ഷെർലക്ക് ജോർജിന്റെ സാഹസങ്ങൾ

50

Dibin Jacob

ഷെർലക്ക് ജോർജിന്റെ സാഹസങ്ങൾ

Patience my friend, patience!
~Arthur Conan Doyle,
A study in scarlet.

ദൃശ്യം 2 ചൂടാറുന്നതിനു മുമ്പേ റിലീസ് ദിവസം രാത്രിയിൽ കണ്ടു.Arguably the best ever sequel in Malayalam cinema. മലയാളി സമൂഹം വേൾഡ് പ്രീമിയർ ഏറ്റെടുത്ത് സാമൂഹ്യ മാധ്യമത്തിലൂടെ നല്ല വാക്ക് പറഞ്ഞതിനാൽ സിനിമ തരംഗമായി. യുക്തി കൊണ്ട് കീറിമുറിക്കുന്നതിനു മുമ്പ് സിനിമ രസിപ്പിക്കുക എന്ന അതിന്റെ കർമ്മം നിർവ്വഹിച്ചു കഴിഞ്ഞിരുന്നു. ബുദ്ധിയുള്ള സിനിമാക്കാരനാണ് ജിത്തു.
തിരക്കഥ എഴുതുമ്പോൾ പരിചയമുള്ള പ്രഫഷണലുകളുടെ അഭിപ്രായം തേടിയിരുന്നു, എന്നാൽ പഴുതുകൾ പൂർണമായും അടച്ചതുമില്ല.

മൂന്നാം ഭാഗത്തിൽ വിശദീകരിക്കാവുന്ന സങ്കീർണ്ണതകൾ ഇപ്പോഴും ബാക്കിയുണ്ട്.അതിനെ വിശദീകരിച്ച് മിടുക്കരാവുന്നവർ സിനിമയ്ക്ക് കൂടുതൽ മൈലേജ് നൽകി കൊണ്ടിരിക്കുന്നു. ഇങ്ങനെ ചർച്ചയാവുന്നതാണ് സാംസ്കാരിക മാധ്യമം എന്ന നിലയിൽ സിനിമയുടെ ഏറ്റവും വലിയ വിജയം.’ആദ്യപകുതിയിൽ സിനിമ ഇഴഞ്ഞു. അവസാന അരമണിക്കൂർ പിടിച്ചിരുത്തി’എന്നുള്ള ആരോപണമാണ് എന്റെ വിഷയം.അറ്റൻഷൻ സ്പാൻ ഏതാനും സെക്കന്റുകൾ മാത്രം നീളമുള്ള പുതിയ കാലത്തിന്റെ പരാതി. വീഡിയോ ഓൺ ഡിമാൻഡിന്റെ, ട്വന്റി ട്വന്റിയുടെ കാലം; വാക്കുകളെ ദൃശ്യം കീഴടക്കുന്ന കാലം.The age of blistering pace.The age of instant gratification. Interval punch:

രണ്ടു പകുതികളായി വേർതിരിക്കുന്നതേ തെറ്റാണ്,സമ്പൂർണതയിൽ ആസ്വദിക്കേണ്ട കലാരൂപമാണ് സിനിമ. ഇന്ത്യൻ സാഹചര്യത്തിലാണ് ഇടവേള ഒഴിവാക്കാൻ കഴിയാത്തത്,തികച്ചും കച്ചവട ആവശ്യത്തിനു വേണ്ടി കൊണ്ടു വന്നത്. പിന്നീട് കച്ചവട സിനിമ ഇടവേളയ്ക്ക് വേണ്ടി എഡിറ്റ് ചെയ്യാൻ തുടങ്ങി. ഇന്റർവൽ മാറി ഇന്റർമിഷൻ ആയി. ‘കൗരവരിൽ’ മമ്മൂട്ടിയും കൂട്ടരും ജയിൽ ചാടി അന്നത്തെ ഗ്ളാമർ വണ്ടിയായ മാരുതി ഓമ്നിയിൽ പാഞ്ഞു പോകുന്ന വിദൂര ദൃശ്യത്തോടെയാണ് മലയാള സിനിമയിൽ ‘ഇന്റർവൽ പഞ്ച്’ തുടങ്ങിയത്. മാരുതി ഓമ്നി അന്നത്തെ ആക്ഷൻ സിനിമയിൽ ഒഴിവാക്കാനാകില്ല. തട്ടിക്കൊണ്ടു പോകാൻ വളരെ എളുപ്പം, വാതിൽ വലിച്ചടയ്ക്കുന്നതിൽ പോലും ഒരു പഞ്ചുണ്ട്.

