ഹാർട്ടറ്റാക്കിനെ പേടിച്ച തളത്തിൽ ദിനേശൻ

1352
യൗവ്വനത്തിളപ്പിന്റെ നാളുകളിൽ ഒരുദിവസം വീടിനടുത്തുള്ള കടയിൽ നിന്നും സാധനം മേടിക്കുകയായിരുന്നു ഞാൻ. കണ്ടുപരിചയമുള്ള നല്ല മെലിഞ്ഞൊരു വൃദ്ധൻ തൊട്ടടുത്തു നിൽക്കുന്നുണ്ട്. പെട്ടന്നയാൾ എന്റെകയ്യിൽ ബലമായി പിടിച്ചുകൊണ്ട് നിലത്തുവീണു. മൂത്രംപോകുന്നുണ്ടായിരുന്നു. ഞാൻ ഭയന്നുപോയി. കൈയിലെ പിടിവിട്ടിരുന്നില്ല. അവിടെ നിന്നവരും കടക്കാരനും ഓടിയെത്തി അയാളെ തിണ്ണയിൽ കിടത്തി. ഏതാനും നിമിഷങ്ങൾക്കകം അയാൾ മരിച്ചുപോയിരുന്നു. തീവ്രമായ ഹൃദയാഘാതവും അതിനുശേഷമുള്ള ഹൃദയസ്തംഭനവും ആയിരുന്നു കാരണം . അതുവരെ ഹൃദയാഘാതത്തെക്കുറിച്ച് കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. ആദ്യമായി കണ്ടപ്പോൾ അത് മനസ്സിൽ കാരണമോ അകാരണമോ ആയ ഭീതി വിതച്ചു. പെട്ടന്നൊരു നിമിഷംവന്നു നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന വില്ലൻ. ഉറ്റവരോടൊരു യാത്രപോലും പറയാൻ അനുവദിക്കാതെ നിർബന്ധപൂർവ്വം കൈപിടിച്ചുകൊണ്ടുപോകുന്ന മരണത്തിന്റെ ദൂതൻ. നാറാണത്തു ഭ്രാന്തൻ മലമുകളിലേക്ക് പാറയെ ഉരുട്ടിക്കയറ്റി താഴേയ്ക്ക് ഉരുട്ടിവിടുന്നപോലെ വലിയൊരു അക്കത്തിലേക്കു എല്ലാ കഷ്ടപ്പാടുകളും അറിഞ്ഞു നടന്നുകയറുന്ന ജീവിതത്തെ ‘ഠിം ‘ എന്നൊരു തള്ളിയിടൽ. പലതവണ വന്നിട്ടും രക്ഷപെട്ടു ജീവിക്കുന്നവരുണ്ടാകാം. എങ്കിലും അപ്രതീക്ഷിതമായി തന്നെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു അറ്റാക്ക് അവരും പ്രതീക്ഷിക്കുന്നുണ്ടാകും. ആ സംഭവത്തിനുശേഷം എന്റെ അബോധതലങ്ങളിൽ ഭയംഉറങ്ങിക്കിടന്നു. മുങ്ങിച്ചാകുന്ന ഒരാളുടെ മുഖംപോലെ ആ വൃദ്ധന്റെ അന്നേരത്തെ ഭാവമെന്നെ വേട്ടയാടിക്കൊണ്ടിരുന്നു.
