തനിയാവര്‍ത്തനം – കഥ
ക്വാട്ടെര്സിന്റെ ഉമ്മറത്ത് തീറ്റക്ക് വേണ്ടി കൊത്തു കൂടുന്ന ബെലികാക്കകളെ വകഞ്ഞ് മാറ്റി ഒരു മധ്യവയസ്കയും അവരുടെ മകളെന്നു തോന്നിക്കുന്ന പെണ്‍കുട്ടിയും കടന്നു വരുന്നതു സാജന് ജനല്‍ പഴുതിലൂടെ കണ്ടു .
117 total views, 1 views today

ക്വാട്ടെര്സിന്റെ ഉമ്മറത്ത് തീറ്റക്ക് വേണ്ടി കൊത്തു കൂടുന്ന ബെലികാക്കകളെ വകഞ്ഞ് മാറ്റി ഒരു മധ്യവയസ്കയും അവരുടെ മകളെന്നു തോന്നിക്കുന്ന പെണ്‍കുട്ടിയും കടന്നു വരുന്നതു സാജന് ജനല്‍ പഴുതിലൂടെ കണ്ടു . ശരീരത്തിലെ പരുക്കുകള്‍ വിട്ടുമാറിയിരുന്നില്ല അതിനാല്‍ ചാടിയെനീട്ടു ഉമ്മറത്ത് ചെല്ലാനെന്നും മെനക്കെട്ടില്ല . കോളിംഗ് ബെല്‍ അടിച്ചു .പതിയെ ചെന്നു വാതില്‍ തുറന്നു .പുറത്തു നില്ക്കുന്ന മുഖങ്ങളില്‍ ആ പെണ്‍കുട്ടിയുടെ മുഖം അപരിചിതമായി തോന്നിയില്ല . അപകടത്തില്‍ തലയ്ക്കു മുറിവ് പറ്റിയിരുന്നു .ഇനി അതിന്റെ ഓര്മ്മപ്പിശകായിരിക്കാം
“വരൂ….ഇരിക്കൂ .. കുട്ടിയെ എവിടെയോ കണ്ട നല്ല പരിചയം തോന്നുന്നു ….”
പെണ്‍കുട്ടി പുഞ്ചിരിച്ചു
അവര്‍ക്കിരിക്കാന്‍ സാജന് കസേരകള്‍ക്കായി പരതി .
“സോറി ഇരിക്കാന്‍ പറഞ്ഞിട്ട് ഇവിടെ ഇപ്പോള്‍ ഒരു കസേര പോലും ഇല്ല … എന്ത് ചെയ്യാനാ കടുവയെ പിടിച്ച കിടുവയെന്നു കേട്ടിട്ടേ ഉള്ളൂ …ഞാന്‍ ഇല്ലാത്ത സമയത്തു ഇവിടെ കിടന്ന സാധനങ്ങള്‍ ആരോ മോഷ്ടിച്ചു കൊണ്ട് പോയി ……”
” ഓ സാരമില്ല ഞങ്ങള്‍ ഇവിടെ നിന്നോളാം …..”
ആ സ്ത്രീ മറുപടി പറഞ്ഞു ……അനന്തരം അവര്‍ സ്വയം പരിചയപ്പെടുത്തി
” ഞാന്‍ ഹേമ … സാറിന് ഇങ്ങനെ ഒരപകടം പറ്റിയെന്നറിഞ്ഞു വന്നതാണ് …കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുമുണ്ട് …..എങ്ങിനെയാ സംഭവിച്ചത് …?”
പിന്നെ അവര്‍ കുറെ നേരം എന്തൊക്കെയോ സംസാരിച്ചു കൊണ്ടു അവിടെയൊക്കെ നടന്നു . ആ സമയമത്രയും ആ പെണ്‍കുട്ടി ഉമ്മറപ്പടിയില്‍ വെറുതെ പുറത്തേക്ക് നോക്കിയിരുന്നു. വല്ലാത്തൊരു ഏകാന്തത അവളുടെ മുഖത്ത് നിഴലിച്ചിരുന്നു .
