മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ വേഷങ്ങൾ ചെയുന്നവരും നായകവേഷങ്ങൾ ചെയുന്ന സൂപ്പര്താരങ്ങളും എല്ലാം ഇത്തരത്തിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന ചില പ്രതിനായക കഥാപാത്രങ്ങളിലേക്കു ഒരു എത്തിനോട്ടമാണ് ഈ പരമ്പര. Santhosh Iriveri Parootty (ചന്തു) എഴുതുന്നു.
മലയാള സിനിമയിലെ പ്രതിനായകര്‍ (ഭാഗം 7)
തബലിസ്റ്റ് അയ്യപ്പന്‍ (ഭരത് ഗോപി)
ചിത്രം – യവനിക (1982)
കെ.ജി. ജോർജ് സംവിധാനം ചെയ്ത് 1982 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ആയിരുന്നു യവനിക. കെ.ജി. ജോർജിന്റെ കഥയ്ക്ക് തിരക്കഥ രചിച്ചത് എസ്.എൽ. പുരം സദാനന്ദൻ ആണ്. ഒ.എൻ.വി. കുറുപ്പിന്റെ വരികൾക്ക് എം. ബി. ശ്രീനിവാസൻ സംഗീതമേകിയ ഈ ചിത്രത്തിലെ പാട്ടുകൾ വളരെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഭരതമുനിയൊരു കളം വരച്ചു, ചെമ്പക പുഷ്പ സുവാസിത യാമം, മിഴികളിൽ നിറകതിരായി സ്നേഹം മൊഴികളില്‍ സംഗീതമായി എന്നീ ഗാനങ്ങളെല്ലാം തന്നെ ഇന്നും അനുവാചകരുടെ ചുണ്ടുകളില്‍ തങ്ങിനില്‍ക്കുന്നവയാണ്. ഒരുപക്ഷേ മലയാളത്തിലെ ലക്ഷണമൊത്ത കേസന്വേഷണചിത്രങ്ങളില്‍ ആദ്യത്തേത് യവനികയായിരിക്കുമെന്ന് കരുതാം. അന്നും ഇന്നും പുതുമ നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ഇതിവൃത്തമാണ് സിനിമയുടേത്.
ഒരു നാടകസംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനം ആണ് കേന്ദ്ര ബിന്ദു. അയ്യപ്പന്റെ മരണത്തിനു കാരണക്കാരായവരെ പോലീസ് കണ്ടെത്തുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ വ്യത്യസ്ത സ്വഭാവക്കാരായ നിരവധി കഥാപാത്രങ്ങൾ കടന്നു വരുന്നു. യാഥാർഥ്യ ബോധമുള്ള കുറ്റാന്വേഷണം പ്രേക്ഷകൻ ആസ്വദിച്ച് ഞരമ്പിലെ രക്തയോട്ടത്തിന്റെ സമ്മർദ്ദം അനുഭവിച്ചത് യവനികയിലൂടെയാണ്. 1982 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളില്‍ മികച്ച ചിത്രം, മികച്ച കഥ (കെ ജി ജോര്ജ്), മികച്ച രണ്ടാമത്തെ നടൻ (തിലകൻ) എന്നീ അവാര്‍ഡുകള്‍ ഈ ചിത്രം നേടിയെടുത്തു.
ഭരത് ഗോപി എന്ന നടന്റെ പകരം വെക്കാനില്ലാത്ത അഭിനയ വിസ്മയത്തിന്റെ മകുടോദാഹരണമാണ് യവനികയിലെ തബലിസ്റ്റ് അയ്യപ്പന്‍. കലാകാരന്‍ പരിശുദ്ധനോ പത്തരമാറ്റ് തങ്കമോ ആയിരിക്കണമെന്നില്ല. മദ്യപാനം, സ്ത്രീസേവ, മനുഷ്യത്വമില്ലായ്മ എന്നിവയൊക്കെ കലാകാരന്റെയും സ്വഭാവവെകല്യമാവാം. അയാളുടെ കലാജീവിതവും വ്യക്തിജീവിതവും വ്യതിരിക്തമാവാം. ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായ നിരവധി കലാകാരന്മാരുടെ ജീവിതം ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. 1982-ല്‍ റിലീസ് ചെയ്ത കെ ജി ജോര്‍ജിന്റെ യവനിക എന്ന ചിത്രം ക്‌ളാസിക്കാവുന്നതിന്റെ പ്രധാനകാരണം തബലിസ്റ്റ് അയ്യപ്പന്‍ എന്ന കഥാപാത്രസൃഷ്ടിയാണ്.വിരലുകളിലൂടെ മാന്ത്രിക താളവിസ്മയങ്ങള്‍ ജനിപ്പിക്കും. ഒപ്പം ശരീരം മുഴുവന്‍ വലിയൊരു തബലയായി മാറും. അയാളുടെ നീണ്ട മുടിയും മെലിഞ്ഞ ശരീരവും തബലയുടെ ഓരോ അവയവങ്ങളായി മാറും. എന്നാല്‍ അതിനുമപ്പുറം അയാള്‍ക്ക് മറ്റൊരു മുഖം കൂടിയുണ്ടായിരുന്നു.
