ബലാത്സംഗം ചെയ്യുന്നവരെ സംരക്ഷിക്കുകയും വിയോജിക്കുന്നവരെ വെടിവെച്ചു കൊല്ലുന്നതും ആണോ കേരളാ മോഡല്‍ ?

0
201

ഭയാനകമായ നിശ്ശബ്ദത

കൊച്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് കൊല്ലുന്നവരെ സംരക്ഷിക്കുകയും രാഷ്ട്രീയമായി വിയോജിക്കുന്നവരെ വെടിവെച്ചു കൊല്ലുകയും ചെയ്യുന്ന രാഷ്ട്രീയമാതൃകയെയാണോ പുതിയ കേരളാ മോഡല്‍ എന്ന് വിളിക്കുന്നത് ?

മാവോയിസ്റ്റുകള്‍ എന്ന പേരില്‍ 4 പേരെ കഴിഞ്ഞ ദിവസം പാലക്കാട് വനമേഖലയില്‍ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ‘മാവോയിസ്റ്റുകള്‍’ പോലീസിനു നേരേ വെടിവെച്ചെന്നും പോലീസ് തിരികെ വെടിവെച്ചപ്പോൾ 4 പേര്‍ കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് പറയുന്നത്. ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പോലീസ് ഭാഷ്യം അതുപോലെ ആവര്‍ത്തിച്ചു. പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന് നേരേ മാവോയിസ്റ്റുകള്‍ വെടിവെച്ചപ്പോള്‍ സ്വയം പ്രതിരോധിക്കാന്‍ വേണ്ടി പോലീസ് വെടിവെയ്ക്കുകയായിരുന്നു എന്നാണ് പോലീസും മുഖ്യമന്ത്രിയും പറയുന്നത്. വിചിത്രമായ ഈ ‘ഏറ്റുമുട്ടലില്‍’ മാവോയിസ്റ്റുകള്‍ എന്നു പറയുന്ന 4 പേര്‍ മരിച്ചപ്പോള്‍ പോലീസുകാരില്‍ ഒരാള്‍ക്ക് പോലും വെടിയേറ്റിട്ടില്ല. ഏറ്റുമുട്ടല്‍ നടന്നു എന്നു പറയുന്ന പ്രദേശത്തേക്ക് മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ആരെയും പ്രവേശിപ്പിക്കുന്നില്ല. പോലീസ് പറയുന്ന എന്ത് അസംബന്ധവും തൊണ്ടതൊടാതെ വിഴുങ്ങാന്‍ എല്ലാവരും തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.

പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റതിനു ശേഷം സമാനമായ രീതിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത് ഇത് മൂന്നാം തവണയാണ്. 2016 നവംബറില്‍ കുപ്പു ദേവരാജ്, അജിത എന്നീ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകരെ പോലീസ് വെടിവെച്ചുകൊന്നു. കടുത്ത അനാരോഗ്യം മൂലം നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്ന 2 പേരെയാണ് കേരള പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സംഘം ‘ആത്മരക്ഷാര്‍ത്ഥം’ വെടിവെച്ചു കൊന്നത്. പോലീസ് പറയുന്നതുപോലെ കൊടുംകുറ്റവാളികളായിരുന്നു അവരെങ്കില്‍ ജീവനോടെ പിടിക്കുകയായിരുന്നില്ലേ വേണ്ടത്? 2019 മാര്‍ച്ചില്‍ വയനാട്ടിലെ വൈത്തിരിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകനായ സി.പി.ജലീലിനെ തലയ്ക്കു പുറകില്‍ വെടിവെച്ചാണ് പോലീസ് കൊലപ്പെടുത്തിയത്. സ്വയംരക്ഷയ്ക്കു വേണ്ടി ഒരാളുടെ തലയ്ക്കു പുറകില്‍ വെടിവയ്ക്കുക എന്നത് കേരളാ പോലീസിനു മാത്രം ചെയ്യാന്‍ കഴിയുന്ന അത്ഭുതവിദ്യയാണ്.