അനന്തരം അവരെ യാത്രയയച്ചു .അവിടെ ആകെ ഉണ്ടായിരുന്ന ചാര് കസേരയില്‍ അമര്‍ന്നു . ഹേമയുടെ മുഖം മനസ്സില്‍ ഉടക്കിയിരുന്നു . ദൂരെ നിന്നും കണ്ടപ്പോള്‍ തോന്നിയ പ്രായമൊന്നും അവര്‍ക്കില്ല . പൊതുവെ സ്ത്രീ വിഷയത്തില്‍ അല്‍പ്പം താല്പര്യമുള്ള സാജനെ ഹേമയുടെ രൂപം ഇക്കിളിപ്പെടുത്തി. ഹേമയെ ശ്രദ്ധിക്കാന്‍ വേറെയും കാരണം ഉണ്ട് അവര്‍ പഴയ രീതിയിലായിരുന്നു വസ്ത്രധാരണം നടത്തിയിരുന്നത് . അത് അവരുടെ മറ്റു കൂട്ടിയിട്ടേ ഉള്ളൂ . ഏതോ കുലീനയായ തറവാട്ടമ്മയാണെന്ന് നിസ്സംശയം പറയാം .എന്നാല്‍ ഈ ചിന്തകളെയൊക്കെ ഭേദിച്ച് കൊണ്ടു അവന്റെ മറുചിന്തകള്‍ ഒരാഴ്ച മുന്‍പുള്ള ചില സംഭവങ്ങളിലൂടെ സഞ്ചരിച്ചു .
” സാജന് നമ്മള് തമ്മിലുള്ള സ്നേഹമൊക്കെ ശരിതന്നെ ….പക്ഷെ തനിക്കറിയാല്ലോ എന്റെ സ്വഭാവം ..അതിനാല്‍ ഒരാഴ്ചക്കകം ഇതിനൊരു തുമ്പുണ്ടാക്കണം …”
മഹേഷ് സാറിന്റെ മുന്നില്‍ നിന്നു ഇത്തരമൊരു വിരട്ടും കേട്ടു വാശിയോടെ ഇറങ്ങിത്തിരിച്ചതിനു കിട്ടിയ പ്രതിഫലമാണല്ലോ ഈ പരുക്കുകള്‍ . എന്നാലും ഞാന്‍ അങ്ങേരുടെ സ്വന്തം അനിയനെ പോലെയാണെന്ന് പറഞ്ഞിട്ട് ആ എന്നോട് തന്നെ അങ്ങനെയൊക്കെ പറഞ്ഞതിലാണ് വിഷമം . ഔദ്യോഗിക കാര്യങ്ങളില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യാത്ത ആളാണ് സാര്‍. ശരീരം ഒന്നനക്കാന്‍ പോലും ആകാതെ ഒരാഴ്ചയിലെരെയായി ഞാന്‍ വീട്ടില്‍ ആയിരുന്നിട്ടും ഒന്നു വന്നു നോക്കുക പോലും ചെയിതില്ലല്ലോ ……
സാജന്റെ ചിന്തകള്‍ തുടര്‍ന്ന് പോയി ……
മഹേഷ് സാര്‍ പാവമാണ് …. അനുജന് മാത്രമായിരുന്നു സാറിന്റെ ബന്ധു . അവന്റെ മരണ ശേഷം സാര്‍ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു .മരിച്ചു പോയ എന്റെ കുട്ടൂസിന്റെ സ്ഥാനത്താണ് സാജാ നീ എനിക്ക് .. ഇങ്ങനെ പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറയുമായിരുന്നു .
എന്തായിരുന്നു സാറിനെയും എന്നെയും തമ്മില്‍ അടുപ്പിച്ചത് . അനിയന് ഉണ്ടായിരുന്ന സമയത്തും പുള്ളിക്ക് എന്നെ ഇപ്പോഴുള്ളത് പോലെ വല്ല്യ കാര്യമായിരുന്നു .ഒരു പക്ഷെ ആശയങ്ങളിലെ സമാനതയായിരിക്കും . നമ്മള് രണ്ടുപേരും ഒരേ വേവ് ലെങ്ങ്തില്‍ ആണ് ചിന്തിക്കുന്നതെന്ന് തോന്നിയിട്ടുണ്ട് .
ഏകാന്ത ചിന്തകള്‍ സാജനെയും കൊണ്ടു ആറേഴു ദിനങ്ങള്‍ തള്ളി നീക്കി .ആരോഗ്യം ഒരു വിധം വീണ്ടെടുത്തു .
