ഉത്തരവാദിത്തത്തോടെ 17 ദിവസമായി ഹോം ക്വാരന്റൈനിൽ കഴിയുന്ന ഒരാളുടെ കുറിപ്പ്

64

Thanseem ktdy എഴുതുന്നു

കഴിഞ്ഞ 17 ദിവസത്തോളമായി ഹോം ക്വാറന്റൈനിൽ ആണ്.സാധാരണ നാട്ടിൽ എത്തിയാൽ കാണാറുള്ളവരെ കാണുകയോ വിളിക്കാറുള്ളവരെ വിളിക്കുകയോ അങ്ങാടിയിലൂടെ, പാച്ചാൽ ഇടവഴിയിലൂടെ നാടൻ കാറ്റ് കൊണ്ടൊന്ന് നടക്കുകയോ ചെയ്യാത്തത് കൊണ്ടാവും ഇപ്പോഴും നാട്ടിൽ അവധിക്ക് വന്നതിന്റെ ഒരു ഫീലിൽ എത്തീട്ടില്ല. പേരിടാനാവാത്ത മറ്റൊരു ഒരവസ്ഥയിൽ ആണെന്ന് പറയാം. ലോകം തന്നെ അങ്ങനെയൊരവസ്ഥയിലാണല്ലോ. സമയമുണ്ടെങ്കിലും

നിസ്സംഗരായിപ്പോകുന്ന, ആശങ്കകളിൽ കുടുങ്ങിപ്പോകുന്ന ചില നേരങ്ങൾ. മോളിപ്പോഴും 14 ദിവസമാവാൻ ഇനിയെത്രയുണ്ടെന്ന് ചോദിക്കുന്നു, പരിചയമുള്ള പലരുടെയും മരണ വാർത്തകൾ വന്നു പോകുന്നു, വെള്ളിയും ശനിയും ഞായറുമെല്ലാം ഒരുപോലെ കടന്നു പോകുന്നു..
…..
മാർച്ച്‌ 22 ഞായർ പുലർച്ചെയാണ് ഖത്തറിൽ നിന്ന് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ വീട്ടിലെത്തിയത്. എയർപോർട്ടിൽ നിന്ന് ടെമ്പറേച്ചർ ചെക്ക് ചെയ്യുകയും നിലവിലെ ആരോഗ്യ വിവരങ്ങൾ/ലക്ഷണങ്ങൾ ചോദിച്ചറിയുകയും ക്വാറന്റൈൻ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ എല്ലാ യാത്രക്കാർക്കും കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വീട്ടിലേക്കുള്ള യാത്രയിൽ ശ്രദ്ദിക്കേണ്ട കാര്യങ്ങളും അനൗൺസ് ചെയ്യുന്നുണ്ടായിരുന്നു. മാസ്ക്കും ഗ്ലൗസും സാനിറ്റൈസറുമെല്ലാം കയ്യിൽ കരുതിയും ഫ്ലൈറ്റിലെ ഫുഡ് ഒഴിവാക്കിയുമൊക്കെ പരമാവധി ശ്രദ്ദയിലാണ് വന്നത്. (കാലിക്കറ്റ് ഫ്‌ളൈറ്റ് കിട്ടാത്തതിനാൽ പുലർച്ചെ 2.30 ഓടെ കൊച്ചിൻ എയർപോർട്ടിൽ എത്തുകയും 7 മണിയോടെ കാറിൽ നേരെ വീട്ടിലെത്തുകയുമായിരുന്നു.) വീട്ടിൽ എത്തിയ ഉടനെ കുറ്റ്യാടി ഹെൽത്ത് ഇൻസ്പെക്ടറെ വിളിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ശേഷം താലുക്ക് ഹോസ്പിറ്റൽ ഇൻചാർജിൽ നിന്ന് കോൾ വന്നു. അവരും ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞ് വീട്ടിൽ തന്നെയിരിക്കാനും വീട്ടിലുള്ളവരുമായി അകലം പാലിക്കാനുമാണ് നിർദേശിച്ചത്. പല ദിവസങ്ങളിലായി ഹെൽത്ത്‌ ഡിപ്പാർട്ട്മെന്റിൽ നിന്നും വിവരങ്ങൾ അന്വേഷിച്ച് കോളുകൾ വരുന്നു..
ഇപ്പോഴും, വീട്ടിൽ തനിച്ചൊരു മുറിയിൽ സെപറേറ്റ് ഭക്ഷണ പാത്രങ്ങൾ ഉപയോഗിച്ചും ശ്രദ്ദിച്ചും എക്സ്ട്രാ care എടുക്കാൻ ശ്രമിക്കുകയാണ്. (ചിലതൊക്കെ ഇങ്ങനെ വിശദമായി പറഞ്ഞില്ലേലും കൊഴപ്പാണ്..കാലക്കേടിന് ഏതേലും കുരുത്തംകെട്ട വൈറസ് മേല് കേറിയാൽ വ്യാജ റൂട്ട് മാപ്പ് വരക്കാരുടെ ഭാവനക്കിരയാവേണ്ടല്ലോ ) പറഞ്ഞുവന്നത്,

