The Beasts (2022)
Director : Rodrigo Sorogoyen
Cinematographer : Alejandro Pablo
Genre : Drama
Country : France
Duration : 138 Minutes
Karthik Shajeevan
🔸ബീസ്റ്റ്സ് എന്ന ഫ്രഞ്ച് ഡ്രാമ ചിത്രത്തെ മുന്നോട്ട് കൊണ്ട് പോവുന്നത് വെറുപ്പ് എന്ന വികാരമാണ്. ഒരു മനുഷ്യനോട് വെറുപ്പ് തോന്നി കഴിഞ്ഞാൽ അയാൾ ചെയ്യുന്ന ഓരോ കാര്യത്തിലും തോന്നുന്ന അസഹിഷ്ണുത, ദേഷ്യം എന്നിങ്ങനെ ഉള്ള കാര്യങ്ങളാണ് സാനും, സഹോദരൻ ലോറനും നമ്മുടെ നായക കഥാപാത്രം ആയ അന്റോനെയോട് ആദ്യാവസാനം കാണിക്കുന്നത്. തങ്ങൾക്ക് ലഭിച്ചേക്കാവുന്ന പണത്തിന് അന്റോയിനെ വിലങ്ങിട്ടു എന്ന അവരുടെ വാദം ഒരു പരിധി വരെ ശെരി ആണെങ്കിലും അതെല്ലാം ഒരു വരത്തൻ ആയ വ്യക്തിയോടുള്ള അവരുടെ വെറുപ്പിന് കാറ്റലിസ്റ്റ് മാത്രം ആയിരുന്നു എന്നതാണ് സത്യം.
🔸ഫ്രഞ്ചുകാരൻ ആയ അന്റോനെയും ഭാര്യ ഓൽകയും സ്പെയിനിലെ കഥ നടക്കുന്ന ഗ്രാമ പ്രദേശത്ത് താമസിക്കാൻ എത്തിയിട്ട് രണ്ട് വർഷം ആവുന്നേ ഉള്ളൂ. കൃഷിയും മറ്റുമൊക്കെ ചെയ്ത് പൂർണമായി തങ്ങളുടെ സ്ഥലത്ത് ഒതുങ്ങി കൂടി ജീവിക്കുന്ന ഇരുവരുടെയും അയൽക്കാർ ആണ് മുന്നേ സൂചിപ്പിച്ച, കുറച്ച് പ്രശ്നക്കാർ ആയ സഹോദരങ്ങൾ. മറ്റൊരു രാജ്യക്കാരൻ ആയ അന്റോനെയോട് രണ്ട് സഹോദരന്മാർക്കും അങ്ങേയറ്റം വെറുപ്പ് ആണ്, അയാളെ അപമാനിക്കാനും ഉപദ്രവിക്കാനും അവഹേളിക്കാനും കിട്ടുന്ന ഒരവസരം പോലും ഇരുവരും കളയാറില്ല. മൂന്ന് നൂറ്റാണ്ട് മുന്നേ സ്‌പെയിൻകാരെ പറ്റി നെപ്പോളിയൻ പറഞ്ഞതിന് ഉൾപ്പെടെ അന്റോനെ മാപ്പ് പറയണം എന്നതാണ് ഇരുവരുടെയും പക്ഷം.
🔸ഇതിന്റെ ഇടയിലേക്ക് ഗ്രാമത്തിൽ വിൻഡ് മിൽ സ്ഥാപിക്കാൻ ഒരു കമ്പനി വരുന്നതും, അവർ ഗ്രാമീണരുടെ സ്ഥലം ഏറ്റെടുക്കാൻ തയാറാവുന്നതും ഒക്കെയായി ബന്ധപ്പെട്ട വേറൊരു പ്രശ്നം കൂടി നിലവിലുണ്ട്. ഈ വെറുപ്പ് ഇങ്ങനെ പുകഞ്ഞ് പുകഞ്ഞ് താമസിയാതെ കയ്യാങ്കളിയിലേക്ക് ഒക്കെ വഴി മാറുന്നുണ്ട്, ഒടുവിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പേ ഓഫും. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രത്തിൽ ഇത്രയും ഇമോഷണലി കണക്ഷൻ തോന്നിയ വേറൊരു സിനിമ ഉണ്ടോ എന്നത് സംശയമാണ്, കണ്ട് കൊണ്ടിരിക്കുന്ന വേളയിൽ സഹോദരന്മാർക്ക് രണ്ടെണ്ണം കിട്ടിയെങ്കിൽ എന്ന് ആത്മാർഥമായി തോന്നിപ്പിച്ച സിനിമ എന്ന് പറയാം. രണ്ടാം പകുതി ഒരല്പം വീക് ആയി തോന്നി എങ്കിലും, യഥാർത്ഥ സംഭവങ്ങൾ ആധാരമാക്കി ആണ് സിനിമ തയാറാക്കിയിട്ടുള്ളത് എന്ന അറിവ് അത്യാവശ്യം ഹോന്റിങ് തന്നെ ആയിരുന്നു.