പിന്നീട് വന്ന ഷാജി കൈലാസ്-രഞ്ജി പണിക്കർ-സുരേഷ് ഗോപി പടങ്ങൾ ഇന്റർവെൽ പഞ്ച് ആഘോഷമാക്കി.We will meet again(ഏകലവ്യൻ),I will come back(മാഫിയ), Just remember that(കമ്മീഷണർ)-The game is afoot എന്ന് ഷെർലക് ഹോംസ് പറയുന്നത് പോലെ–ഇനി പൊടി പാറും!ടോയ്‌ലറ്റിൽ പോയി വരുന്ന വഴി ചായയും പഫ്സും ഐസ്ക്രീമും കഴിച്ച് തിരിച്ചെത്തി സീറ്റിൽ അമരുമ്പോൾ വലിയ പ്രതീക്ഷയാണ്. ‘മഹാത്മ’യിൽ ഇന്റർവെല്ലിന് തൊട്ടു മുമ്പ് സുരേഷ് ഗോപിയുടെ പുണൂൽ പൊട്ടിച്ച്, ‘Yes,it’s break time!’ എന്നെഴുതിയൽ നിന്ന് ഈ പഞ്ച് സിനിമയ്ക്ക് ബാധ്യതയാകും എന്ന് മനസ്സിലായി.കേരളത്തിലെ തിയേറ്റർ ഓപ്പറേറ്റർമാർ പക്ഷേ ഇടവേളയില്ലാത്ത ഇംഗ്ലീഷ് പടങ്ങളെ പോലും വെറുതെ വിട്ടില്ല.

എനിക്കന്ന് കൗമാര പ്രായം,ലോകസിനിമയെ തേടി തിയറ്ററുകൾ അരിച്ചു പെറുക്കുന്ന സമയം.കൊടുങ്ങല്ലൂർ നോബിൾ,എസ്സെൻ; ചാലക്കുടി സുരഭി,അക്കര,കണിച്ചായീസ്; തൃശൂർ രാഗം,രാംദാസ്,ജോസ്,സപ്ന, എറണാകുളം ശ്രീധർ,ഷേണായീസ്,പത്മ.ഒന്നര മണിക്കൂർ സിനിമയെ പോലും നമ്മുടെ ഓപറേറ്റർ ഇടവേളയ്ക്ക് വേണ്ടി മുറിക്കും–ജയിംസ് കാമറോണിന്റെ ടെർമിനേറ്ററും സ്പീൽബർഗിന്റെ ഡൈനസോറും പത്തു മിനിറ്റ് വെയ്റ്റ് ചെയ്യട്ടെ! ജോർജ് കുട്ടിയുടെ ഇഴച്ചിൽ: രണ്ടാം ഭാഗത്തിൽ കഥാപാത്രങ്ങളുടെ പരിണാമം വിശദീകരിക്കാൻ സമയം എടുക്കുന്നു, കുറ്റം ചെയ്തവരുടേയും അന്വേഷിച്ചവരുടേയും മാനസിക സംഘർഷം വെളിവാക്കണം. അർത്ഥരഹിതമായ പദ്ധതികളിൽ മുഴുകി നായകൻ പണം കളയുന്നു, അതെല്ലാം അർത്ഥപൂർണമായിരുന്നു എന്നറിയാൻ അവസാനം വരെ കാക്കണം.That’s precisely my point.

