ഒരു തമാശക്കഥ പറയട്ടെ ?

രംഗം ഒന്ന് –
തടിയനെന്ന് ഓമനപ്പേരുള്ള വണ്ണമുള്ള എന്നെ ഒരുത്തൻ ഒരിക്കൽ ആനക്കൊപ്പം നിർത്തി ഒരു ഫോട്ടോ എടുത്തു, രണ്ടാനകൾ എന്നും പറഞ്ഞു അവൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിലിട്ട് കളിയാക്കി, കളിയാക്കുക എന്നത് വലിയ തമാശയാണല്ലൊ ? ശോഭ ചിരിക്കുന്നില്ലെ എല്ലാവരും ചിരിച്ചു, ഞാൻ മാത്രം ചിരിച്ചില്ല.

Image result for thamasha malayalam movieരംഗം രണ്ട് –
വളരെ കറുത്തവനായ എൻ്റെ ചിരിയെ ഒരിക്കൽ ഒരാൾ മൊബൈൽ ഫ്ലാഷുമായി താരതമ്യം ചെയ്തു, എൻ്റെ ചിരിക്കുന്ന ഫോട്ടോയിൽ ഫ്ലാഷ് തെളിയിക്കേണ്ടെന്നായിരുന്നു കമന്റ്. എല്ലാവരും ചിരിച്ചു, പക്ഷെ ഞാൻ മാത്രം ചിരിച്ചില്ല.

രംഗം മൂന്ന് –
മുടി കൊഴിഞ്ഞു തുടങ്ങിയതിൽ പിന്നെ പലരും കഷണ്ടി വന്നു തുടങ്ങിയ തലയിൽ നോക്കി എയർപോർട്ട് എന്നൊക്കെ പറഞ്ഞു തമാശിക്കുക പതിവായിരുന്നു, അത് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കും, പക്ഷെ ഞാൻ മാത്രം ചിരിക്കില്ല.

Image result for thamasha malayalam movieഇതെന്താണ് ഇത്രയും തമാശ നടന്നിട്ടും ചില സന്ദർഭങ്ങളിൽ മാത്രം ഞാൻ മാത്രം ചിരിക്കാതിരിക്കുന്നത് എന്ന തോന്നലിൽ ഞാൻ കണ്ടെത്തിയ ഉത്തരം, ഇതെല്ലാം ഈ തമാശകളിലെ നായകനായ എൻ്റെ പോരായ്മയാണ് എന്നതായിരുന്നു, അങ്ങനെ കറുത്ത് തടിച്ച മുടിയില്ലാത്ത ഞാൻ കണ്ണാടിയിൽ നോക്കി തികഞ്ഞ അപകർഷതാബോധത്തിൽ നിൽക്കുമ്പോഴാണ് അമ്മ പിറകിൽ നിൽക്കുന്നത് കണ്ടത്. അമ്മയുടെ ചിരിമാത്രമാണ് ഈ ഭൂമിയിൽ കളിയാക്കലുകളുടെതല്ലാതായി തോന്നിയിട്ടുള്ളത്.

