കുവൈറ്റിലെ മാലാഖമാരുടെ ദുരവസ്ഥ

0
120

സംജി കുവൈറ്റ്

കുവൈറ്റിലെ മാലാഖമാരുടെ ദുരവസ്ഥ

കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്നതോടെ ആരോഗ്യ പ്രവര്‍ത്തകരുടെ ഡ്യൂട്ടി സമയത്തിലും വര്‍ധന ! 48 മണിക്കൂര്‍ ഡ്യൂട്ടി 72 ആയി മാറുമ്പോള്‍ ഫാമിലി വ്യാപനത്തിനും സാധ്യത. നഴ്സുമാരുടെ ജീവന് പുല്ലുവില

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മലയാളികളായ നേഴ്‌സുമാരുടെ സേവനം കുവൈറ്റിൽ പരക്കെ പ്രശംസിക്കപ്പെടുകയാണ്. മറ്റ് രാജ്യക്കാരായ ആരോഗ്യ പ്രവർത്തകരേക്കാൾ പ്രധാനപ്പെട്ട ആരോഗ്യ ദൗത്യങ്ങളിൽ മലയാളികളായ ആരോഗ്യ പ്രവർത്തകരെയാണ് ആശുപത്രി മാനേജ്‌മെന്റുകൾ കൂടുതലായി ഉത്തരവാദിത്വം ഏൽപ്പിക്കുന്നത്. മലയാളി മാലാഖമാരുടെ ആ പ്രയോഗം പോലെ തന്നെയുള്ള അർപ്പണ മനോഭാവവും രോഗികളോടുള്ള സഹാനുഭൂതിയും തൊഴിൽ വൈദഗ്ധ്യവുമാണ് ഇതിനുകാരണം.

മേന്മ വിനയാകുന്നതെങ്ങനെ ?

മലയാളി ആരോഗ്യ പ്രവർത്തകരുടെ അർപ്പണ മനോഭാവം ഇപ്പോൾ അവർക്ക് എടുത്താൽ പൊങ്ങാത്ത ഉത്തരവാദിത്വങ്ങളായി മാറുന്നതാണ് പുതിയ സാഹചര്യം. കോവിഡ് ബാധിച്ച രോഗികളെ പരിചരിക്കാൻ കൂടുതൽ ചുമതലപ്പെടുത്തുന്നത് ഇപ്പോൾ മലയാളി നേഴ്‌സുമാരെയാണ്. അവരുടെ കഴിവും മികവും മനസിലാക്കി തന്നെയാണ് ഈ തീരുമാനം.

പക്ഷെ ഇതോടെ 48 മണിക്കൂർ ആഴ്ചയിൽ ജോലി ചെയ്തിരുന്നത് ഇപ്പോൾ 72 മണിക്കൂറായി മാറിയിരിക്കുകയാണ്. ഒരു ദിവസം 8 മണിക്കൂർ വീതം 6 ദിവസത്തെ ജോലിയാണ് കരാർ പ്രകാരം ഒരു നേഴ്സ് ചെയ്യേണ്ടത് എന്നിരിക്കെ കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഇത് ദിവസം 12 മണിക്കൂറായി മാറിയിരിക്കുകയാണ്.

പി പി ഇ കിറ്റില്‍ വീര്‍പ്പുമുട്ടി !
പി പി ഇ കിറ്റ് ധരിച്ചുകൊണ്ട് 12 മണിക്കൂർ നിൽക്കേണ്ടി വരിക എന്നത് ആരോഗ്യ പ്രവർത്തകരെ തളർത്തുകയാണ്. പി പി ഇ കിറ്റ് ഇട്ടാൽ പിന്നെ ഡ്യൂട്ടി തീരുംവരെ അത് ഊരാൻ കഴിയില്ല. അതിനിടയിൽ ശുചിമുറികളിൽ പോകുന്നത് പോലും അസാധ്യമാണ്.
ഈ കിറ്റ് ധരിക്കുമ്പോഴുള്ള വീർപ്പുമുട്ടലും പ്രയാസവും ആദ്യ മണിക്കൂറിൽ തന്നെ ഇവരെ അവശരാക്കും. തുടർച്ചയായി 12 മണിക്കൂർ നേരം ഇങ്ങനെ നിൽക്കേണ്ടി വരിക എന്നത് ശാരീരികമായി ഇവരെ തളര്‍ത്തും. മാത്രമല്ല ഇതൊന്നുമില്ലാതെ 8 മണിക്കൂര്‍ ഡ്യൂട്ടി ചെയ്തിരുന്നത് ഇപ്പോള്‍ ഒന്നര ഡ്യൂട്ടിയാണ് ചെയ്യുന്നത് . അങ്ങനെയാണ് ആഴ്ചയിൽ 48 മണിക്കൂർ എന്നത് 72 ആയി മാറുന്നത്.
നൈറ്റ് ഷിഫ്റ്റ് ചെയ്യുന്ന നേഴ്‌സുമാരെ സംബന്ധിച്ച് 3 ഡേയും 3 നൈറ്റും കഴിഞ്ഞാൽ പിന്നെ സ്ലീപ്പിംഗിന് കിട്ടുന്നത് 1 ദിവസമാണ്. എന്നാൽ ഈ ക്ലേശങ്ങളെല്ലാം സഹിക്കാൻ ഇവർ തയാറാണ്.

അപകടം നഴ്സുമാര്‍ വീട്ടിലെത്തുമ്പോള്‍ ?

