ആതിരപ്പള്ളിയിലെ ആറ്റംബോംബ്

    56

    ആതിരപ്പള്ളി പദ്ധതിയെ കുറിച്ച് വ്യത്യസ്തമായ വീക്ഷണം . ഇതിനു വിപരീതമായ അഭിപ്രായത്തോട് കൂടിയ ലേഖനം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു (Link > അണക്കെട്ട് വന്നാൽ പുഴയിൽ വെള്ളം കുറയുമോ ?). വാദപ്രതിവാദങ്ങളിലൂടെ മാത്രമേ ശരിതെറ്റുകൾ കണ്ടെത്താൻ സാധിക്കൂ.

    അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു 

    ആതിരപ്പള്ളിയിലെ ആറ്റംബോംബ് 💣

    ആതിരപ്പള്ളിയിലെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഇല്ലാതാകുന്നതല്ല പദ്ധതികൊണ്ടുള്ള പ്രധാന ദോഷം. ജൈവവൈവിധ്യസമ്പന്നമായ 22 ഹെക്ടർ പുഴയോരക്കാടുകളടക്കം 138 ഹെക്ടർ വനം ഇല്ലാതാകും എന്നതാണ്.

    മറുമരുന്നില്ലാത്ത കൊറോണ വൈറസിന്റെ ആക്രമണത്താൽ കാലിൻചുവട്ടിലെ മണ്ണെല്ലാം ഒഴുകിപ്പോയിട്ടും, കേരളത്തിന്റെ വിദൂര സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന നൂറ്റാണ്ടിലെ മഹാപ്രളങ്ങൾ നാട്ടിലെ സർവ്വതും കവർന്നിട്ടും, പ്രകൃതിയെ നോക്കി കൊഞ്ഞനം കുത്തുന്ന ഭരണവർഗ്ഗത്തിന്റെ അവസാന ഉദാഹരണമാണ് ആതിരപ്പള്ളി ജലവൈദ്യുത പദദ്ധി നടപ്പിലാക്കാനുള്ള സർക്കാരിന്റെ ശ്രമം.
    കൊറോണയിലും, പ്രളയത്തിലും പാഠം പഠിക്കാത്ത മനുഷ്യരുടെ ഒരു മഹാ പാതകത്തിനുള്ള മുന്നൊരുക്കങ്ങളാണ് ആതിരപ്പള്ളിയിൽ ഒരു നദിയെയും അനേകം കൈവഴികളെയും വന്യജീവികളെയും, പൈതൃക വനങ്ങളെയും കൊലക്കയറിടാൻ ഒരുങ്ങുന്നത്. ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക നഷ്ടങ്ങൾ കണക്കാക്കാനാവാത്തത്ര വലുതാണ്. അനന്യമായ ഇക്കോവ്യൂഹമാണ് ചാലക്കുടിപ്പുഴയുടെ തീരം. ഇതിനെപ്പറ്റി കാര്യക്ഷമമായ ഒരു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല. ‘WAPCOS’ എന്ന കമ്പനി നടത്തിയ പഠനം പദ്ധതി ഏത് വിധേനയും നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന കെ.എസ്.ഇ.ബി യുടെ ഇംഗിതത്തിന് അനുസരിച്ചുള്ളതായിരുന്നു.