കോളിളക്കം സൃഷ്ടിച്ച റാണീ കൊലക്കേസായിരുന്നു അയാള്‍ ഇപ്പോള്‍ അഭിമിഖീകരിക്കുന്ന പ്രശ്നം . ആ കേസ് തനിക്ക് സ്വസ്ഥത തരുന്നില്ല . മുകളില്‍ നിന്നുള്ള പ്രഷര്‍ …അതിന് മുന്നില്‍ മഹേഷ് സാറിന്റെ കീഴടങ്ങല്‍ ..ആ ദേഷ്യമെല്ലാം തന്റെ തലയില്‍ ചാരല് ….ഓ മടുത്തു …..പക്ഷെ ഇതിനൊരു തുംബുണ്ടാക്കും .അതിന് സംശയമൊന്നും ഇല്ല .ഇന്നു വീണ്ടും തുടങ്ങുകയാണ് അന്വേഷണം . അതിന് ചിലരെ കാണാനുണ്ട് .
റാണി സുന്ദരിയായ ഒരു പെണ്‍കുട്ടിയായിരുന്നു . ഒരു ദിവസം ദുരൂഹമായ സാഹചര്യത്തില്‍ വീടിനു സമീപത്തുള്ള കനാലില്‍ അവളുടെ മൃദദേഹം പൊങ്ങി … അന്ന് മുതല്‍ പോലീസിന്റെ ഉറക്കം കെടുത്തുന്ന കേസായി മാറി .കേസിന് ഇപ്പോഴും ഒരു ഒരു പുരോഗതിയും ഇല്ല .
ഔദ്യോഗിക വസ്ത്രവുമണിഞ്ഞു സാജന് പുറപ്പെട്ടു . തനിക്ക് പരിചിതമായ വഴികളിലൂടെ അയ്യാള് കുറെ ദൂരം സഞ്ചരിച്ചു . ദുരൂഹമായ ഒരുപാടു സംഗതികള്‍ കെട്ടു പിണഞ്ഞു കിടക്കുന്നതായി മനസിലായി . താന്‍ പിന്നിടുന്ന വഴികള്‍ എല്ലാം ദിവസങ്ങള്‍ക്കു മുന്‍പ് സഞ്ചരിച്ചത് തന്നെയാണെന്നു അയാള്‍ക്ക് തോന്നി .ഒരു പ്രത്യേക സ്ഥലത്തെതിയപ്പോള് തന്റെ മുന്നോട്ടുള്ള വഴിയില്‍ ചില തടസങ്ങള്‍ കണ്ടു . കുത്തനെയുള്ള വഴിയാണ് താഴേക്ക് പോയാല്‍ ഒരു പൊടി പോലും കിട്ടില്ല .താഴോട്ടു നോക്കിയപ്പോള്‍ അപകടത്തില്‍ തകര്‍ന്നു നാമാവിശേഷമായി കിടക്കുന്ന ഒരു ജീപ്പിനെയും കണ്ടു .പക്ഷെ സാജന് പേടിയൊന്നും ഇല്ലായിരുന്നു.കാരണം തനിക്ക് മുന്‍പ് പറ്റിയ അപകടത്തെക്കാള്‍ കൂടുതലായി ഒന്നും വരാനില്ലെന്ന് അയ്യാള്‍ക്ക് നന്നായി അറിയാമായിരുന്നു . .
ദുര്‍ഘടമായ വഴികള്‍ പിന്നിട്ടു അയാള്‍ ഒരു കൂറ്റന്‍ ബംഗ്ലാവിനു മുന്നിലെത്തി . മുന്നിലുള്ള റോസാ തോട്ടത്തില്‍ ഒരു പെണ്‍കുട്ടി വെള്ളമൊഴിക്കുന്നു . അവള് അന്ന് ഹേമയോടൊപ്പം വന്ന കുട്ടിയായിരുന്നെന്നു സാജന് മനസിലായി . വിരിഞ്ഞുല്ലസിച്ചു നിന്ന റോസാപ്പൂക്കള്‍ക്കിടയില്‍ അവള് ഒരു വലിയ പൂവായി അയാള്‍ക്ക് തോന്നി .
സാജനെ കണ്ട പെണ്‍കുട്ടി പുഞ്ചിരിച്ചു . അവള് അടുത്ത് വന്നു .
” അങ്കിള്‍ വരൂ …..”
” മോള്‍ക്ക് സുഖമല്ലേ …അങ്കിളിനു ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട് . ഹേമയാന്റി ഇല്ലേ ….”
അയാളുടെ കണ്ണുകള്‍ അവിടെയൊക്കെ പരതി .
ആന്റീ എന്ന് നീട്ടി വിളിച്ചു കൊണ്ടു അവള് അകത്തേക്കോടി .
