തലൈക്കൂതൽ (തമിഴ്) റിവ്യൂ
Muhammed Sageer Pandarathil
വൈനോട്ട് സ്റ്റുഡിയോയുടെ ബാനറിൽ എസ് ശശികാന്തും ചക്രവർത്തി രാമചന്ദ്രയും ചേർന്ന് നിർമ്മിച്ച തലൈക്കൂതൽ എന്ന തമിഴ് ചിത്രം ജയപ്രകാശ് രാധാകൃഷ്ണന്റെ സംവിധാനത്തിൽ 2023 ഫെബ്രുവരി 3 ആം തിയതിയാണ് തിയറ്ററിൽ റിലീസ് ചെയ്തത്.’ലെൻസ്’, ‘ദി മോസ്‌കിറ്റോ പ്ലേഗ്’ എന്നീ സിനിമകളിലൂടെ ജയപ്രകാശ് രാധാകൃഷ്ണൻ സമകാലിക ജീവിതത്തെ രസകരമായി ചിത്രീകരിച്ച് അവബോധം കൊണ്ടുവന്ന വ്യക്തിയാണ്. ഇത് ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ്. മാർച്ച് 3 ആം തിയതി മുതൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമായ ഈ ചിത്രത്തിൽ കാണിക്കുന്നത്, തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിൽ പ്രായമായ ആളുകളെ ദയാവധത്തിന് ഇരയാക്കുന്ന തലൈക്കൂതൽ എന്ന നികൃഷ്ടമായ ആചാരത്തെ പറ്റിയാണ്.
സമുദ്രക്കനിയുടെ കഥാപാത്രമായ പളനിയുടെ ജോലി, ആ ഗ്രാമത്തിലുള്ള എ ടി എം കൗണ്ടറിന്റെ രാത്രി കാവലാണ്. വസുന്ദര കശ്യപിന്റെ കഥാപാത്രമായ ഇയാളുടെ ഭാര്യ ശെൽവിക്ക് ഒരു തീപ്പെട്ടി കമ്പിനിയിലാണ് ജോലി. ഇവർക്ക് രാജിയെന്ന 10 വയസ്സുള്ള മക്കളുണ്ട്. ഈ കഥാപാത്രത്തെ ചെയ്തിട്ടുള്ളത് ശ്രുതയാണ്. കൂടാതെ ആ വീട്ടിൽ കാളി സെൽവന്റെ കഥാപാത്രമായ മുത്തു എന്ന പളനിയുടെ അച്ഛനുമുണ്ട്. കോമയിൽ കിടക്കുന്ന അച്ഛന്റെ പരിചരണം മുഴുവനും പളനിയാണ് ചെയ്യുന്നത്. ഇയാൾ രാത്രിയിലെ ജോലി കഴിഞ്ഞു വന്നശേഷമാണ് അച്ഛന്റെ മൂത്രവും മറ്റും വൃത്തിയാക്കുകയും കുളിപ്പിക്കുകയും വസ്ത്രം മാറ്റുകയുമെല്ലാം ചെയ്യുക. അച്ഛൻ ഒരു ദിവസം നിദ്രയിൽ നിന്ന് ഉണരും എന്ന ഉറച്ച പ്രതീക്ഷയോടെയാണ് അയാൾ ആ കർമ്മങ്ങളെല്ലാം ചെയ്യുന്നത്. എന്നാൽ ഭാര്യക്കും അമ്മായിയപ്പനും അളിയനുമെല്ലാം അയാളോട്, അച്ഛനെ തലൈക്കൂതൽ ചെയ്യാൻ നിർബന്ധിക്കുകയാണ്. അതുമായി പൊരുത്തപ്പെടാൻ പറ്റാത്ത അയാൾക്ക്, തന്റെ കുടുബം പോലും നഷ്ടമാകും എന്ന സാഹചര്യത്തിൽ ആ നീചകൃത്യത്തിനയാൾ സമ്മതിക്കുകയാണ്.
ബന്ധുക്കളെയൊക്കെ അറിയിച്ച് നടത്തുന്ന ഈ ആചാരത്തിൽ, തലൈക്കൂതൽ നടത്തേണ്ടയാളുടെ ശരീരത്തിലും തലയിലും തൈലവും എണ്ണയും തേച്ച് തണുത്ത വെള്ളത്തിൽ കുളിപ്പിക്കും. ശേഷം ഭക്ഷണം കൊടുക്കാതെ വയർ നിറയുന്നത് വരെ കരിക്കിൻവെള്ളം കുടിപ്പിക്കും. പിന്നീട് വെറും നിലത്ത് കിടത്തും. എതിർപ്പ് കാണിക്കുന്നവരെ ബലംപ്രയോഗിച്ചാവും ഇതൊക്കെ ചെയ്യുക. രണ്ട് ദിവസത്തിനകം പനി ബാധിച്ച് ഇവർ മരിക്കും. പിന്നെ സ്വാഭാവിക മരണംപോലെ കർമ്മങ്ങൾ ചെയ്യും. ഇങ്ങിനെ ചെയ്തിട്ടും മരിക്കാത്തവരെ, ആശുപത്രികളിലെ അറ്റൻഡറുമാരും മറ്റും വന്ന് ഇഞ്ചക്ഷൻ നൽകി കൊല്ലാറുണ്ട്. ഇതും ഈ ചിത്രത്തിൽ കാണിക്കുന്നുണ്ട്.
ഇതിലെ മറ്റൊരു പ്രത്യേകത മുത്തുവിന്റെ പ്രണയമാണ്. അവരുടെ മാനസിക സങ്കീർണ്ണതകൾ സൂക്ഷ്മമായി യോജിപ്പിച്ച് ലളിതമായ വിഷ്വൽസിലൂടെ ചിത്രീകരിച്ചതിനാൽ എല്ലാ പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയും. ‘തലൈക്കൂതൽ’ എന്ന ഈ ആചാരങ്ങൾ പശ്ചാതലമായി തമിഴിൽ കെഡി, പരം എന്നീ ചിത്രങ്ങളും മലയാളത്തിൽ ജലസമാധി എന്ന ചിത്രവും വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം ഈ ചിത്രം വ്യത്യസ്തമാകുന്നത് അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ്. മാർട്ടിൻ ഡോൺരാജിന്റെ ഛായാഗ്രഹണം ഡാനി ചാൾസിന്റെ ചിത്രസംയോജനവും കണ്ണൻ നാരായണന്റെ സംഗീതവും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കുന്നുണ്ട്.ശരീരത്തിൽ മാംസവും രക്തവും മാത്രമല്ല അതിൽ വികാരങ്ങളും ഓർമ്മകളും ഉണ്ടെന്നും, അതെല്ലാം ചേർന്നാണ് ജീവിതത്തിന്റെ ഉറവിടം കെട്ടിപ്പടുക്കുന്നതെന്നും ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് കാട്ടികൊടുക്കുന്നുണ്ട്. അതിനാൽ തന്നെ എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം കൂടിയാണിത്.