സിനിമയെ ഇങ്ങനെയാണ് എഴുതി പിടിപ്പിക്കേണ്ടത്, പ്രത്യേകിച്ച് ത്രില്ലർ. വളരെ കുറച്ചു സമയം മാത്രമാണ് കാണികൾ ത്രില്ലടിക്കുന്നത്, ആ ത്രില്ലിന്റെ ബിൽഡപ്പാണ് അതിനു മുമ്പുള്ള സമയം മുഴുവൻ. തിരിഞ്ഞു നോക്കുമ്പോൾ വിരസമെന്ന് കരുതിയത് പോലും ആവേശഭരിതമായിരുന്നു എന്ന് കാണാം. ഉപരിതലത്തിനു താഴെയുള്ള ഈ ആവേശമാണ് സിനിമയുടെ കാതൽ, ജീവിതത്തിന്റേയും.
The real thrill is hiding in plain sight. Yes, I am giving you a self-help sermon.

ഈ ലാഗ് കഥ കേട്ടപ്പോൾ മുമ്പ് വായിച്ച ഒരു പുസ്തകമാണ് മനസ്സിൽ വന്നത്. ബ്രിട്ടീഷ് എഴുത്തുകാരൻ ഡേവിഡ് എക്കോർഡിന്റെ ‘Success secrets of Sherlock Holmes–Life lessons from the master detective.’ഹോംസ് ഫാനായ ഡേവിഡ് ഹോംസിയൻ തത്വങ്ങൾ നിത്യജീവിതത്തിൽ എങ്ങനെ ഉപയോഗിക്കാം എന്ന് നിരീക്ഷിക്കുന്നു. അതിലൊന്ന്–The fun stuff comes at the end.ഡേവിഡ് ഒരു സംഭവം വിവരിക്കുന്നു.ഹോസിനെ വായിച്ചിട്ടില്ലാത്ത ഒരു സുഹൃത്തിനോട് ആവേശത്തോടെ പറയുന്നു, കഥകൾ വായിക്കാൻ.രണ്ടാഴ്ച കഴിഞ്ഞപ്പോൾ അയാൾ ചോദിച്ചു: ഇതാണോ ഗംഭീര കഥകൾ? ഇതാണോ നിങ്ങളുടെ നായകൻ? എന്തിനാണ് അയാൾ ഇത്രയധികം നേരം കാത്തിരിക്കുന്നത്? കഥയുടെ അവസാനം അടുക്കുമ്പോഴാണ് എന്തെങ്കിലും നടക്കുന്നത്. ശരിയാണ്, ഡേവിഡ് ചിന്തിച്ചു.
തുടക്കത്തിൽ ഹോംസ് അധികമൊന്നും ചെയ്യാറില്ല. പതിവ് വായനക്കാരല്ലാത്തവരെ ബോറടിപ്പിക്കും വിധം വാട്സനുമായി ബൗദ്ധികമായ ചർച്ചകൾ, അല്ലെങ്കിൽ കൊക്കെയ്ൻ വലിച്ചു കയറ്റലോ വയലിൻ വായനയോ. ഇനി കക്ഷികൾ വന്നാലും അവർ പറയുന്നത് കേട്ട് ഒരേ ഇരിപ്പ്.

അവർ പോയാലും ആ ഇരിപ്പ് തുടരാം, അല്ലെങ്കിൽ ഒരു ലക്ഷ്യവുമില്ലാത്ത അലച്ചിൽ. ‘കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ’ എന്നൊരു ചൊല്ലുണ്ട്. ഇവിടെ കൂടെ നടക്കുന്ന വാട്സനു പോലും ഹോംസിനെ മനസ്സിലാകില്ല. കഥയുടെ പാതി കഴിയുന്നതോടെ നായകൻ ഗതിവേഗം നേടുന്നു. ചടുലമായ നീക്കങ്ങളോടെ അയാൾ ലക്ഷ്യം നേടുന്നു,പ്രശ്നം പരിഹരിക്കുന്നു. ഇതൊക്കെ നേരത്തെ ആയിക്കൂടായിരുന്നോ? ആ ജയിംസ് ബോണ്ടിനെ കണ്ടു പഠിച്ചൂടേ? Why do we have to wait so long for the good parts? വാട്സൻ വഴി കാണികളോട് ഹോംസ് കാര്യങ്ങൾ വിശദീകരിച്ചു കഴിയുമ്പോൾ എല്ലാം ബോധ്യമാകുന്നു. അയാളുടെ ഓരോ പ്രവൃത്തിയും അർത്ഥ പൂർണമായിരുന്നു, ഒന്നും നടക്കുന്നില്ല എന്ന് കരുതിയിടത്ത് പലതും നടക്കുന്നുണ്ട്.വിരസമായ’ ഭാഗം ഓടിച്ചു വിടാൻ ത്രില്ലർ സിനിമയിൽ പറ്റില്ല, ജീവിതത്തിൽ ഒട്ടും പറ്റില്ല. നായകന്റെ മനസ്സിലേക്ക് കടക്കാൻ അയാളുടെ ഭാഷ മനസ്സിലാക്കുകയാണ് വേണ്ടത്, അയാളുടെ രീതികൾ.