പിന്നെ എവിടെ ആരു ഹൃദയാഘാതംവന്നു മരിച്ചെന്നു കേട്ടാലും ഭയന്നുവിറയ്ക്കുമായിരുന്നു. പ്രത്യേകിച്ച് യുവാക്കൾ അത്തരത്തിൽ മരിച്ചെന്നറിഞ്ഞാൽ. അമ്മയുടെ കുടുംബത്തിൽ ഏറെക്കുറെ എല്ലാരും രക്താതിസമ്മർദ്ദം ഉള്ളവരാണ്. യൗവ്വനകാലത്തുതന്നെ എനിക്കും അതുകിട്ടി. വൈകാരികമായ സ്വഭാവവും ആഹാരരീതികളും അതിനൊരു കാരണമായിരുന്നു. അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുന്ന കാലം. ഒരു വെക്കേഷൻ സമയമായിരുന്നു. രാത്രി ടീവി കണ്ടുകൊണ്ടിരിക്കുമ്പോൾ എന്തോ ഒരു അസ്വസ്ഥത. ഹൃദയസ്പന്ദനം ദ്രുതഗതിയിലാകുന്നതായും ശരീരത്തിൽ ചൂടനുഭവപ്പെടുന്നതായും തോന്നി. വീട്ടിലെ മറ്റുള്ളവർ എവിടെയോ പോയിരുന്നു. അമ്മയും ഞാനുമാത്രം. അന്ന് ഇളയമ്മ ഉണ്ടായിരുന്ന കാലമായിരുന്നു.(ഇളയമ്മ പിന്നീട് കാൻസർ വന്നു മരിച്ചുപോയി). ശരീരത്തിന്റെ ആ പ്രതികരണത്തിൽ ഞാൻ ഞെട്ടിവിറച്ചു. അറ്റാക്ക് തന്നെയെന്നുറപ്പിച്ചു. അതിനേക്കാൾ എന്റെ മനസെന്നെ ക്രൂരമായി അക്രമിച്ചുകൊണ്ടിരുന്നു. എന്തായാലും മിനിറ്റുകൾ നീണ്ട ആ അസ്വസ്ഥത മാറിയിട്ടും അറ്റാക്ക് അറ്റാക്കെന്നുതന്നെ ഞാൻ മന്ത്രിച്ചുകൊണ്ടിരുന്നു. നിദ്രാവിഹീനമായ ആ രാത്രി ഞാൻ അതിജീവിക്കില്ലെന്നുറപ്പിച്ചു. എങ്കിലും പ്രഭാതസൂര്യനെ കണ്ടുകൊണ്ടു, ക്ഷീണമില്ലാതെ തന്നെ ഞാൻ പിറ്റേദിവസം ഉണർന്നു. പിന്നെ പലപ്പോഴും എനിക്കാ അവസ്ഥയുണ്ടായി. നെഞ്ചിടിപ്പുണ്ടാകുകയും ശരീരം വിയർത്തുവരികയും ചെയ്യും. ചിലപ്പോഴോ കൈ, ഷോൾഡർ എന്നിവ വേദനയും. ഇതൊക്കെ അറ്റാക്കിന്റെ പ്രാഥമിക ലക്ഷണങ്ങളെന്ന് പറഞ്ഞു പഠിച്ചതുകൊണ്ടു അത്തരം അവസ്ഥകളും എന്നെ അകാരണമായി ഭയപ്പെടുത്തി. അക്കാലംമുതൽ ഏതാണ്ട് അമ്പതോളം ഇസിജി എടുക്കുകയുണ്ടായി. ഒന്നിൽ പോലും ചെറിയ വേരിയേഷൻ പോലും കാണിച്ചിരുന്നില്ല. കിംസിൽ പ്രശസ്ത കാർഡിയോളജിസ്റ്റ് രമേശ് നടരാജനെ കാണിക്കുകയും ട്രെഡ് മിൽ ടെസ്റ്റും എക്കോ ടെസ്റ്റും ചെയ്യുകയുമുണ്ടായി.. അവയും തികച്ചും നോർമലായിരുന്നു. വീടുവരെ ഓടിക്കോ ഇനി ഈ പരിസരത്തു കണ്ടുപോകരുത് സുട്ടിടുവേൻ എന്നാണു ഡോക്ടർ എനിക്കന്ന് വാണിംഗ് തന്നത്. വല്ലാത്തൊരാത്മവിശ്വാസം കിട്ടിയിരുന്നെങ്കിലും ശരീരത്തിലെ ആ ‘അറ്റാക്ക്’ അവസ്ഥകൾ എന്നെ പിന്തുടർന്നുകൊണ്ടിരുന്നു.
