Prem Mohan
മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ എഴുത്തുകാരെ കുറിച്ചാണ്. അത്രയേറെ പ്രതിഭകള്‍ ഉള്ളൊരു സിനിമ മേഖല ആണ് മലയാളത്തിന്‍റെത്. ഭരതന്‍,പത്മരാജന്‍, ലോഹിദദാസ് ഒക്കെ പോലെ പുതിയ തലമുറയിലെ ഏറ്റവും പ്രതിഭാധനനായ ഒരു എഴുത്തുകാരന്‍ ആണ് ശ്യാം പുഷ്ക്കരന്‍. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും അതാണ് സത്യം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുമ്പളങ്ങി നൈറ്റ്സ്, മയനദി ഒക്കെ പോലെ ക്ലാസിക് എന്ന് പറയാവുന്ന സിനിമകള്‍ എഴുതാന്‍ കെല്‍പ്പുള്ള ഒരു റൈറ്ററുടെ പുതിയ ചിത്രം… തങ്കം. തീര്‍ച്ചയായും പ്രതീക്ഷയുടെ കൊടുമുടിയില്‍ തന്നെയാണ് തീയേറ്ററില്‍ കയറിയത്. ആ പ്രതീക്ഷ സിനിമയുടെ ഒരിടത്തും തെറ്റിയില്ലന്ന്‍ മാത്രമല്ല പ്രതീക്ഷിച്ചതിലും മുകളില്‍ ആയിരുന്നു തങ്കത്തില്‍ നിന്ന് എനിക്ക് കിട്ടിയത്.
‘ദേവി നീയെ’ എന്ന പാട്ടില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. ആ പാട്ട് തീരുമ്പോഴേക്കും നമ്മള്‍ പടത്തില്‍ ഇന്‍ ആയിട്ടുണ്ടാവും. പിന്നീട് അങ്ങോട്ട് ഒരു ഒഴുക്കാണ്. ആ ഒഴുക്കില്‍ നമ്മള്‍ വേറൊന്നും അറിയില്ല. മുത്തിന്‍റെയും കണ്ണന്‍റെയും കൂടെ നമ്മളും സഞ്ചരിക്കും. അത്ര രസകരമായിട്ടാണ് തങ്കം എന്ന സിനിമ എടുത്തുവെച്ചിരിക്കുന്നത്. തുടക്കത്തിലെ കണ്ണനും (വിനീത് ശ്രീനിവാസന്‍) മുത്തും (ബിജു മേനോന്‍) തമ്മിലുള്ള ഫ്രെണ്ട്ഷിപ്പും അവരുടെ കുടുംബവും നല്ല കോമഡി രംഗങ്ങളും ഒക്കെ ആയി ഒട്ടും ബോറടിപ്പിക്കാതെ സിനിമയെ മുന്നോട്ട് കൊണ്ടുപോകാന്‍ എഴുത്തുകാരനും സംവിധായകനും സാധിച്ചു. കോമഡി രംഗങ്ങളില്‍ എടുത്തു പറയേണ്ടത് വിനീത് തട്ടിലും ബിജു മേനോനും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളില്‍ ആണ്. എന്ത് നാച്ചുറല്‍ ആയിട്ടാണ് രണ്ടുപേരും കോമഡി കൈകാര്യം ചെയ്യുന്നത്. അവരുടെ കോമ്പിനേഷന്‍ ആദ്യം മുതല്‍ അവസാനം വരെ ചിരിപ്പിച്ചു. ഒരുഭാഗത്ത് വളരെ സീരിയസ് ആയി കഥപറയുകയും അതിനോടൊപ്പം തന്നെ കോമഡിയും കൊണ്ടുപോകുക എന്നത് ഒരു എഴുത്തുകാരന്‍റെ ഏറ്റവും വലിയ വെല്ലുവിളി ആണ്. അവിടെ ശ്യാം പുഷ്ക്കരന്‍ നൂറു ശതമാനം വിജയിച്ചു.
ശ്യാം പുഷ്കരന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന്‍ തികച്ചും വ്യെത്യസ്തവും എന്നാല്‍ അതുപോലെ മികവില്‍ മുന്‍ചിത്രങ്ങളോടൊപ്പം നില്‍ക്കുന്നതും ആയ ഒരു തിരക്കഥ ആയിട്ടാണ് തങ്കം എനിക്ക് ഫീല്‍ ചെയ്തത്. തിരക്കഥയാണ് തങ്കത്തിന്‍റെ ഹീറോ എന്നിരിക്കിലും മറ്റ് രണ്ടു നായകന്മാരെകുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ശരിക്കും ഞെട്ടിച്ചു. സ്ക്രീന്‍സ്പേസ് ബിജു മേനോന് ആണ് കൂടുതല്‍ എങ്കിലും വിനീത് ശ്രീനിവാസന്‍ ഇതുവരെ അദ്ദേഹത്തിന്‍റെ മുന്‍ ചിത്രങ്ങളില്‍ എവിടെയും കാണാത്ത ചില മാനറിസങ്ങള്‍ ഒക്കെയായി അഭിനയിച്ചു തകര്‍ത്തു എന്ന് പറയാം. മൊത്തത്തില്‍ കുടുംബസമേതം തീയേറ്ററില്‍ പോയി കാണാന്‍ പറ്റിയ നല്ലൊരു ചിത്രമാണ് തങ്കം. ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.
**
Akshay Ta
ശ്യാം പുഷ്കരന്‍ സിനിമയില്‍ ബിജു മേനോനും വിനീത് ശ്രീനിവാസനും അഭിനയിക്കുന്നു എന്നത് തന്നെ തങ്കം സിനിമയിലെ വലിയൊരു കൌതുകമാണ്. പ്രകൃതി പടങ്ങള്‍ എന്ന് അറിയപ്പെടുന്ന റിയലിസ്റ്റിക് പടങ്ങള്‍ ചെയ്തുവരുന്ന ശ്യാം പുഷ്കരനും പക്കാ സിനിമാടിക്ക് ആയ സിനിമകളില്‍ അഭിനയിച്ചു വരുന്ന ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിച്ചു വരുമ്പോള്‍ ആര്‍ക്കാണെങ്കിലും ഒരു കൌതുകം തോന്നും. എന്നാല്‍ സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ആ കൌതുകം മാറി ഒരു ആത്മസംതൃപ്തി ആയി മാറുന്നു. ശരിക്കും പറഞ്ഞാല്‍ തങ്കം റിയലിസ്റ്റിക്കിന്‍റെയും സിനിമാടിക്കിന്‍റെയും ഇടയില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ്.
സഹീദ് അറഫത്ത് സംവിധാനം ചെയ്ത് തീയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം തങ്കം എന്നിലെ പ്രേക്ഷകനെ പൂര്‍ണമായും ത്രിപ്തിപ്പെടുത്തി. ചിത്രത്തില്‍ എടുത്തുപറയാന്‍ ഒരുപാട് പോസിറ്റീവ്സ് ഉണ്ട്.