ജോർജ് കുട്ടിയെ ഒരു തവണ കണ്ടവർക്ക് അയാൾ രണ്ടാമത് വന്നു ചെയ്ത ‘ബോറൻ പരിപാടികൾ’ എന്തിനോ ഉള്ള പുറപ്പാടാണ് എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. ഇംഗ്ലീഷ് സംസാര ഭാഷ വലിയ പിടിയില്ലാതെ ഇംഗ്ലീഷ് സിനിമ കണ്ടിരുന്ന തൊണ്ണൂറുകളിൽ ഞങ്ങൾക്ക് ഈ ലക്ഷ്വറി ഉണ്ടായിരുന്നില്ല.

Twister,Armageddon,Deep impact,Volcano,Day after tomorrow,Independence day -തുടങ്ങിയ ഡിസാസ്റ്റർ സിനിമകളുടേയും, Spiderman,Superman,Batman,Hollowman-തുടങ്ങിയ അതിമാനുഷ സിനിമകളുടേയും നല്ലൊരു ഭാഗത്തും ഒട്ടും തിരിയാത്ത ഡയലോഗ് കേട്ടിരിക്കുകയല്ലാതെ വേറെ വഴിയില്ല. അവസാനം സഹികെട്ട് ചിലർ കയ്യിൽ നിന്ന് ‘ഇംഗ്ലീഷ്’ ഇടും,അത് ചിരിക്കാനുള്ള വക
നൽകും. ഡയലോഗും സൈലൻസും കൂടുതലും,ആക്ഷൻ കുറവുമുള്ള സിനിമകൾ അന്ന് ‘അലമ്പ്’ പടങ്ങളായിരുന്നു. അവസാന അരമണിക്കൂറിലെ കൂട്ടപ്പൊരിച്ചിലിലാണ് കാശ് മുതലാകുന്നത്,ഫസ്റ്റ് ക്ളാസ് ടിക്കറ്റിന് അന്ന് പത്തും പതിനഞ്ചും രൂപയാണ്‌ വില. അവസാനം ഭീമൻ പല്ലികൾ കേറി മേഞ്ഞ് ജുറാസിക് പാർക്ക് നശിപ്പിച്ച ശേഷം ഞങ്ങൾ കടലിനു മീതെ താണു പറക്കുന്ന ഹെലികോപ്റ്ററിലും,ശാന്തമായ പശ്ചാത്തല സംഗീതത്തിലും ആശ്വാസം നേടുന്നു. നായകനും നായികയും ഉമ്മവച്ച ശേഷം ഹർഷാരവത്തോടെ ഞങ്ങൾ പിരിഞ്ഞു പോകും–അത് മറ്റൊരാശ്വാസം, ശരാശരി മലയാളി യുവാക്കളുടെ അപൂർവ്വം ചെറുകിട ആശ്വാസങ്ങളിൽ ഒന്ന്.

