താലിനോമിക്സും 2019 ലേ കേന്ദ്ര ബഡ്‌ജറ്റുമായുള്ള ബന്ധമെന്ത് ?
അറിവ് തേടുന്ന പാവം പ്രവാസി
സാമ്പത്തിക ശാസ്ത്രം ഒരാളുടെ ദൈനംദിന ജീവിതത്തെ അറിഞ്ഞോ, അറിയാതെയോ ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കാൻ സാമ്പത്തിക സർവേയിൽ ധനമന്ത്രാലയം ഉൾപ്പെടുത്തിയത് ആണ് ‘താലിനോമിക്സ്’ എന്ന സിദ്ധാന്തം .ഭക്ഷണത്തിനായി ഒരാൾ ഒരുവർഷം ചെലവഴിക്കുന്ന തുക കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇതിലൂടെ സർക്കാർ ചെയ്തത്.
25 സംസ്ഥാനങ്ങളിലെ 80 കേന്ദ്രങ്ങളിലുള്ള വ്യവസായ മേഖലയിലെ തൊഴിലാളികളിൽ നിന്ന് വിവരശേഖരണം നടത്തിയാണ് താലിനോമിക്സ് സിദ്ധാന്തം തയ്യാറാക്കിയത്. ഊണ് കഴിക്കാൻ ഉപയോഗിക്കുന്ന പാത്രത്തിന് പറയുന്ന പേരാണ് താലി . താലി ഊണ് കഴിക്കാൻ ചെലവേറിയോ, കുറഞ്ഞോ എന്ന് കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം. ധാന്യങ്ങളും, സബ്ജിയും ,പരിപ്പും (ദാൽ) അടങ്ങിയ വെജിറ്റേറിയൻ താലി ഊണും, ദാലിന് പകരം മത്സ്യമാംസാദികൾ അടങ്ങിയ നോൺവെജ് താലി ഊണും സർവേയ്ക്കായി പരിഗണിച്ചു.
ഇന്ത്യയെ ദക്ഷിണ, ഉത്തര, പൂർവ, പശ്ചിമ മേഖലകളായി തിരിച്ചായിരുന്നു സർവേ. നാല് മേഖലകളിലും 2015 മുതൽ 2019 വരെയുള്ള കാലയളവിൽ താലി ഊണിന്റെ വില കുറഞ്ഞുവെന്ന് സർവേ കണ്ടെത്തി. ദിവസവും രണ്ടു വെജിറ്റേറിയൻ താലി ഊണ് വീതം കഴിക്കുന്ന ഒരു അഞ്ചംഗ കുടുംബം, വില കുറഞ്ഞതിലൂടെ പ്രതിവർഷം 10,887 രൂപ ലാഭിക്കുന്നു. നോൺവെജ് താലി ഊണ് കഴിക്കുന്ന കുടുംബത്തിന്റെ നേട്ടം 11,787 രൂപയാണ്.2015/16 കാലയളവിൽ വെജ് കുടുംബം താലി ഊണ് വിലയിൽ 29 ശതമാനവും, നോൺവെജ് കുടുംബം 18 ശതമാനവും ലാഭം ചെലവിൽ നേടി.കാർഷികോത്പാദനം വർദ്ധിപ്പിക്കാൻ 2014/15ലെ ബഡ്ജറ്റ് മുതൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളാണ് വിലക്കുറവിന്റെ നേട്ടത്തിലേക്ക് ഇന്ത്യൻ കുടുംബങ്ങളെ നയിച്ചതെന്ന് സാമ്പത്തിക സർവേ അഭിപ്രായപ്പെട്ടു.