ഒന്നാമത് സഹീദ് അറഫത്ത് എന്നാ സംവിധായകന്‍റെ ക്രാഫ്റ്റ് തന്നെയാണ്. ഒരു ശരാശരി തിരക്കഥയെ അദ്ദേഹം വളരെ മികച്ച രീതിയില്‍ തന്നെ എടുത്ത്വെച്ചിട്ടുണ്ട്. പിന്നെ എടുത്തു പറയേണ്ടത് ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ പ്രകടനങ്ങള്‍ ആണ്. തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ കോമഡിയും അല്‍പ്പം സെന്റിമെന്റ്സും ഒക്കെയായി പ്രേക്ഷകനെ പിടിച്ചിരുത്തുന്നതില്‍ ബിജു മേനോന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അപര്‍ണ ബാലമുരളിയും കൊച്ചു പ്രേമനും ഗിരീഷ് കുല്‍ക്കര്‍ണിയും ഒക്കെ അവരുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്.
കണ്ടുശീലിച്ച അന്യേഷണ സിനിമകളുടെ ശൈലി തന്നെയാണ് തങ്കവും പിന്തുടരുന്നത് എങ്കിലും making മികവ് കൊണ്ട് ചിത്രം ആവറെജിനും മുകളില്‍ നില്‍ക്കുന്ന അനുഭവമായിരുന്നു എനിക്ക് നല്‍കിയത്. ബിജിബാലിന്‍റെ പാട്ടും BGM ഉം മികച്ചതായിരുന്നു. സ്ലോപേസ് ത്രില്ലറുകള്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് ഉറപ്പായും ടിക്കെറ്റ് എടുക്കാവുന്ന ചിത്രം തന്നെയാണ് തങ്കം.
***
Irshad Ahammed
കലര്‍പ്പില്ലാത്ത തങ്കം.
സഹീദ് അരാഫത്ത് സംവിധാനം ചെയ്ത് ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രമാണ് തങ്കം. ശ്യാം പുഷ്കരന്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും മികച്ച സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ ആളാണ് ശ്യാം പുഷ്ക്കരന്‍. അതുകൊണ്ട് തന്നെ ശ്യാം പുഷ്കരന്‍ എന്ന പെരില്‍ തന്നെയാരുന്നു തങ്കത്തിന്‍റെ പ്രതീക്ഷ. ബിജു മേനോനും വിനീത് ശ്രീനിവാസനും കുടുംബപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നായകന്മാരാണ്. എന്നാല്‍ രൂപത്തില്‍ വലിയ മാറ്റങ്ങള്‍ ഇല്ലെങ്കിലും മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യെത്യസ്തമായ വേഷങ്ങളില്‍ ആണ് തങ്കത്തില്‍ രണ്ടുപേരും എത്തുന്നത്. ദംഗല്‍, അഗ്ലി തുടങ്ങിയ ബോളിവൂഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് കുല്‍ക്കര്‍ണിയും ചിത്രത്തില്‍ മികച്ച ഒരു വേഷം ചെയ്യുന്നു. ഗോള്‍ഡ് സ്മഗ്ലിങ്ങും അതിനിടയില്‍ നടക്കുന്ന ഒരു കൊലപാതകവും അതിനെത്തുടര്‍ന്ന് നടക്കുന്ന അന്യേഷണവും ആണ് തങ്കത്തില്‍ പറയുന്നത്. സാധാരണ ശ്യം പുഷ്കരന്‍ സിനിമകളില്‍ നിന്ന് വ്യെത്യസ്തമായ ചിത്രമാണ് തങ്കം. ഒരുവിധം എല്ലാ സീനും വ്യെത്യസ്തമായ ലൊക്കേഷനുകളില്‍ ആണെന്ന് പറയാം.
പതിഞ്ഞ താളത്തില്‍ കഥ പറഞ്ഞു തുടങ്ങി ഇന്‍റെര്‍വെല്ലോട് കൂടി ത്രില്ലര്‍ സ്വഭാവത്തിലേക്ക് കടക്കുന്ന ചിത്രം ഒട്ടും ലാഗ് ഇല്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. ഇന്‍വെസ്റ്റിഗേടിവ് ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രം തീയേറ്റര്‍ വാച്ച് അര്‍ഹിക്കുന്ന ചിത്രം തന്നെയാണ്. കിരണ്‍ ദാസിന്‍റെ എഡിടിങ്ങും ഗൌതം ശങ്കറിന്‍റെ ചായഗ്രഹണവും തങ്കത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നു.
***
Aswin Sanoop
പ്രകൃതി പടങ്ങളുടെ തിരക്കഥകൃത്ത് എന്ന പേര് കേട്ട ശ്യാം പുഷ്ക്കരന്‍ തന്‍റെ സ്ഥിരം ശൈലിയില്‍ നിന്ന് മാറി സഞ്ചരിക്കുന്ന ചിത്രമായിരിക്കും തങ്കം എന്ന് റിലീസിന് മുന്നേ തന്നെ അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ആ പറഞ്ഞത് പൂര്‍ണമായും ശരി ആണെന്ന് സിനിമ കണ്ട്കഴിഞ്ഞപ്പോള്‍ തോന്നിയില്ല. കാരണം ഒരു സംഘടന രംഗം മാറ്റിനിര്‍ത്തിയാല്‍ ചിത്രം റിയലിസ്റ്റിക്ക് ആയിട്ട് തന്നെയാണ് എനിക്ക് തോന്നിയത്. പക്ഷെ ആ റിയലിസ്റ്റിക് സ്വഭാവം തന്നെയാണ് തങ്കത്തിന്‍റെ ഭംഗി എന്നാണ് തോന്നിയത്.
തൃശൂരിലെ സ്വര്‍ണപണിക്കരായ മുത്തും (ബിജു മേനോന്‍) കണ്ണനും (വിനീത് ശ്രീനിവാസന്‍) തൃശൂരില്‍ നിന്ന് ബിസിനസ് സംബന്ധമായി ഒരു യാത്ര പുറപ്പെടുന്നതും ആ യാത്രയില്‍ അപ്രതീക്ഷിതമായി ചില കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. പിന്നീടു അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ആണ് തങ്കത്തിന്‍റെ ഇതിവൃത്തം.
ഒരു ഇന്‍വെസ്റ്റ്‌ഗേറ്റിവ് ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ അങ്ങിങ്ങായി പ്രേക്ഷകനെ ചിരിപ്പിക്കുന്ന സീനുകളും ഉണ്ട്. ബിജു മേനോനും വിനീത് തട്ടിലും ചേര്‍ന്നുള്ള സീനുകള്‍ തീയേറ്ററില്‍ പൊട്ടിച്ചിരി സൃഷ്ട്ടിക്കുന്നുണ്ട്. അഭിനേതാക്കളില്‍ ഏറ്റവും സ്കോര്‍ ചെയ്തത് ബിജു മേനോന്‍ തന്നെ ആണെന്ന് പറയാം. വിനീത് ശ്രീനിവാസനും തന്‍റെ റോള്‍ ഭംഗിയാക്കി. അപര്‍ണ ബാലമുരളിയും വിനീത് തട്ടിലും കൊച്ചു പ്രേമനും ഒക്കെ അവരുടെ റോളുകള്‍ മികച്ചതാക്കി. മലയാളത്തില്‍ ആദ്യമായി അഭിനയക്കുന്ന ഗിരീഷ് കുല്‍ക്കര്‍ണ്ണിയുടെ പ്രകടനം എടുത്തുപറയതിരിക്കാന്‍ കഴിയില്ല. മഹാരാഷ്ട്ര പോലീസ് ഉധ്യോഗസ്ഥന്‍ ആയി എത്തിയ അദ്ദേഹം ആ റോള്‍ വളരെ മനോഹരമായി തന്നെ ചെയ്തിട്ടുണ്ട്.