ഇതൊക്കെ നേരത്തെ ആയിക്കൂടായിരുന്നോ?പക്ഷേ ചുഴലിക്കാറ്റ് രൂപം കൊണ്ട് ആഞ്ഞടിക്കാനും, ഭൂകമ്പത്തിൽ ഉണ്ടാകുന്ന സുനാമി കാതങ്ങൾ അകലെ മറ്റൊരു കരയെ പൊടിച്ചു കളയാനും സമയമെടുക്കും. ബിൽഡപ്പ്,അതാണ്. Be like Sherlock: എത് സംരഭമാണ് തുടക്കത്തിൽ വിരസമല്ലാത്തത്? ഏറ്റവുമധികം ക്ഷമ വേണ്ട പണികൾ ആദ്യഘട്ടത്തിലാണ്. കുറേ മാസങ്ങൾ പണിതാലേ എന്തെങ്കിലും പുരോഗതി കാണാൻ പറ്റൂ. ചൈനീസ് മുളപോലെ വളർച്ച പതുക്കെയാണ്,വളർച്ച ആന്തരികവും ഉപരിതലത്തിനു താഴെയുമാണ്. അടിത്തറ കെട്ടുന്ന,വേരുകൾ പടർത്തുന്ന കാലം. തറയില്ലാതെ നിലയില്ല,നിലത്തു നിൽക്കാതെ ഉയർച്ചയില്ല. ഷെർലക്ക് ഹോംസിന്റെ വിപരീതമാണ് ജോർജുകുട്ടി. മൊറിയാർട്ടിയെ പോലെ വില്ലനായല്ല,നിയമപാലകരുടെ എതിർപക്ഷത്ത് നിൽക്കുന്നു എന്നതിനാൽ.എന്നാൽ ഹോംസിന്റെ കാതലായ കഴിവ് -നിരീക്ഷണം-ജോർജ് കുട്ടിക്കുമുണ്ട്.നാട്ടുകാരുടെ പിന്തുണ നഷ്ടമായി, പക്ഷേ കാണികളുടെ പിന്തുണയുണ്ട്. കുറ്റം ആര് ചെയ്തു എന്നാണ് ഹോംസ് തിരയുന്നത്. ദൃശ്യത്തിൽ കുറ്റമാര് ചെയ്തു എന്ന് നമുക്കറിയാം, അവർ രക്ഷപെടണം എന്ന് നമ്മൾ ആഗ്രഹിക്കുന്നു. കുറ്റവാളിയുടെ നീതിയാണ് നമ്മുടെ വിഷയം.

സെൽഫ് ഹെൽപ്പ് വ്യൂപോയിന്റിൽ ജീവിതം ഒരു ഹോംസിയൻ കേസാണ്. അന്വേഷകൻ നാം ഓരോരുത്തരും. പലപ്പോഴും അഴിക്കാൻ പറ്റാത്ത കുരുക്ക് എന്ന് തോന്നാം,പക്ഷേ സ്ഥിരതയുള്ള അന്വേഷകൻ ഏത് കെട്ടും അഴിക്കും.സസ്പെൻസ് ആണ് ഈ യാത്രയുടെ
പ്രകൃതം,മറ്റൊരു വാക്കിൽ ‘സ്ട്രെസ്’.ഭാവി മുൻകൂട്ടി അറിയാൻ ആഗ്രഹിക്കുന്നത് കുറ്റാന്വേഷണ സിനിമയുടെ ക്ളൈമാക്സ് ആദ്യമേ അറിയാൻ ശ്രമിക്കുന്നത് പോലെ വ്യർത്ഥം.

ദൃശ്യം സിനിമയിൽ കുറ്റാന്വേഷകർ ഒരിടത്തും എത്തുന്നില്ല.കാണികളുടെ അന്വേഷണ വഴിയിൽ ഓരോ നിമിഷവും വെളിച്ചം വീഴുന്നു. കുറ്റവാളി തന്റെ പിന്തുണക്കാരായ കാണികൾക്ക് വ്യക്തത നൽകിക്കൊണ്ട് നിയമപാലകരുടെ വഴിയിൽ ഇരുട്ട് നിറയ്ക്കുന്നു,അതിൽ നിഗൂഢമായ ആനന്ദം കണ്ടെത്തുന്നു.തന്റെ മികവ് ആസ്വദിക്കുന്ന ആത്മാരാധകനായ ഒരു കുറ്റവാളിയുടെ ഭാവങ്ങൾ അയാളിൽ
മിന്നിമായുന്നു.
He is not a Napoleon of crime.
But a sharp criminal nonetheless.
Bringing order out of chaos,
chaos out of order.
It’s film writing at its finest.
~ഡിബിൻ ജേക്കബ്