പക്ഷെ പ്രശ്നം അതിനുശേഷമുള്ള കാര്യങ്ങളാണ്. രോഗബാധിതർക്കിടയിൽ നിന്നുള്ള ഈ ഡ്യൂട്ടി കഴിഞ്ഞാൽ പിന്നെ നേരെ പോകുന്നത് വീട്ടിലേക്കാണ്. അതിനാൽ തന്നെ വീട്ടിലുള്ള ജീവിത പങ്കാളിക്കും കുട്ടികൾക്കും രോഗം പകരുമോ എന്ന ആശങ്ക ശക്തമാണ്.അതേസമയം ഈ പ്രതിസന്ധി കാലഘട്ടത്തിൽ കോവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്യുന്ന നേഴ്‌സുമാർക്കായി ഹോസ്റ്റലോ ഹോട്ടലുകളോ ഒരുക്കിയാൽ വീട്ടിലുണ്ടാക്കുന്ന രോഗവ്യാപനം ഒഴിവാക്കാം. നിലവില്‍ അടഞ്ഞു കിടക്കുന്ന ഹോട്ടലുകളും ഹോസ്റ്റലുകളും ഇത്തരത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഉപയോഗപ്പെടുത്താന്‍ കഴിയും. ഇവരുടെ വീടുകളില്‍ രോഗം എത്തിയാല്‍ അത് അത് ഫാമിലി വ്യാപനത്തിനു മാത്രമല്ല പ്രവാസികള്‍ ഇടതിങ്ങി പാര്‍ക്കുന്ന മേഖലകളില്‍ കൂടുതല്‍ വ്യാപനത്തിന് കാരണമാകും.

അങ്ങനൊരു നിർദ്ദേശം കുവൈറ്റ് അധികൃതർക്ക് മുമ്പിൽ ആര് വയ്ക്കും എന്നാണു നേഴ്‌സുമാർ ചോദിക്കുന്നത്. ഇവർക്കായി പ്രത്യേക താമസ സൗകര്യം ഒരുക്കിയാൽ നഴ്‌സുമാർക്കും ആശങ്കയില്ലാതെ ജോലി ചെയ്യാൻ കഴിയും.

നഴ്സുമാർ ആശുപത്രിയിൽ കുട്ടികൾ വീട്ടിൽ എന്ത് ചെയ്യും ?

വീട്ടിലെ സ്ഥിതിയും ദയനീയമാണ്. നേഴ്‌സുമാരുടെ ഡ്യൂട്ടി സമയം മാറിയതോടെ കുട്ടികളെ നോക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. ഈ സമയത്ത് ജോലിക്കാരിയെ കിട്ടില്ല. ആരോഗ്യ പ്രവർത്തകരിൽ നിന്നും രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ ഇവരുടെ മക്കളെ അയൽപക്കത്തെ വീടുകളിലും ഏൽപ്പിക്കാൻ കഴിയില്ല. ഭാര്യയും ഭർത്താവും ജോലിയ്ക്ക് പോകേണ്ടി വരുമ്പോൾ കുട്ടികളെ നോക്കാൻ ആളില്ലാത്ത സാഹചര്യമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈറ്റിൽ 300 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 200 നു മുകളിലാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം. ഇവർക്കിടയിൽ പ്രവർത്തിക്കേണ്ടി വരുന്നത് ഈ നേഴ്‌സുമാർ തന്നെയാണ്.അതിനാൽ തന്നെ ഡ്യൂട്ടി സമയത്തിന്റെ കാര്യത്തിൽ ഇളവോ മറ്റ് ആനുകൂല്യങ്ങളോ പ്രതീക്ഷിക്കുക സാധ്യമല്ല. അതേസമയം കുട്ടികളുടെ കാര്യത്തിൽ പരിഹാരം ഉണ്ടാകുകയും വേണം.

കുട്ടികളെ നാട്ടിലേയ്ക്ക് വിടാന്‍ ?

ഇതിന് ഏറ്റവും മികച്ച പരിഹാരം ആരോഗ്യ പ്രവർത്തകരുടെ മക്കളെ നാട്ടിലേക്ക് അയയ്ക്കാൻ സംവിധാനം ഒരുക്കുക എന്നതാണ്. അതിനായി പ്രത്യേക യാത്രാ സൗകര്യങ്ങളൊരുക്കി കുട്ടികളെ നാട്ടിലെത്തിക്കാനായാൽ അത് ആരോഗ്യ പ്രവർത്തകർക്ക് വീട്ടിലെ സാഹചര്യങ്ങളെപ്പറ്റിയുള്ള ആശങ്ക കൂടാതെ ജോലി ചെയ്യാൻ സാധിക്കും.ഇതിന് കേന്ദ്ര സർക്കാർ – കുവൈറ്റ് സർക്കാരുമായി കൂടിയാലോചനകൾ നടത്തി വേണ്ടത് ചെയ്യണമെന്നാണ് ആവശ്യം. മാനുഷിക പരിഗണനകളുടെ കാര്യത്തിൽ ലോകത്തെ തന്നെ മറ്റ് രാജ്യങ്ങളേക്കാൾ മികച്ച പരിഗണന നൽകുന്ന രാജ്യമാണ് കുവൈറ്റ്. അതിനാൽ തന്നെ അധികൃതർ മുഖേന നടത്തുന്ന നയതന്ത്ര നീക്കങ്ങൾ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവർത്തകർ.