പൾസ് പരിശോധനയുടെ വാലുംതുമ്പും അറിയില്ലെങ്കിലും ഹൃദയം നന്നായിപ്രവർത്തിക്കുന്നുണ്ടോ എന്നുള്ള സംശയം കാരണം ആരുംകാണാതെ പൾസ് പരിശോധിക്കുന്നതും പതിവായി. എന്തെങ്കിലും അപാകത തോന്നിയാൽ ദേഹം ഉഷ്ണിച്ചുവരികയും ഞാൻ മരിച്ചുവീഴുമെന്നു സങ്കല്പിക്കുകയും ചെയ്യും. പുറമെ എന്നെകാണുന്ന ഒരാൾക്ക് എന്റെ ഈ പ്രശ്നങ്ങളൊന്നും മനസ്സിലായിരുന്നില്ല. തികച്ചും നോർമലെന്നു തോന്നിക്കുന്ന ഒരു മനുഷ്യന്റെ രഹസ്യമായ അബ്നോർമൽ കണ്ടീഷനായിരുന്നു എന്നിൽ അക്കാലത്തു ആത്മവിശ്വാസത്തിനുവേണ്ടിയും ആരോഗ്യത്തിനുവേണ്ടിയും പേട്ട മുതൽ കിഴക്കേക്കോട്ട പത്മനാഭന്റെ നടവരെ അതിരാവിലെ അഞ്ചു കിലോമീറ്റർ ഓടുന്നത് പതിവായിരുന്നു. ആ സ്റ്റാമിനയിൽ നിന്നിട്ടായിരുന്നു അന്നന്റെ അങ്കലാപ്പ് എന്നോർക്കണം. വീടായിരുന്നു പ്രധാനശത്രു. കൂട്ടുകാർക്കൊപ്പം പുറത്ത് അടിച്ചുപൊളിക്കുമ്പോൾ ഒരു കുരുവും ഇല്ല. വീട്ടിലെത്തി ഏതാനും നിമിഷം കഴിയുമ്പോൾ പ്രശ്നം തുടങ്ങും.പിന്നെ നെഞ്ചിലിടി, നിലവിളി, ആമ്പുലൻസ്, സയറൻ, ആശുപത്രി. അമ്മയും ഇളയമ്മയും അല്ലാതെ മറ്റാരും ഇല്ലാത്ത ഒരുവന് ധൈര്യംനൽകാനും കാര്യങ്ങൾ പറഞ്ഞുതരാനും വിദഗ്ധരുടെ അഭാവവും കുടുംബത്തിലുണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തിലെ ഒരുമാതിരിപ്പെട്ട ഡോക്ടർമാരെയൊക്കെ അക്കാലത്തു കണ്ടിരുന്നു. പിന്നീട് പലരും എന്നെ നിരോധിക്കുകയും നെഞ്ചുംഅമർത്തിപ്പിടിച്ചു ദൂരെനിന്നു ഞാൻ വരുന്നതുകാണുമ്പോൾ കല്ലുപെറുക്കി എറിയുന്നതും അശ്രീകരമെന്നു പുലമ്പുന്നതും പതിവായി. . കാലങ്ങൾ മുന്നോട്ടുപോയി. ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഏറെക്കാലം ഈ ശാരീരികാവസ്ഥകളെ മറന്നിരിക്കും. മറ്റുപ്രശ്നങ്ങൾ ഇല്ലാതാകുമ്പോൾ ഇതുതലപൊക്കുകയും ചെയ്യും. മാനസികമായ പ്രശ്നമാണെന്നു ഞാൻ മനസിലാക്കി. അത്ര സങ്കീർണമാണ് എന്റെ മനസ്. അങ്ങനെ ‘അറ്റാക്കിന്റെ’ ആദ്യാനുഭവം മുതൽ പതിനേഴുകൊല്ലങ്ങൾ കഴിയുന്നു. കൊളസ്‌ട്രോൾ, ബിപി ലെവലുകളിലെ ചില വർദ്ധനവുകൾ ഒഴിച്ചുനിർത്തിയാൽ ആരോഗ്യത്തിന്റെ ടെസ്റ്റുകൾ എല്ലാം നോർമൽ. എങ്കിലും അന്നുമുതൽ എന്നെ വേട്ടയാടിയത് എന്തായിരിക്കും? മനസികപ്രശ്നം എങ്കിൽ വേദനയുണ്ടാകുമോ. ഇങ്ങനെ സംശയങ്ങൾ തന്റെ സന്തതികളെ ഞാനറിയാതെ പെറ്റുകൂട്ടിക്കൊണ്ടിരുന്നു. പിന്നീട് ഏറെക്കാലം കഴിഞ്ഞപ്പോൾ ജിമ്മിൽപ്പോയി ഉരുക്കുശരീരത്തെയുമുണ്ടാക്കി. അന്ന് അറിവുള്ള ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത്രയും കഷ്ടപ്പെടുകൾ ഉണ്ടാകുമായിരുന്നില്ല. എന്തായിരുന്നു അന്നത്തെ പ്രശ്നമെന്ന് മനസിലാക്കിത്തന്നത് ഒരു വർഷംമുമ്പ് ഒരു സ്വാഭാവിക രോഗം കാണിക്കാൻ പോയപ്പോൾ ഒരു ന്യൂറോളജിസ്റ്റ് ആയിരുന്നു. എന്റെ കാര്യങ്ങളെല്ലാം കേട്ട് ഡോക്ടർ ചിരിച്ചുകൊണ്ടുപറഞ്ഞു. ഈ പ്രശ്നം നിസ്സാരമാണ്. ഞാൻ നാലുദിവസംകൊണ്ടു മാറ്റിത്തരാം. ഡോക്ടർ എന്റെ മാരകരോഗത്തിന്റെ പേര് പറഞ്ഞു. ‘പാനിക്ക് അറ്റാക് ‘ അഥവാ പാനിക് ഡിസോർഡർ. നിലവിലെ ജീവിതാവസ്ഥകൾ, ടെൻഷനുകൾ നമുക്കുതരുന്ന പ്രശ്‌നമാണിത്. മനസുംശരീരവും സംയോജിച്ചുള്ള ഒരാക്രമണം. ഹൃദയാഘാതത്തിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്ന ഒരു സാധുരോഗം. തന്റെ ചില രോഗികൾക്ക് ഈ അവസ്ഥ എങ്ങനെയൊക്കെ ബാധിച്ചെന്ന് ഡോക്ടർ ഉദാഹരണസഹിതം വ്യക്തമാക്കി. കേട്ടുകൊണ്ടിരുന്നു ഞാൻ ചിരിച്ചുപോയി. അതെ ഞാൻ പിന്നിട്ട ‘അറ്റാക്ക്’ വഴികൾ. എന്നാലും സാധുവായ എന്റെ അപ്പൂപ്പാ. എന്റെമുന്നിൽ വന്നു മരിക്കാൻ തോന്നിയല്ലോ… ഇനിയിപ്പോ അറ്റാക്ക് വന്നാലും ഭയമില്ലെന്ന മാനസികാവസ്ഥ സ്വന്തമാക്കി അഹങ്കരിച്ചാണ് ഞാനിരിക്കുന്നത് . എങ്കിലും അസിഡിറ്റിയുടെയോ മറ്റോ അസ്വസ്ഥത വരുമ്പോൾ ആരുമറിയാതെ പൾസ് നോക്കും എന്നിലെ ആ തളത്തിൽ ദിനേശൻ.