നമ്മുടെ ആരോഗ്യ പ്രവർത്തകർ വളരെ ജാഗ്രതയിലാണ്. അവരുടെ നിർദേശങ്ങൾ അങ്ങനെ തന്നെ പാലിക്കാൻ ഞാനടക്കം എല്ലാവരും ശ്രദ്ദിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. അത് നാട്ടിലെത്തിയ പ്രവാസികളായാലും നാട്ടുകാരായിരുന്നാലും.
ആത്മാർത്ഥതയോടെയും ഗുണകാംക്ഷയുടെയും സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക് തെരുവിലും ആൾക്കൂട്ടത്തിലും ഇറങ്ങുന്നവരിൽ ചിലരെങ്കിലും സ്വയം സുരക്ഷ മറന്നു പോകുന്നതായി തോന്നിയിട്ടുണ്ട്.. ആത്മവിശ്വാസങ്ങളേക്കാളൊക്കെ ഉപരി, സുരക്ഷാ കരുതലുകൾക്കാണല്ലോ പ്രാധാന്യം കൊടുക്കേണ്ടത്.
..
രോഗം ആരിലേക്കും വന്നേക്കാം.എന്നാൽ, ഏതെങ്കിലുമൊരാൾക്ക് വന്നു കഴിഞ്ഞാൽ അയാളുടെ റൂട്ട് മാപ്പ് എന്ന കോലത്തിൽ ആധികാരികമല്ലാത്ത തെറ്റായ വിവരങ്ങളും വോയിസുകളും പരത്തിവിടുന്നത് ഒട്ടും നീതിയല്ല. രോഗം സ്ഥിരീകരിച്ച വേളം സ്വദേശിയുടെ കാര്യത്തിൽ ചാനൽ റിപ്പോർട്ടർ ഷാജഹാൻ ആദ്യ ഘട്ടത്തിൽ പുറത്തു വിട്ടത് തെറ്റായ റിപ്പോർട്ടായിരുന്നു. പിന്നീട് പലരുടെയും കാര്യത്തിൽ തെറ്റായ വിവരങ്ങൾ വാട്സ്ആപ് വഴി പ്രചരിച്ചിരുന്നു. അതേ സമയം, എയർപോർട്ടിലടക്കം സ്റ്റാഫും ആരോഗ്യ പ്രവർത്തകരും നിർദേശങ്ങൾ നൽകുമ്പോൾ ‘ശ്രദ്ദിക്കേണ്ട കാര്യങ്ങളൊക്കെ ഞങ്ങൾക്കറിയാം’ എന്ന് താൻപോരിമ കാണിക്കുന്നവരും ഇല്ലാതല്ല. വാട്സ്റ്റപ്പിൽ വരുന്ന ലുങ്കി ന്യൂസ് ഉപദേശങ്ങൾ വരെ ആധികാരികമെന്ന് കരുതി വിശ്വസിക്കുന്നവരുമുണ്ട്.ലോക്ക് ഡൗൺ കഴിഞ്ഞാലും യാത്ര ചെയ്യുന്നവരും ദിനേന കറൻസി കൈമാറ്റങ്ങൾ നടത്തേണ്ടി വരുന്ന വ്യാപാരികളുമെല്ലാം ജാഗ്രത പുലർത്തേണ്ടതുണ്ട്. രോഗം ആരിലേക്കെത്തുമെന്ന് പറയാനാവില്ലെങ്കിലും സ്വന്തത്തിനും സമൂഹത്തിനുമായി സുരക്ഷാ മുൻകരുതലുകൾ ഉറപ്പു വരുത്തുക, പരസ്പരം ഉണർത്തുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.
..
പ്രയാസങ്ങൾ ഉണ്ടെങ്കിലും ഈ അസാധാരണ സാഹചര്യത്തെ നേരിടാൻ അതൊക്കെയും ഉൾക്കൊള്ളുക എന്നതേ വഴിയുള്ളൂ.
അകന്നു നിന്നുകൊണ്ടും മനുഷ്യർ ഉള്ളാൽ ചേർന്ന് നിൽക്കുന്നുണ്ട്. എന്റെ നാട്ടിലടക്കം പലയിടത്തും പ്രയാസപ്പെടുന്നവരെ കണ്ടെത്താനും അവർക്ക് വേണ്ടെതെത്തിക്കാനും സഹൃദയരായ നാട്ടുകാർ ഓടിനടക്കുന്നു.ബാക്കിയാവുന്ന ആശങ്കകളെ പറഞ്ഞും പങ്കുവെച്ചും എഴുതിയും പാടിയും വരച്ചും വായിച്ചുമൊക്കെ മറികടക്കുക എന്നത് തന്നെ.ഇടക്കിങ്ങനെയൊക്കെ എഴുതിയിടുക എന്നതും ഒരു പ്രഷർ റിലീസിംഗ് പരിപാടിയാണല്ലോ. ലോകം പാതി നിശ്ചലമാവുമ്പോഴും വീട്ടിലൊതുങ്ങിയിരിക്കാനാവാതെ അസ്വസ്ഥതമായ അന്തരീക്ഷത്തിലും കർമനിരതരായിരിക്കുന്ന ആരോഗ്യപ്രവർത്തകർ, നിയമപാലകർ അടക്കമുള്ള ഒട്ടേറെ മനുഷ്യർക്ക് ഹൃദയാഭിവാദ്യങ്ങൾ.
..