Thanseem Ismail
“മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി, മഞ്ഞക്കുറിമുണ്ടു ചുറ്റി” മലയാള സിനിമയുടെ തിരുമുറ്റത്ത് ചിരിതൂകി വന്ന് നിന്ന മോനിഷയുടെ ചെറുതുരുത്തി പൈങ്കുളത്തെ തറവാട്; വടക്കേപ്പാട്ട് വീട്.
മുന്നിൽ കണ്ണെത്താ ദൂരത്തോളം കൊയ്തൊഴിഞ്ഞ നെൽപ്പാടങ്ങൾ. അവക്ക് അതിരിട്ട് ദൂരെ കിള്ളിമംഗലം കുന്നുകളുടെ നേർത്ത ചിത്രങ്ങൾ. പാടത്തിന് ഞൊറിയിട്ട പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന കൈത്തോടുകൾ.
പുതുമഴയിൽ നാമ്പിട്ട പച്ചപ്പുല്ലിൽ മേയുന്ന കാലിക്കൂട്ടങ്ങൾ. വരമ്പുകളിൽ അവിടിവിടെ കാറ്റിലാടുന്ന കരിമ്പനത്തലപ്പുകൾ. വയലോരങ്ങളിൽ തെങ്ങും കവുങ്ങും നിറഞ്ഞ തൊടികൾ. മലയാളിത്തവും ശാലീനതയും കളിയാടുന്ന നാട്ടിൻ പുറം. മോനിഷയുടെ വദനം പോലെ!
കുട്ടിക്കാലത്ത് സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്ന മോനിഷ എന്ന പാവടക്കാരിയെ അയൽക്കാർ ഇപ്പോഴും ഓർമ്മിക്കുന്നുണ്ട്. അന്നേ അവൾക്ക് മുട്ടോളം മുടിയുണ്ടായിരുന്നുവത്രേ! മോനിഷയുടെ ആദ്യ സിനിമ ‘നഖക്ഷതങ്ങൾ’ ചിത്രീകരിച്ചത് ഈ വീടിന്റെ തൊട്ടപ്പുറത്തെ, അവൾ കുട്ടിക്കാലത്ത് ഓടിച്ചാടി നടന്ന മറ്റൊരു തറവാട്ടിലാണ്!
‘കമലദളം’ ചെറുതുരുത്തിയിൽ ചിത്രീകരിച്ച സമയത്താണ് മോനിഷ അവസാനമായി ഇവിടെ താമസത്തിനെത്തിയത്. അതിന് ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞാണ് “അന്തിമയങ്ങിയ നേരത്ത് അവൾ ഒന്നും മിണ്ടാതെ മിണ്ടാതെ പോയത്”
“പാതിരാ പുള്ളുണർന്നു പരൽമുല്ല കാടുണർന്നു, പാഴ്മുളം കൂട്ടിലെ കാറ്റുണർന്നൂ” എന്ന് ബൈനോക്കുലറിലൂടെ അയൽവീട്ടിലെ മഞ്ജുവിനെ നോക്കി ദിലീപ് പാടിയതും ഈ വീടിന്റെ ഒന്നാം നിലയിലെ ജാലകത്തിലൂടെയാണ്.
മോനിഷയുടെ മരണത്തിന് ശേഷം വീട് കണ്ണൂരുകാരായ നമ്പൂതിരിമാർ വിലക്ക് വാങ്ങി. അവരാണ് ഇപ്പോൾ ഇവിടെ താമസം. സന്ദർശകരേയും ചിത്രം പിടിക്കാൻ എത്തുന്നവരേയും അവർ അങ്ങനെ സ്വീകരിക്കാറില്ല…

***