[ലോകജാലകം]തായ്‌ലണ്ടിനെക്കുറിച്ച് അറിയുവാന്‍ രസകരമായ 10 കാര്യങ്ങള്‍

798

thailand
ഇന്തോചൈനീസ് പെനിന്‍സുലയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ രാജ്യമാണ് തായ്‌ലണ്ട്. ലോകത്തില്‍ ഏറ്റവുമധികം വിനോദസഞ്ചാരികള്‍ ചെന്നെത്തുന്ന സ്ഥലങ്ങളില്‍ ഒന്നായ തായ്‌ലണ്ടിനെക്കുറിച്ച് അറിയുവാന്‍ രസകരമായ 10 കാര്യങ്ങള്‍:

 • ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ലോകരാഷ്ട്രങ്ങളില്‍ ഇരുപതാം സ്ഥാനത്താണ് തായ്‌ലണ്ട്. 67 മില്ല്യന്‍ ആണ് ഇവിടുത്തെ ജനസംഖ്യ.
 • 1939 വരെ സയാം എന്ന പേരിലാണ് തായ്‌ലണ്ട് അറിയപ്പെട്ടിരുന്നത്. തായ്‌ലണ്ട് എന്ന പേര് സ്വീകരിച്ചതിന് ശേഷവും ഒരിക്കല്‍ പഴയ പേരിലേയ്ക്ക് ഇവര്‍ തിരികെ പോയി. 1945 മുതല്‍ 1949 വരെ ആയിരുന്നു ഇത്.

 • ലോകത്തില്‍ ഏറ്റവുമധികം അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് തായ്‌ലണ്ട്.
 • 3219 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന കടല്‍ത്തീരമാണ് തായ്‌ലണ്ട് എന്ന രാജ്യത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.

 • ലോകത്തിലെ ഏറ്റവും ചെറിയ സസ്തനി എന്ന വിശേഷണം ഉള്ള കിറ്റീസ് ഹോഗ് നോസ്ഡ് ബാറ്റ് തായ്‌ലണ്ട് സ്വദേശിയാണ്. വെറും രണ്ട് ഗ്രാം മാത്രമാണ് ഈ ഇത്തിരിക്കുഞ്ഞന്റെ ഭാരം.
 • സയാമീസ് ഇരട്ടകള്‍ എന്ന പേര് വന്നതും തായ്‌ലണ്ടില്‍ നിന്നാണ്. ഇംഗ്, ചാംഗ് എന്നീ സഹോദരന്മാര്‍ ആണ് ആദ്യമായി ഈ പേരില്‍ വിശേഷിപ്പിക്കപ്പെട്ടത്.

 • കുരങ്ങന്മാര്‍ ഏറെയുള്ള തായ്‌ലണ്ടില്‍ എല്ലാവര്‍ഷവും ഇവയ്ക്കായി ഒരു വലിയ സദ്യ നടത്താറുണ്ട്. തായ്‌ലണ്ട്കാരുടെ വിശ്വാസത്തിന്റെ ഭാഗവുമാണ് ഈ ആചാരം.
 • ബുദ്ധമതം ആണ് തായ്‌ലണ്ടിലെ പ്രധാന മതം. ജനസംഖ്യയുടെ 90 ശതമാനത്തില്‍ അധികവും ബുദ്ധമതവിശ്വാസികളാണ്.

 • തായ്‌ലണ്ട് എന്ന വാക്കിന്റെ അര്‍ത്ഥം സ്വാതന്ത്ര്യത്തിന്റെ നാട് (land of free) എന്നാണ്.
 • യൂറോപ്യന്മാര്‍ കോളനിവല്‍കരിക്കാത്ത സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏക രാജ്യമാണ് തായ്‌ലണ്ട്.
 • മുവായ് തായ് ബോക്‌സിംഗ് ആണ് തായ്‌ലണ്ട്കാരുടെ പരമ്പരാഗത കായിക വിനോദം. എലിഫന്റ് പോളോയും മറ്റൊരു പ്രധാന ആകര്‍ഷണമാണ്.

തായ്‌ലണ്ടിനെക്കുറിച്ചുള്ള അനേകം കൌതുകങ്ങളില്‍ വളരെ കുറച്ച് മാത്രമാണ് ഇവിടെ പങ്കു വെച്ചത്. എന്നാല്‍, ഇവയില്‍ പലതും നിങ്ങള്‍ക്ക് പുതിയ അറിവുകള്‍ ആണെന്നാണ് ഞങ്ങളുടെ വിശ്വാസം. ലോകരാജ്യങ്ങളെപ്പറ്റി രസകരമായ അറിവുകള്‍ പങ്കുവെയ്ക്കുന്ന ലോകജാലകം എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം. മറ്റു രാജ്യങ്ങളുടെ വിശേഷങ്ങള്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.