത്തില് ജനസംഖ്യ വര്ധിക്കുന്നത് കൃഷിഭൂമിയില് കൂടുതല് സമ്മര്ദം ചെലുത്തും. കൂടുതല് വിള ലഭിക്കുന്നതിനുവേണ്ടി രാസവളങ്ങളും കീടനാശിനികളും ജനിതക വ്യതിയാനം വരുത്തിയ വിത്തിനങ്ങളും ഉപയോഗിക്കേണ്ടിവരും. ഇത് കൃഷിഭൂമിയുടെ നിലവാരത്തകര്ച്ചയ്ക്ക് കാരണമാകും. ക്ഷാമവും രോഗവും മരണവുമെല്ലാം ഇതിന്റെ തുടര്ച്ചയായി സംഭവിക്കും. അതുകൊണ്ടുതന്നെ ജനസംഖ്യാവര്ധനവ് തടയേണ്ടതു തന്നെയാണ്. ജനപ്പെരുപ്പം കൃഷിഭൂമിയെ മാത്രമല്ല സ്വാധീനിക്കുന്നത്. കര, ജലം, വായു ഇവയെല്ലാം മലിനീകരിക്കപ്പെടും. അന്തരീക്ഷത്തിന്റെ ഗുണനിലവാരം താഴും. 1798-1826 കാലഘട്ടത്തിലാണ് മാല്ത്തൂസിന്റെ സിദ്ധാന്തം പ്രസിദ്ധീകരിച്ചത്. അന്നുതൊട്ടുതന്നെ ഈ സിദ്ധാന്തത്തിന് എതിര്പ്പുകളുമുണ്ടായിരുന്നു. ജനപ്പെരുപ്പം മാത്രമല്ല പരിസ്ഥിതിയുടെ ഗുണനിലവാരം നിശ്ചയിക്കുന്നത്. ജനങ്ങളുടെ വിദ്യാഭ്യാസത്തിനും സംസ്ക്കാരത്തിനും ഇതില് വലിയ സ്വാധീനമുണ്ട്. മനുഷ്യരുടെ അിറവ് വര്ധിക്കുന്നതിനനുസരിച്ച് കാര്ഷിക മേഖലയിലും മറ്റും ശാസ്ത്രീയ മുന്നേറ്റങ്ങളുണ്ടാകുന്നതിനനുസരിച്ചാണ് ഉല്പാദനം വര്ധിക്കുന്നത്. പരിസ്ഥിതിയുടെ ഗുണനിലവാരം വര്ധിപ്പിക്കുന്നതിനും സാങ്കേതിക വിദ്യഉപയോഗപ്പെടുത്താന് കഴിയും. ഇന്ത്യയിലെ നഗരങ്ങളേക്കാള് ജനസാന്ദ്രത കൂടിയ ഇടങ്ങളില് പോലും അന്തരീക്ഷത്തിന്റെ ഗുണമേന്മ ഉയര്ന്നുനില്ക്കുന്നത് ഇതിനുള്ള തെളിവാണ്. 2011 ലെ സെന്സസ്സ് അനുസരിച്ച് ഇന്ത്യയിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിനുള്ളില് 368 ആളുകള് എന്നതാണ്. എന്നാല് സിംഗപ്പൂരില് ഇത് 7148 ഉം ഹോംഗ്കോംഗില് 6349 ഉം, ദക്ഷിണകൊറിയയില് 487 ഉം, ഹോളണ്ടില് 403 ഉം, ബെല്ജിയത്തില് 355 ഉം, ഇംഗ്ലണ്ടില് 395 ഉം, ജപ്പാനില് 337 ഉം ആണ്. ഇവിടെയെല്ലാം പരിസ്ഥിതിയുടെ ഗുണമേന്മ ഇന്ത്യയേക്കാള് വളരെ മുന്നിലാണ്.