    പദ്ധതിപ്രദേശത്ത് താമസിക്കുന്ന ‘കാടാർ’ വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെ പുനരധിവാസത്തെക്കുറിച്ചോ അവരുടെ ജീവിതത്തെക്കുറിച്ചോ ഒന്നും പറയുന്നില്ല. ജലജന്തുക്കളെക്കുറിച്ചോ വന്യജീവികളെക്കുറിച്ചോ കാര്യമായ പഠനം നടത്തിയിട്ടില്ല. ഉള്ളവ തന്നെ അപൂർണ്ണമാണ്. പുഴയോരക്കാടുകളെക്കുറിച്ച് നടത്തിയ പഠനം പ്രഹസനമാണ്.പറമ്പിക്കുളം – പൂയം കുട്ടി വനമേഖലയെ ബന്ധിപ്പിക്കുന്ന ആനത്താര കടന്നുപോകുന്ന പ്രദേശം വെള്ളത്തിനടിയിലാകും. ഈ പ്രദേശത്ത് അവശേഷിക്കുന്ന അപൂർവ്വം ആനത്താരയാണ് ഇതോടെ ഇല്ലാതാവുക. പശ്ചിമഘട്ടത്തിൽ തന്നെ സമുദ്ര നിരപ്പിൽ നിന്നും 200, 300 മീറ്റർ ഉയരത്തിലുള്ള പുഴയോരക്കാടുകൾ അവശേഷിക്കുന്ന ഏക ഇടമാണ് ഇത്.

    NBFGR (നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസ്റ്റോഴ്‌സ്) റിപ്പോർട്ട് പ്രകാരം ചാലക്കുടിപ്പുഴ ഇന്ത്യയിലെ തന്നെ ഏറ്റവും മത്സ്യ വൈവിദ്യമുള്ള പുഴയാണ്. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് പോണ്ടിച്ചേരി വനം വകുപ്പിന് വേണ്ടി 2000-ൽ നടത്തിയ പഠനം (Biodiversity Conservation Stratergy and Action Plan for Kerala ) മാങ്കുളം കഴിഞ്ഞാൽ കേരളത്തിൽ ഹൈ കൺസർവേഷൻ വാല്യു (75%) ഉള്ള പ്രദേശം വാഴച്ചാൽ ഡിവിഷനാണെന്ന് കാണിക്കുന്നു. അതിനാൽ മുങ്ങിപ്പോകുന്ന കാടിന്റെ വിസ്തൃതിക്കൊപ്പം അതിന്റെ മൂല്യവും കണക്കിലെടുക്കേണ്ടതുണ്ട്. ഇവിടെ ഒരു പദ്ധതിയുടെ കാര്യത്തിലും അങ്ങിനെ ചെയ്യാറില്ല.അതിരപ്പള്ളി പദ്ധതി നടപ്പിലായാൽ മുങ്ങിപ്പോകുന്ന പ്രദേശം കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന പരിസ്ഥിതി വ്യൂഹത്തിന്റെ ഏക കണ്ണിയാണ്.

    വംശനാശം നേരിടുന്ന മലമുഴക്കി വേഴാമ്പലടക്കം 225 സ്പീഷിസിൽപ്പെട്ട പക്ഷികളുടെ ആവാസ കേന്ദ്രമാണ് ആതിരപ്പള്ളി പുഴയോരക്കാടുകൾ. ഇതിൽ നാലിനം വേഴാമ്പലുകളെ കാണുന്നു കേരളത്തിലെ ഏക ഇടമാണിത് എന്ന് പക്ഷി നിരീക്ഷകർ പറയുന്നു. മലമുഴക്കി വേഴാമ്പൽ, നാട്ടുവേഴാമ്പൽ, ഫൗണ്ടൻ വേഴാമ്പൽ, കോഴി വേഴാമ്പൽ, നാട്ടുവേഴാമ്പൽ എന്നിവയാണവ.1700 ച.കി.മി വിസതൃതിയുള്ള ചാലക്കുടി പുഴത്തടത്തിന്റെ 1100 ച.കി.മി കേരള വനം വകുപ്പിന്റെ കീഴിലാണ്. ഇതിൽ തന്നെ നിത്യഹരിത വനസസ്യങ്ങളുടെ വിസ്തൃതി വെറും കി.മി ആയി ഇതിനകം ചരുങ്ങിക്കഴിഞ്ഞു. ഇത് തന്നെ തുണ്ടം തുണ്ടമായി ചിതറിക്കിടക്കുകയാണ്. ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് വർഷംതോറും കുറഞ്ഞുവരികയാണെന്ന് പ്രദേശം സന്ദർഷിക്കുന്നവർക്ക് മനസിലാകും.

