പ്രവാസത്തിന്റെ പടിയിറക്കത്തിൽ നിറമനസ്സുമായി കുഞ്ഞാലുക്ക

  429

  എഴുതിയത്  : Thahir Ismail

  പ്രവാസത്തിന്റെ പടിയിറക്കത്തിൽ നിറമനസ്സുമായി കുഞ്ഞാലുക്ക
  =====================

  അഞ്ച് പതിറ്റാണ്ട്പിന്നിട്ട പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച്കൊണ്ട് കുഞ്ഞാലുക്ക എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന കുഞ്ഞാലൻഹാജി മണലാരണ്യത്തോട് വിടപറയുന്നു. ആദ്യകാല പ്രവാസികളെപോലെ കണ്ണീരുപ്പ് കലർന്ന ജീവിതകഥ തന്നെയാണ് കുഞാലുക്കയുടേതും . കൊടിയദാരിദ്രം കഥപറഞ്ഞ കൗമാരക്കാലത്ത് കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചു ബസ് കയറി റെയിൽവേസ്റ്റേഷനിൽ എത്തിയതും കോഴിക്കോട് എന്ന നഗരത്തിലെ ദുരിതപർവ്വത്തിലൂടെ ദിവസങ്ങളോളം നീങ്ങി. ഒടുവിൽ കാത്തിരിപ്പുകൾക്ക് അറുതിവരുത്തി ഒരിക്കലും മറക്കാത്ത ആ യാത്ര . ലോഞ്ചിൽ മണലാരണ്യത്തിലേക്ക് പുറപ്പെട്ടതും വഴിയിലെവിടെയോ മരണത്തെ മുഖാമുഖം കണ്ടതും കലിപൂണ്ട കടലിന്റെ രൗദ്ര ഭാവം അനുഭവിച്ചതും നടുക്കുന്ന ഓർമ്മകൾ . പെറ്റുമ്മയുടെ പ്രാർത്ഥനകൾ കൊണ്ട് ആഴ്ചകൾ വൈകിയാണെങ്കിലും കോർഫുക്കാൻ തീരത്തണഞ്ഞു . രണ്ടാം ദിവസം ദുബായിലേക്ക്, കാഴ്‌ചകൾ കൗതുകമായിരുന്നെങ്കിലും വിശപ്പും ഭാവിയും മുന്നിൽ ചോദ്യചിഹ്നം തീർത്തു . ഒറ്റപ്പെടലിന്റെ വ്യഥക്ക്‌ പരിഹാരവും തണലുമായി മാറിയത് അബൂബക്കർക്ക എന്ന നന്മമരം . വലിയോറ സ്വദേശിയും ദുബായിൽ കച്ചവടക്കാരനുമായിരുന്ന പൂക്കയിൽ അബുബക്കർ സാഹിബിന്റെ നിർലോഭമായ സഹായം കൊണ്ട് പേരികച്ചവടം അഥവാ ലെലാം കച്ചവടത്തിന് തുടക്കം കുറിച്ചു . വിപണനത്തിന്റെ മനഃശാസ്ത്രം ബാല്യത്തിൽ തൊട്ടറിഞ്ഞ കുഞ്ഞാലുക്ക അറേബ്യൻസമൂഹത്തിലും തന്റെ ജീവിത മാർഗ്ഗമായികണ്ടത് കച്ചവടം തന്നെ. പക്ഷെ പരിചയക്കുറവു കൊണ്ടാവാം പ്രഥമ സംരഭം വിജയം കണ്ടില്ല . ആയിടക്കാണ് റാസൽ ഖൈമയിൽ ജോലിയുണ്ട് എന്നറിയുന്നത് . എട്ട്‌ മാസത്തോളം അവിടെ അന്നം തേടി . പക്ഷെ , ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്നത് പ്രയാസകരമായിരുന്നു. അപ്പോഴാണ് ഇതിനേക്കാൾ പച്ചപ്പ് അബുദാബിയിലുണ്ട് എന്നറിയുന്നത് , പിന്നെ അബുദാബിയിൽ എത്താനുള്ള ചിന്തയായി . വീണ്ടും ദുബായിയിൽ . അലൈനിലേക്ക് ആളുകളെ കാൽനടയായി കൊണ്ടുപോകുന്ന സംഘത്തോടൊപ്പം സുഹൃത്തുക്കളെയും കൂട്ടി ഷാർജ വഴി ഒമാൻ മലനിരകളിലേക്ക് . ഭക്ഷണം പോലും അന്യം നിന്ന ആറ് ദിവസത്തെ രാപ്പകലുകളുടെ നിരന്തരമായയാത്ര. കല്ലും മുള്ളും തോടും മലകളും താണ്ടി പുല്ല് ഭക്ഷണമാക്കിയ യാത്ര. അഞ്ചാം ദിവസം ഒരു തോടിലൂടെ ദിശതെറ്റി യാത്ര തുടരുമ്പോൾ രണ്ട് ഒമാൻ സ്വദേശികൾ കാര്യമന്വേഷിച്ചു യാത്രയുടെ സാരഥ്യം ഏറ്റെടുത്ത് ബുറൈമിയിയിൽ എത്തിച്ചു. അവിടെ നിന്ന് ടാക്സിയിൽ അൽഐനിൽ എത്തിപ്പെട്ടതും വേറെ ഒരാളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് രണ്ടുപരിശോധന കേന്ദ്രങ്ങൾ മറികടന്ന് അബുദാബിയിൽ എത്തി . പിന്നീട് വിവിധ ജോലികളിലും കച്ചവടങ്ങളിലും ഏർപ്പെട്ടു . 77 ൽ ആദ്യ തിരിച്ചുപോക്ക് .ആദ്യ വിമാന യാത്രയും. ഈ സമയത്തായിരുന്നു വിവാഹം . എട്ട് മാസങ്ങൾക്ക് ശേഷം വീണ്ടും അബുദാബിയിൽ . അബുദാബി ലെലാ മാർക്കറ്റിലെ നാട്ടുകാരനും സുഹൃത്തുമായ കുഞ്ഞുമൊയ്തു ഹാജി കച്ചവടത്തിൽ പങ്കാളിയാക്കി , അതാണ് ജനതയുടെ തുടക്കം . പക്ഷെ 87ൽ ഉണ്ടായ അഗ്നിബാധയിൽ എല്ലാ മോഹങ്ങളും വെന്തു വെണ്ണീറായപ്പോഴും തളരാതെ ദാറത്തുൽമിയയിൽ കച്ചവടം തുടങ്ങി. പിന്നീട് മദീനാസായിദിലെ ‘ജനത’യിലെത്തി. ഇതെല്ലം കഠിനാദ്ധ്വാനം ജീവിത സപര്യയാക്കിയ കുഞ്ഞാലുക്കയുടെ ജീവിതത്തിലെ സംഭവബഹുലമായ അദ്ധ്യായങ്ങളാണ്.