ജലമലിനീകരണം

ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പരിസ്ഥിതി പ്രശ്നമാണ് ജലമലിനീകരണം. ഗാര്ഹിക മാലിന്യങ്ങള്, സംസ്ക്കരിക്കാത്തവ്യാവസായിക മാലിന്യങ്ങള്, നഗര മാലിന്യങ്ങള് എല്ലാം ചേര്ന്ന് ഇന്ത്യയിലെ നദികളെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നഗരമാലിന്യങ്ങള് ഫലപ്രദമായി സംസ്ക്കരിക്കാന് കഴിയുന്ന ഒരൊറ്റ പട്ടണം പോലും ഇന്ത്യയിലില്ല. ലോകാരോഗ്യ സംഘടനയുടെ പഠനത്തില് ഇന്ത്യയിലെ ചെറുതും വലുതുമായ 3119 പട്ടണങ്ങളില് കേവലം 209 എണ്ണത്തില് മാത്രമേ ഭാഗികമായെങ്കിലും മാലിന്യസംസ്ക്കരണ പ്ലാന്റുകള് പ്രവര്ത്തിക്കുന്നുള്ളൂ. നൂറിലധികം നഗരങ്ങളിലെ മാലിന്യങ്ങള് ഗംഗാ നദിയിലേക്ക് നേരിട്ടൊഴുക്കുകയാണ്. 29,000 ദശലക്ഷം ലിറ്റര് മാലിന്യങ്ങളാണ് ഇന്ത്യയില് ഒരു ദിവസം സൃഷ്ടിക്കപ്പെടുന്നത്. ഇതില് 6,000 മില്യണ് ലിറ്റര് മാത്രമേ ഫലപ്രദമായി സംസ്ക്കരിക്കാന് കഴിയുന്നുള്ളൂ.

വായു മലിനീകരണം

തുറന്ന അടുപ്പുകളും അതിലുപയോഗിക്കുന്ന വിറകും, ചാണക വറളികളുമാണ് ഇന്ത്യയുടെ അന്തരീക്ഷ വായുവിനെ മലിനമാക്കുന്നതില് മുഖ്യപങ്കുവഹിക്കുന്നത്. വാഹനപ്പുകയും അതിനൊപ്പം തന്നെ നില്ക്കുന്നുണ്ട്. അതിനുപുറമെയാണ് ഇന്ധനങ്ങളില് മായം ചേര്ക്കുന്നതു വഴിയുണ്ടാകുന്ന രാസവസ്തുക്കളുടെ പുറന്തള്ളല്. ഏഷ്യന് ബ്രൗണ് ക്ലൗഡ് എന്ന പ്രതിഭാസത്തിനുകാരണം വായുമലിനീകരണമാണ്. മണ്സൂണ് കാലം വൈകിപ്പിക്കുന്നത് ഈ പ്രതിഭാസമാണ്. ഊര്ജാവശ്യങ്ങള്ക്കായി വിറക്, ബയോമാസ്, കാര്ഷികവിളകളുടെ അവശിഷ്ടങ്ങള് എന്നിവ ഉപയോഗിക്കുന്നതില് ലോകത്തില് ഏറ്റവും മുന്നില്നില്ക്കുന്നത് ഇന്ത്യയാണ്. ഹരിതഗൃഹ വാതകങ്ങളുടെ ഉത്സര്ജനത്തില് മുന്നില് നില്ക്കുന്നവയാണ് ഇവയെല്ലാം. ഇന്ത്യയിലെ ഗ്രാമങ്ങളിലെ ഊര്ജോപയോഗത്തിന്റെ 90 ശതമാനവും ഇത്തരം പരമ്പരാഗതസ്രോതസ്സുകളാണ്. നഗരങ്ങളില് പോലും ഇത് 24 ശതമാനത്തോളമുണ്ട്. ചാണകവറളിയും വിറകുമായി വര്ഷംതോറും 165മില്യണ് ടണ് വസ്തുക്കളാണ് ഇന്ത്യയിലെ തുറന്ന അടുപ്പുകളില് കത്തിയമരുന്നത്. ഇന്ത്യയില് വളരെയധികം പ്രചാരത്തിലുള്ള ബയോഗ്യാസ് അടുപ്പുകള് ഹരിതഗൃഹ വാതകങ്ങളുടെ ഉത്സര്ജനത്തില് വളരെ മുന്നിലാണ്. കൃത്യമായിട്യൂണിംഗ് ചെയ്യാത്ത വാഹനങ്ങള് സൃഷ്ടിക്കുന്ന അന്തരീക്ഷമലിനീകരണം ഇന്ത്യന് നഗരങ്ങളുടെ ശാപമാണ്. 2012 ലെ എന്വിനോണ്മെന്റല് പെര്ഫോമന്സ് ഇന്ഡക്സ് പ്രകാരം ഇന്ത്യയുടെ അന്തരീക്ഷത്തിന്റെ നിലവാരം 132-ാം സ്ഥാനത്താണുള്ളത്. ഇത് അപകടകരമായ യാഥാര്ത്ഥ്യമാണ്.