അന്ന് കണ്ടപ്പോള്‍ അവളുടെ മുഖത്ത് വല്ലാത്തൊരു ഗ്ലൂമി ലുക്ക് ആയിരുന്നു .ഇന്നു നല്ല ചുണക്കുട്ടി ആയിട്ടുണ്ട് …. ചിലപ്പോള്‍ സ്വന്തം വീടായതിനാല്‍ ആയിരിക്കും .അയാള്‍ വീടിനുള്ളില്‍ കയറി ഹേമയുടെ ഒരു പൂര്‍ണ്ണകായ ചിത്രം ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്നു .സുന്ദരിയായ അവളുടെ വടിവൊത്ത രൂപം ഒപ്പിയെടുത്ത ചിത്രകാരനെ മനസ്സു കൊണ്ട് പുകഴ്ത്തി . അല്പം മാറാലയൊക്കെ പിടിച്ചു ചായം ഇളകിയിട്ടുണ്ട് . അന്ന് കണ്ട ഹേമയെ പതിച്ചു വച്ചിരിക്കുകയാണെന്ന് തോന്നി .
കുറെ നേരം കഴിഞ്ഞപ്പോള്‍ ഹേമ പുറത്തേക്ക് വന്നു .
“സാറിരിക്കൂ ….”
അകത്തേക്ക് നോക്കി .
“മോളെ അങ്കിളിനു ചായ കൊണ്ടു വരൂ …”
” ഏയ് നിര്‍ബന്ധമില്ല..”
” എന്നാലും ….ഒരു കപ്പു ചായയല്ലേ ….സാറിന് എന്താ ചോദിക്കൌള്ളത് ”
അവര്‍ കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചു . മുറിക്കുള്ളില്‍ ഫോണ്‍ റിങ്ങ് ചെയിതു …. പിന്നെ അത് നിശബ്ദമായി . അകത്തു നിന്നും പെണ്‍കുട്ടി വിളിച്ചു .
” ആന്റീ …ആന്റിക്ക് ഫോണ്‍ …”
ഹേമ അകത്തേക്ക് പൊയ്.
പെണ്‍കുട്ടി ചായയുമായി വന്നു .
“താങ്ക്സ് … മോളിരിക്കൂ … എനിക്ക് റാണിയെ കുറിച്ചു കുറെ കാര്യങ്ങള്‍ അറിയണം ….”
അവളുടെ മറുപടികളില്‍ കുറെ കാര്യങ്ങള്‍ പുതുതായി വെളിപ്പെട്ടു . റാണി സഞ്ചരിച്ച വഴികള്‍ സാജന് മനക്കണ്ണിലൂടെ കുറെ ദൂരം മുന്നോട്ടു പോയി .ചില നിഗമനങ്ങളില്‍ എത്തിയതായി മുഖം പറഞ്ഞു .അപ്പോഴേക്കും ഹേമ ഫോണ്‍ സംഭാഷണം കഴിഞ്ഞു പുറത്തു വന്നു .
” അപ്പോഴേ ഹേമേ നിങ്ങള്‍ക്ക് ഇതൊക്കെ എന്റെ സാറിന്റെ അടുത്ത് വന്നു പറയാമോ ..?”
” അതിനെന്താ വരാം സാര്‍ …”
ഒരനാവശ്യ ഭവ്യതയില്‍ ഹേമ മറുപടി പറഞ്ഞു
“ഒരഞ്ചു മിനിട്ട് ..ഞങ്ങള്‍ ഒന്നു റെഡിയായി വരാം …”
” ഓക്കേ …”
രണ്ടുപേരും റെഡിയായി വന്നു അവര്‍ പുറപ്പെട്ടു ……
കുറെ ദിവസങ്ങള്‍ക്കു ശേഷമാണ് സാറിനെ കാണുന്നത് . പുള്ളി ദേഷ്യപ്പെടും തീര്‍ച്ച . എന്നാലും കേസിന് തുംബുണ്ടായല്ലോ .അതറിയുമ്പോള്‍ സന്തോഷിക്കും .
ആ വലിയ ഓഫീസിന്റെ ഇടനാഴിയിലൂടെ അവരെയും കൊണ്ടു നടക്കുന്നതിനിടയില്‍ സാജന്റെ മനസ്സില്‍ ഇത്തരം ആത്മഗതങ്ങളുടെ വേലിയേറ്റമായിരുന്നു . മഹേഷ് സാറിന്റെ ഡോറിനു മുന്നിലെത്തി .