ബിജി പാലിന്‍റെ സംഗീതം തങ്കത്തിന്‍റെ മാറ്റ് കൂട്ടുന്നുണ്ട്. കഥയുടെ മര്‍മ്മപ്രധാന ഭാഗങ്ങളില്‍ ബിജിപാലിന്‍റെ സംഗീതം സീനിനെ ലിഫ്റ്റ് ചെയ്യാന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതുപോലെ തന്നെ കിരണ്‍ ദാസിന്‍റെ എഡിറ്റിംഗ് ഗൗതം ശങ്കറിന്‍റെ ചായാഗ്രഹണം എന്നിവയും സിനിമയുടെ ടോട്ടല്‍ ഔട്ട്‌പുട്ടില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്‍റെ അഭിപ്രായത്തില്‍ അടുത്ത കാലത്ത് ഇറങ്ങിയതില്‍ ഏറ്റവും മികച്ച ഒരു ഇന്വേസ്റ്റിഗെറ്റിവ് ത്രില്ലര്‍ തന്നെയാണ് തങ്കം എന്ന് അടിവരയിട്ടു പറയാം.
***
Firaz Abdul Samad
ശ്യാം പുഷ്കരന്റെ തിരക്കഥയിൽ, സഹീദ് അറഫത്ത് സംവിധാനം ചെയ്ത്, വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, ഗിരീഷ് കുൽക്കർണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് തങ്കം. ഒരു മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ഡ്രാമയായ ചിത്രം പറയുന്നത് ഗോൾഡ് ഏജന്റുകളായ കണ്ണന്റെയും മുത്തുവിന്റെയും കഥയും, അവരുടെ തൃശൂരിൽ നിന്നും ബോംബെയിലേക്കുള്ള യാത്രയിൽ നടക്കുന്ന സംഘർഷങ്ങളെയും കുറിച്ചാണ്.തങ്കം നിലയുറച്ചു നിൽക്കുന്നത് തന്നെ ശ്യാം പുഷ്കരന്റെ പ്രേക്ഷകനെ വളരെയധികം ഇന്റിമിമീഡേറ്റ് ചെയ്യുന്ന, കുറ്റമറ്റ തിരക്കഥയുടെ മുകളിലാണ്. വളരെ സ്ലോ പേസിൽ തുടങ്ങുന്ന ചിത്രം, പിന്നീടുള്ള യാത്രയിൽ അത്രമേൽ എൻഗേജിങ് ആയി പോകുന്നുണ്ട്. ആ തിരക്കഥയോട് പൂർണ്ണമായും നീതി പുലർത്തുന്നത് തന്നെയായിരുന്നു സഹീദിന്റെ ക്രാഫ്റ്റും.
ഗൗതം ശങ്കറിന്റെ ഫ്രേയ്മുകൾ ചിത്രത്തിന്റെ ഓരോ ഷോട്ടിലെയും ഇന്റൻഷനെ വെളിവാക്കുമ്പോൾ, കിരൺ ദാസിന്റെ എഡിറ്റിംഗും, രമേശിന്റെ ഗ്രെയ്‌ഡിങ്ങും ഓരോ ഷോട്ടുകളുടെയും, സീനുകളുടെയും മൂഡിനെ വേണ്ട വിധം എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട്. അധികം ലൗഡ് അല്ലാത്ത, എന്നാൽ ചിത്രത്തോട് പൂർണ്ണമായും ചേർന്ന് നിൽക്കുന്ന ബിജിപാലിന്റെ പശ്ചാത്തല സംഗീതവും കയ്യടി അർഹിക്കുന്നുണ്ട്.
പോലീസ് പ്രൊസീജറുകളെയും, ഇൻവെസ്റ്റിഗേഷൻ ആസ്പക്ട്സിനെയുമൊക്കെ വളരെ ഗ്രൗണ്ടടായി നോക്കി കാണുന്ന ചിത്രം, ഒടുവിൽ എത്തി നിൽക്കുന്ന പോയിന്റിൽ മനുഷ്യ മനസ്സുകളുടെ സങ്കീർണ്ണതകളെയും, നിസ്സഹായവസ്ഥയെയുമൊക്കെ ഗംഭീരമായി നോക്കി കാണുന്നു. വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട പോർഷൻ ക്ലൈമാക്സ് തന്നെയാണ്.
അങ്ങിങ്ങായി അനുഭവപ്പെട്ട ചെറിയ വേഗത കുറവും, ഡയലോഗുകളിലെ സിങ്ക് സൗണ്ട് മൂലമുള്ള ചെറിയ പോരായ്മകളും മാത്രമാണ് അൽപ്പം കല്ലുകടിയായി അനുഭവപ്പെട്ടത്.പ്രകടനങ്ങളിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് ഹിന്ദി നടനായ ഗിരീഷ് കുൽകർണിയാണ്, സറ്റിൽ, പക്ഷെ പവർഫുൾ. അതോടൊപ്പം തന്നെ വിനീതിന്റെയും, ബിജു മേനോന്റെയും കണ്ണനായും, മുത്തായുമുള്ള പകർന്നാട്ടം എടുത്തു പറഞ്ഞേ മതിയാകൂ. തീർത്തും കഥാപത്രങ്ങളെ മാത്രമേ ചിത്രത്തിൽ കാണാൻ സാധിക്കൂ, പ്രത്യേകിച്ചും ക്ലൈമാക്സിനോട് അടുപ്പിച്ചുള്ള രംഗങ്ങളിൽ. അപർണ്ണ, വിനീത് തട്ടിൽ, ചേച്ചിയായി വന്ന അഭിനയത്രി തുടങ്ങിയവരുടെയെല്ലാം പ്രകടനങ്ങൾ അസാധ്യമായിരുന്നു.എന്നിലെ പ്രേക്ഷകനെ മുഴുവനായും തൃപ്തിപ്പെടുത്തുന്ന, പൂർണ്ണമായും ഡ്രാമ സ്വഭാവമുള്ള മിസ്റ്ററി ത്രില്ലറായ, പത്തരമാറ്റ് തനിത്തങ്കം തന്നെയാണ് തങ്കം. തീർച്ചയായും കാണുക, വിലയിരുത്തുക.