കേൾവി കേട്ട തബലിസ്റ്റ് ആയ അയ്യപ്പൻ തന്റെ കൈവിരലുകളാൽ അനുവാചകരെ ഭ്രമിപ്പിക്കുന്ന തബല മാന്ത്രികനാണ്. മെലിഞ്ഞ ശരീരം, നീണ്ട മുടി, കൊമ്പൻ മീശ. തബലയിൽ കൈവിരലുകൾ പതിയുമ്പോൾ അയാളുടെ ശരീരം തന്നെ തബലയുടെ ഓരോ ഭാഗമായി മാറുകയാണ്. മദിച്ചു നടക്കുന്ന ഒറ്റയാനായ അയ്യപ്പൻ സമൂഹത്തിന്റെ വെറുപ്പ് ഏറ്റുവാങ്ങി ഒരു ഭ്രാന്തനെപ്പോലെ ഉഴറി നടക്കുകയാണ്. കലാപരമായി ഔന്നത്യത്തിൽ എത്തിനിൽക്കുമ്പോഴും വ്യക്തിജീവിതത്തിൽ അയാൾ ഒരു മനുഷ്യമൃഗമാണ്. യഥാര്‍ഥജീവിതത്തില്‍ കൊടുംക്രൂരതയുടെ പകര്‍ന്നാട്ടമാണ്. മദ്യവും സ്ത്രീയുമാണ് അയാളുടെ ദൗര്‍ബല്യം. ഇതു രണ്ടും സ്വന്തമാക്കാന്‍ വേണ്ടി ക്രൂരതയുടെ ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത നരാധമന്‍. ഒടുവില്‍ അയാളുടെ കൊടും ക്രൂരതകൾ അനുഭവിച്ചറിഞ്ഞ ഒരു സ്ത്രീയുടെ കയ്യില്‍ തന്നെ അയ്യപ്പന്റെ ജീവിതമൊടുങ്ങുകയാണ്.
അയ്യപ്പന്റെ തിരോധാനത്തില്‍ നിന്നുമാണ് സിനിമ തുടങ്ങുന്നത്. അയ്യപ്പനെ കൊന്ന പ്രതിയെ കണ്ടത്തുന്നതോടെ അവസാനിക്കുന്നു. അയ്യപ്പന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്ന ജേക്കബ് ഈരാളി (മമ്മൂട്ടി) എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധികൂര്‍മതയാണ് ചിത്രത്തെ ആദിമധ്യാന്തം ഉദ്വേഗജനകമാക്കുന്നത്. കൊലപാതകിയെ കണ്ടെത്താന്‍ ഈരാളി സഞ്ചരിക്കുന്ന വഴികള്‍ പൊലീസ് അന്വേഷണത്തിന്റെ അതുവരെ പരിചയമില്ലാത്ത കാണാപ്പുറങ്ങളിലൂടെയായിരുന്നു. കഥയുടെ പശ്ചാത്തലത്തിലെ സൂക്ഷ്മതകള്‍ പോലും ചോര്‍ന്നുപോകാതെ ചിത്രം പകര്‍ത്തിയെടുക്കാന്‍ കെ ജി ജോര്‍ജിനു കഴിഞ്ഞു.
