INFORMATION
നിങ്ങൾ ജപ്പാനിലെ കറുത്ത മുട്ട (കരിഞ്ഞതല്ല) കഴിച്ചിട്ടുണ്ടോ?
ജപ്പാന്റെ ദേശീയ പ്രതീകമത്രേ മൗണ്ട് ഫുജി. രാജ്യത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് പസഫിക് സമുദ്ര തീരത്തോട് ചേർന്ന്, ഏത് ദിശയിൽ നിന്ന് നോക്കിയാലും perfect cone ആകൃതിയിൽ, 3700 മീറ്റർ ഉയരത്തിൽ
157 total views, 1 views today

Thanseem Ismail
നിങ്ങൾ കറുത്ത മുട്ട (കരിഞ്ഞതല്ല) കഴിച്ചിട്ടുണ്ടോ?
ജപ്പാന്റെ ദേശീയ പ്രതീകമത്രേ മൗണ്ട് ഫുജി. രാജ്യത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് പസഫിക് സമുദ്ര തീരത്തോട് ചേർന്ന്, ഏത് ദിശയിൽ നിന്ന് നോക്കിയാലും perfect cone ആകൃതിയിൽ, 3700 മീറ്റർ ഉയരത്തിൽ മഞ്ഞുമൂടിയ ഈ സജീവ അഗ്നിപർവ്വതം അതിമനോഹരവും അത്ഭുതം ഉളവാക്കുന്നതുമായ ഒരു കാഴ്ച്ചയാണ്. മൂന്ന് ഭൂവൽക്കശകലങ്ങളുടെ (tectonic plates) സംഗമവേദിയായ ഇവിടം ഒട്ടേറെ ഭൗമ പ്രതിഭാസങ്ങളുടെ കേന്ദ്രബിന്ദു കൂടിയാണ്. ചെറുതും വലുതുമായ അഗ്നിപർവ്വതങ്ങളും, ഭൂതകാലങ്ങളിൽ അവയുടെ സ്ഫോടനഫലമായി രൂപംകൊണ്ട തടാകങ്ങളും, ധാരാളം ചൂട് നീരുറവകളും അവയോട് അനുബന്ധിച്ചുള്ള ryokan എന്നറിയപ്പെടുന്ന ചെറു സത്രങ്ങളും നിറഞ്ഞ പ്രദേശം.
ഫുജി പർവ്വതത്തിൽ നിന്നും അധികം ദൂരെയല്ലാതെ, ഹക്കൊണെ അഗ്നിപർവ്വത പ്രദേശങ്ങളും അഷി തടാകവും ചേർന്ന ഫുജി-ഹക്കൊണെ എന്നൊരു നാഷണൽ പാർക്കുണ്ട്. തടാകക്കരയിൽ നിന്നും, 4 കിമീ ദൈർഘ്യമുള്ളൊരു റോപ്വേ മഞ്ഞുമൂടിയ താഴ്വരകൾക്ക് മുകളിലൂടെ പർവ്വത ശിഖരങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ഉൾക്കിടിലമുണ്ടാക്കുന്ന, കുത്തനെയുള്ള ഈ കേബിൾ കാർ യാത്ര അവസാനിക്കുന്നത് മലമുകളിലെ ഓവകുഡാണി എന്ന ടോപ്സ്റ്റേഷനിലാണ്. “തിളയ്ക്കുന്ന താഴ്വര” എന്നത്രേ ആ വാക്കിന്റെ അർത്ഥം!
പർവ്വത വശങ്ങളിൽ മഞ്ഞിന്റെ മൂടുപടത്തിനിടയിലൂടെ ഉയർന്നു പൊങ്ങുന്ന കനത്ത നീരാവിക്കൂട്ടം..സ്വയം തിളച്ചുമറിയുന്ന ചെറു തടാകങ്ങൾ. ചുറ്റിലും സൾഫറിന്റെ രൂക്ഷഗന്ധം. ഇടിമുഴക്കം പോലുള്ള ശബ്ദങ്ങളും ഭയമുളവാക്കുന്ന മുരൾച്ചകളും ഇടയ്ക്കിടെ കേൾക്കാം!
ആ തിളയ്ക്കുന്ന ഭൂഗർഭജലത്തിൽ പുഴുങ്ങി എടുക്കുന്നവയാണ് ‘കുറോ തമാഗോ’ എന്നറിയപ്പെടുന്ന ഈ കറുത്ത മുട്ടകൾ (‘കുറോ’ എന്നാൽ ജാപ്പനീസ് ഭാഷയിൽ ‘കറുപ്പ്’). വലിയ പെട്ടികളിൽ നിറക്കുന്ന മുട്ടകൾ കൺവെയർ ബെൽറ്റിലൂടെ തിളക്കും തടാകങ്ങളിൽ എത്തിച്ചാണ് പുഴുങ്ങി എടുക്കുന്നത്. വെള്ളത്തിലെ സൾഫറിന്റ്റെ സാന്നിധ്യമാണ് മുട്ടത്തോടുകൾക്ക് കറുപ്പ് നിറം പകരുന്നത്.
ഒരെണ്ണം കഴിച്ചാൽ 5 വര്ഷം ആയുസ്സ് നീളുമത്രേ! ഒരാൾക്ക് മാക്സിമം രണ്ടെണ്ണം മാത്രം! അല്ലെങ്കിൽ തന്നെ 100 വയസ്സ് പിന്നിട്ടവരുടെ സംഖ്യ ലക്ഷത്തോളം വരും!
ചിത്രങ്ങളിൽ- “കുറോ തമാഗോ”, ഫുജി അഗ്നിപർവ്വതത്തിന്റെ ദൂരക്കാഴ്ച, തിളയ്ക്കുന്ന താഴ്വര, സൾഫർ തടാകം, മുന്നറിയിപ്പ് ബോർഡ്, മുട്ടപുഴുങ്ങാനായി എത്തിക്കുന്ന പെട്ടികൾ..
158 total views, 2 views today