***
Sonu Pk
ശ്യം പുഷ്കരന്‍റെ തിരക്കഥയില്‍ സഹീദ് അരാഫത്ത് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ട്രെയിലറും റിവ്യൂസും ഒക്കെ കണ്ട് ഒരു പക്കാ ക്രൈം ഡ്രാമ ജോണര്‍ പടം കാണാന്‍ ആണ് തീയേറ്ററില്‍ കയറിയത്. എന്നാല്‍ കിട്ടിയത് ഇരട്ടിമധുരം ആണ്. ത്രില്ലിംഗ് എലെമെന്റ്റ് പ്രതീക്ഷിച്ചു പോയ എനിക്ക് അതിനോടൊപ്പം അത്യാവശ്യം ചിരിക്കാനുള്ള വക കൂടി നല്‍കുന്ന ഒരു എന്‍റെര്‍ടെനെര്‍ ആയാണ് എനിക്ക് അനുഭവപ്പെട്ടത്. വെറും ക്രൈം ഡ്രാമ എന്ന് പറയുന്നതിലുപരി ചിന്തയോടൊപ്പം ചിരിയും സമ്മാനിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ് തങ്കം എന്ന് പറയാം. അതിന് ഏറ്റവും നല്ല തെളിവ് തീയേറ്ററില്‍ വന്ന ഫാമിലി പ്രേക്ഷകര്‍ കയ്യടികളോടെ പടം ആസ്വദിക്കുന്നത് കാണുന്നുണ്ട് എന്നതാണ്. ഒരു പക്ഷെ ശ്യാം പുഷ്കരന്‍ ഇതിനു മുമ്പ് ഇത്തരം ഒരു ചിത്രം ചെയ്തിട്ടില്ല എന്ന്‍ തന്നെ പറയാം..
ഒരു സൈഡില്‍ കൂടി സീരിയസ് ആയി കഥ പറഞ്ഞു പോകുമ്പോള്‍ മറ്റേ സൈഡില്‍ ബിജു മേനോനും വിനീത് തട്ടിലും പ്രേക്ഷകനെ മത്സരിച്ചു ചിരിപ്പിക്കുന്നുണ്ട്. അവര്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ ഗംഭീരമായി തന്നെ വന്നിട്ടുണ്ട് പടത്തില്‍. തങ്കം കൂടുതല്‍ ഫാമിലി പ്രേക്ഷകരിലെക്ക് അടുപ്പിക്കുന്നത് ബിജു മേനോന്‍ വിനീത് തട്ടില്‍ കോമ്പിനേഷന്‍ ആണെന്ന് പറയാം. മുമ്പും ഇപ്പോഴും ഫാമിലി പ്രേക്ഷകരുടെ ഇഷ്ട്ട നടന്മാര്‍ ആണ് ബിജു മേനോനും വിനീത് ശ്രീനിവാസനും. അവര്‍ രണ്ടുപേരും ഒന്നിച്ചുള്ള കെമിസ്ട്രി എടുത്തുപറയേണ്ടതുണ്ട്. ക്രൈം ഡ്രാമ എന്നതിലുപരി ഇവര്‍ മൂന്നുപേരും ചേര്‍ന്നുള്ള ഫ്രെണ്ട്ഷിപ്പും സിട്ടുവേഷണല്‍ കോമഡികളും ആണ് തങ്കത്തില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്. ഇതുകൂടാതെ ഗൗതം ശങ്കറിന്‍റെ ക്യാമറ വര്‍ക്കും എടുത്തു പറയേണ്ട ഒന്നാണ്. എന്ത് മനോഹരമായിട്ടാണ് ഓരോ ഫ്രൈമുകളും അദ്ദേഹം സെറ്റ് ചെയ്തിരിക്കുന്നത്. ബിജിപാലിന്‍റെ സംഗീതവും കൂടി ചേര്‍ന്നപ്പോള്‍ തങ്കം മികച്ച സിനിമ അനുഭവം ആവുന്നു.
ഒരു ഇന്വേസ്ടിഗേട്ടിവ് ഡ്രാമ പറയുന്നതിനിടയില്‍ കോമഡി കാണിക്കുക എന്നത് തികച്ചും റിസ്കി ആയ കാര്യമാണ്. പാളിപോകാന്‍ നല്ല ചാന്‍സ് ഉണ്ട്. അവിടെയാണ് ശ്യാം പുഷ്കരന്‍റെയും സംവിധായകന്‍ സഹീദ് അരഫതിന്‍റെയും വിജയം. വലിയൊരു വിജയം അര്‍ഹിക്കുന്ന ഒരു ചിത്രം തന്നെയാണ് തങ്കം. എന്തായാലും 2023 ന്‍റെ തുടക്കം മോശമായില്ല. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും മലയാളത്തില്‍ ഇറങ്ങാന്‍ പോകുന്ന നല്ല ചിത്രങ്ങളുടെ തുടക്കമാവട്ടെ തങ്കം.
**
Sidharth Ravi
വളരെ പതിഞ്ഞ താളത്തില്‍ തുടങ്ങി പിന്നീട് ഒരു റോഡ് മൂവി എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ വളര്‍ന്ന്‍ ഒരു മിസ്റ്ററി ത്രില്ലര്‍ ഗണത്തിലേക്ക് ചുവടുമാറ്റം നടത്തുന്ന തങ്കം. മുത്ത്, കണ്ണന്‍ എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെയാണ് തങ്കത്തിന്‍റെ കഥ വികസിക്കുന്നത്. പിന്നെ പേര് പോലെ തങ്കവും ഒരു മെയിന്‍ ഘടകം ആണ് സിനിമയില്‍. ശ്യാം പുഷ്ക്കരന്‍ എന്നാ തിരക്കഥകൃത്ത് തന്‍റെ കരിയറിലെ ചുവടുമാറ്റം ആയി അടയാളപ്പെടുത്തിയിരിക്കുന്ന ചിത്രമാണ് തങ്കം. അതിനോടൊപ്പം സഹീദ് അരാഫത്തിന്‍റെ സംവിധായകന്‍ എന്നാ രീതിയിലുള്ള കയ്യൊതുക്കം എടുത്ത് പറയേണ്ടതാണ്.
തൃശൂര്‍, കോയമ്പത്തൂര്‍, മുംബൈ എന്നീ നഗരങ്ങള്‍ ആണ് തങ്കത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. പൂര്‍ണമായും ഒരു ട്രാവല്‍ മൂവി അല്ലെങ്കില്‍ പോലും വ്യെത്യസ്തമായ ലൊക്കേഷനുകള്‍ തങ്കത്തിന്‍റെ വിഷ്വല്‍ ബ്യൂട്ടി ഒന്ന്‍കൂടി വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഗൗതം ശങ്കറിന്‍റെ ക്യമറവര്‍ക്ക് രസകരമായി തന്നെ വന്നിട്ടുണ്ട്. മുംബൈയുടെ തിരക്കും തമിഴ്നാടിന്‍റെ ഗ്രാമഭംഗിയും ഒക്കെ ഗൗതം ശങ്കറിന്‍റെ ഫ്രൈമുകളില്‍ അത്രയ്ക്കും ഭംഗിയുള്ളതായി തോന്നി. ‘ദേവി നീയെ’ എന്ന്‍ തുടങ്ങുന്ന ഗാനവും പശ്ചാത്തല സംഗീതവും ഒരുക്കിയ ബിജിപാലും കയ്യടി അര്‍ഹിക്കുന്നുണ്ട്. ബിജു മേനോന്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ മുത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ വിനീത് ശ്രീനിവാസന്‍ കണ്ണന്‍ ആയപ്പോള്‍ അദ്ദേഹത്തിന്‍റെ മറ്റ് ചിത്രങ്ങളില്‍ നിന്ന് വളരെ വ്യെത്യസ്തമായി തോന്നി. ഇവരെ രണ്ടുപേരെയും കൂടാതെ മഹാരാഷ്ട്ര പോലീസ് ഉധ്യോഗസ്ഥനായി എത്തിയ ഗിരീഷ് കുല്‍ക്കര്‍ണിയും തന്‍റെ റോള്‍ ഭംഗിയാക്കി. ദംഗല്‍, അഗ്ലി തുടങ്ങിയ ബോളിവൂഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായാണ് മലയാളത്തില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും തങ്കത്തിനുണ്ട്.