ഖര മാലിന്യങ്ങള്

നഗരമാലിന്യങ്ങളുടെ 40 ശതമാനവും ചിതറിക്കിടക്കുന്ന വിചിത്രമായ കാഴ്ചയാണ് ഇന്ത്യ ലോകത്തിനു മുന്നില് പ്രദര്ശിപ്പിക്കുന്നത്. മാത്രവുമല്ല നഗരമാലിന്യങ്ങള് ശേഖരിക്കുന്നതിനും അവ സംസ്ക്കരിക്കുന്നതിനും വേണ്ടത്ര പരിശീലനമോ ശാസ്ത്രീയ പരിജ്ഞാനമോ ഈ മേഖലയിലുള്ള തൊഴിലാളികള്ക്കില്ല. 2011 ല് ഇന്ത്യയിലെ പലനഗരങ്ങളിലും ഖരമാലിന്യങ്ങളില് നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങള് ആരംഭിച്ചിരുന്നു. ജര്മനിയും സ്വിറ്റ്സര്ലണ്ടുമെല്ലാം വിജയം കൈവരിച്ച ഈ പദ്ധതിയുടെ പ്രാരംഭഘട്ടമെങ്കിലും തരണംചെയ്യാന് കഴിഞ്ഞത് ന്യൂഡല്ഹിയില് മാത്രമാണ്. അനിയന്ത്രിതമായ ഉപഭോഗാസ്ക്തിയും ഡിസ്പോസബിള് സംസ്ക്കാരവുമാണ് ഇന്ത്യയുടെ നഗരങ്ങള് മാലിന്യക്കൂമ്പാരങ്ങളായി മാറാന് ഇടയാക്കിയത്. മെഡിക്കല് വേയ്സ്റ്റുകള് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള് ഇതിനു പുറമെയാണ്. ആശുപത്രികളിലുണ്ടാകുന്ന മാലിന്യങ്ങള് ശാസ്ത്രീയമായി സംസ്ക്കരിക്കണമെന്ന നിയമം നിലനില്ക്കുമ്പോള് പോലും ഭൂരിഭാഗം ആശുപത്രികളിലും മാലിന്യങ്ങള് നേരിട്ട് മണ്ണില് നിക്ഷേപിക്കുകയാണ് പതിവ്. ഇന്ത്യന് നഗരങ്ങളില് വര്ഷംതോറും നൂറ് മില്യണ് ടണ് ഖരമാലിന്യങ്ങളാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. ഇത് ഭീമമായ അളവാണ്.