അമ്മ അടുത്തുവന്ന് പറഞ്ഞു , “മോനെ ലോകത്ത് നടക്കാനൊ ഇരിക്കാനൊ കഴിയാത്ത, കാണാനൊ കേൾക്കാനൊ കഴിയാത്ത, ജന്മനാ വൈകല്യങ്ങൾ സംഭവിച്ച എത്രയോ മനുഷ്യരുണ്ട്. സന്തോഷത്തോടിരിക്ക്, നീ തികച്ചും പൂർണ്ണമായ ദൈവ സൃഷ്ടിയാണെന്നതിന് ഇതിൽപ്പരം എന്ത് തെളിവാണ് വേണ്ടത് ?” ഞാനും ആശ്വസിച്ചു, നെടുവീർപ്പിട്ടു. ദൈവമുണ്ട്, എൻ്റെ ഈ വികൃത സൃഷ്ടിയോടൊപ്പം രണ്ട് കാലുകൾ കൂടെ ആ മഹാൻ തന്നില്ലായിരുന്നെങ്കിൽ, ഹൊ ഞാൻ ഭാഗ്യവാൻ തന്നെ. കളിയാക്കലുകൾ വീണ്ടും തുടർന്നു, ചില തമാശകൾക്ക് ഞാൻ ചിരിക്കേണ്ടത് നിർബന്ധിതമായിത്തുടങ്ങി, കാരണം ആ തമാശകൾ എൻ്റെ ‘പ്രിയ സുഹൃത്തുക്കളുടേതായിരുന്നു’. ചിലപ്പോൾ തോന്നും ഈ കണ്ണുകൾ ആർക്കും ഇല്ലാതിരുന്നെങ്കിലെന്ന്. പക്ഷെ മനുഷ്യനാണ് വർഗ്ഗം, അത് മതി പിന്നെ മണം നോക്കി വേർതിരിക്കും. കാലം കഴിഞ്ഞു പോയിത്തുടങ്ങി, ഞാൻ കറുത്തു തടിച്ച ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു, അവളും പറയുമായിരുന്നു “ഇന്നർ ബ്യൂട്ടിയാണ് മനുഷ്യനാവശ്യം, അവളും അതേ നോക്കിയൊള്ളൂ എന്ന്”, പാവം നമ്മുടെ സൗന്ദര്യ സങ്കൽപങ്ങൾ നിറങ്ങളിലാണല്ലൊ, അതുകൊണ്ട് മാത്രമാണല്ലൊ ഇവിടെ ഇപ്പഴും അരിയേക്കാളും മുഖത്ത് തേക്കുന്ന ക്രീമിന് വില കൂടുതൽ, അവളേയും പറഞ്ഞിട്ട് കാര്യമില്ല. ഞാനും വെളുത്ത് മെലിഞ്ഞ സുന്ദരിയെ കിട്ടാത്തതിനാലാണല്ലൊ ഇവളെ..! കഥ കഴിഞ്ഞു. ഇനി അല്പം കാര്യത്തിലേക്ക്

Related imageഎന്താണ് ശരിക്കും സൗന്ദര്യം.? ആരാണ് ഇതൊക്കെ define ചെയ്തിരിക്കുന്നത്.? പൊതുബോധത്തിൽ നിന്നും ഉണ്ടായിട്ടുള്ള ചില അലിഖിത നിയമങ്ങളുണ്ട് അതാണ് എല്ലാത്തിൻെറയും അടിസ്ഥാനം. കറുത്തതാണെങ്കിൽ അതൊരു കുറവാണെന്നും, തടിയുള്ളവരെല്ലാം ഭയങ്കര തീറ്റക്കാരാണെന്നും തുടങ്ങി അന്ധമായ പൊട്ട വിശ്വാസങ്ങളുടെ യൂണിവേർസിറ്റിയാണ് പൊതുബോധം. അതെല്ലാം വെറും നിഷ്ക്കളങ്കതയായി കാണാനുമാവില്ല. കാരണം ഓരോ അടിച്ചേൽപ്പിക്കലുകളുടെയും പിന്നിൽ ലക്ഷ്യങ്ങൾ പലതാണ്. ഉദാഹരണത്തിന് സ്കൂളിൽ P.T.A മീറ്റിംഗിനു പോരാനിറങ്ങുന്ന അച്ഛനോട് ഒരു കൊച്ചുകുട്ടി, അച്ഛൻെറ തലയിലെ നര കറുപ്പിക്കാതെ സ്കൂളിൽ വന്നാൽ തന്നെ എല്ലാവരും കളിയാക്കും എന്നുപറഞ്ഞ് തല ഡെെ ചെയ്യിക്കുന്ന പരസ്യം. ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാ നിർമ്മിതികളും ഇന്നത്തെ രൂപമാർജ്ജിച്ചിട്ടുണ്ടാവുക.അതിനെ പൊളിച്ചെഴുതുക ശ്രമകരമാണ്. നമ്മൾ തന്നെ ദെെനംദിന ജീവിതത്തിൽ എന്തെല്ലാം രീതിയിൽ ആളുകളുടെ ശരീരത്തെ, സ്വരത്തെ, നിറത്തെയൊക്കെ കളിയാക്കുന്നു – അല്ലെങ്കിൽ കളിയാക്കപ്പെടുന്നു എന്നു ചിന്തിച്ചാൽ മതി നമ്മുടെ സമൂഹത്തിൻെറ ”തമാശ”കളിലെ തമാശയെ അളക്കാൻ.