ചിത്രത്തിലെ കുറ്റാന്യേഷണ സീനുകള്‍ പ്രേക്ഷകനില്‍ ഉളവാക്കുന്ന ക്യൂരിയോസിറ്റി തന്നെയാണ് ഒട്ടും ബോറടിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരിക്കുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി ഒട്ടും ക്ലീഷേ അല്ലാത്ത ഒരു നല്ല സസ്പെന്‍സും ചിത്രത്തില്‍ പ്രേക്ഷകനായി ശ്യാം പുഷ്ക്കരന്‍ ഒരുക്കിയിട്ടുണ്ട്. തിരക്കഥയും സംവിധാന മികവും അഭിനേതാക്കളുടെ സ്വാഭാവികമായ പ്രകടനവും ആണ് തങ്കത്തെ പ്രേക്ഷകന് പ്രിയപ്പെട്ടതാക്കുന്നത്. ഇത്തരം നല്ല സിനിമകള്‍ വലിയ വിജയം ആവട്ടെ.. ❤️
****
Lineesh Kavassery
ഒരു നൊമ്പരമായി അവശേഷിക്കുന്ന, വേദനിയിലാഴ്ത്തുന്ന,നിരാശ സമ്മാനിക്കുന്ന ക്ലൈമാക്സ് ഉള്ള ചില സിനിമകൾ ഉണ്ട്.. വന്ദനം,താളവട്ടം പോലെയുള്ള ചില സിനിമകൾ..ആ സിനിമകളുടെ ആത്മാവും സൗന്ദര്യവും നിലനിൽക്കുന്നത് തന്നെ തീർച്ചയായും അങ്ങിനെ ഒരു ക്ലൈമാക്സ് ആയത് കൊണ്ടല്ലേ…?
ഇപ്പോൾ ആ ഗണത്തിലേക്ക് ഉൾപ്പെടുത്താൻ ഇതാ ഒരു സിനിമ കൂടി “തങ്കം”
പതിഞ്ഞ താളത്തിൽ ആണേലും ഉദ്വേഗമുണർത്തുന്ന, പിരിമുറുക്കത്തോടെ പോയ ഒരു സിനിമ ക്ലൈമാക്സ് ആവുമ്പോൾ പെട്ടന്ന് ഫ്ലാറ്റ് ആയിപോകുന്നത് ഉൾകൊള്ളാൻ എന്നിലെ ആസ്വാദകനും പെട്ടന്ന് സാധിച്ചില്ല എന്നത് സത്യം.പക്ഷേ പിന്നീട് ആലോചിച്ചു നോക്കിയപ്പോൾ അങ്ങനെ ഒരു ക്ലൈമാക്സ് തന്നെയാണ് ഈ സിനിമക്ക് വേണ്ടത് എന്ന് ഉറപ്പായി .വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച കണ്ണൻ ഒരു നോവായി ഇപ്പോഴും എൻ്റെ ഉള്ളിൽ നില്കുന്നു.സിനിമയിൽ ഏല്ലാ കഥാപാത്രങ്ങൾക്കും അനുസരിച്ചുള്ള പെർഫെക്റ്റ് കാസ്റ്റിംഗ് ആണ്. ബിജു മേനോൻ, ഗിരീഷ് കുൽക്കർണ്ണി, വിനോദ് തട്ടിൽ, അംബിക ചേച്ചി ആയ നടി, ചെറിയ റോളിൽ വിക്കിയായി വന്ന നടൻ ഉൾപ്പെടെ എല്ലാവരും ഗംഭീരം.എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയ സിനിമയാണ് ‘തങ്കം’
***
Rakesh Radhakrishnan
ഒരുപാട് പ്രതീക്ഷിച്ചു പോയി പ്രതീക്ഷയ്ക്കൊപ്പം സംതൃപ്തി നല്‍കുന്ന സിനിമകള്‍ വളരെ ചുരുക്കമാണ്. അത്തരത്തില്‍ ഒരു സിനിമയാണ് തങ്കം. ആദ്യം തന്നെ ക്ലൈമാക്സിനെകുറിച്ച് പറയാം. പേര്‍സണലി എനിക്ക് തങ്കത്തില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ടത് ചിത്രത്തിന്‍റെ ക്ലൈമാക്സ് ആണ്. ഇന്വേസ്റ്റിഗേടിവ് ത്രില്ലരുകളില്‍ സാധാരണ കണ്ടുവരുന്ന ക്ലൈമാക്സില്‍ നിന്ന് അല്‍പ്പം വ്യെത്യസ്തമാണ് തങ്കത്തിന്‍റെ ക്ലൈമാക്സ്. എം ടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതിയ ഒരു ചിത്രത്തിന്‍റെ (പേര് പറഞ്ഞാല്‍ സ്പോയിലര്‍ ആവുന്നത് കൊണ്ട് പറയുന്നില്ല) ക്ലൈമാക്സിനോട് സാമ്യം തോന്നുന്ന ക്ലൈമാക്സ് ആയി തോന്നി. അധികം സിനിമകളില്‍ കണ്ടിട്ടില്ലാത്ത ഒരു സാഹചര്യത്തില്‍ ആണ് തങ്കത്തിന്‍റെ കഥ നടക്കുന്നത്. സ്വര്‍ണപണി ചെയ്യുന്ന മുത്ത്, കണ്ണന്‍ എന്നിവരുടെ ഒരു യാത്രയും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവവികാസങ്ങളും ആണ് തങ്കം പറയുന്നത്.