1980 ല്‍ ആലപ്പുഴയിലെ സോമരാജന്റെയും 1981 ല്‍ നടന്ന കേണിച്ചിറ മത്തായിയുടെയും കൊലപാതകങ്ങളാണ് കേരളത്തില്‍ ഏറ്റവും ഒടുവില്‍ നടന്ന നക്‌സലൈറ്റ് അതിക്രമങ്ങള്‍. അതിനുശേഷമുള്ള 10-38 വര്‍ഷക്കാലത്തിനിടയ്ക്ക് മാവോയിസ്റ്റുകള്‍ എന്നു പറയപ്പെടുന്നവര്‍ കേരളത്തില്‍ എവിടെയെങ്കിലും കൊലപാതകമോ മറ്റെന്തെങ്കിലും അതിക്രമങ്ങളോ നടത്തിയതായി അറിയില്ല. കേണിച്ചിറ മത്തായിയുടെയും സോമരാജന്റെയും അതിനു മുമ്പ് നക്‌സലൈറ്റുകള്‍ കൊലപ്പെടുത്തിയവരുടെയും കൊലകള്‍ നടക്കുമ്പോള്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവരില്‍ ബഹുഭൂരിപക്ഷവും ആ രാഷ്ട്രീയം കയ്യൊഴിയുകയോ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭാഗമാകുകയോ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുകയോ ചെയ്തു. ഭാസുരേന്ദ്ര ബാബുവിനെയും കെ.ടി കുഞ്ഞിക്കണ്ണനെയും പോലുള്ളവരെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ വക്താക്കളായാണ് പുതിയ തലമുറ അറിയുന്നത്.

കേരളത്തില്‍ സി.പി.എമ്മും മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളും നടത്തിയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്ര തുച്ഛമാണ് നക്‌സലൈറ്റ് അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം. ഇന്ന് കേരളത്തില്‍ മാവോയിസ്റ്റുകളായി ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ എന്തെങ്കിലും അക്രമപ്രവര്‍ത്തനം നടത്തുന്നു എന്നതിന് ഒരു തെളിവുമില്ല. ആദിവാസി ഊരുകളില്‍ വന്ന് ഭക്ഷണം ചോദിച്ചു, ഹോട്ടലില്‍ ചെന്ന് ഊണും 500 രൂപയും ചോദിച്ചു, വര്‍ഗ്ഗീസിന്റെ രക്തസാക്ഷിദിനത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ചു എന്നൊക്കെയുള്ള ‘കൊടുംകുറ്റകൃത്യങ്ങള്‍’ ചെയ്യുന്നവരെയാണ് കേരളത്തില്‍ ‘മാവോയിസ്റ്റുകള്‍’ എന്ന് മുദ്ര കുത്തുന്നത്. മാവോയിസ്റ്റുകളെ നേരിടുന്നതിന് പോലീസ് സേനയ്ക്ക് പ്രത്യേക ഫണ്ട് ലഭിക്കും എന്നതുകൊണ്ട് മാവോയിസ്റ്റുകളെന്ന പേരില്‍ കുറേപ്പേരെ വെടിവെച്ചു കൊന്നു കളയാം എന്ന് പോലീസില്‍ ചിലര്‍ തീരുമാനിക്കുന്നതാണോ, പോലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ അറിവോടെ നടത്തുന്ന ആക്രമണമാണോ ഈ മാവോയിസ്റ്റ് വേട്ട എന്നാണ് അറിയാനുള്ളത്. രണ്ടായാലും ഉത്തരം പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികളും ഈ വ്യവസ്ഥയുടെ ഗുണഭോക്താക്കളാണ്. അവര്‍ എന്തു പറയുമെന്നും ചെയ്യുമെന്നും നമുക്ക് ഒരു ധാരണയുണ്ട്. അത് വലുതായൊന്നും തെറ്റാറില്ല. പക്ഷേ, സാംസ്‌കാരികനായകരെന്ന് വേഷം കെട്ടി നടക്കുന്ന കുറേയെണ്ണമുണ്ടല്ലോ കേരളത്തില്‍. അവറ്റകളുടെ നിശ്ശബ്ദതയാണ് അസഹ്യം. എന്തിനും ഏതിനും കൂട്ടപ്രസ്താവനയും മെഴുകുതിരി കത്തിക്കലും സാംസ്‌കാരിക ജാഥയും നടത്തി പൊതുശല്യം സൃഷ്ടിക്കുന്ന അവറ്റകള്‍ ആരും ജനങ്ങളുടെ സംരക്ഷണച്ചുമതലയുള്ള പോലീസ് 4 മനുഷ്യരെ വെടിവെച്ചു കൊന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ചതിന്റെ അടുത്തദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു സാംസ്‌കാരിക നായകൻ ഒരു പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. ‘ജനാധിപത്യത്തിന്റെ ഭാവി’ എന്നോ മറ്റോ വിഷയത്തില്‍ അദ്ദേഹത്തിന്റെ വക പ്രഭാഷണവുമുണ്ടായിരുന്നു. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ആ സാംസ്‌കാരിക നായകന്‍ പ്രസംഗിച്ചു. പാലക്കാട്ട് നടന്ന അരും കൊലകളെക്കുറിച്ച് മാത്രം ഒരക്ഷരം പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. നമ്മുടെ സാംസ്‌കാരിക നായകന്മാരുടെ ലക്ഷണമൊത്ത പ്രതിനിധിയാണ് അദ്ദേഹം.

