രോഗിക്ക് എപ്പോഴും ഗുണം മെഡിക്കൽ കോളജ്, കൂടെ നിൽക്കുന്നവർക്കോ സ്വകാര്യ ആശുപത്രികളും

336

കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പണ്ടത്തെപ്പോലെ മൂട്ടകടിയും കൊണ്ട് മലിനമായ സാഹചര്യങ്ങളിൽ ഇരിക്കേണ്ട അവസ്ഥ ഉണ്ടാക്കുന്നില്ല. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെ വെല്ലുന്ന വാർഡുകൾ ആണ്. നിങ്ങൾക്ക് കൈനിറയെ പണം ഉണ്ട്. അത് ചിലവാക്കാൻ മാർഗ്ഗം ഇല്ലെങ്കിൽ പ്രൈവറ്റ് ആശുപത്രിയിൽ ചെന്ന് തലവച്ചുകൊടുക്കുക. അല്ലാത്തവർക്ക് വിശ്വസിക്കാവുന്ന ചികിത്സ മെഡിക്കൽ കോളേജുകളിൽ ലഭിക്കും. ഒരു അനുഭവസ്ഥന്റെ പോസ്റ്റ് വായിക്കുക.

Thabsheer Paleri എഴുതുന്നു

കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു കഴിഞ്ഞ 3 ദിവസങ്ങൾ. ഇമ മോൾക്ക് കനത്ത പനി. മരുന്ന് കഴിക്കുമ്പോഴും പനി 103 ഡിഗ്രിയിൽ കുറയുന്നില്ല. കുറ്റ്യാടിയിലെ ഡോ.സജിത്താണ് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. കൊല്ലങ്ങൾക്കു മുൻപ് സുഹൃത്തിനെ സന്ദർശിക്കാൻ പോയനേരം കണ്ട എലിയും കൊതുകും നിറഞ്ഞ, രോഗികളെല്ലാം നിലത്ത് പായിട്ടു കിടക്കുന്ന മെഡിക്കൽ കോളജായിരുന്നു അപ്പോൾ മനസ്സിൽ. അവിടെ ചെന്നുനോക്കിയിട്ട് പറ്റുന്നില്ലെങ്കിൽ മാത്രം സ്വകാര്യ ആശുപത്രിയിൽ പോയാൽ മതിയെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു ഡോക്ടർ.

Related imageകുട്ടിക്ക് ഇതേ അസുഖം വന്ന സുഹൃത്തിനെ വിളിച്ചപ്പോൾ അവൻ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയും അവിടുത്തെ ഒരു ഡോക്ടറെയും നിർദ്ദേശിച്ചു. പക്ഷേ ശനിയാഴ്ച രാത്രിയായതിനാൽ തിങ്കളാഴ്ച്ച രാവിലെ വരെ കാത്തിരിക്കേണ്ടി വരും. എങ്കിൽ അതു വരെ മെഡിക്കൽ കോളജിൽ ‘അഡ്ജസ്റ്റ്’ ചെയ്ത് അങ്ങോട്ടേക്ക് മാറാം എന്ന ഉദ്ദേശത്തിൽ വൈകിയ രാത്രിയിൽ മെഡിക്കൽ കോളജിലെത്തി.

Related image3 ഡോക്ടർമാർ മാറിമാറി പരിശോധിച്ച ശേഷമാണ് അഡ്മിറ്റ് ചെയ്തത്. രാത്രിയായിട്ടും എക്സറേ, സ്കാനിംഗ്, ലാബ് ടെസ്റ്റ് തുടങ്ങിയവയൊക്കെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. കുട്ടികളെ അഡ്മിറ്റ് ചെയ്യുന്ന വാർഡ് സ്വകാര്യ ആശുപത്രികളെ വെല്ലും വിധം വൃത്തിയുണ്ടായിരുന്നു. ഡോക്ടർമാരും നഴ്‌സുമാരും മുഴുസമയ സേവനത്തിന് വാർഡിൽ തന്നെ ഉണ്ടായിരുന്നു.
ഇന്നലെ വൈകുന്നേരം ഡിസ്ചാർജ് ആവുമ്പോഴേക്കും മകൾക്ക് കൊടുത്തത് കുറഞ്ഞ മരുന്നുകൾ, നടത്തപ്പെട്ടത് അത്യാവശ്യമായ ടെസ്റ്റുകൾ.

സ്വകാര്യ ആശുപത്രിയിൽ പോയ സുഹൃത്തിന്റെ കുട്ടിയുടെ റിസൾട്ട് താരതമ്യം ചെയ്തപ്പോൾ ഏകദേശം ഒരേ തരങ്ങൾ. അതേ ദിവസം സ്വകാര്യ ലാബിൽ നിന്ന് 600 രൂപ കൊടുത്ത് ചെയ്ത ടെസ്റ്റിന് കോളജിൽ അടച്ചത് 15 രൂപ. ഡിസ്ചാർജ് ബിൽ 40 രൂപ, മരുന്നുകൾ തീർത്തും ഫ്രീ! . ഇതേ അസുഖത്തിന് സുഹൃത്തിന്റെ കുട്ടി സ്വകാര്യ ICU വിൽ കിടന്നത് 4 ദിവസം. ആകെ ഒരാഴ്ച . അവനടച്ച മൊത്തം ഡിസ്ചാർജ് ബിൽ 42600.

ഗുണ പാഠം: രോഗിക്ക് എപ്പോഴും ഗുണം മെഡിക്കൽ കോളജ്. കൂടെ നിൽക്കുന്നവർക്കോ സ്വകാര്യ ആശുപത്രികൾ.

~തബ്ശീർ പാലേരി