മുത്ത് ആയി അഭിനയിക്കുന്ന ബിജു മേനോന്‍ പതിവ് പോലെ തന്‍റെ പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചു. അതുപോലെ തന്നെ കണ്ണന്‍ ആയി എത്തിയ വിനീത് ശ്രീനിവാസനും. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് തങ്കത്തിലേതെന്ന് പറയാം. അത്രയ്ക്ക് മനോഹരമാക്കി അദ്ദേഹം കണ്ണനെ. ഗിരീഷ് കുല്‍ക്കര്‍ണ്ണി ചെയ്ത പോലീസ് വേഷവും നന്നായിരുന്നു. ഗൗതം ശങ്കറിന്‍റെ ക്യാമറ ബിജിപാലിന്‍റെ മ്യൂസിക് എല്ലാം തങ്കത്തിന് മാറ്റ് കൂട്ടി.പതിയെ കഥ പറഞ്ഞു തുടങ്ങി പിന്നീട് ത്രില്ലര്‍ മൂടിലെക്ക് കടക്കുന്ന ചിത്രം എവിടെയും പ്രേക്ഷകന്‍റെ ക്ഷമ പരീക്ഷിക്കുന്നില്ല. നല്ല ഒഴുക്കോട് കൂടിയാണ് ശ്യാം പുഷ്ക്കരന്‍ കഥ വികസിപ്പിച്ചിരിക്കുന്നത്. അത് തന്നെയാണ് ചിത്രത്തിന്‍റെ വിജയവും. പഴയ KG ജോര്‍ജ് സിനിമകള്‍ക്ക് സമാനമായ കഥപറച്ചില്‍ രീതി. കുറച്ചു ചിരിച്ചും കുറച്ചു ത്രില്ലടിച്ചും കുറച്ചു ചിന്തിച്ചും കണ്ടിരിക്കാവുന്ന നല്ലൊരു ചിത്രമായിട്ടാണ് തങ്കം എനിക്ക് അനുഭവപ്പെട്ടത്. മലയാളത്തിലെ ഇപ്പോഴുള്ളതില്‍ ഏറ്റവും മികച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്‍ ആണെന്ന് അരക്കിട്ട് ഉറപ്പിക്കാവുന്ന ചിത്രം.
**
Nithin Jayakumar
ചില സിനിമകൾ കണ്ടിറങ്ങുമ്പോൾ അതിനെ കുറിച്ച് എഴുതാതെ ഇരിക്കലാണ് ബുദ്ധിമുട്ട് എന്ന് തോന്നാറുണ്ട്. അത് കൊണ്ട് മാത്രം ചില തങ്ക കുറിപ്പുകൾ…
വിനീത് ശ്രീനിവാസനും , ബിജു മേനോനും അപർണ ബലമുരളിയും പ്രധാന വേഷത്തിൽ എത്തിയ തങ്കം സഹീദ് അറാഫത് ആണ് സംവിധാനം ചെയ്തിരിക്കുന്നത് . സിനിമ കാണാൻ പ്രേരിപ്പിച്ച ഏറ്റവും പ്രധാന ഘടകം പേനയെടുത്തിരിക്കുന്നത് ശ്യാം പുഷ്ക്കരനും, കാശ് എടുത്തിരിക്കുന്ന ദിലീഷ് പോത്തൻ , ഫഹദ് അടങ്ങുന്ന ടീമും ആണ് എന്നുള്ളതായിരുന്നു..ഇനിയും കാഴ്ച ഡിമാൻഡ് ചെയുന്ന, നിവർത്തി എടുക്കാൻ ഇനിയും അടരുകൾ ബാക്കി ഉള്ള സിനിമ അനുഭവം ആണ് തങ്കം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നോർത്ത് ഇന്ത്യൻ വെബ് സീരീസുകളെയും , ചില ഡാർക്ക് മൂട് സിനിമകളെയും ഓർമിപ്പിക്കുന്ന മേക്കിങ് , പതിഞ്ഞ താളം. മർഡർ മിസ്റ്ററിയുടെ ചുരുളുകൾ ഓരോന്നായി ഉടയാടകൾ പോലെ അഴിച്ചെടുക്കുമ്പോൾ ഉള്ള ത്രില്ലിംഗ് അനുഭവം ഉണ്ട് സിനിമയിൽ ഉടനീളം. ഒപ്പം കാണികളെ ഇൻവെസ്റ്റിഗേഷൻ മൂഡിന്റെ ആകാശപ്പൊക്കത്തിൽ നിർത്തുന്ന പശ്ചാത്തല സംഗീതവും. റിയലിസ്റ്റിക് മൂഡിൽ നിന്ന് മാറി കുറച്ചൊരു ഡ്രാമാറ്റിക്ക് ട്രാക്കിൽ കയറുന്ന ശ്യംപുഷ്കരന്റെ തിരക്കഥ.ടൈറ്റിൽ സോങ് കൊണ്ട് തന്നെ കാഴ്ചകാരനെ കഥാപരിസരങ്ങളിലേയ്ക്ക് തളച്ചിടുന്ന ഉഗ്രൻ എഴുത്ത്.
പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തിയത് വിനീത് ശ്രീനിവാസന്റെ കണ്ണനും , ബിജു മേനോന്റെ മുത്തും ആണ്. ചില നോട്ടങ്ങൾ, ചിരി, ഡയലോഗ് ഡെലിവറി ഒക്കെ രണ്ടുംപേരും എജ്ജാതി പെർഫോമൻസ് … മറക്കാതെ പറയേണ്ട പേര് ഗിരീഷ് കുൽക്കർണി എന്ന അതിഗംഭീര നടന്റേതാണ് .. പൂന്തു വിളയാടൽ എന്ന് പറഞ്ഞാൽ ഒട്ടു അധികമാവില്ല മാത്തനെ പോലെ, ടെസ്സയെ പോലെ സിനിമ വിട്ടിറങ്ങി വീട്ടിൽ പോരുമ്പോഴും ഉള്ളിൽ കൊണ്ട് പോരുന്ന ചില നൊമ്പരപാടുകളാണ് തങ്കത്തിലെ കഥാപാത്രങ്ങൾ..
ഒരു മസ്റ്റ് വാച്ച് സിനിമയാണ് തങ്കം . നല്ല ലക്ഷണമൊത്ത പോലീസ് ഇൻവെസ്റ്റിഗേഷൻ സിനിമ.
വീണ്ടും പറയുന്നു , പറഞ്ഞതിലും അപ്പുറം എന്തൊക്കെയോ തങ്കത്തിൽ ഇനിയും ഉണ്ട്. ഒന്നാം
ഉരച്ചു നോക്കലിൽ മാറ്റ് വെളുപ്പെടുത്താതെ വീണ്ടും ഉരച്ചു നോക്കി മാറ്റ് തിരിച്ചറിയാൻ ആവശ്യപ്പെടുന്ന തങ്കം. നിവർത്തി എടുക്കാൻ ഇനിയും അടരുകൾ ബാക്കി ഉള്ള തനി തങ്കം.