” നിങ്ങള്‍ ഇവിടെ നില്ക്കൂ ..ഞാന്‍ വിളിപ്പിക്കാം …”
സാജന് ഡോര്‍ തുറന്നു അകത്തേക്ക് പോയി . സാറ് കുനിഞ്ഞിരിക്കുന്നു . മുഖത്ത് ദുഖം നിഴലിക്കുന്നുണ്ട് . വലതു കൈ തലയ്ക്കു താങ്ങായി കൊടുത്താണ് ഇരിക്കുന്നത് . ഒറ്റ നോട്ടത്തില്‍ ഉറങ്ങുകയാണെന്ന് തോന്നും .തന് വന്നത് അറിഞ്ഞിട്ടില്ല .
“സാര്‍ …..”
സ്വരം താഴ്ത്തി സാജന് വിളിച്ചു ……
മഹേഷ് കേട്ട ഭാവം പോലും കാണിച്ചില്ല .
തന്നെ കേസില്‍ സഹായിക്കേണ്ട സാജന് പരുക്കെന്നും പറഞ്ഞു മനപൂര്‍വ്വം വീട്ടില്‍ സുഖിക്കുന്നു എന്ന് മഹേഷ് സാര്‍ തെറ്റിധരിച്ചു കാണുമെന്നു നേരത്തെ സാജന് തോന്നിയിരുന്നു .തല ചൊറിഞ്ഞു കൊണ്ടു അയാള്‍ കുറെ സോറി പറഞ്ഞു .ഇടയ്ക്കിടയ്ക്ക് മഹേഷ് തന്നെ നോക്കി നെടുവീര്‍പ്പിടുന്നതും സാജന് ശ്രദ്ധിച്ചു .സാറിന് തന്റെ കൂടെയുള്ള സ്നേഹമൊക്കെ പോയോ … സാജന് തിരിഞ്ഞു നോക്കി .ചുമരില്‍ സാറും ഞാനും മരിച്ചുപോയ സാറിന്റെ അനിയനും ഒരുമിച്ചുള്ള ഫോട്ടോ ഇപ്പോഴും ഉണ്ട് .ആശ്വാസം.. എന്നോടുള്ള വെറുപ്പ് കൊണ്ടു അതെടുത്ത് മാറ്റിയിട്ടില്ല . മേശപ്പുറത്തു റാണീ കൊലക്കേസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ അടങ്ങിയ പത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ കണ്ടു .അതില്‍ സാജന്റെ ഫോട്ടോയും കണ്ടു .
തന്റെ ഫോട്ടോ പത്രത്തില്‍ കണ്ട സാജന് ചിരിച്ചു
മഹേഷിനു മുന്നിലത്തെ ഫോണ്‍ റിങ്ങ് ചെയിതു .അയാള്‍ ഫോണെടുത്തു സംസാരം തുടങ്ങി .
ഫോണിലൂടെ എന്തോ അറിഞ്ഞ അയ്യാള് ഡോര്‍ തുറന്നു വേഗത്തില്‍ ഇറങ്ങി ഓടി പുറത്തു കിടന്ന തന്റെ കാര്‍ ഓടിച്ചു പൊയ് .
പുറത്തു ഹേമയും ആ പെണ്‍കുട്ടിയും നില്‍ക്കുന്നുണ്ട് .സാജന് പുറത്തേക്ക് വന്നു.
“സോറി സാരിനെന്തോ പ്രോബ്ലം …. എന്നോട് പുള്ളിക്ക് അത്ര പോര ..ആരെങ്കിലും പറഞ്ഞു പിരി കേറ്റിക്കാനും ..എന്തായാലും പുള്ളി വരട്ടെ കാണാതെ പോകാന്‍ പറ്റില്ലല്ലോ …”
അവര്‍ മൂവരും അവിടെ തന്നെയിരുന്നു .മണികൂറുകള്‍ കഴിഞ്ഞിട്ടും മഹേഷ് സാര്‍ മടങ്ങി വന്നില്ല .സമയം രാത്രിയായി .സാജനാനെങ്കില് അവരെ കൊണ്ടു വിടുകയും വേണം അതും ദുര്‍ഘടമായ വഴിയിലൂടെ .