SONY DSC

മാലിന്യം മണ്ണിലും

റേഡിയോ ആക്ടീവ് മൂലകങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ തീരപ്രദേശങ്ങളിലെമണ്ണില് ഉണ്ടെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ തീരപ്രദേശങ്ങളിലെ മണലില് കാണപ്പെടുന്ന തോറിയത്തിന്റെ സാന്നിധ്യം ക്യാന്സര് രോഗത്തിന് കാരണമായേക്കുമെന്ന് സംശയിക്കപ്പെടുന്നുണ്ട്. 2009 പഞ്ചാബിലെ ഫരീദ് കോട്ട്, ഭട്ടിന്ഡ ജില്ലകളില് മണ്ണില് കണ്ടെത്തിയ യുറാനിയത്തിന്റെ അളവ് പരമാവധി തോതിന്റെ 60 മടങ്ങ് അധികമായിരുന്നു. പഞ്ചാബിലെ തന്നെ മള്വാ ബെല്റ്റിലുള്ള ഭൂഗര്ഭജലത്തിലും യുറാനിയത്തിന്റെ തോത് ക്രമാതീതമായി വര്ധിച്ചതായി ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നു. താപവൈദ്യുത നിലയങ്ങളുടെ സാന്നിധ്യമാണ് ഇതിനുകാരണമായി സംശയിക്കപ്പെടുന്നതെങ്കിലും ഇതിന് വേണ്ടത്ര തെളിവു ലഭിച്ചിട്ടില്ല.

ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്

2009 ലെ കണക്കനുസരിച്ച് ലോകത്തേറ്റവും കൂടുതല് ഹരിത ഗൃഹവാതകങ്ങള് പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയില് ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നില് മൂന്നാംസ്ഥാനത്താണ് ഇന്ത്യയുള്ളത് (1.65 ഏ/്യേലമൃ). കാര്ബണ് ഡയോക്സൈഡാണ് ഹരിതഗൃഹവാതകങ്ങളില് മുഖ്യമായുള്ളത്. ആഗോള താപവര്ധനവിന്റെ ചുക്കാന് പിടിക്കുന്നത് ഈ വാതകമാണ്. വാഹനപ്പെരുപ്പം, ജനസംഖ്യാ വര്ധനവ്, വനനശീകരണം, കാട്ടുതീ, വിറകടുപ്പുകളുടെ ഉപയോഗം എന്നിവയെല്ലാം കാര്ബണ് ഡയോക്സൈഡിന്റെ ഉല്പാദനം വര്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

ശബ്ദ മലിനീകരണം

വാഹനങ്ങളുടെ ഇരമ്പലും ഹോണ്മുഴക്കങ്ങളും സൈറണുകളും ഇന്ത്യന് നഗരങ്ങളെ പ്രകമ്പനം കൊള്ളിക്കുകയാണ്. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളും, രാഷ്ട്രീയ പ്രഭാഷണങ്ങളും പരസ്യവാഹനങ്ങളും ഇന്ത്യന് ഗ്രാമങ്ങളെയും വെറുതെ വിടുന്നില്ല. ശബ്ദ മലിനീകരണ നിയന്ത്രണ നിയമം നിലവിലുണ്ടെങ്കിലും മത-രാഷ്ട്രീയ ഇടപെടലുകള്ക്കുമുന്നില് അധികൃതര് മൗനംപാലിക്കുന്നത് പതിവു കാഴ്ചയാണ്. ഇതിനും പുറമെയാണ് ഉത്സവങ്ങളിലും മറ്റുമുള്ള കമ്പക്കെട്ടുകള്. 100 ഡെസിബെല്ലിനു മുകളില്ള്ള ശബ്ദതരംഗങ്ങള് ബധിരതയ്ക്കു കാരണമാകും. മാനസിക വിഭ്രാന്തി, തലവേദന, ബോധക്ഷയം എന്നിവയെല്ലാം ശബ്ദമലിനീകരണം വരുത്തിവയ്ക്കുന്ന വിനകളാണ്.