**
നാരായണൻ
ത്രില്ലർ ചിത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുള്ളതിനാൽ തങ്കം കാണാനായി തീയറ്ററിലെത്തി. പ്രതീക്ഷകൾ നിലനിർത്തിക്കൊണ്ട് തന്നെ മികച്ചൊരു സിനിമയാണ് ശ്യാം പുഷ്ക്കരൻ നൽകിയിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സിനോട് ഒരു തൃപ്തിക്കുറവ് ഉണ്ടെങ്കിൽ പോലും സിനിമ മൊത്തത്തിൽ engage ചെയ്തിരുത്തുന്നു, ത്രില്ലടിപ്പിക്കുന്നു.ശ്യാം പുഷ്കരന്റെ രചന തന്നെയാണ് തങ്കത്തിന്റെ ബൂസ്റ്റ്. നമ്മൾക്ക് പരിചിതമല്ലാത്ത, എന്നാൽ വ്യത്യസ്തമായ, നമ്മളിൽ കൗതുകം ജനിപ്പിക്കുന്ന ഒരു അന്തരീക്ഷത്തിലേക്ക് പ്രേക്ഷകനെ എത്തിക്കുക. ആ അന്തരീക്ഷത്തിൽ നിന്ന് കൊണ്ട് അവിടുത്തെ conflicts അവതരിപ്പിക്കുക. അങ്ങനെ വരുമ്പോൾ കാണുന്ന പ്രേക്ഷകനും അതിൽ involved ആകുന്നു. ഇതാണ് ശ്യാമിന്റെ തിരക്കഥാ രീതി. അത് തന്നെയാണ് തങ്കത്തിലും ഉള്ളത്. നമ്മളും അയാൾ സൃഷ്‌ടിച്ച ആ കഥയുടെ കൊച്ചുലോകത്തിൽ പങ്കാളിയാകുന്നു. ഷഹീദ് അറഫാത്ത് എന്ന പുതുമുഖ സംവിധായകൻ അത് ഭംഗിയായി തന്നെ സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നു.
പെർഫെക്ട് കാസ്റ്റിംഗ് ആണ് സിനിമയുടേത്. വിനീത് ശ്രീനിവാസൻ ഗംഭീര പ്രകടനമാണ്. ആ കഥാപാത്രം അത്രെയും മികച്ചതായി നിന്നതിന് പ്രധാന കാരണം ആ വേഷം വിനീതിനെ ഏൽപ്പിച്ചതുകൊണ്ടാണ്. ആദ്യം ഫഹദ് ആയിരുന്നു choice എന്ന് കേട്ടിരുന്നു. ഫഹദ് ചെയ്തിരുന്നേൽ ഒരിക്കലും വിനീത് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഇമ്പാക്ട് കിട്ടില്ലായിരുന്നു. ബിജു മേനോൻ നല്ല റിയലിസ്റ്റിക് ആയി perfom ചെയ്തിട്ടുണ്ട്. ഒപ്പം തന്നെ എടുത്ത് പറയേണ്ട പ്രകടനം ആണ് വിനീത് തട്ടിലിന്റേതും. സിനിമയിൽ ശെരിക്ക് ഞെട്ടിച്ച അഭിനയം ഗിരീഷ് കുൽകർണിയുടേത് ആണ്. എന്താ apt choice. പുള്ളിയെ dangal സിനിമയിൽ കണ്ട ഓർമയുണ്ട് ( ഗീതയുടെ നാഷണൽ അക്കാഡമിയിലെ ആ തല്ലിപ്പൊളി കോച്ച് ). അദ്ദേഹം സിനിമയുടെ level ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. അപർണ ബലമുരളിയും നന്നായി.
സിനിമയുടെ ഒരു പോരായ്മ ആയി തോന്നിയത് അത് end ചെയ്ത രീതി ആണ്. പല links മിസ്സിംഗ് ഉണ്ടായിരുന്നു. പലതും വ്യക്തമായി detail ചെയ്യാൻ ക്ലൈമാക്സിനു സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒരു വ്യക്തതക്കുറവ് സിനിമയുടെ endingil ഉണ്ട്. അതും കൂടി കൃത്യം ആയി ചെയ്തിരുന്നെങ്കിൽ മലയാളത്തിൽ ഇറങ്ങിയ എണ്ണം പറഞ്ഞ ത്രില്ലറുകളിൽ ഒന്നാകാൻ തങ്കത്തിനു കഴിയുമായിരുന്നു, still its a good movie.ആകെമൊത്തത്തിൽ ഒരു റിയലിസ്റ്റിക് approach ലൂടെ കഥ പറഞ്ഞ വ്യത്യസ്തമായ, കൗതുകം ഉണർത്തുന്നകഥാപരിസരം നിറഞ്ഞ മികച്ച ഒരു ത്രില്ലർ തന്നെ ആകുന്നു തങ്കം.
***
Hitha Venugopalan
<സ്പോയ്ലർ ഉണ്ടായേക്കാം> ‘തങ്കം’ ക്രൈം ഡ്രാമയാണ്. പക്ഷേ മരണത്തിന്റെ ദുരൂഹതയേക്കാൾ മരണപ്പെട്ടയാളെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളാണ് സിനിമ പോകെപ്പോകെ ചുരുളഴിയുന്നതെന്നു മാത്രം.ഏറ്റവും അടുപ്പമുള്ളവർക്ക് കാണാൻ കഴിയുന്ന ‘സാധാരണ’ ജീവതം കൂടാതെ തികച്ചും അപരിചിതമായ മറ്റൊരു ജീവിതം ജീവിച്ച് തീർക്കുന്നവരാണ് മനുഷ്യരിൽ ഭൂരിഭാഗവും. അത്രയ്ക്ക് ‘സംഭവബഹുല’മല്ലാത്ത ജീവിതമുള്ള, വലിയ പ്രശ്നക്കാരോ ക്രിമിനലുകളോ അല്ലാത്ത, പുറമേയ്ക്ക് ശാന്തരും സംതൃപ്തരുമൊക്കെയായ ആളുകൾ ഒരു ദിവസം പൊടുന്നനെ അപ്രത്യക്ഷരായാൽ അതിന്റെ അന്വേഷണങ്ങളൊക്കെ പലപ്പോഴും അവരെക്കുറിച്ചുള്ള ചില അപ്രതീക്ഷിത കഥകളിൽച്ചെന്ന് തറഞ്ഞു നിൽക്കുന്നത് അതുകൊണ്ടാവും.
അത്തരമൊരു മനുഷ്യന്റെ തിരോധാനവും അതിനിപ്പുറം അനാവൃതമാവുന്ന അയാളുടെ മറ്റൊരു വശവുമാണ് ഈ സിനിമയുടേയും കാതൽ. വളരെ പതിഞ്ഞ മട്ടിൽ തുടങ്ങി പതുക്കെ ഒരു mystery element കൊണ്ടുവന്ന്, പിന്നങ്ങോട്ട് ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള കഥ പറച്ചിലാണ് ഇതിൽ. ‘Larger than life’ ട്വിസ്റ്റൊന്നിലുമല്ല, മറിച്ച് കാഴ്ചക്കാർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്നത്ര ചെറിയൊരു ഇമോഷണൽ സംഭവവികാസത്തിലാണ് ഇതിലെ അന്വേഷണം അവസാനിക്കുന്നത്. (പടം അവസാനിക്കുമ്പോൾ “ഇത്രേയുള്ളോ” എന്നൊരു തോന്നൽ ചിലർക്കെങ്കിലും ഉണ്ടായതും ഈ സാധാരണത്വം കൊണ്ടാവും).