ഒരാളുടെ ശരീരത്തിലെ ഒരു ഫീച്ചറിനും അയാളുടെ പേർസണാലിറ്റിയുമായോ, സ്വഭാവവുമായോ യാതൊരു ബന്ധവുമില്ല. അതുപോലെ മറ്റൊരാൾക്ക് ഹാനികരമാവാത്തിടത്തോളം ഒരാൾ ഏതു രൂപത്തിൽ ഇരുന്നാലും, എങ്ങനെ ജീവിച്ചാലും അതിൽ ഇടപെടാൻ പോകുന്നതിനെ ഏറ്റവും കുറഞ്ഞത് ”ചൊറിച്ചിൽ” എന്നല്ലാതെ മറ്റെന്ത് വിളിക്കാനാണ്.? അത്തരം ചൊറിച്ചിലുകളും അതിൻെറയെല്ലാം അടിസ്ഥാനമായ പൊതുബോധങ്ങളും ഇത്തരത്തിൽ ക്രൂരതയ്ക്ക് വിധേയമാവുന്നവരെ എങ്ങനെ ബാധിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ.? മറ്റൊന്നും വേണ്ട ”അവൻെറ വീട്ടിൽ കറൻറ്റ് പോയാൽ പിന്നെ കൂട്ടയിടിയും കരച്ചിലുമാണ്” എന്ന ഡയലോഗ് ടി.വിയിലെ ഒരു ”കോമഡി” ഷോയിൽ കേട്ടതാണ് ഞാൻ. ആ പരിപാടി ടിവിയിൽ കാണുന്ന കറുത്ത നിറമുള്ള ആളുടെ, ആളുകളുടെ മാനസികാവസ്ഥ എന്തായിരിക്കും, അവർ ചിരിക്കുമോ.? തിന്ന് ചീർത്ത് വീപ്പക്കുറ്റിപോലെ ആയല്ലോ എന്ന ”തമാശ” യുടെ ഇമ്പാക്ട്?. അങ്ങനെ അങ്ങനെ എത്ര ”തമാശ”കൾ. സ്വയം ശരിയെന്നും, നല്ലതെന്നും വിചാരിച്ചുറപ്പിച്ച ഒരു മാതൃകയിൽ മാത്രം വിശ്വസിച്ച്, ആ അച്ചിൽ ഒതുങ്ങാത്തവരെയെല്ലാം പരിഹസിച്ചും, അപരവൽക്കരിച്ചും വേദനിപ്പിച്ച് അതിൽ ആനന്ദിച്ചു മേനിനടിക്കുന്ന സമൂഹത്തിൽ അനിവാര്യമായ ഒരു സിനിമ തന്നെയാണ് അഷ്റഫ് ഹംസ സംവിധാനം ചെയ്ത ” തമാശ”. വിനയ് ഫോർട്ടും, ദിവ്യപ്രഭയും, ചിന്നുവും, നവാസും, സമീർ താഹിറും, റെക്സ് വിജയനും, ഷഹബാസ് അമനും എല്ലാം ചേർന്ന് ഗംഭീരമാക്കിയ ‘കാര്യമാണ് – തമാശ’


Credit : Rasi Rasiq & Varun Prakash | MOVIE STREET

 — with Grace AntonyDivyaprabha andVinay Forrt.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.