  അതിനിടയിൽ പടിപടിയായി കുടുംബം രക്ഷപ്പെട്ടു . ഇന്ന് ജീവിതത്തിന്റെ പച്ചപ്പിൽ അഭിരമിക്കാതെ തന്നെകൊണ്ട് കഴിയുന്ന തണൽ സമുദായത്തിനും നാടിനും നാട്ടാർക്കും നൽകി അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു കുഞ്ഞാലുക്ക. രണ്ട് പതിറ്റാണ്ട് മുമ്പ് കുഞ്ഞാലുക്കയുടെ മദീനസായിദിലുള്ള ”ജനതസ്റ്റോറിൽ ” ആദ്യമായി കൊണ്ട്പോയി പരിചയപെടുത്തിയത് അക്ഷരഗുരുവും പിതൃതുല്യനുമായ ജലീൽ രാമന്തളിയാണ് . ജലീൽക്ക സമ്മാനിച്ച ആ സ്നേഹസൗഹൃദം ഈ നിമിഷം വരെ നിലനിർത്താൻ മനസ്സർപ്പിച്ച വക്തിത്വമാണ് കുഞ്ഞാലുക്ക. പാട്ടിനെ മനസ്സ്തുറന്നു സ്നേഹിക്കുന്ന ഈ സഹൃദയൻ എന്റെ ഉസ്താദ്‌ കൊടുവള്ളി അബ്ദുറഹിമാൻ എന്ന ഗുരുനാഥനുമായും തീവ്രബന്ധമായിരുന്നു.വർഷങ്ങൾക്കു മുൻപ് പ്രവാസം അവസാനിപ്പിച്ച ഉസ്താദ് ഇന്നും കുഞ്ഞാലുക്കയുടെ നാവിൻ തുമ്പിൽ വാക്കുകളായി ഉതിർന്നുവീഴുന്നത് കൗതുകത്തോടെ കേൾക്കാറുണ്ട്. ഇടപഴകുന്നവർക്കൊക്കെ സ്നേഹവും സഹായവും നിർലോഭം നൽകുന്ന ഈ സൗമ്യൻ തന്റെ ജീവിതത്തിന്റെ വസന്തകാലം മുഴുവൻ ഹോമിച്ച ഈ മണ്ണ് വിട്ട് ജന്മദേശത്തേക്ക് യാത്രയാവുമ്പോൾ എനിക്ക് നഷ്ടമാവുന്നത് സുഖ ദുഖങ്ങളിൽ അത്താണിയാക്കിയിരുന്ന ഊഷരഭൂവിലെ ഒരു തണൽമരം കൂടിയാണ് . വിശപ്പടക്കാൻ ഉണക്കറൊട്ടിയും വെള്ളവും ഭക്ഷിച്ച് തിളക്കുന്ന ചൂടുള്ള രാവുകളിൽ ഒരു പോളകണ്ണടക്കാൻ അടച്ചിട്ട ഗോഡൗണുകളുടെയും ഷോപ്പുകളുടെയും വാതിൽവിടവിലൂടെ നേർത്ത രീതിയിൽ പുറത്തേക്കൊഴുകുന്ന തണുപ്പിനെശരണമാക്കി ജീവിച്ചു തീർത്ത കുടിയേറ്റത്തിന്റെ ആദ്യകാലവും, വീട്ടിൽ നിന്ന് ഇറങ്ങിയാൽ മൂന്ന് മണിക്കൂർ കൊണ്ട് പ്രവാസഭൂമിയിലെത്തി സുഖ ശീതളിമയിലിരുന്ന് വീട്ടിലേക്ക് വിളിച്ചു തമാശപറയുന്ന പുതിയ കാലവും ഒരു പോലെ അനുഭവിച്ചറിഞ്ഞ പഴയ പേർഷ്യക്കാരനാണ് കുഞ്ഞാലുക്ക. വൈവിധ്യ പൂരിതമായ മനുഷ്യജീവിതത്തിന്റെ നേരും നെറിയും സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവർക്ക് പകരാൻ ശ്രമിക്കുന്ന ഈ സ്നേഹ സാമിപ്യത്തിന്റെ ശിഷ്ടജീവിതം സന്തോഷപ്രദമാവാൻ പ്രാർത്ഥനാപൂർവ്വം
  പ്രിയമിത്രം

  താഹിർ ഇസ്മായിൽ
  ചങ്ങരംകുളം

  Advertisements