    മഴക്കാലത്ത് മാത്രമാണ് ചാർപ്പ തോട് ഒഴുകുന്നതും ചാർപ്പ വെള്ളച്ചാട്ടം കാണാൻ കഴിയുന്നതും. കണ്മൻകുഴി തോടിന്റെ അവസ്ഥയും മറ്റൊന്നല്ല. കെ.എസ്.ഇ.ബി നീരൊഴുക്കിന്റെ കള്ളക്കണക്ക് ഉണ്ടാക്കിയത് എന്തിനുവേണ്ടിയാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഈ പദദ്ധിക്ക് വേണ്ടി കെ.എസ്.ഇ.ബി കാണിക്കുന്ന ആവേശം ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് വേണ്ടിയും മറ്റ് ഊർജ്ജസ്രോതസ്സുകൾക്ക് വേണ്ടിയും കാണിക്കാത്തത് എന്തുകൊണ്ട്?

    ❓ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വൈദ്യുതിയുടെ ഉൽപ്പാദനത്തിൽ ജലവൈദ്യുത സാങ്കേതികഭാവി എന്തായിരിക്കും?

    സോളാർ അടക്കമുള്ള alternativeകൾ സാധ്യമേയല്ല, ഈയൊരു ഡാം തന്നെ വേണം” എന്നു തീരുമാനിക്കുന്നതിനേക്കാൾ “അര മണിക്കൂർ ലോഡ് ഷെഡിങ്ങിൻറെ ദുരിതം” ഏറ്റു വാങ്ങുന്നത് തന്നെയാണ് നല്ലത്. അത്രയെങ്കിലും അനുഭവിക്കാനുള്ള ‘പാപം’ നാം ചെയ്തു കഴിഞ്ഞിട്ടുണ്ട്.അധികാരികൾ പ്രചരിപ്പിക്കുന്നതുപോലെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഇല്ലാതാകുന്നതല്ല പദ്ധതികൊണ്ടുള്ള പ്രധാന ദോഷം. ജൈവവൈവിധ്യസമ്പന്നമായ 22 ഹെക്ടർ പുഴയോരക്കാടുകളടക്കം 138 ഹെക്ടർ വനം ഇല്ലാതാകും എന്നതാണ്.

    “‘അവിടെ ഒരു മരം പോയാൽ വേഴാമ്പൽ അടുത്ത മരത്തിൽ പൊയ്ക്കോളും, മീനുകൾക്കെന്താ നീന്തി രക്ഷപ്പെട്ടുകൂടേ, നഷ്ടപ്പെട്ട മരങ്ങൾക്കു പകരം ഇരട്ടി മരങ്ങൾ നട്ടാൽ പ്രശ്നം തീരുമല്ലോ” എന്നൊക്കെ പറയുന്നവർ നഷ്ടമാകാൻ പോകുന്ന ജൈവവൈവിധ്യത്തെ കുറിച്ച് അജ്ഞരോ, അജ്ഞത നടിക്കുന്നവരോ ആണ്.

    എന്തുകൊണ്ട് ആതിരപ്പള്ളി പദദ്ധിയിൽ നിന്നും സർക്കാർ പിന്തിരിയണം എന്ന് ചോദിച്ചാൽ ഒരുപാടൊരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും ഒറ്റ ശ്വാസത്തിൽ ഇത്രയും പറയാൻ കഴിയും.. ❓

