ഞാനും കുഞ്ഞിക്കാദറും തമ്മിലെന്ത്‌?

0
104

Thanseem Ismail

ഞാനും കുഞ്ഞിക്കാദറും തമ്മിലെന്ത്‌? 🙂

ഹാൾ ടിക്കറ്റുമായി എക്സാം ഹാളിൽ പ്രവേശിക്കാനുള്ള അറിയിപ്പ് കിട്ടി. ക്യൂ നിന്ന് വാതിലിന് സമീപമെത്തി ഞാൻ ഹാൾ ടിക്കറ്റ് എടുക്കാൻ പോക്കറ്റിൽ പരതി. നെഞ്ചിനുള്ളിൽ ഒരു കൊള്ളിയാൻ മിന്നി. പോക്കറ്റ് കാലി!


കാലം 1993. ഡിഗ്രി പാസ്സ് ആയി നിൽക്കുന്ന സമയം. 84 ശതമാനം മാർക്കോടെ ക്ലാസ്സിൽ ഒന്നാമനായാണ് ജയം. അടുത്ത പടി MSc. കോട്ടയം മേഖലയിൽ ചുരുക്കം ചില കോളേജുകളിൽ വിരലിൽ എണ്ണാവുന്ന സീറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും കിട്ടുമെന്ന ആത്മ വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ നമ്മുടെ ക്ലാസ്സിൽ തന്നെ എനിക്ക് പിന്നിലുള്ള മൂന്നോ നാലോ പേർക്ക് അഡ്മിഷൻ ശരിയായി എങ്കിലും നമുക്ക് മാത്രം വിളി വന്നില്ല. അക്കാലത്തെ സ്വകാര്യ കോളേജുകളിലെ അഡ്മിഷനൊന്നും അത്ര സുതാര്യമായിരുന്നില്ല. മാനേജ്‌മന്റ് ക്വോട്ട, കമ്മ്യൂണിറ്റി ക്വോട്ട അങ്ങനെ പല വഴിക്ക് ഇഷ്ടക്കാരൊക്കെ കയറും. ക്ലാസുകൾ തുടങ്ങി.
എന്നാൽ ഈ ഫീൽഡ് വിട്ടു വല്ല പിഎസ്സിയും എഴുതാം എന്ന് ചിന്തിച്ചിരുന്ന കാലത്ത് കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ ബിയോടെക്നോളജി എൻട്രൻസ് വന്നു. അന്ന് കേരളത്തിൽ കൊച്ചിയും ഗാന്ധിയുമായി ആകെ 15 സീറ്റ് ആണ് ബിയോടെക്നോളജിക്ക്‌. കളമശ്ശേരി സെന്റ് പോൾസ് കോളേജ് ആണ് പരീക്ഷാകേന്ദ്രം.

രാവിലെ അഞ്ചേമുക്കാലിന് ഏറ്റുമാനൂരിൽ നിന്നുള്ള ജഫീനയിൽ കയറി ഒരു ഏഴര ആയപ്പോൾ കലൂർ സ്റ്റാൻഡിൽ ഇറങ്ങി. ആലുവക്കുള്ള പ്രൈവറ്റ് ബസിൽ കയറി. ആലുവ റൂട്ട് ഒക്കെ അന്ന് ആദ്യ ലോക്ക്ഡൌൺ കാലത്തെ റോഡുകൾ പോലെ കാലിയായിരുന്നു. എറണാകുളത്തെ പഴയ ചൊമല ബസുകൾ പറപറക്കുന്ന ഹൈവേ. കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം കണ്ണെത്താ ദൂരം വെള്ളക്കെട്ട് നിറഞ്ഞ പാടം. വാട്ടർ അതോറിറ്റിയുടെ ഒരു പുരാതന ഓഫീസ് കെട്ടിടം ഇന്നത്തെ സ്റ്റേഡിയം എൻട്രൻസ് റോഡിന് സമീപം ഉണ്ടായിരുന്നു. പാടം നികത്തിയുടുത്ത, ഭഗീരഥ കമ്പനിയുടെ മെറ്റീരിയൽ സ്റ്റോറജ് യൂണിറ്റ് ആയിരുന്നു റോഡ് നിർമ്മാണ സാമഗ്രികൾ കുന്നുകൂടി കിടന്നിരുന്ന, ഇടപ്പള്ളി ലുലു. കേരളത്തിലെ ആദ്യ നാലുവരിപ്പാത, വൈറ്റില മുതൽ ആലുവ വരെ പണിതത് അവരാണ്. നാലുവരിപ്പാത വരുന്നതൊക്കെ അടുത്തിരുന്ന ഒരു ചേട്ടൻ ഒരു കാര്യവുമില്ലാതെ എനിക്ക് വിശദീകരിച്ചു തന്നു. ഇറങ്ങേണ്ട സ്റ്റോപ്പും, സ്റ്റോപ്പിലിറങ്ങി പോകേണ്ട വഴിയും ആ നല്ല മനുഷ്യൻ പറഞ്ഞു തന്നു. അയാളുടെ ഇടതു കയ്യിന് രണ്ടു വിരലുകളേ ഉണ്ടായിരുന്നുള്ളൂ!

