പ്രധാനമന്ത്രിപദം ഒരു പ്രത്യേക വിഭാഗക്കാർക്കുവേണ്ടി മാത്രം ഉപയോഗിക്കാനുള്ളതല്ല

165

Thanuja Bhattathiri

എത്രയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അറിയുവാൻ,

ഇന്ത്യയിലെ നൂറ്റിമുപ്പത്തിമൂന്നുകോടി ജനങ്ങളുടെ പ്രധാനമന്ത്രിയാണ് താങ്കൾ. പ്രധാനമന്ത്രിപദം ഒരു പ്രതേക വിഭാഗക്കാർക്കുവേണ്ടി മാത്രം ഉപയോഗിക്കാനുള്ളതല്ല .എല്ലാവരേയും കേൾക്കാനും അഭിപ്രായ ങ്ങളിൽ സമന്വയം ഉണ്ടാക്കാനുമാണ് ഈ പദം ഉപയോഗിക്കേണ്ടത്.

ഏറ്റവും കൂടുതൽ അധികാരമുള്ളയാളായിരിക്കണം,എല്ലാം ഭദ്രമാണെന്നുറപ്പ് വരുത്തേണ്ടത്. ..

എന്ത് രാഷ്ട്രീയ വ്യത്യാസമുള്ളപ്പോഴും എന്നെപ്പോലെയുള്ള സാധാരണക്കാർ, രാജ്യത്തെ പ്രധാനമന്തിയെ, താങ്കളെ ബഹുമാനിക്കുന്നു. ഏത് ചെറു വിഭാഗത്തിനും പ്രശ്നം വരുമ്പോൾ താങ്കൾ കൂടെനിൽക്കണമെന്ന് ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.

ന്യൂനപക്ഷത്തോട് ഭൂരിപക്ഷം കാട്ടുന്ന അനീതികൾക്കെതിരെ നാട്ടിലെ കലാകാരന്മാർ, എഴുത്തുകാർ , പത്രപ്രവർത്തകർ. അദ്ധ്യാപകർ ,വിദ്യാത്ഥികൾ ഒക്കെ താങ്കളോട് തങ്ങളുടെ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. താങ്കൾ തിരുത്തേണ്ട ആളുകളെ തിരുത്തും എന്നും ,എല്ലാ ആശങ്കകളും പകുക്കുമെന്നു മൊക്കെയാണ് വിചാരിച്ചത്.

എന്നാൽ തങ്ങളുടെ ആശങ്ക അറിയിച്ചവർക്കെതിരെ രാജ്യദ്രോഹം ചുമത്തിയിരിക്കുന്നു .അതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? ഒരു വാക്ക്കൊണ്ടു പോലും എതിർചിന്ത രേഖപ്പെടുത്താൻ പാടില്ലന്നാണോ?

ഇന്ത്യ ഇന്ന് കടന്നു പോകുന്ന നാളുകളെക്കുറിച്ച് ആശങ്കകൾ ഉള്ള പൗരർ നാട്ടിലെ ജനങ്ങളുടെ പകുതിയിലേറെയാണ്. ആർപ്പു വിളികളോടെ സഹപൗരരെ ഒരു കൂട്ടം കുറ്റവാളികൾ കൊല്ലുന്നത് നമ്മുടെ മഹത്തായ രാജ്യത്തിൻറെ അവസ്ഥയെക്കുറിച്ചു ലോകത്തിനു മുഴുവൻ ആശങ്കയുണർത്തിയിരിക്കുന്നു.

ഇന്ത്യ അത്യുന്നത പൗരബഹുമതികൾ നല്കി ആദരിച്ച പ്രതിഭാശാലികളായ 49 പേർ മതവിദ്വേഷം കാരണമുണ്ടാകുന്ന കൊലപാതകങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അങ്ങേയ്ക്ക് കത്തെഴുതിയത് സത്യം. ആ നാല്പത്തൊമ്പതു പേരുടെ മേൽ ദേശദ്രോഹത്തിന് കേസെടുത്തത് അതിലുമേറെ സത്യം.

അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് ബ്രിട്ടീഷ് ഭരണകാലത്തു പോലും ഉണ്ടായിരുന്നു. ജനാധിപത്യത്തിൻറെ ജീവശ്വാസം ആണത്.

രാജ്യത്തെ പൗരാവകാശങ്ങളെ അടിമത്ത കാലത്തേക്കാളും പിറകോട്ടടിപ്പിക്കരുത്. അപേക്ഷയാണ്. അഭിമാനത്തോടെ മനുഷ്യർക്ക് ഒരു വാക്കെങ്കിലും പറഞ്ഞ് മരിക്കണ്ടെ?

എല്ലാ യുദ്ധങ്ങളുടെയും ദിഗ്‌വിജയങ്ങളുടെയും ഒടുവിൽ ഏകനായി, നിരാശനായി സരയൂവിലേക്ക് നടന്നിറങ്ങി ജീവൻ വെടിഞ്ഞ രാമൻ അക്രമത്തിൻറെ വിജയമല്ല, ഹിംസയുടെ നിരർത്ഥകതയാണ് നമ്മെ പഠിപ്പിച്ചത്. ശ്രീരാമനെ ആദരിക്കുന്നവർ ആൾക്കൂട്ട കൊലപാതകങ്ങൾ സകല വില കൊടുത്തും നിർത്തലാക്കും.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കു നേരെ ഭൂരിപക്ഷ മതത്തിന്റെ പേരിൽ നടക്കുന്ന അക്രമം അവസാനിപ്പിക്കാൻ ശക്തമായനടപടി എടുക്കണമെന്ന് നാട്ടിലെ ഒരു പൗര എന്ന നിലയിൽ അതിശക്തമായിആവശ്യപ്പെടുന്നു. രാഷ്ട്രത്തിന്റെ ആധാരമായ ഭരണഘടന നല്കിയിരിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം എല്ലാ പൗരർക്കും തുല്യ രീതിയിൽഉറപ്പു വരുത്തണം. തന്റെ നാട്ടിലെ ഓരോ പൗരരുടെയും ജീവനും സ്വത്തിനും ഒരേ രീതിയിൽ ഉത്തരവാദിയാണ് താങ്കൾ എന്ന്തിരിച്ചറിയുകയും വേണ്ട തിരുത്തലുകൾ ചെയ്യുമെന്നും പ്രതീക്ഷിച്ചു കൊള്ളട്ടെ

ബഹുമാനപൂർവം

-തനൂജ ഭട്ടതിരി