താണ്ടമ്മയുടെ താണ്ഡവങ്ങള്‍ !

286

01

മുടി ഒക്കെ നഷ്ട്ടപ്പെട്ട്,ഗള്‍ഫ് ഗേറ്റിനു വരദാനമായ ഒരു മധ്യവയസ്‌കന്‍ വാതില്‍ തുറന്നു അകത്തുവന്നപ്പോള്‍ ,അല്‍പ്പം പണിപ്പെട്ടായാലും ഡോക്റ്റര്‍ ഫെര്‍ണാണ്ടസിനു ആളെ മനസ്സിലായി.താണ്ടമ്മ എന്ന ഫെക് ഐഡിയില്‍ എഴുതുന്ന ബ്ലോഗ്ഗര്‍ പരിപ്പ് വട !

എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?പെണ്ണിന്റെ പേരിലുള്ള ബ്ലോഗ് എഴുത്തൊക്കെ എങ്ങനെ പോകുന്നു ?എന്താണ് ഇപ്പൊ പ്രശ്‌നം ?

ബ്ലോഗ് എഴുത്തിന്റെ കാര്യം ഒന്നും പറയണ്ട ഡോക്റ്റര്‍.അന്ത്യശ്വാസം വലിക്കയല്ലേ,മലയാള ബ്ലോഗുകള്‍.ഷവര്‍മ്മ കഴിച്ചു ആള് തട്ടിപ്പോയ ഹോട്ടല്‍ പോലാ ഇപ്പൊ ബ്ലോഗിന്റെ അവസ്ഥ.ബ്ലോഗില്‍ ഒന്നും ഇപ്പൊ ആളു കയറുന്നില്ല.എല്ലാവര്‍ക്കും ഫെസ് ബുക്ക് മതിയല്ലോ .

അതിനു ഞാന്‍ എന്ത് ചെയ്യാനാ?നുമ്മ ഇവിടിരിക്കുന്നത് മാനസിക രോഗികളെ ചികിത്സിക്കാനാ.ഫെസ് ബുക്ക് ഞരമ്പ് രോഗികളെ അല്ല!

എന്നെ കൈവിടരുത് ഡോക്റ്റര്‍.അതിഭയങ്കരമായ മാനസിക പ്രശ്‌നങ്ങളില്‍ പെട്ട് ഉഴലുകയാണ് ഞാന്‍

‘പരിപ്പുവട’ എന്ന ബ്ലോഗ് ക്ലച്ചു പിടിക്കാഞ്ഞിട്ടാണല്ലോ ഞാന്‍ ‘താണ്ടമ്മയുടെ താണ്ഡവങ്ങള്‍’എന്ന ബ്ലോഗ് തുടങ്ങിയതും,ബൂലോകത്ത് ഒരു സംഭവമായതും.പിന്നീട് ബ്ലോഗിന് മണ്ഡരി .ബാധിച്ചപ്പോ,ഞാന്‍ അതെ പേരില് ഒരു ഫെസ് ബുക്ക് അക്കൌന്റ് തുറന്നതും.ഇപ്പൊ പതിനാറായിരം ഫോലോവേര്‍സും,സുക്കര്‍ സായിപ്പ് സമ്മതിക്കാത്തത് കൊണ്ട് 5000 ഫ്രണ്ട്‌സും പിന്നെ ഒരു 3500 റിക്വസ്റ്റ് പെണ്ടിങ്ങും ഉണ്ട്.

നിങ്ങള്ക്ക് ഇത്രയും ആരാധകര്‍ ഉള്ള സ്ഥിതിക്ക് അതില്‍ സന്തോഷിക്കയല്ലേ ചെയ്യേണ്ടത്?അതിനു ഒരു മന : ശാസ്ത്രന്ജന് എന്ത് ചെയ്യാനാവും ?