    👉മൽസ്യ ജൈവ വൈവിധ്യത്തിൽ ഇന്ത്യയിലെ മഹാനദികളെക്കാൾ മുന്നിലാണ് ചാലക്കുടിപ്പുഴ. കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള 152 ശുദ്ധ ജലമൽസ്യ സ്പീഷിസുകളിൽ 98 എണ്ണം ഈ പുഴയിലുണ്ട്. അവയിൽ 35 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ്. 31 എണ്ണം വംശനാശ ഭീഷണി നേരിടുന്നവയും.
    👉കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ അഞ്ചു പുതിയ മൽസ്യ സ്പീഷീസുകളെയാണ് ചാലക്കുടിപ്പുഴയിൽ കണ്ടു പിടിച്ചിട്ടുള്ളത്.
    👉ഇവിടെയുള്ള 319 പുഷ്പിക്കുന്ന സസ്യ സ്പീഷീസുകളിൽ 24 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയും 10 എണ്ണം വംശനാശ ഭീഷണി നേരിടുന്നവയുമാണ്.
    👉825 സ്പീഷീസ് സസ്യങ്ങൾ, 170 ഇനം ചിത്രശലഭങ്ങൾ, 195 ഇനം പക്ഷികൾ, ഉരഗങ്ങൾ, ഷഡ്പദങ്ങൾ, സസ്തനികൾ അങ്ങനെ ആയിരക്കണക്കിന് സ്പീഷീസുകളെ വഹിക്കുന്ന ജൈവവൈവിധ്യ കലവറയാണ് ഈ വനമേഖല.
    👉ഇവയിൽ ഡാം വന്നാലും survive ചെയ്യാൻ കഴിവുള്ളവയുണ്ട്. തടയണ കെട്ടുമ്പോൾ മുങ്ങുന്ന പുഴയോരക്കാടുകളുടെ നാശത്തോടെ വംശനാശം സംഭവിക്കുന്നവയുമുണ്ട്.
    (ഇതുവരെ നടത്തിയ വികസനം തന്നെ പശ്ചിമ ഘട്ടത്തിലുടനീളം നൂറു കണക്കിന് ജീവജാലങ്ങളെ വംശനാശത്തിലേക്ക് തള്ളി വിട്ടു കഴിഞ്ഞിട്ടുണ്ട്)
    👉പിന്നെ അവിടത്തെ ജൈവ വ്യവസ്ഥയുമായി ഇണങ്ങി ജീവിക്കുന്ന കാടരെയും, മുത്തങ്ങയിലും മറ്റും പണിതുകൊടുത്ത പോലുള്ള ഒറ്റ മുറി കോൺക്രീറ്റ് വീടുകളുടെ ലക്ഷ്വറിയിലേക്ക് പറിച്ചുനടുമ്പോൾ സംഭവിക്കാൻ പോകുന്നത് വംശനാശം തന്നെയാണ്.
    നാട്ടിൽ നടക്കുന്ന സർവ്വതിനും മുണ്ടും മടക്കിക്കുത്തി കൊടിയും പിടിച്ചു ഇറങ്ങുന്ന സമര ഭടന്മാർ ആദ്യം ഇറങ്ങേണ്ടത് സർക്കാർ സ്‌പോൺസേർട് പ്രകൃതി ചൂഷണത്തിനെതിരായാണ്. വെള്ളവും, ഓക്സിജനും ഒന്നും കിട്ടാതെ തേരാ പാരാ ഓടുമ്പോൾ കടലാസു പണവും.. കോൺക്രീറ്റ് സൗധങ്ങളും.. ലുലു മാളുമൊന്നും കടിച്ചു തിന്നാൻ പറ്റില്ല എന്ന് മനസിലാക്കാനുള്ള സെൻസുണ്ടാകണം സെന്സിബിലിറ്റി ഉണ്ടാകണം സെന്സിറ്റിറ്റിവിറ്റി ഉണ്ടാകണം ഞാനും നിങ്ങളും ഉൾപ്പെടുന്ന ഈ ഹോമോ സാപിയൻസ് എന്ന ഇരുകാലി ജീവികൾക്ക്. ജസ്റ്റ് റിമമ്പർ ദാറ്റ്‌👍

    ആതിരപ്പള്ളി പ്രൊജക്റ്റ് ഉപേക്ഷിക്കുക !

     

    Advertisements