അക്ഷമയോടെ സാജന് പറഞ്ഞു …
” അപ്പൊ നമ്മുക്ക് പോകാം ..പുള്ളി ഇന്നിനി വരുമെന്ന് തോന്നുന്നില്ല …നമ്മള് പോകുന്ന വഴിയാണ് പുള്ളിയുടെ വീട് ..ഒന്നു കയറി നോക്കാം ..നിങ്ങള്‍ ചെന്നു പറഞ്ഞാല്‍ മതി .ഞാന്‍ വന്നാല്‍ പുള്ളി ചിലപ്പോള്‍ അതിന് തയാറാകില്ല ….”
അനന്തരം അയാളുടെ വീട്ടില്‍ എത്തിയെങ്കിലും അവിടെ ആരും ഇല്ലായിരുന്നു .അന്ധകാരം തളം കെട്ടിയ പരിസരം ആരെയും ഭയപ്പെടുത്താന്‍ പോന്നതായിരുന്നു .
മഹേഷിനെ കണ്ടു സംസാരിക്കാന്‍ കഴിയാത്ത നിരാശയില്‍ സാജന് അവരെ കൊണ്ടു ബംഗ്ലാവിലാക്കി .
“അപ്പോള്‍ സാറിന്റെ വീട് കണ്ടല്ലോ ..നാളെ നിങ്ങള്‍ രണ്ടുപേരും പോയി കാര്യം പറഞ്ഞാല്‍ മതി ..എന്റെ കാര്യവും പറയാന്‍ മടിക്കണ്ട ..അങ്ങിനെയെങ്കിലും പിണക്കം മാറുമല്ലോ ….”
“ശരി സാര്‍ നാളെ തന്നെ പോകാം ….”
ഹേമ പറഞ്ഞു .
“കഴിയുമെങ്കില്‍ രാവിലെ തന്നെ പോകണം …പിന്നെ പുള്ളിയെ കാണാന്‍ പാടാണ് …”
“ശരി …”
“അപ്പോള്‍ ഇനി എന്റെ ആവശ്യം ഇല്ല ……ഞാന്‍ പോട്ടെ …..”
പിറ്റേന്ന് രാവിലെ തന്നെ അവര്‍ രണ്ടു പേരും മഹേഷിന്റെ വീട്ടിലെത്തി . ഗേറ്റ് തള്ളി തുറന്നു വരുന്ന അവരെ മഹേഷ് ജനല്‍ പഴുതിലൂടെ കണ്ടു .ശരീര വേദന കാരണം വിശ്രമിക്കുന്ന മഹേഷിന്റെ മനസ്സു മുഴുവന്‍ മേലുദ്യോഗസ്ഥന്റെ വിരട്ടായിരുന്നു . കോളിംഗ് ബെല്ലടിച്ചു .അയാള്‍ പതിയെ ചെന്നു വാതില്‍ തുറന്നു . ആ സ്ത്രീയെ മുന്‍പ് കണ്ട പരിചയം തോന്നിയില്ല .എന്നാല്‍ ആ പെണ്‍കുട്ടി അപരിചിതയായി തോന്നിയില്ല .
ഹേമ ചോദിച്ചു ,
“എന്ത് പറ്റി സാര്‍ …”
“ഇന്നലെ എന്റെ കാറു ലോറിയുമായി ഇടിച്ചു …ആരോ കൊണ്ടു ഇടിക്കുകയായിരുന്നു …”
ഹേമയോടൊപ്പം വന്ന പെണ്‍കുട്ടിയെ നോക്കി നെറ്റി ചുളിച്ചു പോലീസ് ദൃഷ്ടിയോടെ മഹേഷ് ചോദിച്ചു
“ഞാന്‍ ഫോട്ടോ കണ്ടിട്ടുണ്ട് ..എന്റെ ഫയലില്‍ ഉണ്ട് …..റാണിയല്ലേ …..?”
റാണിയുടെ മുഖത്ത് ഭയപ്പെടുത്തുന്ന വികൃതമായ ഒരു ചിരി ഉണര്‍ന്നു. മഹേഷും ഹേമയും ആ ചിരി തങ്ങളുടെത് കൂടിയാക്കി ..അവിടെ ഉണ്ടായിരുന്നെങ്കില്‍ സാജനും ആ ചിരി ഏറ്റെടുത്തേനെ ….
ഹേമ , റാണി , സാജന് …ഇപ്പോള്‍ ഇതാ മഹേഷ് …….തനിയാവര്‍ത്തനങ്ങളിലൂടെ അവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു …..
(ശുഭം )
118 total views, 2 views today
