സ്ത്രീവിരുദ്ധത എന്തെന്ന് നമ്മുടെ സ്ത്രീകൾ തന്നെ പഠിക്കേണ്ടതുണ്ട്

193

എഴുതിയത് : Thanveer Balarath

ഫെമിനിസം എന്താണെന്നും സ്ത്രീസമത്വം എന്നതിന്റെ അടിസ്ഥാന നിർവചനം എന്താണെന്നും ഇനിയും പലർക്കും മനസ്സിലായിട്ടില്ല എന്ന് വേണം കരുതാൻ. നമ്മുടെ സ്ത്രീകൾ പോലും അതെന്തോ മോശം കാര്യമായിട്ടാണ് കാണുന്നത്.

ഇതൊക്കെ സ്ത്രീകളെ പുരുഷ വിദ്വേഷികളാക്കി മാറ്റുന്ന, സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ പരിഗണന കൊടുക്കണം എന്ന് വാദിക്കുന്ന, സ്ത്രീകളെ ‘അഴിഞ്ഞാടി നടക്കാൻ’ സമ്മതിക്കുന്ന എന്തോ ആണെന്നാണ് പലരുടെയും ധാരണ. അല്ലെങ്കിൽ അങ്ങിനെയാണ് സിനിമയിലൂടെയും മറ്റും നമ്മുടെ ബോധം രൂപപ്പെട്ടിരിക്കുന്നത്.

സ്ത്രീകൾക്ക് ഒരിക്കലും പുരുഷന്മാരോട് സമം ആകാൻ പറ്റില്ലല്ലോ എന്നാണ് ചോദ്യം. സ്ത്രീയുടെയും പുരുഷന്മാരുടെയും ശരീരം ഒരുപോലാണോ, സ്ത്രീകൾക്ക് പുരുഷന്മാരുടെ ആരോഗ്യമുണ്ടോ, സ്ത്രീകളുടെയും പുരുഷന്മാരുടെയും മനസ്സ് ഒരുപോലാണോ, പുരുഷന്മാരും ഇനി പ്രസവിക്കണം എന്ന് പറയുമോ എന്നൊക്കെയാണ് വാദങ്ങൾ.

എന്നാൽ ഇതൊന്നുമല്ല ഫെമിനിസമോ സ്ത്രീ സമത്വവാദമോ മുന്നോട്ട് വെക്കുന്നത്. പിന്നെന്താണ്?

ഒരു വ്യക്തി സ്ത്രീ ആയി ജനിച്ചത് കൊണ്ട് മാത്രം ഏതെങ്കിലും ഒരു കാര്യം ചെയ്യാൻ പാടില്ല, അല്ലെങ്കിൽ ചെയ്തേ പറ്റൂ, അല്ലെങ്കിൽ അവൾക്ക് പുരുഷന്റെ തുല്യ പരിഗണന കൊടുക്കേണ്ടതില്ല എന്നിങ്ങനെയുള്ള സാമൂഹിക നിബന്ധനകളെയാണ് ഫെമിനിസം എതിർക്കുന്നത്. അതായത്, നമ്മുടെ സമൂഹത്തിൽ നിയമപരമായി പുരുഷന് ചെയ്യാവുന്ന ഏതൊരു പ്രവർത്തിയും ചെയ്യാൻ ഒരു സ്ത്രീക്ക്‌ അർഹതയും അവകാശവുമുണ്ടെന്നുമാണ് അത് പറയുന്നത്.

എന്ന് വെച്ചാൽ, കൂട്ടുകാരോടൊത്ത് ഉല്ലസിക്കാനോ, ഡാൻസ് ചെയ്യാനോ, പൊട്ടിച്ചിരിക്കാനോ, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ, ഒറ്റക്ക് യാത്ര ചെയ്യാനോ, ഇഷ്ടമുള്ള ജോലി ചെയ്യാനോ, തന്റെ സ്വന്തം കാര്യങ്ങളിൽ തീരുമാനം എടുക്കാനോ തുടങ്ങി ഏത് കാര്യത്തിലും പുരുഷന്മാർക്കുള്ള അതെ സ്വാതന്ത്ര്യവും അവകാശവും സ്ത്രീകൾക്കും ഉണ്ടെന്ന്.

ഇതൊക്കെ നിങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ നിങ്ങളും ഒരു ഫെമിനിസ്റ്റ് ആണ്, സ്ത്രീ സമത്വവാദിയാണ്. അത് സ്ത്രീ ആയാലും പുരുഷൻ ആയാലും. അല്ലാതെ, ഫെമിനിസ്റ്റുകൾ സ്ത്രീകൾ മാത്രമാണ് എന്നും തെറ്റിദ്ധരിക്കരുത്. ‘ഫെമിനിച്ചികൾ’ പുരുഷവിദ്വേഷികളും അല്ല.

അങ്ങിനെ എല്ലാ പ്രവർത്തികളും സ്ത്രീകൾക്ക് ചെയ്യാൻ സാധിക്കുമോ, പുരുഷന്മാരെ പോലെ അവർ പെർഫോം ചെയ്യുമോ, അങ്ങിനെ സ്ത്രീകൾ ചെയ്താൽ എന്തെങ്കിലും അപകടം ഉണ്ടോ എന്നുള്ളതൊക്കെ വേറെ വിഷയമാണ്. അതിന് പല കാരണങ്ങളും ഉണ്ടായേക്കാം.