അതല്ല ഡോക്റ്റര്‍..എന്നും കാലത്തേയും ഉച്ചക്കും വൈകുന്നരവും,ഞാന്‍ ശുഭ ദിനം എന്നോ,ശുഭരാത്രി എന്നോ രണ്ടു വാക്ക് മാത്രം എഴുതിയാലും, അതിനൊക്കെ മുന്നൂറും നാനൂറും ലൈക്ക് ആയിരുന്നു.മൂന്നോ നാലോ വരി എങ്ങനെ എങ്കിലും എഴുതിയാല്‍ ലൈക്കിന്റെ കണക്കു അറുനൂറോ എഴുനൂറോ ആകും.വല്ല സിനിമയും കണ്ടിട്ട് ‘ഇവനൊക്കെ വല്ല തൂമ്പയും എടുത്തു കിളച്ചു കൂടെ’ എന്ന് നിരൂപണം അതാണല്ലോ നമ്മുടെ ഹൈലൈറ്റ് എഴുതിയാല്‍ ലൈക്ക് ആയിരം കടക്കും.ഏതെങ്കിലും സിനിമാ താരങ്ങളുടെയോ,വേറെ വല്ല പ്രോഫൈലിലും ഉള്ള പെണ്ണുങ്ങളുടെ ചുണ്ടോ കണ്ണോ അടിച്ചു മാറ്റി ഇട്ടാല്‍ പിന്നെ അന്ന് ഇന്‍ബോക്‌സില്‍ മേസേജുകളുടെ അയ്യരുകളി ആയിരിക്കും.എന്റെ പോസ്റ്റുകളില്‍ ആരെങ്കിലും എന്തേലും എതിര്‍ത്ത് പറഞ്ഞാല്‍,അന്ന് എന്റെ ആരാധകരായ ഞരമ്പ് രോഗികള്‍ അവനു പൊങ്കാലയിടും .

അതെന്തോന്നു…തിരുവന്തോരത്ത് അമ്പലത്തില്‍ ഇടുന്ന എന്തോ ഒന്നല്ലേ ഈ പൊങ്കാല?

അത് പിന്നെ ഡോക്റ്റര്‍,ഞങ്ങള്‍ ഫെസ് ബുക്ക് ജീവികളുടെ ചില പ്രത്യേക വാക്കുകളാണ് പൊങ്കാല , ബെര്‍പ്പിക്കള്‍, പ്ലിംഗ് ഒക്കെ .

ഈ സിനിമാക്കാരോട് താങ്കള്‍ക്ക് എന്താ ഇത്ര വെറുപ്പ്?സിനിമ ഇറങ്ങുന്ന ദിവസം തന്നെ നെഗറ്റീവ് റിവ്യു ഒക്കെ ഇട്ടാല്‍ ആ ഒരു വ്യവസായം തന്നെ നശിച്ചു പോവില്ലേ?

അത് പിന്നെ ഡോക്റ്റര്‍,ഞാന്‍ പരിപ്പുവട എന്ന പേരില് ബ്ലോഗ് എഴുതി തുടങ്ങിയപ്പോള്‍ പല സംവിധായകരുടെയും പുറകെ കഥ ആയിട്ടും,തിരക്കഥ ആയിട്ടും ഒക്കെ കുറെ നടന്നതാ. അന്ന് അവരൊന്നും എന്നെ മൈന്‍ഡ് ചെയ്തില്ല. അതുകൊണ്ട് സിനിമ ഇറങ്ങും കഥയൊക്കെ മനസ്സിലാക്കി ഒരു പോസ്റ്റ് ഉണ്ടാകും.ആദ്യത്തെ ഷോ കഴിഞ്ഞാല്‍ ഉടന്‍ ഫെസ് ബുക്കില്‍ പടം കൂതറ എന്ന് പറഞ്ഞു റിവ്യു ഇടും.പ്രതികാരം മനുഷ്യ സഹജം എന്നല്ലേ സെയിന്റ് ലൂസിഫര് പോലും പറഞ്ഞിട്ടുള്ളത് .

ശരി ശരി …പ്രശ്‌നത്തിലേക്ക് വരൂ .