എട്ട് മണിക്ക് മുന്നേ സെയിന്റ് പോൾസിൽ എത്തി. എൻട്രൻസ് എഴുതാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എത്തിക്കൊണ്ടിരിക്കുന്നു. എല്ലാം ഒന്ന് ചുറ്റി കണ്ട്, കുറേ പേരുമായി സംസാരിച്ച് സമയമായി. ഹാൾ ടിക്കറ്റുമായി എക്സാം ഹാളിൽ പ്രവേശിക്കാനുള്ള അറിയിപ്പ് കിട്ടി. ക്യൂ നിന്ന് വാതിലിന് സമീപമെത്തി ഞാൻ ഹാൾ ടിക്കറ്റ് എടുക്കാൻ പോക്കറ്റിൽ പരതി. നെഞ്ചിനുള്ളിൽ ഒരു കൊള്ളിയാൻ മിന്നി. പോക്കറ്റ് കാലി! അന്നൊക്കെ പേഴ്സ് കൊണ്ട് നടക്കുന്ന ശീലമൊന്നുമില്ല. എല്ലാം ഷർട്ടിന്റെയും പാന്റീന്റെയും പോക്കറ്റുകളിൽ തന്നെ നിക്ഷേപം. ബസ്സിൽ അടുത്തിരുന്ന് സംസാരിച്ച ആ “നല്ല മനുഷ്യന്റെ” മുഖം ഓർമയിൽ തെളിഞ്ഞു. മഴവിൽക്കാവടിയിലെ കുഞ്ഞിക്കാദറിൻറ്റെ മുഖം!

ആകെ വിളറിവെളുത്ത് വെട്ടിവിയർത്ത്, പതിയെ ക്യൂവിൽ നിന്നും പിൻവാങ്ങി പുറത്തേക്ക് പോവാനിറങ്ങിയ എന്നെ ഹാളിനുള്ളിലെ ഒരു അറിയിപ്പ് പെട്ടന്ന് തടഞ്ഞു. പടച്ചോനെ, നമ്മുടെ പേരാണല്ലോ വിളിക്കുന്നേ..താഴെ ഓഫീസ് മുറിയിൽ എത്തുവാൻ! ഓടിപ്പിടിച്ച് ചെന്നപ്പോൾ ഒരു പാതിരി, കോളേജിന്റെ വൈസ് പ്രിൻസിപ്പൽ ആയിരുന്നു എന്ന് തോന്നുന്നു, കയ്യിൽ ഒരു കടലാസ്സ് കഷണവുമായി. നമ്മുടെ ഹാൾ ടിക്കറ്റ്! ഓട്ടോയിൽ എത്തിയ ആരോ കൊടുത്തിട്ട് പോയതാണത്രേ! “ഇതൊക്കെ വഴിയിൽ കളഞ്ഞിട്ടാണോടോ താനൊക്കെ പരീക്ഷ എഴുതാൻ വരുന്നേ” എന്നൊരു പരിഹാസവും! കയ്യിന് ശേഷിക്കുറവുള്ള ആളായിരുന്നോ എന്നൊന്നും ചോദിക്കാൻ നിന്നില്ല! പാന്റിന്റെ പോക്കറ്റിൽ പത്തുരൂപ ഉണ്ടായിരുന്നത് കൊണ്ട്, തെണ്ടാതെ വീടെത്താൻ പറ്റി.

ആ എൻട്രൻസ് അങ്ങനെയെഴുതി; പത്ത് സീറ്റ് ഉണ്ടായിരുന്ന കോഴ്സിന് വെയ്റ്റിംഗ് ലിസ്റ്റിൽ രണ്ടാമനായി. കാൾ ലെറ്റർ വന്നു. വല്യ പ്രതീക്ഷയൊന്നും ഇല്ലാതെ പോയി. ആദ്യ ഒൻപതു പേരുടെ അഡ്മിഷൻ കഴിഞ്ഞു. കൊടുങ്ങല്ലൂർ മേഖലയിൽ അന്നൊരു മിന്നൽ ഹർത്താൽ ഉണ്ടായ ദിവസമായിരുന്നു. അതുകൊണ്ടു കൈപ്പമംഗലം സ്വദേശിയായ പത്താമന് എത്തിച്ചേരാനായില്ല. വെയ്റ്റിംഗ് ലിസ്റ്റിൽ ആദ്യയാളും ഹാജർ ഇല്ലാതിരുന്നത് കൊണ്ട് നമുക്ക് നറുക്ക് വീണു! പിന്നീടുള്ള ജീവിതമാകെ ആ കോഴ്‌സിനെ അടിസ്ഥാനമായിട്ടായി. ജീവിത പങ്കാളിയടക്കം! ചുരുക്കിപ്പറഞ്ഞാൽ ആലോചിച്ചുറപ്പിച്ച തീരുമാനങ്ങളല്ല, യാദൃശ്‌ചിതകളുടെ ആകെത്തുകയാണ് ജീവിതം. അങ്ങനെയല്ലേ?