സ്ത്രീകൾക്ക് നല്ലപേര് സമ്പാദിക്കാൻ ആഗ്രഹമില്ലാതാവുകയും ചീത്ത പേര് കേൾക്കാൻ പേടിയില്ലാതാവുകയും ചെയ്യുന്ന കാലത്ത് ഒരു പറവയെ പോലെ ആകാശത്ത് അവർ പറക്കും

81

സ്ത്രീകൾക്ക് നല്ലപേര് സമ്പാദിക്കാൻ ആഗ്രഹമില്ലാതാവുകയും ചീത്ത പേര് കേൾക്കാൻ പേടിയില്ലാതാവുകയും ചെയ്യുന്ന കാലത്ത് ഒരു പറവയെ പോലെ ആകാശത്ത് അവർ പറക്കും.

Thanuja Bhattathiri writes

ജോലി ചെയ്യാൻ വീട്ടിൽ നിന്നും പുറത്ത് പോയ കാലം മുതൽ തിരികെയെത്തുമ്പോൾ പലയിടങ്ങളിൽ നിന്നായി പലരും ചോദിക്കും.
” ഇത്ര താമസിക്കുമല്ലേ വരാൻ? അതോ ഇന്നെവിടെയെങ്കിലും പോയതുകൊണ്ട് താമസിച്ചതാണോ? വീട്ടിലെ കാര്യമൊക്കെ പാവം ആ ഭട്ടതിരി നോക്കണം അല്ലെ? ”
ആദ്യ കാലത്ത് ഈ ചോദ്യം പേടിയോടെയാണ് കേട്ടത്. കുറ്റ ബോധം കൊണ്ട് പുളയും വേഗം മറുപടി കൊടുക്കും. “ഇന്നിത്തിരി തിരക്കായിരുന്നു. വീട്ടിൽ ഭക്ഷണം ഒക്കെ ഉണ്ടാക്കി വെച്ചിട്ട് പോയതു കൊണ്ട് അവരാരും അത്ര ബുദ്ധിമുട്ടില്ല.”
സ്ത്രീകൾക്ക് ആശുപത്രിജോലി ഒന്നും അത്ര നല്ലതല്ലെന്നും അധ്യാപകരാണെങ്കിൽ വീട്ടുകാര്യം നന്നായി നോക്കാമെന്നും ഒക്കെയുള്ള ഉപദേശങ്ങളും കിട്ടും അപ്പോൾ.
( ഇതേ ചോദ്യകർത്താക്കളുടെ ആരെങ്കിലും ആശുപത്രിയിലെത്തുമ്പോൾ സമയവും സൗകര്യവും നോക്കാതെ നമ്മൾ കൂടെ നിക്കണം. ഇല്ലെങ്കിൽ പിന്നെ അഹങ്കാരിയാണ്. കാരുണ്യ മില്ലാത്തവൾ. കൂടെ നിന്നാലോ ഇതിൽപരം നല്ലയാളില്ല നല്ല ജോലിയില്ല.)
ഇത് പത്ത് മുപ്പത് വർഷം മുമ്പുള്ള കാലമാണ്. ഈ ചോദ്യം കേൾക്കാതിരിക്കാൻ ഓടിയോടി നടന്ന കാലം.
പിന്നീടെന്നോ ജീവിതം ശിക്ഷണപ്പെടുത്തി വാർത്തെടുത്ത പ്പോൾ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ഒരു ഏഴര അടുപ്പിച്ച് തിരികെയെത്തുമ്പോൾ അതേ ചോദ്യം.
വളരെ അലസമായി ഉത്തരം പറയാൻ പറ്റി “ഇന്ന് താമസിച്ച തല്ലാട്ടോ. സാധാരണ ഒരു ഒമ്പതരയെങ്കിലും ആവും രാത്രി വീട്ടിലെത്താൻ. എന്തിനാന്നേ പെണ്ണുങ്ങൾ മാത്രം നേരത്തെ വീട്ടിൽകയറുന്നത്. അവരുമൊക്കെ കുറച്ച് കഷ്ടപ്പെടട്ടെ”
ഇത്തരം ഉത്തരം കുറച്ചു പേർക്ക് കൊടുത്തു കഴിയുമ്പോൾ പിന്നെ അവർ നമ്മളെ എഴുതിത്തള്ളും .
എഴുതിതള്ളിയതു കൊണ്ട് ആരും ഇപ്പോൾ ഈ ചോദ്യം ചോദിക്കുന്നില്ല.
ചോദിച്ചാൽ ഈ വയസ്സാം കാലത്ത് ഇത്രയൊന്നും പറയാൻ സമയം കളയില്ല.
ഒറ്റവാക്കിൽ ഉത്തരം പറയും. ‘സൗകര്യമില്ല’
(ഒരു ജന്മം മുഴുവൻ കല്ലേറുകൊണ്ട് മുടന്തി ഓടിരക്ഷപ്പെടുന്ന പട്ടികൾ ചാവുന്നതിനു മുമ്പ് എന്നെങ്കിലുമൊന്ന് നിന്നൊന്ന് കുരക്കും.
അല്ലെങ്കിലതിന് പട്ടിയുടെ ജന്മം ജീവിച്ചതായി തോന്നില്ല.
ഓരോസ്ത്രീയും , ഒരിക്കൽ ,തിരിഞ്ഞൊരു ചോദ്യം ചോദിക്കും.)
അന്നു നല്ല കുട്ടി എന്ന പേര് വേണമായിരുന്നു. ചീത്ത കുട്ടി എന്ന പേര് പേടിയായിരുന്നു.
സ്ത്രീകൾക്ക് നല്ലപേര് സമ്പാദിക്കാൻ ആഗ്രഹമില്ലാതാവുകയും ചീത്ത പേര് കേൾക്കാൻ പേടിയില്ലാതാവുകയും ചെയ്യുന്ന കാലത്ത് ഒരു പറവയെ പോലെ ആകാശത്ത് അവർ പറക്കും.
വേട്ടക്കാരുണ്ടാകും പുറകെ, പക്ഷേ ചിറകു വിരിച്ചു പറന്നുയർന്ന പറവയുടെ ചിറകിലെ വിശ്വാസം ഒരിക്കലും നഷ്ടപ്പെടുകയില്ല.
വേട്ടക്കാരൊക്കെ അങ്ങ് താഴെ താഴെ അവ്യക്തമായി കാണുന്ന പുല്ലുകൾ!