എനിക്ക് എതിരാളികള്‍ ആയി ഇപ്പൊ ഒന്ന് രണ്ടു പേര് അവതരിച്ചിട്ടുണ്ട്. ഓരോ ദിവസവും അവര്‍ പോസ്റ്റുകള്‍ എഴുത്തും.മണ്ണിന്റെ മണമുള്ള അടിപൊളി പോസ്റ്റുകള്‍ ആയതു കൊണ്ട് ഓരോ പോസ്റ്റിനും ആയിരവും ആയിരത്തി ഇരുനൂറും ഒക്കെ ലൈക്കുകള്‍ ആണ്.എന്റെ പോസ്റ്റിനുള്ള ലൈക് ഇപ്പൊ വെറും അന്‍പതും അറുപതും ഒക്കെ ആയി കുറഞ്ഞു.എന്റെ പരിപ്പുവട ബ്ലോഗിന്റെ ഗതിയാകുമോ ഇനി ഫെസ്ബുക്ക് പ്രോഫൈലിനും എന്ന പേടിയാണ് എനിക്ക് എപ്പോഴും .

ഈ ലൈക്കുകള്‍ കൊണ്ട് എന്താണ് ഗുണം.കാശ് ഒന്നും കിട്ടില്ലല്ലോ.പുഴുങ്ങി തിന്നാനും പറ്റില്ല!

അതല്ല ഡോക്റ്റര്‍,സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന ലൈക്കുകളും, ഹൃദയങ്ങളും,കിട്ടാതെ വന്നപ്പോള്‍,എന്റെ ബി.പി കൂടി.പണ്ടേപ്പോലെ ലൈക്ക് ഒക്കെ കിട്ടാത്തത് ഞാന്‍ ഒരു ഫെക് ആയതു കൊണ്ടാണെന്ന് വരെ ആള്‍ക്കാര്‍ പറഞ്ഞു ഉണ്ടാക്കാന്‍ തുടങ്ങി.ലൈക്കുകള്‍ കണ്ടില്ലെങ്കില്‍ തല കറങ്ങുന്നത് പോലെ തോന്നും .ആളുകള്‍ ചക്കരെ എന്ന് പറഞ്ഞു മെസ്സേജ് ഇന്‍ബോക്‌സില്‍ അയക്കുന്നത് കുറഞ്ഞു.അതൊക്കെ പോട്ടെ ഡോക്റ്റര്‍ .എന്നും എന്റെ താങ്ങായിരുന്ന ഞരമ്പ്‌രോഗികള് ഓരോരുത്തരായി അണ്‍ ഫ്രണ്ട് ചെയ്തു പോകുന്നു.എനിക്ക് ഇപ്പൊ ഫെസ് ബുക്ക് തുറന്നാല്‍ പരവേശമാണ്.ഓഫീസില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല.ആളുകളോട് ഒക്കെ ഷൌട്ട് ചെയ്യുന്നു.സുന്ദരികളായ പെണ്ണുങ്ങള്‍ ഫ്രണ്ട് ആയി ഉള്ളത് കൊണ്ട്,ഭാര്യയെ പണ്ടേ ഗൗനിക്കാറില്ല.ഇനി അവളുടെ തിരുമോന്ത മാത്രം കാണേണ്ടി വരുന്ന ഒരു അവസ്ഥ ചിന്തിക്കാന്‍ പോലും പറ്റുന്നില്ല.

ഈ പെണ്ണുങ്ങലോടൊക്കെ വെറുതെ ഇങ്ങനെ ചാറ്റ് ചെയ്യുന്നതുകൊണ്ട് എന്ത് സന്തോഷമാണ് കിട്ടുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല .

എനിക്ക് ആരാധികമാര്‍ ഒരുപാട് ഉണ്ട്.അവര്‍ ചാറ്റില്‍ എന്തും എന്നോട് തുറന്നു പറയും.രഹസ്യങ്ങള്‍ വരെ.അതൊക്കെ കേള്ക്കുന്നത് തന്നെ ഒരു സന്തോഷമാണ്.ഒരു സുഖമാണ്.പെണ്ണ് ആണെന്ന് വിചാരിച്ചല്ലേ ഈ പോത്തുകള്‍ എല്ലാം പറയുന്നത്.ഈയിടെ ഈ സിറ്റിയില്‍ തന്നെ ഉള്ള ഒരു പൊട്ടന്‍ ഡോക്റ്ററുടെ ഭാര്യ,പ്രോഫൈല്‍ പേര് ക്ലിയോപാട്ര.എന്നോട് അവരുടെ ഭര്ത്താവ് ഒരു കൊഞ്‌നാഡന്‍ ആണെന്ന് പറഞ്ഞു.പിന്നെ അവരുടെ കുറെ രഹസ്യങ്ങളും..അയാള് എങ്ങാനും ഇതൊക്കെ അറിഞ്ഞിരുന്നെകില്‍ ഹൃദയം പൊട്ടി മരിച്ചേനെ. ഞാന്‍ എങ്ങാനും ഒരു ആണ് ആയിരുന്നെകില്‍ എന്റെ കൂടെ ഇറങ്ങി വന്നേനെ എന്നും പറഞ്ഞു.ഞാന്‍ ആണ് ആണെന്ന് തുറന്നു പറയാന്‍ പറ്റില്ലല്ലോ ഇനി.