പ്രൈമറി സ്‌കൂളുകളുടെ മതിലുകളില്‍ വരെ മിലിട്ടറി യൂണിഫോം ധരിച്ച് തോക്കേന്തിയ ചെഗുവേരയുടെ പടം വച്ച് പൂജിക്കുന്നവരാണ് മാവോയിസ്റ്റുകള്‍ എന്നു കേള്‍ക്കുമ്പോള്‍ വിറളി പൂണ്ട് അലറി വിളിക്കുന്നത് സംസ്ഥാനത്തിന്റെ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുകയും സകല സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്യുന്ന ക്രിമിനലുകള്‍ക്ക് ചുവപ്പു പരവതാനി വിരിക്കുന്നവരാണ് ആദിവാസി ഊരുകളില്‍ ഭക്ഷണം ചോദിച്ച് ചെല്ലുന്നു എന്ന ‘കുറ്റത്തിന്’ മനുഷ്യരെ വെടിവെച്ചു കൊല്ലുന്നത്. കൊച്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് കൊല്ലുന്നവരെ സംരക്ഷിക്കുകയും രാഷ്ട്രീയമായി വിയോജിക്കുന്നവരെ വെടിവെച്ചു കൊല്ലുകയും ചെയ്യുന്ന രാഷ്ട്രീയമാതൃകയെയാണോ പുതിയ കേരളാ മോഡല്‍ എന്ന് വിളിക്കുന്നത്? സാമൂഹ്യ-സാമ്പത്തിക അധോലോകം ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സമസ്ത മേഖലകളിലും സമ്പൂര്‍ണ്ണ ആധിപത്യം നേടിക്കഴിഞ്ഞ ഈ ഇരുണ്ട ദിവസങ്ങളില്‍ എതിര്‍പ്പിന്റെ ശബ്ദം എങ്ങുനിന്നും ഉയരില്ലെന്ന് മാത്രം അധികാരത്തിന്റെ സിംഹാസനങ്ങളിലിരിക്കുന്നവരും അവര്‍ക്ക് പാദസേവ ചെയ്യുന്ന സാംസ്‌കാരിക നായകരും കരുതരുത്. ഭയാനകമായ ഈ നിശ്ശബ്ദത വലിയ ഒരു പൊട്ടിത്തെറിയുടെ മുന്നോടിയാകട്ടെ !