അങ്ങനെയാണ് മേരി മരിച്ചത്

204

എഴുതിയത്: Sinu Kishain

അങ്ങനെയാണ് മേരി മരിച്ചത്.

അതൊരു ആത്മഹത്യ ആണെന്നാണ് എല്ലാവരും പറയുന്നത്. നിങ്ങൾക്ക് അറിഞ്ഞു കൂടാഞ്ഞിട്ടാ. അതൊരു കീഴടങ്ങൽ ആയിരുന്നു. തുഴഞ്ഞു തുഴഞ്ഞു കയറാൻ അവൾ‌ ഒരുപാട് ശ്രമിച്ചു. ഒടുവിൽ തളർന്ന്, ആഴങ്ങളിലേക്ക് താണ് പോയതാണ്. ഒരു കച്ചിത്തുരുമ്പ് എങ്കിലും കിട്ടിയിരുന്നു എങ്കിൽ അവൾ പിടിച്ചു കയറുമായിരുന്നു എന്ന് എനിക്കുറപ്പുണ്ട്.

മേരിക്ക് വിഷാദ രോഗം ആയിരുന്നു. Depression.

അവൾ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും ആയിരുന്നു. ഒരു കടലോളം സ്നേഹം ഉണ്ടായിരുന്നവൾ. സ്വപ്നങ്ങളുടെ കുത്തക മുതലാളി. മിടുക്കി. വിവാഹം കഴിഞ്ഞ് കുറേ വർഷങ്ങൾക്കു ശേഷം ആണ് വിഷാദം അവളെ കീഴ്പ്പെടുത്താൻ തുടങ്ങിയത്. ഭർത്താവിനോട് അവൾ കാര്യം പറഞ്ഞു. “എല്ലാം നിന്റെ തോന്നൽ ആണ്. നല്ല ഭക്ഷണവും, exercise um ഒക്കെ ചെയ്താൽ ഇതൊക്കെ അങ്ങ് പൊക്കോളും” എന്ന ഒറ്റ വാചകത്തിൽ ആ സംസാരം ഒതുങ്ങി. അമ്മയോട് പറഞ്ഞപ്പോൾ “എല്ലാം മനസ്സിന്റെയാണ്. നമ്മള് വിചാരിച്ചാൽ ഒരു രോഗവും വരില്ല” എന്ന മറുപടി.

Psychology പഠിച്ചിട്ടുള്ള അവളുടെ സുഹൃത്ത്, സംഭവം serious ആണ് എന്ന് തോന്നിയപ്പോൾ അവളുടെ ഭർത്താവിനെ ചെന്ന് കണ്ടു്. “She is an adult. Counselling ഒക്കെ വേണമെങ്കിൽ സ്വയം പോയി ചെയ്യാമല്ലോ. ഞാൻ എതിരോന്നും നിൽക്കില്ല” എന്ന മറുപടി. അത് പോരാ, നിങ്ങൾ കൂടെ പോകണം. ഒരു കുഞ്ഞിനെ പോലെ കുറച്ചു നാൾ എങ്കിലും അവളെ നോക്കണം” എന്ന് പറഞ്ഞപ്പോൾ അയാൾ ചിരിച്ചത്രെ. Already enough jobs ഉണ്ട്. She is not a child എന്ന മറുപടിയും. “പുറത്തൊക്കെ പോകുമ്പോൾ അവൾ ഹാപ്പി ആണല്ലോ. അപ്പൊൾ വേണമെങ്കിൽ സന്തോഷമായിട്ടിരിക്കാൻ അവൾക്കറിയാം അല്ലേ?” എന്നും ചോദിച്ചുവത്രേ. “അത് അവൾ എടുത്തണിയുന്ന ഒരു defensive and protective mask ആണ്. തനിച്ചാകുന്ന നിമിഷം അഴിഞ്ഞു വീഴുന്ന ഒന്ന്”…എന്നൊക്കെ സുഹൃത്ത് പറഞ്ഞിട്ടും, അഭ്യസ്ത വിദ്യൻ ആയ അദ്ദേഹത്തിന് ഒരിറ്റു പോലും കാര്യ ഗൗരവം മനസ്സിലായില്ല. അല്ലെങ്കിൽ മനസ്സിലാക്കാൻ താൽപ്പര്യപ്പെട്ടില്ല.