നിങ്ങള്ക്ക് ഫെക് ഐഡിയില്‍,സ്ഥിരമായി ഫെസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ കണ്ടു വരുന്ന ഒരു രോഗമാണ്.ഞങ്ങളുടെ ഭാഷയില്‍,ഇതിനു നട്ടെല്ലോ ഇല്ലായ്മ ഫെകൊമാനിയ എന്ന് പറയും.സാരമില്ല.എല്ലാം ശരിയാക്കാം.ഞാന്‍ തല്ക്കാലം കുറച്ചു മരുന്നുകള തരാം. അത് കഴിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു വരൂ .

താണ്ടമ്മ പോയതിനു ശേഷം,ഡോക്റ്റര്‍ ഫെര്‍ണാണ്ടസ് തന്റെ ‘മഴുവന്‍’ എന്ന പേരിലുള്ള ഫെസ് ബുക്ക് പേജ് തുറന്നു താണ്ടമ്മയുടെ പേജില്‍ ചെന്ന് ക്ലിയോപാട്ര എന്ന പ്രൊഫൈല്‍ കണ്ടു പിടിച്ചു.അതിലുള്ള എല്ലാ പോസ്റ്റുകള്‍ക്കും കുത്തിയിരുന്ന് ലൈക്ക് അടിച്ചു.പിന്നീട് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചതിന് ശേഷം വളരെ റൊമാന്റിക് ആയ ഒരു മെസ്സേജ് കൂടി അയച്ചു പ്രതീക്ഷയോടെ കാത്തിരുന്നു .

അപ്പോള്‍ ക്ലിനിക്കിന്റെ മുകളിലത്തെ നിലയില്‍ ബ്യുട്ടി പാര്‍ലര്‍ നടത്തുന്ന മിസ്സിസ് ഫെര്‍ണാണ്ടസിന്റെ മൊബൈലില്‍ മെസ്സേജ് അലര്‍ട്ടു വന്നു.പുതിയ ഫ്രണ്ട്‌സ് റിക്വസ്റ്റ് കണ്ടു പുഞ്ചിരിച്ചു കൊണ്ട് വളരെ ശ്രദ്ധാപൂവം അവര്‍ അക്‌സെപ്റ്റ് എന്ന ബട്ടണ്‍ ഞെക്കി.തന്റെ പോസ്റ്റുകളില്‍ എല്ലാം പുതിയ ആള്‍ ലൈക്ക് അടിച്ചത് കണ്ടു പുളകിതയായി .

ക്ലിയോപാട്ര അക്‌സപ്ട്ടട് യുവര്‍ ഫ്രണ്ട്‌സ് റിക്വസ്റ്റ് എന്ന മെസ്സേജ് വായിച്ച ഡോക്റ്റര്‍ തുള്ളിച്ചാടി.മറുപടിയായി ഒരു ലവ്‌സൈന്‍ അയച്ചു കൊണ്ടിരിക്കവേ,മൊബൈല്‍ ശബ്ദിച്ചു.നംബറിനോടൊപ്പം തെളിഞ്ഞു വന്ന മിസ്സിസ് ഫെര്‍ണാണ്ടസിന്റെ ഫോട്ടോ കണ്ടപ്പോള്‍ ഡോക്റ്റര്‍ അസഹ്യതയോടെ പറഞ്ഞു ..

ശവം !