ടെസ്റ്റ് ട്യൂബ് ശിശുക്കളും ദശഗ്രീവന്റെ വിമാനങ്ങളും

895

കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ ചെവികൂർപ്പിച്ചിരുന്ന അന്ധരാജാവ്, പൊണ്ടാട്ടിയുടെ ഉദരത്തിൽ നിന്നും മാംസപിണ്ഡമാണ് വന്നതെന്നറിഞ്ഞു ശവപിണ്ഡമായി ഇരുന്നപ്പോഴാണ് ഡോ.വ്യാസൻ അതുവഴിവന്നത്. അച്ചാറിനു മാങ്ങ അരിയുന്നപോലെ ആ മംസപിണ്ഡത്തെ അരിയുകയും എല്ലാരോടും രണ്ടുമിനിറ്റ് കണ്ണടച്ച് നില്ക്കാൻ പറഞ്ഞിട്ട്, സ്വന്തം ശരീരത്തു നിന്നുള്ള എന്തോ മെഡിസിൻ ഒക്കെ ചേർത്തു അങ്ങേരു ഭരണിയിലിട്ടു. അങ്ങനെയാണ് 101 പിള്ളേർ ഉണ്ടായത്.

സൂര്യൻ, യമധർമ്മൻ, വായുദേവൻ, ഇന്ദ്രൻ എന്നീ കാമുകന്മാർക്കൊപ്പം ഡേറ്റിങ്ങിനു പോയ കുന്തി അവരിൽ നിന്നെല്ലാം ഇതിനോടകം ഓരോ പുത്രന്മാരെ സമ്പാദിച്ചിരുന്നു. മാദ്രി അശ്വനീദേവന്മാർക്കൊപ്പം ആയിരുന്നു ഡേറ്റിങ്ങിനു പോയത്. രണ്ടുപേരുടെയും ഹസ്ബന്റ് അഴകൊഴമ്പനായ പാണ്ഡു, വിചിത്രവീര്യന്റെ ഭാര്യയായ അംബാലികയ്ക്കു വ്യസനിൽ ഉണ്ടായ പുത്രൻ. (നോക്കൂ സുപ്രീംകോടതി ഇല്ലാത്തതിനാൽ അന്ന് മൊത്തം ‘അവിഹിതം’ തന്നെ.) അയാളാണെങ്കിൽ പിള്ളേരുണ്ടാകില്ല എന്ന സത്യം മറച്ചുവയ്ക്കാൻ ഒരു ശാപത്തിന്റെ കഥയുമുണ്ടാക്കി.

കട്ടിൽ പട്ടികൾ ഭോഗിച്ചുകൊണ്ടു നിന്നപ്പോൾ ഇയാൾ ഒളിച്ചിരുന്ന് പേടിപ്പിച്ചു എന്നും അങ്ങനെ ലോക്ക് വീണു പട്ടികൾ പെടാപ്പാടുപെട്ട് ആർത്തനാദം പുറപ്പെടുവിച്ചുകൊണ്ട് ശപിച്ചു എന്നുമാണ് കഥയുണ്ടാക്കിയത്.നീ ഭോഗിച്ചാലും ഹൃദയത്തിൽ ലോക്ക് (ഹൃദ്-ലോക്ക് )വീണു ചാകുമെന്നായിരുന്നു ശാപം. കുന്തിയ്ക്കും മാദ്രിയ്ക്കും ഉണ്ടായ മക്കൾ. കർണ്ണൻ ഒഴികെ അഞ്ചുപേരും ചെയ്തത് എന്താണ് ? ദ്രൗപദിയെ ഒരുമിച്ചു കെട്ടി. പിന്നെ പ്രത്യേകം പ്രത്യേകം ഓരോരുത്തരെ കെട്ടി എന്തൊക്കെ പുകിലുകൾ . അമ്മയുടെ വാക്കനുസരിച്ചിട്ടത്രേ. എന്തനുസരിച്ചിട്ടായാലും ഒന്നിലേറെ ഭർത്താക്കന്മാരും ഭാര്യമാരും മസ്റ്റായി വേണമെന്ന സാരം ‘കലികാല’ത്തിലെ പുതിയ പിള്ളേർ പകർത്തിയാൽ അത് അനാശാസ്യം, അവിഹിതം..

ഒരു വൈശ്യസ്ത്രീയുടെ മണിയറയിലേക്ക് “പവിഴം….” എന്ന് ജഗതിയുടെ ഭാവത്തിൽ വിളിച്ചുകൊണ്ടു പോകാൻ മാത്രം കാഴ്ചയുണ്ടായിരുന്ന ധൃതരാഷ്ട്രർ ഇതിനിടയിൽ അവിടെ യുയുത്സു എന്ന ചെക്കനെ വാർത്തെടുത്തിരുന്നു. കണ്ണില്ലെങ്കിലും ഉന്നമുള്ള ഇയാൾ കണ്ണുതെറ്റിയാൽ പ്രശ്നമാണ്. ഏതു കാമാന്ധനും ഭോഗിക്കാൻ അന്തപ്പുരങ്ങളിൽ സ്ത്രീകളെ വാരി വിതറുന്നു അസംബന്ധ പുരാണങ്ങൾ.

രാവണന് 24 വിമാനങ്ങളുണ്ടെന്നും ആന്ധ്ര സർവ്വകലാശാല മേധാവി.

മേക് ഇൻ അയോദ്ധ്യ’ പദ്ധതിയിലൂടെ റാഫേൽ വിമാനം ഉണ്ടാക്കാൻ ശ്രമിക്കുന്ന രാമനോട് പൊരുതിനിൽക്കാൻ അത്രെയെങ്കിലും വേണ്ടേയെന്ന് ഞങ്ങൾ രാവണന്റെ പ്രജകൾ ചോദിച്ചുപോകുകയാണ്. നിലവിൽ രാമരാജ്യത്തിലാണ് ഞങ്ങളുടെ പൗരത്വം എങ്കിലും രാവണനോട് ആണ് കൂറ്. പക്ഷെ ഞങ്ങൾക്കു പുഷ്പകവിമാനങ്ങളാണ്. പുഷ്പങ്ങളാണ്, ബോംബല്ല വർഷിക്കുന്നത്.

(ഞങ്ങളുടെ രാവണന് 24 ജെറ്റുകൾ ഉണ്ടായിരുന്നിട്ടും നിങ്ങളുടെ രാമന് അന്ന് തൊക്കട കുതിരവണ്ടിയാണ് ഉണ്ടായിരുന്നത്. നോട്ട് ദി പോയിന്റ്.)

കഥകളിൽ ഞങ്ങളെ വില്ലന്മാർ ആക്കിയാലും പ്രശ്നമില്ല. ഞങ്ങളുടെ പഞ്ചസ്ത്രീരത്നങ്ങൾ തടാകയും ശൂർപ്പണഖയും ലങ്കാലക്ഷ്മിയും മണ്ഡോദരിയും ഹിഡുംബിയും തന്നെ. ഞങ്ങൾക്ക് ജ്യോതി തെളിച്ചു ഭർത്താക്കന്മാരെ പൂജിക്കുന്ന കുലസ്ത്രീകൾ വേണ്ട. അധർമ്മത്തിനെതിരെ പോരാടാൻ ഏതു മലയിലും കയറുന്ന ദ്രാവിഡപ്പെണ്ണുങ്ങൾ മതി.