“വെറുതെയല്ല അവൾക്ക് depression വന്നത്. ഇത്രേം പോലും മനുഷ്യപ്പറ്റ്‌ ഇല്ലാത്തവർക്കൊപ്പം അല്ലേ ജീവിതം? എനിക്കാണേൽ മുഴു വട്ട് ആയേനെ ” എന്ന് ,ഉപദേശിക്കാൻ പോയവൾ സങ്കടം മൂലം, രോഷം കൊണ്ടു.

മേരിക്ക്….മക്കൾ എന്നാൽ ജീവൻ ആയിരുന്നു. കുടുംബത്തെ കുറിച്ച് ഒരു നൂറു സ്വപ്നങ്ങൾ ഉണ്ടായിരുന്നു. അവള് വീട് ശ്രദ്ധിക്കാതെ ആയപ്പോളും, “മടി” കാണിച്ചപ്പോൾ പോലും ആരും അവളെ ഒന്ന് ശ്രദ്ധിക്കാൻ ശ്രമിച്ചില്ല. ജോലി ഇഷ്ടമായിരുന്ന അവൾ വീട്ടിനുള്ളിൽ “വയ്യ” എന്ന് പറഞ്ഞു ഇരുന്നപ്പോൾ, സാമ്പത്തീക ബാധ്യതകൾ പറഞ്ഞ് ഭർത്താവ് രോഷം കൊണ്ടതല്ലാതെ, മുഖം വീർപ്പിച്ച് പിണങ്ങി നടന്നതല്ലാതെ, അവളെ ഒന്ന് കരുതിയില്ല.

ഞാൻ ഓർക്കാറുണ്ട്…. അവള് എത്ര ശ്രമിച്ചിരുന്നിരിക്കും…. ഒന്ന് ജീവിച്ചു നോക്കാൻ. എത്രത്തോളം നിസ്സഹായതയിൽ ആയിരിക്കും അവള് “വിഷം” എന്ന അഭയം തേടി പോയിരിക്കുക?? ഒരിറ്റു കാരുണ്യം എങ്കിലും അവൾ പ്രതീക്ഷിച്ചിട്ടുണ്ടാകില്ലേ?

“കുഞ്ഞുങ്ങളെ ഓർത്തിരുന്നുവെങ്കിൽ ഇത് ചെയ്യുമായിരുന്നുവോ…”എന്ന് ചോദിച്ച ഭർത്താവിനോടും, വീട്ടുകാരോടും….(നാട്ടുകാരെ വിട്ടു കളയുന്നു),. വയ്യാ….വയ്യാ….എന്ന് ഒരു നൂറു ആവർത്തി അവള് പറഞ്ഞിരുന്നുവല്ലോ. ഒരു പ്രാവശ്യം എങ്കിലും നിങ്ങൾക്ക് ചെവി കൊടുക്കാമായിരുന്നു. അത്, എത്രത്തോളം അവൾക്ക് സഹായകമായിരുന്നെനെ..??!!

ഇത് വായിച്ചു നമ്മൾ ആരെങ്കിലും മാറുമോ എന്ന് എനിക്ക് അറിയില്ല. Mental health awareness അത്രയ്ക്കും കുറവാണ് നമുക്ക്. അടുത്ത വീട്ടിൽ സംഭവിച്ചാൽ സഹതപിക്കുകയെങ്കിലും ചെയ്യും, സ്വന്തം ഒരാൾക്ക് ആണെങ്കിൽ തിരിച്ചറിയുക പോലും ഇല്ല നമ്മൾ.!!

അനുബന്ധം: നാട്ടുകാർ പറയുന്നത്, “അവൾക്ക് പോയി”. മേരിയുടെ ഭർത്താവ്, ഒരു വർഷത്തിനു ശേഷം പുനർ വിവാഹം ചെയ്തു. (അവശ്യം ആണ്. കുട്ടികൾ ചെറുതാണ്). പുതിയ ഭാര്യ ആ മക്കളെ പൊന്നു പോലെ നോക്കുന്നവൾ ആകണെ എന്നാണ് പ്രാർത്ഥന. കാരണം….”പോയത് അവൾക്കല്ല. അയാൾക്കും അല്ല. ആ മക്കൾക്കാണ്.”