ശ്യാം പുഷ്കരന്റെ സിനിമാറ്റിക് യൂണിവേഴ്സിൽ നിന്ന് പ്രതീക്ഷിക്കാവുന്ന എല്ലാ ഘടകങ്ങളുമുള്ള തിരക്കഥയിൽ ഈ procedural drama ഭദ്രമാണ്. എന്നാലും, personally, ഞാൻ ശരിക്കും ആസ്വദിച്ചത് ഇതിലെ സംഭാഷണങ്ങളാണ്. ഒട്ടും നാടകീയതയില്ലാത്ത സ്വാഭാവികമായ സംഭാഷണം, അതും നമുക്കൊന്നും ചുക്കും ചുണ്ണാമ്പുമറിയാത്ത മറാഠിയടക്കം നാലഞ്ചു ഭാഷകളിലായി. ഏറ്റവും ഇമോഷണൽ ആയ, “മുൾമുന” സന്ദർഭങ്ങളിൽപ്പോലും ഒട്ടും മുഴച്ചു നിൽക്കാത്ത നർമ്മം നിറഞ്ഞ കൗണ്ടറുകൾ പലതും ശരിക്കും ചിരിപ്പിച്ചു.
ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും അതെ. കഥ പോകുന്ന പേസിന് അനുയോജ്യമായ, ഇനിയങ്ങോട്ട് എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുണ്ടെന്ന പ്രതീതി നിലനിർത്തുന്ന, അങ്ങേയറ്റത്തെ ദുരൂഹത നിറഞ്ഞ ഉഗ്രൻ സംഭവം. മിക്കവാറും എല്ലാരുടേം തകർപ്പൻ അഭിനയമാണ് സിനിമയുടെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. വിനീതിന്റെ “കണ്ണൻ” നന്നായിട്ടുണ്ട്. എന്നാലും കലക്കിയത് ബിജു മേനോന്റെ “മുത്ത്” തന്നെയാണ്, എന്തൊരു അനായാസമായാണ് പുള്ളി ആ കഥാപാത്രത്തിനെ കയ്യിലൊതുക്കിയിരിക്കുന്നത്. ഏതാണ്ട് അത്രതന്നെ സ്ക്രീൻടൈമുള്ള വിനീത് തട്ടിലിന്റെ “ബിജോയ്”യും പ്രകടനത്തിന്റെ കാര്യത്തിൽ ആൾടെ ഒപ്പത്തിനൊപ്പം നിൽക്കുന്നുണ്ട്, ഇവർ തമ്മിലുള്ള ഡയലോഗുകൾ നേരത്തെ പറഞ്ഞതുപോലെ കിടിലൻ ടൈമിംഗ് കൊണ്ട് ശ്രദ്ധേയമാണ്. ഗിരീഷ് കുൽക്കർണി എന്ന മറാഠി നടന്റെ തകർപ്പൻ പ്രകടനവും ഇവർക്കൊപ്പം, അല്ലെങ്കിൽ ഇവരേക്കാളൊക്കെ കയ്യടിയർഹിക്കുന്നു.
**
Bímal
ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ സഹീദ് അറഫത്ത് സംവിധാനം ചെയ്ത ചിത്രമാണ് തങ്കം. ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ തങ്കത്തില്‍ ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, വിനീത് തട്ടില്‍, ഗിരീഷ് കുല്‍ക്കര്‍ണി, കൊച്ചുപ്രേമന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു പരിധിവരെ റിയലിസ്റ്റിക് ആയി എടുത്ത ഒരു ഇന്വേസ്റ്റിഗെട്ടിവ് ത്രില്ലര്‍ ആണ് തങ്കം. എന്നാല്‍ ശ്യാം പുഷ്കരന്‍റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് അല്പം വേറിട്ട് നില്‍ക്കുന്ന ചിത്രവുമാണ് തങ്കം.
സാധാരണ മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഒരു ഒരു സാഹചര്യത്തില്‍ ആണ് ചിത്രത്തിന്‍റെ കഥ ആരംഭിക്കുന്നത്. സ്വര്‍ണ പണിക്കാരായ രണ്ട് സുഹൃത്തുക്കള്‍, അവരുടെ ബിസിനെസും മറ്റും കാണിച്ചു പതിഞ്ഞ താളത്തില്‍ ആണ് തങ്കം ആരംഭിക്കുന്നത്. എന്നാല്‍ പതിയെ ചിത്രം ഒരു ത്രില്ലര്‍ ട്രാക്കിലേക്ക് മാറുന്നുണ്ട്. പ്രേക്ഷകന്‍ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് തങ്കത്തിന്‍റെ കഥ പോകുന്നത് എന്നതാണ് തങ്കത്തെ കൂടുതല്‍ ത്രില്ലിംഗ് ആക്കുന്നത്. ഇന്റര്‍വെല്‍ സീനില്‍ പ്രേക്ഷകനെ വല്ലാത്ത ഒരു മൂഡില്‍ കൊണ്ട്എത്തിച്ച് രണ്ടാം പകുതിയില്‍ മികച്ച ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ പറഞ്ഞു പോകുന്ന കഥ ഒരു സ്ഥലത്ത് പോലും ബോറടിപ്പിച്ചില്ല. ക്ലൈമാക്സ് ട്വിസ്റ്റും നന്നായിരുന്നു. എന്നാല്‍ പെട്ടെന്ന് അവസാനിപ്പിച്ചത് പോലെ തോന്നി. വിനീത് ശ്രീനിവാസന്‍- ബിജു മേനോന്‍ ഒന്നിച്ചു വരുന്ന സീനുകള്‍ ഒക്കെ ഭയങ്കര രസകരമായി വന്നിട്ടുണ്ട് ചിത്രത്തില്‍. അതുപോലെ തന്നെ വിനീത് തട്ടിലിന്‍റെ സീനുകളും നന്നായിരുന്നു. വിനീത്, ബിജു മേനോന്‍ എന്നിവരെ വെച്ചു നോക്കുമ്പോള്‍ സ്ക്രീന്‍ സ്പേസ് കുറവായിരുന്നെങ്കിലും അപര്‍ണ ബാലമുരളിയും അവരുടെ റോള്‍ ഭംഗിയാക്കി.
അഭിനെതക്കള്‍ക്ക് പുറമേ മികച്ച സാങ്കേതികവശവും തങ്കത്തിന് തിളക്കം കൂട്ടുന്നുണ്ട്. ഗൗതം ശങ്കറിന്‍റെ ക്യാമറയും കിരണ്‍ദാസിന്‍റെ എഡിടിങ്ങും ബിജിപാലിന്‍റെ സംഗീതവും എല്ലാം തങ്കത്തിന്‍റെ പോസിറ്റിവ് വശങ്ങള്‍ ആണ്. ശ്യാം പുഷ്കരന്‍റെ മഹേഷിന്‍റെ പ്രതികാരം പോലെയോ കുമ്പളങ്ങി നൈറ്റ്സ് പോലെയോ ഉള്ളൊരു ചിത്രമല്ല തങ്കം. അതുകൊണ്ട് തന്നെ അത്തരം ചിത്രങ്ങള്‍ പ്രതീക്ഷിച്ചു പോയാല്‍ ചിലപ്പോള്‍ നിരാശയാകും ഫലം. മറിച്ച് സ്ലോപേസില്‍ കഥപറയുന്ന ഒരു ഇന്വേസ്റ്റിഗേഷന്‍ ത്രില്ലര്‍ കാണാന്‍ തീയേറ്ററില്‍ കയറിയാല്‍ നിങ്ങള്‍ക്ക് ഒട്ടും നിരാശപ്പെടേണ്ടി വരില്ല.