സ്ത്രീകളുടെ ശരീരഘടന, ആർത്തവം പ്രസവം തുടങ്ങിയ സ്ത്രീ സവിശേഷതകൾ, നൂറ്റാണ്ടുകളായി പുരുഷമേധാവിത്വം കൊണ്ടുള്ള സ്ത്രീകളുടെ വിധേയത്വം, സാമ്പത്തികമായ സ്വാതന്ത്ര്യമില്ലായ്മ, സ്ത്രീകളോട് സമൂഹം പെരുമാറുന്ന രീതി എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും സ്ത്രീകൾക്ക് ചില കാര്യങ്ങൾ ചെയ്യാൻ പ്രയാസങ്ങൾ ഉണ്ടായേക്കാം. പക്ഷേ, സ്ത്രീകൾ തീരുമാനിക്കും ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്നത്.

അവർ സ്ത്രീയായി ജനിച്ചതോ, അവർ ജനിച്ചു വീണ സമൂഹം സ്ത്രീകളോട് മോശമായി പെരുമാറുന്നതോ ആ വ്യക്തിയുടെ ചോയ്സ് ആയിരുന്നില്ല. അത്കൊണ്ട് തന്നെ അതൊന്നും അവർക്കുള്ള തുല്യ അർഹത ഇല്ലാതാക്കുന്ന കാര്യമല്ല. സ്ത്രീകൾക്ക് ഇവിടം സുരക്ഷിതമല്ലെങ്കിൽ അവിടെ സമൂഹം എങ്ങനെ മാറണം എന്നാണ് ചിന്തിക്കേണ്ടത്. അല്ലാതെ, സ്ത്രീകളെ വിലക്കാനൊ കെട്ടിപ്പൂട്ടിയിടാനോ പുരുഷന്മാർക്ക് ഒരു അധികാരവും ഇല്ല. സ്ത്രീ എന്ന് പറയുന്നത് പുരുഷനെ പോലെ തന്നെ ഒരു സ്വതന്ത്ര വ്യക്തിയായി കാണാൻ പുരുഷന്മാർ പഠിക്കേണ്ടതുണ്ട്.

കൂടെ പറയേണ്ട ഒരു കാര്യം, പലപ്പോഴും നമ്മുടെ സ്ത്രീകൾക്ക് തന്നെ അറിയില്ല താൻ പറയുന്ന തമാശകൾ അങ്ങേയറ്റം സ്ത്രീ വിരുദ്ധത നിറഞ്ഞതാണ് എന്ന്. തന്നോട് കാണിക്കുന്ന വിവേചനം, താൻ ത്യജിക്കുന്ന സ്വാതന്ത്ര്യം അവകാശങ്ങൾ ഒക്കെ സ്ത്രീയുടെ ത്യാഗ മനോഭാവമാക്കി അവർ തന്നെ അംഗീകരിച്ച് കഴിയുകയാണ്. ചങ്ങലയെ സ്നേഹിക്കുന്ന അടിമകൾ ആയി മാറിയിരിക്കുന്നു അവരിൽ ഭൂരിപക്ഷവും.

അതൊക്കെ പുരുഷ കേന്ദ്രീകൃത സമൂഹങ്ങൾ വരച്ചു വച്ച നിയന്ത്രണങ്ങൾ ആയിരുന്നു എന്ന് അവർ മനസ്സിലാക്കുന്നില്ല. അത് മാറണമെങ്കിൽ ആദ്യം വേണ്ടത് പുരുഷന്മാരുടെ ഔദാര്യത്തിൽ കഴിയുന്ന സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കേണ്ടതുണ്ട്. അതിന് മാതാപിതാക്കൾ പെൺമക്കളെ ഒരുക്കേണ്ടതുണ്ട്.

ഇതൊക്കെ പോസ്റ്റായി ഇടാൻ കൊള്ളാം, ജീവിതത്തിൽ പ്രാവർത്തികം ആക്കാൻ സാധിക്കുമോ എന്നും ചോദിക്കാം. സാധിക്കാതെയില്ല, പക്ഷേ നമ്മൾ പുരുഷന്മാർ ഇപ്പൊൾ ആസ്വദിക്കുന്ന പല സൗകര്യങ്ങളും നഷ്ടപ്പെടും. എത്ര പരിശ്രമിച്ചാലും ഉള്ളിന്റെ ഉള്ളിൽ നമ്മളിൽ കുടിയേറിയിരിക്കുന്ന പുരുഷമേധാവിത്വം‌ പുറത്ത് വന്നേക്കാം. കാരണം നമ്മൾ അങ്ങിനെയാണ് വളർന്നത്. അല്ലെങ്കിൽ സമൂഹം നമ്മെ വളർത്തിയത് അങ്ങിനെയാണ്.

പക്ഷേ, നമ്മൾ സ്വയം തിരുത്താൻ തയ്യാറാവേണ്ടതുണ്ട്. സ്ത്രീവിരുദ്ധത എന്തെന്ന് നമ്മുടെ സ്ത്രീകൾ തന്നെ പഠിക്കേണ്ടതുണ്ട്. താൻ ചെയ്യുന്ന കാര്യം സ്ത്രീവിരുദ്ധമാണ് എന്ന് മനസ്സിലാവുമ്പോൾ, അല്ലെങ്കിൽ ആരെങ്കിലും അത് ചൂണ്ടിക്കാണിക്കുമ്പോൾ നമുക്കത് അംഗീകരിക്കാനും തിരുത്താനും കഴിയണം. ഒരു സ്ത്രീവിരുദ്ധ തമാശ, വെറും തമാശയായി കാണാൻ കഴിയില്ല എന്ന് പറയുമ്പോൾ അവരെ കളിയാക്കുകയല്ല വേണ്ടത്. സ്വയം മാറിച്ചിന്തിക്കാൻ തയ്യാറാവണം.