പരിസ്ഥിതി ലോലപ്രദേശങ്ങളില് നടക്കുന്ന നിര്മാണ പ്രവര്ത്തനങ്ങളും കൃഷിയും ഹ്രസ്വകാല വിളവെടുപ്പും പരിസ്ഥിതിയെ കൂടുതല് ദുര്ബലമാക്കിക്കൊണ്ടിരിക്കുകയാണ്. ജൈവ വൈവിധ്യ മേഖലകളിലേക്കുള്ള കടന്നുകയറ്റവും, അനിയന്ത്രിതമായ മത്സ്യബന്ധനവും, പ്രകൃതി വിഭവങ്ങളുടെ അമിതചൂഷണവും, ജനതികവ്യതിയാനം വരുത്തിയ വിത്തിനങ്ങളുടെ ഉപയോഗവും ഇ-മാലിന്യങ്ങളുമെല്ലാം ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളാണ്. വനനശീകരണവും ജനപ്പെരുപ്പവും ഒരു ചെറിയ സമൂഹത്തിന്റെ ആഡംബര പ്രവണതയും, ഉപഭോഗാസ്കതിയും പരിസ്ഥിതിയ്ക്ക് ഏല്പിക്കുന്ന ക്ഷതങ്ങള് നിസ്സാരമല്ല. സമ്പന്ന സമൂഹത്തിലെ വലിയമനുഷ്യര് ഈ ഭൂമിയൊന്നാകെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. മാറ്റം വരുത്തേണ്ടത് നിലപാടുകളിലാണ്. അല്ലെങ്കില് ഇനി വരുന്ന തലമുറകള്ക്കു മുന്നില് നാം അവശേഷിപ്പിക്കുന്നത് മൃതശരീരമായിക്കഴിഞ്ഞ ഒരു ഭൂമിയെ ആയിരിക്കും.

You May Also Like

നഗരം കക്കൂസ് മാലിന്യത്തിന്റെ പിടിയില്‍..!

ഇടവപ്പാതിയെത്തും മുന്‍പുതന്നെ കക്കൂസ് മാലിന്യം സിറ്റിയുടെ പല ഭാഗത്തും ഒഴുകിത്തുടങ്ങി. ചാലയ്ക്കകത്തും പഴവങ്ങാടി ക്ഷേത്രത്തിന് സമീപവും…

ഇന്ത്യയിലെ ചിത്രശലഭങ്ങള്‍ക്കും ഇനി വെബ് സൈറ്റ്!

ചിത്രശലഭങ്ങളെക്കുറിച്ച് എല്ലാം അറിയാനും മറ്റുള്ളവരുമായി അറിവുകള്‍ പങ്കുവെയ്ക്കാനും സംശയങ്ങള്‍ ദൂരീകരിക്കുവാനും ഒരു വെബ്‌സൈറ്റ്.

കിളി പോയി

ഏതോ ഒരു ആവേശത്തില്‍ പറന്നു പറന്നു കാടു മേട് കടന്നുപോയത് അറിയതെയില്ല. ചെറിയ ശ്വാസതടസം നേരിട്ടപോഴാണ് കിളി കാര്യം മനസിലാക്കിയത്. അതെ.. കാടു കടന്നു നാട്ടിലെത്തി. അതും നരകമാകുന്ന നഗരത്തില്‍ … കിളിയുടെ കിളിപോയി !! അവിടത്തെ വാഹനങ്ങളുടെ പുക കിളിയെ ശ്വാസം മുട്ടിച്ചു. ഓ ..ഈ മനുഷജന്തുക്കള്‍ എങ്ങനെ ഇവിടെ ശ്വാസം മുട്ടി കഴിയുന്നു എന്ന് ശങ്കിച്ചു. ഏതായാലും വന്നതല്ലേ കുറച്ചു നാഗരിക ഭക്ഷണം കഴിക്കാം, കരുതാം എന്ന് കരുതി ചുറ്റും കണ്ണോടിച്ചു ..

700 കോടി സ്വപ്‌നങ്ങള്‍, ഒരു ഗ്രഹം: ഉപയോഗിക്കൂ, കരുതലോടെ

ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പരിസ്ഥിതിദിനസന്ദേശ വീഡിയോ നിങ്ങളുടെ പരിസ്ഥിതിയോടുള്ള സമീപനത്തെ വിലയിരുത്തുവാന്‍ സഹായിക്കും.