ഈ ചിത്രത്തിലെ ഒരു രംഗം പ്രേക്ഷകര്‍ മറക്കില്ല. രോഹിണിയുമായി അയ്യപ്പന്‍ ആദ്യമായി തന്റെ വീട്ടിലേക്ക് വരുന്നു. രോഹിണിക്ക് വീടു പരിചയപ്പെടുത്തുന്നു. അതിനുശേഷം പിറകില്‍ മാത്രം വളര്‍ന്നിറങ്ങിക്കിടക്കുന്ന തന്റെ തലമുടി ചീകുകയാണ് അയാള്‍. ആയാസപ്പെട്ട് കുനിഞ്ഞു നിന്ന് കണ്ണാടിയില്‍ നോക്കിയാണ് അയാള്‍ മുടി ചീകുന്നത്. അയ്യപ്പന് സമാന്തരമല്ല, മറിച്ച് അയാളില്‍ നിന്നും താഴെയാണ് കണ്ണാടിയുടെ സ്ഥാനം. സാധാരണ ഗതിയിൽ അതങ്ങനെ ആകേണ്ട കാര്യമില്ല. നമുക്ക് പാകത്തിൽ ആണല്ലോ വീട്ടിൽ നാം കണ്ണാടിയുടെ പൊസിഷൻ ക്രമീകരിക്കുക. അയ്യപ്പന്റെ വീട്ടില്‍ സ്ത്രീകള്‍ നിത്യസന്ദര്‍ശകരാണെന്ന് ഈ ഒറ്റരംഗം കൊണ്ട് കാണിച്ചുതരികയാണ് സംവിധായകന്‍ കെ ജി ജോര്‍ജ്. സൂക്ഷ്മാംശങ്ങളിൽ പോലും ശ്രദ്ധ ചെലുത്തുന്ന കൃതഹസ്തനായ ഒരു സംവിധായകനെ ഇവിടെ തെളിഞ്ഞു കാണാം.
All the world is a stage and all the men and women mere players എന്ന് ഷേക്സ്പിയര്‍ ‘As You Like It’ ല്‍ പറയുന്നുണ്ട്. അതുപോലെ, “Life is a tale told by an idiot, full of sound and fury signifying nothing” എന്ന് ‘Macbeth’ ലും. ഇവിടെ നാടകത്തിനുള്ളിലെ അസംബന്ധനാടകമാണ് ജീവിതം എന്നതാണ് ചിത്രത്തിന്റെ സന്ദേശം എന്നു കാണാം. അക്കാലത്തെ സൂപ്പര്‍താരങ്ങളില്ലാതെയിറങ്ങിയ വ്യത്യസ്തമായ ഈ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറി സില്‍വര്‍ജൂബിലി ആഘോഷിച്ചു. അക്കാലത്തെ ഒരു ന്യൂ ജനറേഷന്‍ സിനിമ തന്നെയായിരുന്നു യവനിക. മാറ്റം ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ആ ക്‌ളാസിക് ചിത്രത്തിന് അര്‍ഹിക്കുന്ന സാമ്പത്തികവിജയവും നേടിക്കൊടുത്തു.
യവനിക എന്ന സിനിമ മൊഴിമാറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോഴൊക്കെയുണ്ടായ ഏറ്റവും വലിയ പ്രതിബന്ധം തബലിസ്റ്റ് അയ്യപ്പന്‍ എന്ന കഥാപാത്രം ആര് ചെയ്യും എന്നതായിരുന്നത്രെ. പകരക്കാരനില്ലാത്ത ഭരത് ഗോപി എന്ന മഹാനടന്റെ അഭിനയമികവിന് ഇതിലും വലിയ ദൃഷ്ടാന്തം വേറെ തേടേണ്ടതില്ല.
അസാധ്യ കഥാപാത്രം തന്നെയാണ് തബലിസ്റ്റ് അയ്യപ്പൻ. ദൈവവും ചെകുത്താനും ചേർന്ന കലാകാരന്‍. ഒരു പക്ഷേ എല്ലാ പുരുഷൻമാരിലും തബലിസ്റ്റ് അയ്യപ്പൻ എന്ന ആഭാസന്‍ ഉണ്ടായേക്കാം. ജീവിതത്തില്‍ ഒരാള്‍ക്ക് എത്ര മാത്രം വൃത്തികെട്ടവനാകാന്‍ പറ്റുമോ അതിന്റെ അങ്ങേയറ്റമായിരുന്നു ഈ പ്രതിനായകന്‍. തനിക്കു ചുറ്റുമുള്ളവരെ പുച്ഛത്തോടെ വീക്ഷിക്കുന്ന മുഴുനീള മദ്യപാനിയായ തബലിസ്റ്റ്, തികഞ്ഞ നിഷേധി. എങ്കിലും പ്രേക്ഷകന്റെ മനസ്സില്‍ ഇപ്പോഴും ആ നിഷേധിയുടെ ചിത്രം തെളിഞ്ഞു നില്‍ക്കുന്നുണ്ട്. അയാളുടെ തീക്ഷ്ണമായ നോട്ടം ഇന്നും കാണികളുടെ നെഞ്ച് കീറി മുറിക്കുന്നുണ്ട്. ഒരു നോട്ടം കൊണ്ട് വിറപ്പിച്ച പ്രതിനായക ഭാവം – അതായിരുന്നു തബലിസ്റ്റ് അയ്യപ്പന്‍.
എല്ലാവർക്കും നന്ദി. അടുത്ത കഥാപാത്രവുമായി വീണ്ടും കാണാം. അതു വരെ ബൈ..