അതാണ് മുരളി, അതാണ്‌ നടൻ !

37

അതാണ് മുരളി , അതാണ്‌ നടൻ !

‘മാറാത്ത നാട് ‘ എന്ന സിനിമയുടെ ഷൂട്ടിംഗ് മലപ്പുറം ജില്ലയിലെ ഒരു കടലോര ഗ്രാമത്തിൽ നടക്കുന്നു . ജോർജ്ജ് കുട്ടി c/o ജോർജ്ജ് കുട്ടി , ഇന്ദപ്രസ്ഥം , കണ്ണൂർ …. തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ഹരിയേട്ടനാണ് ( ഹരിദാസ് കോഴിക്കോട് ) സംവിധാനം .T A റസാഖ് ഇക്കയുടെ സ്ക്രിപ്റ്റ് . സഹസംവിധായകരായി ഞാനും , അൻവറും , ഷാനും , രൂപേഷും ബിജുവും .കുഞ്ഞിക്ക എന്ന മുരളി ചേട്ടൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകൾ താഹിറ ( നിത്യാ ദാസ് ) ഹിന്ദു പയ്യനുമായി പ്രണയത്തിലാണ് . മകളെ ആ പ്രണയത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിക്കുന്ന ബാപ്പയുടെ നീണ്ട ‘ സെന്റിമെന്റെൽ ഡയലോഗുകൾ ‘ ഞാൻ മുരളി ചേട്ടന് വായിച്ചു കൊടുക്കുകയാണ് . ഞങ്ങൾ രണ്ടു പേരും ബഹളത്തിൽ നിന്ന് മാറി ഇരിക്കുകയാണ് . എന്റെ വായനയുടെ speed അൽപ്പം കൂടിയപ്പോൾ വഴക്ക് പറഞ്ഞു . ഡയലോഗിന്റെ Feeling ഉൾക്കൊണ്ട് വായിക്കേണ്ടതിനെപ്പറ്റിയും , ഡയലോഗിന്റെ മോഡുലേഷനെപ്പറ്റിയുമൊക്കെ വിശദമായി പറഞ്ഞു തന്നു .( സ്റ്റേജിന്റെ ഗുണം , ലങ്കാലഷ്മി , സി എൻ ശ്രീകണ്ഠൻ നായർ ….. പലതും ഓർക്കണം ) നീണ്ട ഡയലോഗാണ് . ബാപ്പ മകളുടെ കാല് പിടിച്ച് പറയുകയാണ് പ്രണയത്തിൽ നിന്ന് പിൻതിരിയാൻ (വർഗ്ഗീയ കലാപം ഭയന്ന് ) .ഞാൻ വായിക്കുന്നതിന്റെ ‘ താളം ‘ ശരിയായപ്പോൾ പലതവണ എന്നെ കൊണ്ട് വായിപ്പിച്ചു . ഇടതു കൈയ്യുടെ ചൂണ്ടുവിരൽ മീശയ്ക്ക് അടിയിലേക്ക് കയറ്റി , വിദൂരതയിലേക്ക് നോക്കി മൂളി കേട്ടു .ക്യാമറയുടെ അടുത്തേക്ക് നടന്നപ്പോൾ ഡയലോഗ് കാണാതെ പറഞ്ഞു നോക്കി , ചില പിഴവുകൾ തിരുത്തി . Prompting വേണ്ടാ എന്ന് പറഞ്ഞു . ക്യാമറ ഓണായി , ആ ഡയലോഗിന് ചേർന്ന ഭാവത്തോടു കൂടി അഭിനയിച്ച് തകർത്തു . ഡയലോഗിന്റെ അവസാനം കരച്ചിലിന്റെ വക്കോളം എത്തുകയാണ് , സംവിധായകൻ കട്ട് പറഞ്ഞു . ഷോട്ട് OK ആയി . കണ്ട് നിന്നവരെല്ലാം മുരളിച്ചേട്ടന്റെ അഭിനയം കണ്ട് കയ്യടിച്ചു . എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് ,മുരളിച്ചേട്ടൻ പൊട്ടിക്കരഞ്ഞുകൊണ്ട് ഒറ്റയോട്ടം , അൽപ്പം ദുരെ നിൽക്കുന്ന ഒരു തെങ്ങേൽ കൈ രണ്ടും താങ്ങി നിന്ന് പൊട്ടിക്കരയുന്നു ! ഞാൻ മുരളി ചേട്ടന്റെ അടുത്തേക്ക് കുതിച്ചു , പക്ഷേ ആരോ എന്റെ വലതു കയ്യേൽ ബലമായി പിടിച്ച് പിറകോട്ട് വലിച്ചു . നോക്കിയപ്പോൾ റസാഖ് ഇക്ക .ഇപ്പോൾ അടുത്തേക്ക് പോകരുത് , അത് കരഞ്ഞ് തന്നെ തീർക്കണം എന്ന് റസാഖ് ഇക്ക പറഞ്ഞു . അത്ഭുതത്തോടെ മുരളിച്ചേട്ടനെ നോക്കി നിൽക്കുന്ന എന്നോട് റസാഖ് ഇക്ക ഒരു വാചകം പറഞ്ഞു . ഇന്ന് മുരളി ചേട്ടന്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്ന ധാരാളം പോസ്റ്റുകൾ കണ്ടപ്പോൾ റസാഖ് ഇക്ക പറഞ്ഞ ആ വാചകം ഓർമ്മ വന്നു ,ആ വാചകമാണ് ഏറ്റവും മുകളിൽ എഴുതിയിരിക്കുന്നത് . സ്മരണാഞ്ജലി ….🌹🙏